നിശ്ശബ്ദമായ കരൾരോ​ഗമാണ് ഫാറ്റിലിവർ. പലപ്പോഴും യാദൃച്ഛികമായി നടത്തുന്ന വെെദ്യപരിശോധനയിലാണ് ഫാറ്റിലിവർ കണ്ടെത്തുന്നത്. വയറിന്റെ അൾട്രാസൗണ്ട് പരിശോധനയിൽ പത്തുപേരിൽ അഞ്ചുപേർക്ക് എന്ന തോതിൽ നമ്മുടെ നാട്ടിൽ ഫാറ്റിലിവർ വർധിച്ചിരിക്കുന്നു. ‌‌

എന്താണ് ഫാറ്റിലിവർ

കരളിലെ കോശങ്ങളിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. ഇത് രണ്ട് തരത്തിലുണ്ട്. മ​ദ്യപിക്കുന്നവരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്ന് വിളിക്കുന്നു. മദ്യപിക്കാത്തവരിലെ ഫാറ്റിലിവറിനെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നാണ് വിളിക്കുന്നത്. ഫാറ്റിലിവർ ദീർഘകാല കരൾ രോ​ഗങ്ങളുടെ ആദ്യഘട്ടമെന്ന് പറയാം. അമിത ഭക്ഷണം ഒഴിവാക്കി കൃത്യമായി വ്യായാമം ചെയ്തില്ലെങ്കിൽ കരളിലെ കോശങ്ങൾക്ക് നീർവീക്കമുണ്ടാകുന്നു. ഈ ഘട്ടത്തെ നോൺ ആൽക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റെെറ്റിസ് എന്ന് വിളിക്കും. ജീവിതശെെലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കരളിൽ വടുക്കൾ രൂപപ്പെട്ട് സിറോസിസ് എന്ന് വിളിക്കുന്ന കരൾരോ​ഗത്തിന്റെ അന്തിമഘട്ടത്തിലെത്തുന്നു. 

കാരണങ്ങൾ

കൊഴുപ്പുകൂടിയ ഭക്ഷണം: വറുത്തതും പൊരിച്ചതുമായ വിഭവങ്ങളുടെ അമിത ഉപയോ​ഗം, ഉയർന്ന കലോറിയുള്ള വിഭവങ്ങൾ, രാത്രികാലത്തെ അമിത ഭക്ഷണം ഇവയൊക്കെ അമിതവണ്ണത്തിനും ഫാറ്റിലിവറിനും കാരണമാകുന്നു. 
പ്രമേഹം: ദീർഘനാളായുള്ള പ്രമേഹം രക്തത്തിലെ കൊഴുപ്പുഘടകമായ ട്രെെ​ഗ്ലിസറെെഡിന്റെ അളവ് കൂടാനും കരളിൽ അടിഞ്ഞുകൂടാനും കാരണമാകും. രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നിലയും ഫാറ്റിലിവറിന് കാരണമാകാം. 
ജനിതക കാരണങ്ങൾ: ജനിതക തകരാറുകളെ തുടർന്ന് കരളിൽ കൂടുതലായി കൊഴുപ്പ് അടിഞ്ഞുകൂടാം. 
ജീവിതശെെലിയിൽ വന്ന മാറ്റങ്ങൾ: കായികാധ്വാനം കുറയുക, ജങ്ക് ഫുഡ്- ഫാസ്റ്റ് ഫുഡ് ശീലങ്ങൾ, ദീർഘനേരം ചടഞ്ഞിരുന്നുള്ള ജോലികൾ. 

ലക്ഷണങ്ങൾ
പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. വയറിന്റെ വലതുഭാ​ഗത്തായി ഭാരം തോന്നിയേക്കാം. മറ്റുചിലർക്ക് നെഞ്ചിൽ പിടിത്തമനുഭവപ്പെട്ടേക്കാം. 

പ്രതിരോധിക്കാം

  • മദ്യപാനം പൂർണമായും ഒഴിവാക്കണം. 
  • അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കണം. ബേക്കറി സാധനങ്ങൾ, വറപൊരി വിഭവങ്ങൾ, നെയ്യ്, വെണ്ണ, വനസ്പതി തുടങ്ങിയവയുടെ ഉപയോ​ഗം നിയന്ത്രിക്കണം. 
  • നാരുകൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.
  • അത്താഴം മിതമാക്കണം. രാത്രിഭക്ഷണം നേരത്തെ കഴിക്കണം. 
  • ദിവസവും 45 മിനിറ്റ് വ്യായാമം ചെയ്യണം. ശരീരഭാരം ആരോ​ഗ്യകരമാക്കണം. 
  • പ്രമേഹമുള്ളവർ രക്തത്തിലെ ഷു​ഗർനില നോർമലായി നിലനിർത്തണം. 
  • ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികൾ, സ്റ്റിറോയ്ഡുകൾ, ഹോർമോൺ മരുന്നുകൾ തുടങ്ങിയവ ഉപയോ​ഗിക്കരുത്. 

(ആലപ്പുഴ ​ഗവ.മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാ​ഗം പ്രൊഫസറാണ് ലേഖകൻ)

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: What is Fatty Liver Can non-alcoholics have fatty liver, Health, Liver Cirrhosis