രീരത്തില്‍ ഈര്‍പ്പം ആവശ്യമുള്ള ഭാഗങ്ങളില്‍ ഇത് നഷ്ടപ്പെടുകയും വരണ്ട് പോവുകയും ചെയ്യുന്നതിന്റെ ഭാഗമായി കാണപ്പെടുന്ന പ്രധാന രോഗാവസ്ഥയാണ് ഷോഗ്രന്‍സ്. സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. അധികം കേട്ട് കേള്‍വിയില്ലാത്ത രോഗാവസ്ഥയാണ് ഷോഗ്രന്‍സ് എന്നത്. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധത്തിനായുള്ള സ്വാഭാവികമായ പ്രതിരോധ ശേഷി ചില ഘട്ടങ്ങളില്‍ ശരീരത്തെ തന്നെ സ്വയം അക്രമിക്കുന്ന അവസ്ഥയാണ്  (ഓട്ടോ ഇമ്യൂണ്‍) ഷോഗ്രന്‍സ് എന്ന രോഗത്തിന് പ്രധാനമായും കാരണമാകുന്നത്. ലൂപ്പസ്, റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് മുതലായ പൊതുവായി കാണപ്പെടുന്ന പല വാതരോഗങ്ങള്‍ക്കും കാരണം ഈ ഓട്ടോ ഇമ്യൂണുമായി ബന്ധപ്പെട്ടതാണ്. ഇത്തരം രോഗാവസ്ഥകളില്‍ ശ്രദ്ധേയമായ ഒന്നാണ് ഷോഗ്രന്‍സ്.

എന്താണ് ഷോഗ്രന്‍സ്?

ഏറ്റവും കൂടുതല്‍ തെറ്റായി നിര്‍ണ്ണയിക്കപ്പെടുന്ന രോഗാവസ്ഥകളിലൊന്ന് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഷോഗ്രന്‍സിനെ സംബന്ധിച്ച് കൂടുതല്‍ ഉചിതം. ഏതെങ്കിലും ഒരു അവയവത്തെ മാത്രം ബാധിക്കുന്ന രോഗാവസ്ഥയല്ല ഷോഗ്രന്‍സ് എന്നതാണ് പ്രധാനപ്പെട്ട ഒരുകാര്യം. ഇത് ശരീരത്തിന്റെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ബാധിച്ചേക്കാം.

രോഗം ബാധിക്കുന്ന അവയവങ്ങള്‍ക്കനുസരിച്ച് രോഗലക്ഷണങ്ങളിലും വ്യത്യാസം കാണപ്പെട്ടേക്കാം. എങ്കിലും സന്ധികളിലുണ്ടാകുന്ന വേദന, നീര്‍ക്കെട്ട്, ചുവന്ന് തടിക്കുക, തൊലിപ്പുറത്ത് കുത്തുകുത്തായി കാണപ്പെടുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സന്ധികളില്‍ വഴക്കമില്ലായ്മ അനുഭവപ്പെടുക, തുടങ്ങിയ പൊതുവായ ലക്ഷണങ്ങള്‍ ഷോഗ്രന്‍സിന് കാണപ്പെടാറുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കടുത്ത വേദന അനുഭവിക്കുന്നതും രോഗലക്ഷണങ്ങളുടെ ഭാഗമാണ്.

ഇതോടൊപ്പം തന്നെ പലരിലും ഉമിനീര്‍ ഇല്ലാതെ പോകുന്ന അനുഭവം കാണപ്പെടുന്നു. വളരെ സാവധാനത്തില്‍ ഉമിനീരിന്റെ സാന്നിധ്യം കുറഞ്ഞ് വരുന്നതായാണ് പലര്‍ക്കും അനുഭവപ്പെടാറുള്ളത്. ദാഹമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നതാണ് ഇവിടെ പതിവായി കാണുന്നത്. ദാഹമാണെന്ന് ധരിച്ച് ധാരാളം വെള്ളം കുടിക്കുന്നത് ഈ സാഹചര്യത്തില്‍ പതിവാണ്. യഥാര്‍ത്ഥത്തില്‍ വായ വരണ്ടിരിക്കുന്നത് പോലും ദാഹമാണെന്ന തോന്നലുണ്ടാവുക മാത്രമാണ് ചെയ്യുന്നത്. ഉമിനീര്‍ ഇല്ലാതാകുന്നത് മൂലം അനുബന്ധമായ മറ്റ് പല പ്രത്യാഘാതങ്ങളും സംഭവിക്കാറുണ്ട്. തുടര്‍ച്ചയായി വായയില്‍ അണുബാധ ഉണ്ടാവുക, പല്ലുകള്‍ പൊട്ടിപ്പോവുക, പല്ലുകളില്‍ ദ്വാരം പ്രത്യക്ഷപ്പെടുക തുടങ്ങിയവയെല്ലാം ഇവരില്‍ കാണപ്പെടുന്നു.

കണ്ണുനീര്‍ വറ്റുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണം കൂടിയാണിത്. കണ്ണില്‍ ചൊറിച്ചില്‍, കണ്ണില്‍ തടയുന്ന അനുഭവം മുതലായവ അനുഭവപ്പെടും. പരിശോധിക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും കാണുകയുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒഫ്താല്‍മോളജിസ്റ്റോ, ദന്തരോഗ വിദഗ്ധദ്ധനോ ഒക്കെയാണ് രോഗികളെ റുമറ്റോളജിസ്റ്റിന്റെ അരികിലേക്ക് പറഞ്ഞ് വിടാറുള്ളത്. ശ്വാസകോശം, ഞരമ്പുകള്‍, തലച്ചോര്‍, നട്ടെല്ല് മുതലായ അവയവങ്ങളെയെല്ലാം ഷോഗ്രന്‍സ് ബാധിച്ച് കാണാറുണ്ട്.

കൂടുതലും കാണുന്നത് സ്ത്രീകളില്‍

ഷോഗ്രന്‍സ് സിന്‍ഡ്രോം ഏറ്റവും കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണ്. പത്തില്‍ ഒന്‍പത് പേരും സ്ത്രീകളായിരിക്കുമെന്നാണ് പൊതുവെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുവെ നാല്‍പ്പത് വയസ്സിനോടടുത്തുള്ള പ്രായമുള്ളവരില്‍ ഇത് കൂടുതലായി കാണപ്പെടാറുണ്ട്. കുറഞ്ഞ തോതിലാണെങ്കിലും കുഞ്ഞുങ്ങളിലും ഇത് കാണപ്പെടാറുണ്ട്.

മറ്റ് പ്രത്യാഘാതങ്ങള്‍

നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചില്ലെങ്കില്‍ ചില ഭാഗങ്ങളില്‍ വ്രണങ്ങളായി മാറുവാനുള്ള സാധ്യത കൂടുതലാണ്. ഞരമ്പുകളെ ബാധിക്കുന്ന അവസ്ഥകള്‍ പിന്നീട് പുകച്ചിലിലേക്കും വാസ്‌കുലിക് ന്യൂറോപ്പതിയിലേക്കും മാറ്റപ്പെട്ട് കാണാറുണ്ട്, തലച്ചോറിനെ ബാധിക്കുന്ന സാഹചര്യത്തില്‍ പലപ്പോഴും മസ്തിഷ്‌ക ജ്വരം (മെനിഞ്ചൈറ്റിസ്) ആയി പരിണമിക്കുന്നത് സ്വാഭാവികമാണ്.  അപൂര്‍വ്വം ചിലരില്‍ നട്ടെല്ലില്‍ നീര്‍ക്കെട്ട് സംഭവിക്കുകയും കാലുകള്‍ കുഴഞ്ഞ ചലന ശേഷി നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്നവരില്‍ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് സംഭവിച്ച് ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് പ്രത്യാഘാതമായി കാണപ്പെടാറുള്ളത്. അസുഖം ബാധിക്കുന്ന അവയവങ്ങള്‍ക്കനുസരിച്ച് പ്രത്യാഘാതവും വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പറയാം.

രോഗനിര്‍ണ്ണയം

ലക്ഷണങ്ങളെ അടിസ്ഥാനമാക്കി അസുഖം ഷോഗ്രന്‍സ് ആണ് എന്ന തിരിച്ചറിയാന്‍ 90 ശതമാനം കേസുകളിലും സാധിക്കാറുണ്ട്. അസുഖം ഇത് തന്നെയാണ് എന്ന് തീരുമാനിക്കാന്‍ പൊതുവായ ചില പരിശോധനകളുണ്ട്. ഇ.എസ്.ആര്‍., സി.ആര്‍.പി. മുതലായ രക്തപരിശോധനകള്‍, ആര്‍.എ. ഫാക്ടര്‍, ആന്റി ന്യൂക്ലിയര്‍ ആന്റിബോഡി എന്ന പരിശോധന മുതലായവയാണ് പ്രധാനമായും സ്വീകരിക്കുന്ന ലബോറട്ടറി പരിശോധനകള്‍. ഈ പരിശോധനകളില്‍ രോഗം തിരിച്ചറിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ സലൈവറി ഗ്രന്ഥികള്‍ ബയോപ്സിക്കെടുത്ത് പരിശോധിക്കേണ്ടി വരും.

ചികിത്സ

ഷോഗ്രന്‍സ് തുടക്കത്തിലേ കണ്ടു പിടിച്ചാല്‍, അതായത് ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കകം കണ്ട് പിടിച്ച് ചികിത്സ ആരംഭിച്ചാല്‍ ചില കേസുകളില്‍ മരുന്നുകള്‍ കഴിച്ച് അസുഖത്തിന്റെ തീവ്രത കുറച്ചുകൊണ്ടുവന്ന് ക്രമേണ മരുന്നിന്റെ ഉപയോഗം നിര്‍ത്താന്‍ സാധിക്കാറുണ്ട്. അസുഖം തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും വൈകുന്നതിനനുസരിച്ച് മരുന്ന് ഉപയോഗിക്കേണ്ടതിന്റെയും ചികിത്സ തുടരേണ്ടതിന്റെയും ദൈര്‍ഘ്യം വര്‍ധിക്കാനിടയുണ്ട്. രോഗം ഷോഗ്രന്‍സ് ആണെന്ന് സംശയം തോന്നിയാല്‍ എത്രയും പെട്ടെന്ന് റുമറ്റോളജിസിറ്റിനെ തന്നെ സന്ദര്‍ശിച്ച് ചികിത്സ ആരംഭിക്കുക എന്നതും പ്രധാനമാണ്.

(കോഴിക്കോട് ഡോ. അനൂഫ്സ് റുമകെയറിലെ ഫൗണ്ടര്‍ ചെയര്‍മാനും ചീഫ് കണ്‍സല്‍ട്ടന്റുമാണ് ലേഖകന്‍)

Content Highlights: What is Sjogrens syndrome