ന്ധികളെ ബാധിക്കുന്ന ഒരു ഇൻഫ്ലമേറ്ററി ആർത്രൈറ്റിസ് രോഗമാണ് ഗൗട്ട്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് മൂലം അവ ക്രിസ്റ്റലുകളായി (monosodium urate) കാലിന്റെ പെരുവിരലിന്റെ സന്ധികളിൽ അടിഞ്ഞുകൂടുകയാണ് ഗൗട്ട് രോഗത്തിൽ ഉണ്ടാകുന്നത്. ഇതുമൂലം കഠിനമായ വേദനയും നീരും ഉണ്ടാക്കുന്നു. കാലിലെ തള്ളവിരലിലെ സന്ധികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ആ ഭാഗം ചുവന്നു തടിക്കുന്നതാണ് ലക്ഷണം. കണങ്കാലിനും ഉപ്പൂറ്റിക്കും മറ്റ് വിരലുകൾക്കുമെല്ലാം ഈ രോഗാവസ്ഥ ഉണ്ടാകാനിടയുണ്ട്.

കാരണങ്ങൾ

രണ്ട് ഘടകങ്ങളാണ് പ്രധാനപ്പെട്ടത്. ജീവിതശൈലിയിൽ ഉണ്ടാകുന്ന അശാസ്ത്രീയമായ മാറ്റങ്ങളാണ് പ്രധാനപ്പെട്ട ഒരു കാരണം. ജനിതകഘടകങ്ങളാണ് രണ്ടാമത്തെ കാരണം. അമിതമായ മദ്യപാനവും കൊഴുപ്പ് കൂടിയ ഭക്ഷണശീലങ്ങളും ഗൗട്ടിന് വഴിയൊരുക്കുന്നതാണ്. വ്യായാമക്കുറവും ഈ രോഗത്തെ തീവ്രമാക്കാൻ ഇടയാക്കുന്നു.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ പെട്ടെന്നാണ് കാണുക. രാവിലെ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ കാലിലെ പെരുവിരലിലെ സന്ധിയിൽ വേദന തോന്നും. ആ ഭാഗം നീരുവന്ന പോലെയും ചുവപ്പുനിറത്തിലും കാണപ്പെടും.

രോഗനിർണയം

ലക്ഷണങ്ങൾ, ശാരീരിക പരിശോധന, എക്സ് റേ, യൂറിക് ആസിഡിന്റെ അളവ് നോക്കൽ ഉൾപ്പടെയുള്ള ലാബ് പരിശോധനകൾ എന്നിവ വഴി ഡോക്ടർക്ക് രോഗനിർണയം നടത്താനാകും. ചില കേസുകളിൽ രോഗം ബാധിച്ച സന്ധിയിൽ നിന്നുള്ള സൈനോവിയൽ ദ്രാവകം കുത്തിയെടുത്ത് പരിശോധിക്കേണ്ടി വരും. ഗൗട്ട് ഉള്ളവരിൽ യൂറിക് ആസിഡിന്റെ അളവ് ഏഴ് മില്ലി ഗ്രാമിൽ കൂടുതൽ ഉണ്ടാകും.

ചികിത്സ

വേദന കുറയ്ക്കാനുള്ള മരുന്നുകൾ നൽകേണ്ടി വരും. ഇതിനായി നോൺ സ്റ്റിറോയ്‌ഡൽ ആന്റി ഇൻഫഌമേറ്ററി ഡ്രഗ്സ് (NSAIDS) വിഭാഗത്തിൽപ്പെട്ട മരുന്നുകളും ആന്റിഇൻഫ്ലമേറ്ററി മരുന്നുകളും നൽകേണ്ടി വരും.

ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. ശരീരഭാരം കുറയ്ക്കൽ, മദ്യപാനം ഉപേക്ഷിക്കൽ, പ്യൂരിൻ ധാരാളം അടങ്ങിയ ചുവന്ന മാംസം പോലുള്ളവ കുറയ്ക്കൽ എന്നിവ വേണ്ടിവരും.

രോഗാവസ്ഥ തീവ്രമായവരിൽ യൂറിക് ആസിഡ് ചർമത്തിന് അടിയിൽ അടിഞ്ഞ് കട്ടിയായി ടോഫി എന്ന അവസ്ഥയുണ്ടാകും. ഇത് ചർമത്തിന് അടിയിൽ മുഴ പോലെയാണ് കാണുക. അതിനാൽ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരും.

ശീലിക്കേണ്ട കാര്യങ്ങൾ

  • ആരോഗ്യകരമായ ഡയറ്റ് പാലിക്കുക. യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്ന, പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • ബിയർ ഉൾപ്പടെയുള്ള മദ്യത്തിന്റെ ഉപയോഗം പരമാവധി ഒഴിവാക്കുക.
  • നന്നായി വ്യായാമം ചെയ്യുക. ശാരീരികമായി നന്നായി ആക്ടീവാകുക. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. നടത്തം, നീന്തൽ, സൈക്കിൾ ചവിട്ടൽ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യാം.
  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക. ശരീരഭാരം അമിതമാണെങ്കിൽ അത് കുറയ്ക്കുക. ഭാരം കുറയുന്നത് സന്ധികളിൽ അനുഭവപ്പെടുന്ന സമ്മർദത്തെ കുറയ്ക്കും. പ്രത്യേകിച്ച് അരക്കെട്ടിലെയും മുട്ടിലെയും.

Content Highlights:what is gout symptoms diagnosis and treatments, Health, Gout