ണക്കുകൾ പ്രകാരം ലോകമൊട്ടാകെ 290 ദശലക്ഷം പേർ ഹെപ്പറ്റൈറ്റിസ് ബി ബാധിതരും 170 ദശലക്ഷം പേർ ഹെപ്പറ്റൈറ്റിസ് സി ബാധിതരുമാണ്. ഇന്ത്യയിലാകട്ടെ 40 ദശലക്ഷം പേർ ഈ രോഗാണുബാധിതരാണ്. ഒരു ലക്ഷത്തിലേറെപ്പേർ ഓരോ വർഷവും ഹെപ്പറ്റൈറ്റിസ് ബാധ മൂലം മരിക്കുന്നു. പ്രത്യേക ശ്രദ്ധ നൽകേണ്ട ഒൻപത് ദിനാചരണങ്ങളുടെ പട്ടികയിൽ ഹെപ്പറ്റൈറ്റിസിസിനെ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിട്ടുണ്ട്.

 

എന്താണ് ഹെപ്പറ്റൈറ്റിസ്

കരൾ കോശങ്ങൾക്കുണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ്. മദ്യം, ചിലയിനം മരുന്നുകൾ, രോഗാണുബാധ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ എന്നിവ ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്. എന്നാൽ പ്രധാന കാരണം വൈറസുകൾ ആണ്. എ,ബി,സി,ഡി, ഇ എന്നിങ്ങനെ അഞ്ചുതരം ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്.

ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മലിനമായ ജലത്തിൽക്കൂടിയും ഭക്ഷണത്തിൽ കൂടിയും പകരുന്നു. പെട്ടെന്നുണ്ടാകുന്ന മഞ്ഞപ്പിത്തം, വയറുവേദന, പനി, ഛർദി, എന്നിവ ഹെപ്പറ്റൈറ്റിസ് എ,ഇ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്.

രക്തത്തിൽ കൂടിയും ശരീരസ്രവങ്ങളിൽക്കൂടിയും ഉള്ളിൽക്കടക്കുന്നവയാണ് ഹെപ്പറ്റൈറ്റിസ് ബിയും സിയും. തുടക്കത്തിൽ ഇവ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ശരീരത്തിൽ നിലനിൽക്കും. അതിനാൽ രോഗനിർണയം വൈകുന്നു. കാലാന്തരത്തിൽ ഇവ കരൾ കോശങ്ങളെ ബാധിച്ച സിറോസിസ്, കരൾരോഗം, കാൻസർ എന്നിവയുണ്ടാക്കുന്നു. രോഗമുള്ളവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ/ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ, സിറിഞ്ചും മറ്റും പങ്കുവെച്ച് മയക്കുമരുന്ന് കുത്തിവെപ്പെടുക്കുന്നവർ, രോഗബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങൾ, ആരോഗ്യപ്രവർത്തകർ, ഡയാലിസിസ് രോഗികൾ എന്നിവർ ഹൈ റിസ്ക് കാറ്റഗറിയിലാണ്.

ഹെപ്പറ്റൈറ്റിസ് ബി രോഗാണു ശരീരത്തിൽ കടന്നാലുള്ള സ്ഥിതിവിശേഷം പ്രായം, ആരോഗ്യസ്ഥിതി എന്നിവയെക്കൂടി ആശ്രയിച്ചിരിക്കുന്നു. സാധാരണ ആരോഗ്യസ്ഥിതിയുള്ള മുതിർന്നവരിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ രോഗം വളരെക്കാലം നീണ്ടുനിൽക്കുന്ന (ക്രോണിക്) അവസ്ഥയിലേക്ക് പോകുന്നുള്ളൂ. ഇതിൽ 15-25 ശതമാനം പേർക്ക് ലിവർ സിറോസിസ്, കാൻസർ ഇവ ഉണ്ടാകാം. ജനിച്ച ആദ്യവർഷത്തിനുള്ളിൽ രോഗാണുബാധയുണ്ടാകുന്ന 80-89 ശതമാനം കുഞ്ഞുങ്ങളിലും രോഗം നീണ്ടുനിൽക്കാറുണ്ട്. ഹെപ്പറ്റൈറ്റിസ് ഡി വൈറസിന് ഒരു പ്രത്യേകതയുണ്ട്. അതിന് ബി വൈറസിന്റെ കൂടെ മാത്രമേ രോഗമുണ്ടാക്കാൻ കഴിയുകയുള്ളൂ.

രോഗനിർണയം പ്രധാനം

രോഗാണുബാധയുള്ളവരിൽ പത്ത് ശതമാനത്തിൽ താഴെ ആളുകളിൽ മാത്രമേ രോഗനിർണയം നടക്കു ന്നുള്ളൂ. അതിൽത്തന്നെ എട്ട് ശതമാനത്തിന് താഴെ മാത്രമേ കൃത്യമായ ചികിത്സ ലഭിക്കുന്നുള്ളൂ. 2008 മുതൽ ലോക ഹെപ്പറ്റൈറ്റിസ് അലയൻസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഹെപ്പറ്റൈറ്റിസ് ദിനം ലോകമെമ്പാടും ആചരിക്കപ്പെടുന്നുണ്ട്. 2010 മുതൽ ഇതിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരമുണ്ട്. 'അറിയാതെ പോകുന്നവരെ കണ്ടെത്തുക' (Find the Missing Millions) എന്നതാണ് ഈ വർഷത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ മുഖ്യ സന്ദേശം. 2030 ആകുമ്പോഴേക്കും ഹെപ്പറ്റൈറ്റിസ് ബിയെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യം. അതിന് ഇനി പത്തുവർഷം മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കെ, കൂടുതൽ ടെസ്റ്റുകൾ നടത്തി അസുഖം നേരത്തെ കണ്ടുപിടിക്കാനും കൂടുതൽ ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും ശ്രമിക്കാം.

എന്തുചെയ്യാനാകും

  • ഹെപ്പറ്റൈറ്റിസ് ബിയ്ക്കും എയ്ക്കും എതിരേ ഫലപ്രദമായ വാക്സിൻ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ വാക്സിൻ മൂന്ന് ഡോസ് ആയി എടുക്കണം. ആദ്യത്തെ ഡോസിന് ശേഷം ഒരു മാസം, പിന്നെ ആറുമാസം എന്ന രീതിയിലാണ് വാക്സിനെടുക്കേണ്ടത്. എല്ലാ കുഞ്ഞുങ്ങളും ഹൈ റിസ്ക് കാറ്റഗറിയിലുള്ള ആളുകളും നിർബന്ധമായും വാക്സിൻ എടുക്കേണ്ടതാണ്. നവജാതശിശുക്കൾക്ക് യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തി വാക്സിൻ കൊടുക്കുന്നുണ്ട്.
  • സ്ക്രീനിങ് ടെസ്റ്റുകൾ ഫലപ്രദമായി ഉപയോഗിക്കണം. പ്രധാനപ്പെട്ട ലാബുകളിലും ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബിയയുടെയും സിയുടെയും ടെസ്റ്റുകൾ ലഭ്യമാണ്. ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർ എത്രയും പെട്ടെന്ന് തന്നെ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നുറപ്പാക്കുക.
  • ഹെപ്പറ്റൈറ്റിസ് ബിയ്ക്കും സിയ്ക്കും ലളിതവും ഫലപ്രദവുമായ ഗുളികകൾ ലഭ്യമാണ്. വലിയ പാർശ്വഫലങ്ങളില്ലാത്ത പുതിയ ഇനം മരുന്നുകളും ഇപ്പോൾ ഉണ്ട്. രോഗാണുബാധയുള്ളവർ ഡോക്ടറെ കണ്ട് പരിശോധിക്കുകയും ശരിയായ രീതിയിലുള്ള ചികിത്സ തുടങ്ങുകയും വേണം.
  • ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം. ഗർഭാവസ്ഥയിൽ തന്നെ അണുബാധ കണ്ടുപിടിച്ച് ചികിത്സ ആരംഭിച്ചാൽ കുഞ്ഞിന് രോഗം ബാധിക്കാതെ സംരക്ഷിക്കാം. രോഗാണുബാധയുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് ജനിച്ചയുടനെ വാക്സിൻ നൽകണം.

(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജിസ്റ്റാണ് ലേഖിക)

Content Highlights:What is Hepatitis symptoms causes and treatments, Health, Liver Health