ചൈനയില്‍ മങ്കി ബി വൈറസ് ബാധയേറ്റ് ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ മങ്കി ബി വൈറസ് എന്താണെന്ന് അറിയാം. 

അപൂര്‍വമായ ഒരു അണുബാധയാണ് മങ്കി ബി വൈറസ് ഇന്‍ഫെക്ഷന്‍. 1932 ലാണ് ഈ വൈറസിനെ ആദ്യമായി വേര്‍തിരിച്ചത്. മക്കാക്ക് എന്ന കുരങ്ങുവര്‍ഗത്തിലാണ് ഈ വൈറസ് കണ്ടുവരുന്നത്. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന കുരങ്ങുപനി അല്ല ഇത്. ഹെര്‍പ്പസ് ബി (herpes B), ഹെര്‍പ്പസ് വൈറസ് സിമിയേ(herpesvirus simiae), ഹെര്‍പ്പസ് വൈറസ് ബി(herpesvirus B) എന്നീ പേരുകളിലും ഈ വൈറസ് അറിയപ്പെടുന്നു. ഇതുവരെ അമ്പതോളം കേസുകള്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 21 പേരാണ് മരിച്ചത്. 

പകരുന്നത്

രോഗബാധയുള്ള കുരങ്ങിന്റെ കടി, മാന്ത് എന്നിവ ഏല്‍ക്കുന്നത് വഴിയും കുരങ്ങിന്റെ ശരീരസ്രവങ്ങള്‍ മനുഷ്യ ശരീരവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നത് എന്നിവ രോഗം പകരാന്‍ ഇടയാക്കും. കുരങ്ങിന്റെ ശരീരസ്രവങ്ങള്‍ മനുഷ്യരില്‍ കണ്ണ്, മൂക്ക്, വായ, ചര്‍മത്തിലെ മുറിവ് എന്നിവയില്‍ വീഴുന്നത് വഴിയാണ് മനുഷ്യരില്‍ രോഗം പകരുന്നത.  സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സൂചിപ്പിക്കുന്നത് മക്കാക്ക കുരങ്ങുകളില്‍ ഈ വൈറസ് സാധാരണമാണെന്നാണ്. ഈ കുരങ്ങുകളുടെ ഉമിനീര്‍, മലം, മൂത്രം മസ്തിഷ്‌ക കോശങ്ങള്‍, സുഷുമ്‌നാനാഡി കോശങ്ങള്‍ എന്നിവയില്‍ ഈ വൈറസ് പൊതുവേ കണ്ടുവരാറുണ്ട് എന്നാണ്. ഏതെങ്കിലും പ്രതലങ്ങളില്‍ മണിക്കൂറുകളോളം നിലനില്‍ക്കാന്‍ ഈ വൈറസിന് സാധിക്കും. നനവുള്ള ഇടങ്ങളില്‍ പ്രത്യേകിച്ചും. 

രോഗലക്ഷണങ്ങള്‍

വൈറസ് ബാധയേറ്റ് ഒരു മാസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. മൂന്നു മുതല്‍ ഏഴുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെറിയ ലക്ഷണങ്ങള്‍ കാണാനുള്ള സാധ്യതയുമുണ്ട്. ഫ്‌ളൂവിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഈ വൈറസിനും കാണാനാവുക. പനി, ക്ഷീണം, തലവേദന, ശരീരവേദന, മുറിവിന് ചുറ്റും ചെറിയ കുമിളകള്‍ എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍. ശ്വാസംമുട്ടല്‍, ഛര്‍ദി, വയറുവേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തെയും സുഷുമ്‌നയെയും വൈറസ് ബാധിച്ചാല്‍ രോഗം സങ്കീര്‍ണമാകും. ഇത്തരത്തില്‍ വൈറസ് ബാധ സങ്കീര്‍ണമാകുമ്പോള്‍ മസ്തിഷ്‌കത്തിലും സുഷുമ്‌നാനാഡിയിലും നീര്‍ക്കെട്ട് ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനെത്തുടര്‍ന്ന് വേദന, മുറിവുള്ള ഭാഗത്ത് ചൊറിച്ചില്‍, മരവിപ്പ്, പേശികളുടെ ഏകോപനത്തില്‍ പ്രശ്‌നങ്ങള്‍, മസ്തിഷ്‌കത്തിന് തകരാറുകള്‍, നാഡീവ്യവസ്ഥയ്ക്ക് തകരാറുകള്‍ എന്നിവ ഉണ്ടായി പിന്നീട് മരണം സംഭവിച്ചേക്കാം. 

രോഗസാധ്യത കൂടുതല്‍

ലബോറട്ടറികളില്‍ ജോലി ചെയ്യുന്നവര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങി കുരങ്ങുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗസാധ്യത വളരെ കൂടുതലാണ്. 

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുമോ

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതായ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വാക്‌സിനുണ്ടോ?
നിലവില്‍ മങ്കി ബി വൈറസിനെതിരെ വാക്‌സിന്‍ ലഭ്യമല്ല. 

കുരങ്ങിന്റെ കടിയോ മാന്തോ ഏറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്?

  • കുരങ്ങുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
  • കുരങ്ങിന്റെ കടിയോ മാന്തോ കിട്ടിയാല്‍ ഉടന്‍ തന്നെ സോപ്പോ അയഡിനോ ഉപയോഗിച്ച് 15 മിനിറ്റ് നേരം നന്നായി വെള്ളമൊഴിച്ച് കഴുകുക. അതിനുശേഷം വീണ്ടുമൊരു 15- 20 മിനിറ്റ് മുറിവേറ്റ ഭാഗത്ത് വെള്ളമൊഴിച്ച് കഴുകണം.
  • തുടര്‍ന്ന് ചികിത്സ തേടണം. ആന്റിവൈറല്‍ ചികിത്സയാണ് നല്‍കുക. 

    (കടപ്പാട്- Centers for Disease Control and Prevention)

    Content Highlights: what is monkey b virus that caused first human death in china, Health, Diseases