ഴിഞ്ഞ ദിവസമാണ് കേരളത്തില്‍ വീണ്ടും കരിമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ വെള്ളിക്കുളങ്ങരിയിലെ ഒരു വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചത്. ഒരു വര്‍ഷം മുന്‍പും ഇദ്ദേഹത്തിന് രോഗം ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

2016 ലും 2018 ലും ചെമ്പനരുവി(പിറവന്തൂര്‍), വില്ലുമല(കുളത്തൂപ്പുഴ) എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഫ്ളെബോടോമസ് എന്ന മണലീച്ചയുടെ(sand fly) കടി വഴി പകരുന്ന ഒരു രോഗമാണ് കരിമ്പനി. കൊതുകുകളുടെ മൂന്നിലൊന്ന് വലുപ്പമേയുളളു ഇവയ്ക്ക്. പൊടിമണ്ണിലാണ് ഇവ മുട്ടയിട്ട് വിരിയിക്കുന്നത്. ലീഷ്മാനിയ എന്ന പരാന്നഭോജികള്‍ പരത്തുന്നതിനാല്‍ ഈ രോഗത്തെ ലീഷ്മാനിയാസിസ് (Leishmaniasis) എന്നു വിളിക്കുന്നു. ഈ രോഗത്തെ കാലാ അസര്‍ എന്നും പറയുന്നു. കറുപ്പ് എന്നര്‍ഥത്തിലുള്ള കാല എന്ന വാക്കും രോഗം എന്ന അര്‍ഥത്തിലുള്ള അസര്‍ എന്ന വാക്കും ചേര്‍ന്നതാണ് കാലാ അസര്‍. 

സ്വയം മാറിപ്പോകുന്ന ഒരു ചര്‍മ്മ വ്രണം മുതല്‍ മുഖം വികൃതമാകുന്ന മ്യൂക്കോകട്ടേനിയസ് രോഗം വരെ നീളുന്നു ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍. പ്രധാന ആന്തരീകാവയവങ്ങള്‍, പ്ലീഹ, മജ്ജ, അസ്ഥികള്‍ മുതലായവയെയാണ് കരിമ്പനി ബാധിക്കുന്നത്. ഈ രോഗം പിടിപെട്ടാല്‍ രക്തത്തിലെ ശ്വേത-അരുണ രക്താണുക്കള്‍ക്ക് നാശമുണ്ടാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ചര്‍മം കറുത്തുപോകുന്നതുകൊണ്ടാണ് ഈ രോഗത്തിന് കരിമ്പനി എന്ന പേര് വന്നത്. രണ്ട് വര്‍ഷത്തോളമുണ്ട് ഇവയുടെ ഇന്‍ക്യുബേഷന്‍ പിരീഡ്. അതിനാല്‍ വളരെ പെട്ടെന്ന് ഇവയെ പൂര്‍ണമായും നശിപ്പിക്കണം. 

ഈ രോഗം മൂന്നു രീതിയില്‍ പകരാം.
1) മണലീച്ചയുടെ കടി
2) രോഗം ബാധിച്ച അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്
3) ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും വഴി

രോഗലക്ഷണങ്ങള്‍

 • ചര്‍മ്മത്തില്‍ വ്രണം പോലെ കാണാം.
 • ഒന്നിലധികം സ്ഥലങ്ങളില്‍ ശരീരം മുഴുവന്‍ വേദനയില്ലാത്ത മുഴകള്‍ പോലെ കാണപ്പെടാം. (കുഷ്ഠരോഗത്തിന് സമാനമാണ്)
 • ചര്‍മ്മത്തില്‍ കറുത്ത നിറത്തിലുള്ള അള്‍സര്‍ അല്ലെങ്കില്‍ പാടുകള്‍
 • മൂക്കിന്റെ സെപ്റ്റത്തില്‍ ദ്വാരം
 • തരുണാസ്ഥികളെ ഈ അസുഖം ബാധിച്ചാല്‍ മുഖം, മൂക്ക്, തൊണ്ട , അണ്ണാക്ക് എന്നിവയ്ക്കൊക്കെ രൂപമാറ്റം സംഭവിക്കാം.
 • ശബ്ദത്തിന്റെ പരുഷത കൂടിയതായി കാണാം
 • പല്ല്, മോണ എന്നിവയെ ബാധിക്കാം
 • കഴലവീക്കം കാണപ്പെടാം

രോഗനിര്‍ണയം

 • ലീഷ്മാനിയ എന്ന പരാന്നഭോജിയെ വ്രണത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും.
 • പി.സി.ആര്‍. പരിശോധന നടത്താം.
 • ഗ39 എന്ന ആന്റിജനെതിരായ ആന്റിബോഡികള്‍ രക്തത്തില്‍ കാണപ്പെടുന്നു
 • ലീഷ്മാനിന്‍ (മോണ്ടിനെഗ്രോ) ചര്‍മ്മ പരിശോധന (LST)

ചികിത്സ എന്തൊക്കെ?

 • പ്രത്യേക മരുന്നുകള്‍ ലഭ്യമാണ്. ഇവ പരാന്നഭോജികളുടെ ഇരട്ടിക്കല്‍ തടയുന്നു. അവയെ നിര്‍വീര്യമാക്കുന്നു.
 • പെന്റാവാലന്റ് ആന്റിമണി 
 • ലിപോസോമല്‍ ആംഫോട്ടറിസിന്‍ ബി
 • മില്‍ടിഫോസിന്‍

പ്രതിരോധം എങ്ങനെ?

 • മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം നേരിട്ട് പകരില്ല.
 • സൂര്യനുദിച്ച ഉടനെയും സൂര്യനസ്തമിക്കുന്നതിന്റെ തൊട്ടുമുന്‍പുമുള്ള സമയങ്ങളിലാണ് മണലീച്ചകള്‍ കൂടുതലായി കടിക്കുക. ആ സമയങ്ങളില്‍ കടിയേല്‍ക്കാതെ നോക്കണം. 
 • ഇതുവരെ വാക്സിന്‍ ലഭ്യമല്ല.
 • മണലീച്ചകളുടെ വാസസ്ഥലങ്ങളെ നിര്‍മാര്‍ജനം ചെയ്യുക.
 • കീടനാശിനി ഉപയോഗിക്കുക.
 • ചുറ്റുപാടുകള്‍ വൃത്തിയാക്കുക. മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
 • ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള  വസ്ത്രം ധരിക്കുക.
 • കൊതുകിനേക്കാള്‍ ചെറുതായതിനാല്‍ കൊതുകുവലകള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഗുണമുണ്ടാകില്ല എന്നോര്‍ക്കുക. 

ഇതൊരു പകര്‍ച്ചവ്യാധിയല്ല. അതിനാല്‍ തന്നെ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാം. മണലീച്ചകളുടെ കടി ഏല്‍ക്കാതെ സൂക്ഷിച്ചാല്‍ തന്നെ ഈ രോഗം വരാതെ സൂക്ഷിക്കാന്‍ സാധിക്കും.

(പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനാണ് ലേഖിക)

Content Highlights: What is Black Fever Kala Azar Leishmaniasis, Health