ല്ല ശാരീരിക-മാനസിക ആരോഗ്യത്തിന് മസ്തിഷ്ക ആരോഗ്യവുമായും ബന്ധമുണ്ട്. മാനസിക ആരോഗ്യ പ്രശ്നങ്ങൾ, വിഷാദം, ഉത്‌കണ്ഠ തുടങ്ങിയവയെല്ലാം മസ്തിഷ്ക ആരോഗ്യത്തിന് അപകടഘടകങ്ങളാണ്. ബ്രെയിൻ ഫോഗ് എന്ന രോഗാവസ്ഥ ശാരീരിക-മാനസിക- വൈകാരിക ആരോഗ്യത്തെ ബാധിക്കും.

എന്താണ് ബ്രെയിൻ ഫോഗ്

കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ ഒരു മെഡിക്കൽ അവസ്ഥയാണ് ബ്രെയിൻ ഫോഗ്. ഇത് നമ്മുടെ കൊഗ്നിറ്റീവ് കഴിവുകളെ തടസ്സപ്പെടുത്തും. മാനസികമായ ക്ഷീണം, ആശയക്കുഴപ്പം എന്നിവയൊക്കെയാണ് ഇതുമൂലമുണ്ടാവുക. ഇതുമാത്രമല്ല, ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ഏകാഗ്രത, ഓർമപ്രശ്നങ്ങൾ, വ്യക്തമല്ലാത്ത ചിന്തകൾ എന്നിവയ്ക്കും ബ്രെയിൻ ഫോഗ് ഇടയാക്കും.

കാരണങ്ങൾ

ബ്രെയിൻ ഫോഗിന് പല കാരണങ്ങളുണ്ട്.

ഉറക്കമില്ലായ്മ: ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ അത് മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും. ഇത് ആ വ്യക്തിയുടെ കൊഗ്നിറ്റീവ് കഴിവുകളെ തളർത്തും. ഏകാഗ്രതയ്ക്കുള്ള കഴിവ് ഇല്ലാതാക്കും. എട്ടു മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്.

സ്ട്രെസ്സും ഉത്‌കണ്ഠയും: സ്ഥിരമായ സ്ട്രെസ്സും ഉത്‌കണ്ഠയും ഉണ്ടാകുന്നത് മാനസിക ആരോഗ്യത്തെയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ബാധിക്കും. ഇത് മാനസിക അപചയത്തിന് കാരണമാവുകയും അങ്ങനെ ബ്രെയിൻ ഫോഗിന് വഴിയൊരുക്കുകയും ചെയ്യുന്നു.

കൃത്യമല്ലാത്ത ഡയറ്റ്: മസ്തിഷ്ക ആരോഗ്യവും ഡയറ്റും തമ്മിൽ വലിയ ബന്ധമുണ്ട്. നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ മസ്തിഷ്കത്തിന്റെ കൃത്യമായ പ്രവർത്തനത്തിന് സഹായിക്കുന്നത്. അതിനാൽ തന്നെ ആവശ്യത്തിന് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഡയറ്റാണ് പാലിക്കേണ്ടത്. വിറ്റാമിൻ ബി12 സമ്പുഷ്ടമായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

ഹോർമോൺ മാറ്റങ്ങൾ: ചില ഹോർമോണുകളുടെ അളവ് പരിധിയിലും കൂടുന്നത് ബ്രെയിൻ ഫോഗിന് ഇഠയാക്കും. ഇത് ഹ്രസ്വകാല കൊഗ്നിറ്റീവ് തകരാറുകൾക്കും ഓർമയെയും ബാധിക്കും. ഇതുപോലെ തന്നെ ഹോർമോൺ നില താഴുന്നത് മറവി പ്രശ്നങ്ങൾ വർധിപ്പിക്കും. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോൺ അളവ് കുറയുന്നത് മസ്തിഷ്ക ആരോഗ്യത്തെ ബാധിക്കും.

മരുന്നുകളുടെ ഉപയോഗം: ചില മരുന്നുകളുടെ ഉപയോഗത്തിന്റെ പാർശ്വഫലമായും ബ്രെയിൻ ഫോഗ് ഉണ്ടാകാം. മരുന്നുപയോഗിക്കുന്ന സമയത്ത് എന്തെങ്കിലും മാനസികമായ ആശയക്കുഴപ്പങ്ങൾ ഉണ്ടാവുകയാണെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് സംസാരിക്കണം.

മറ്റ് രോഗങ്ങൾ: നിലവിലുള്ള മറ്റ് രോഗങ്ങൾ മാനസികമായ തളർച്ചയ്ക്ക് കാരണമാകാം. അണുബാധ മുതൽ രക്തത്തിലെ ഗ്ലൂക്കോസ് നിലയിലെ വ്യതിയാനങ്ങൾ വരെ ഇതിന് കാരണമാകും. ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ബ്രെയിൻ ഫോഗിന് ഇടയാക്കും. പ്രമേഹം, അനീമിയ, വിഷാദം, ഹൈപ്പോതൈറോയ്‌ഡിസം എന്നിവ ബ്രെയിൻ ഫോഗിനുള്ള സാധ്യത വർധിപ്പിക്കും.

ചികിത്സിച്ച് ഭേദമാക്കാനാകുമോ

ബ്രെയിൻ ഫോഗ് ഉണ്ടെന്ന് ഉറപ്പാക്കിയാൽ ചികിത്സ ആവശ്യമാണ്. ബ്രെയിൻ ഫോഗ് ഉണ്ടായത് നിലവിൽ ബാധിച്ചിരിക്കുന്ന അനീമിയ പോലെയുള്ള ഏതെങ്കിലും രോഗാവസ്ഥ മൂലമാണെങ്കിൽ അയേൺ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും അയേൺ സപ്ലിമെന്റുകൾ നൽകുകയും ചെയ്യാം. ഇത് ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് വർധിപ്പിക്കും. ഇനി മറ്റ് എന്ത് കാരണങ്ങൾ മൂലമാണ് ബ്രെയിൻ ഫോഗ് ഉണ്ടാകുന്നതെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടെത്തി കൃത്യമായ ഡയറ്റും സപ്ലിമെന്റുകളും വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കി പോസിറ്റീവ് ലൈഫ്സറ്റൈൽ സ്വീകരിക്കാൻ ശ്രമിക്കണം.

ആവശ്യത്തിന് ഉറക്കവും കൃത്യമായ ശാരീരിക വ്യായാമവും കൃത്യമായ സ്ട്രെസ്സ് മാനേജ്മെന്റും ഉണ്ടെങ്കിൽ ബ്രെയിൻ ഫോഗ് കൃത്യമായ ചികിത്സിച്ച് ഭേദമാക്കാം.

ബ്രെയിൻ ഫോഗും കോവിഡും

കോവിഡ് 19 ലോകജനതയുടെ ജീവിതവും ആരോഗ്യവും നശിപ്പിച്ചിരിക്കുകയാണ്. ഇത് മസ്തിഷ്കത്തിനും ഗുരുതരമായ തകരാറുകൾക്ക് ഇടയാക്കും.

medRxiv അടുത്തിടെ പുറത്തുവിട്ട പഠനറിപ്പോർട്ടിൽ പറയുന്നത് കോവിഡ് രോഗികളിൽ 58 ശതമാനം പേർക്കും ബ്രെയിൻ ഫോഗ് അല്ലെങ്കിൽ മാനസികമായി ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്നാണ്. ഇത് കോവിഡ് 19 ന്റെ ലക്ഷണങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നുവെന്നുമാണ്. കോവിഡ് ബാധിച്ച് പിന്നീട് സുഖപ്പെട്ട ആളുകളിൽ രോഗം ബാധിക്കുന്നതിന് മുൻപ് ഇല്ലാത്ത ആശയക്കുഴപ്പം, ഹ്രസ്വകാല ഓർമക്കുറവ്, ഏകാഗ്രതയില്ലായ്മ, അസ്വസ്ഥത എന്നിവ റിപ്പാർട്ട് ചെയ്തിരുന്നു.

Content Highlights:What is Brain Fog causes treatments and is there any connection with Covid19, Health, Mental Health, Brain Health