ക്ഷാഘാതത്തിലെ പ്രധാനപ്പെട്ട അവസ്ഥാവിശേഷമാണ്  ബസിലാർ ആർട്ടറി ഒക്ലൂഷൻ(ബി.എ.ഒ ). രക്തയോട്ടം കുറഞ്ഞാലും രക്തക്കുഴൽ പൊട്ടിയാലും പക്ഷാഘാതം സംഭവിക്കും. തലച്ചോറിന്റെ മുൻഭാ​ഗത്ത് കരോട്ടി‍ഡ് ധമനി വഴിയും പിൻഭാ​ഗത്ത് വെർട്ടിബ്രോ ബസിലാർ ധമനി വഴിയുമാണ് രക്തവും ഒാക്സിജനും ​ഗ്ലൂക്കോസും എത്തുന്നത്. 

തലച്ചോറിന്റെ മുൻഭാ​ഗത്ത് രക്തയോട്ടം നിലച്ചുപോയാൽ മുഖം കോടുകയും കെെകാലുകൾക്ക് ബലക്കുറവ് നേരിടുകയും സംസാരത്തിന് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. എന്നാൽ പിൻഭാ​ഗത്തേക്കുള്ള രക്തയോട്ടം നിലച്ചാലുണ്ടാകുന്ന ലക്ഷണങ്ങൾ തിരിച്ചറിയാൻ പ്രയാസമാണ്. 

ലക്ഷണങ്ങൾ പലവിധത്തിൽ

വെർട്ടിബ്രോ ബസിലാർ ധമനിയുടെ പ്രവർത്തനത്തകരാർ പലവിധത്തിലായിരിക്കും. പെട്ടെന്ന് മറവി, കാഴ്ച പോകൽ, കാഴ്ചയിലെ തകരാറുകൾ, ആശയക്കുഴപ്പം, സ്ഥലകാലബോധമില്ലായ്മ, നടക്കുമ്പോൾ വേച്ചുപോകൽ, ഉറക്കക്കൂടുതൽ, വെള്ളം ഇറക്കാൻ ബുദ്ധിമുട്ട്, ശബ്ദംപോകൽ, മുഖത്തെ തരിപ്പ്, രണ്ടായി കാണൽ, തലകറക്കം, വസ്തുക്കൾ തലതിരിഞ്ഞുകാണൽ, വസ്തുക്കൾ നീങ്ങിപ്പോകുന്നതുപോലെ തോന്നൽ, സുഷുമ്നയ്ക്കുണ്ടാകുന്ന തകരാറുകൾ, മുഖത്തും ശരീരത്തിന്റെ ഒാരോ ഭാ​ഗത്തും തരിപ്പ്, സംസാരത്തിന്റെ കുഴച്ചിൽ ഇവയാണ്. ഇതിലുമപ്പുറം സംഭവിക്കാനും സാധ്യതയുണ്ട്. ഒരു ചെറിയ തലചുറ്റൽ, പെട്ടെന്ന് ചിരിവരുക ഇതിനുശേഷം ബോധം പോകുന്നു-ബസിലാർ ധമനി അടഞ്ഞുപോകുന്നതാണ് ഇതിന് കാരണം. പെട്ടെന്ന് ശ്വാസവും നിന്നുപോയേക്കാം. ബി.എ.ഒയുടെ മരണനിരക്ക് 80-90 ശതമാനമാണ്. 

കാരണങ്ങൾ

ഹൃദയവാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, മിടിപ്പ് സംബന്ധമായ അസുഖങ്ങൾ(ഏട്രിയൽ ഫെെബ്രിലേഷൻ), ഹൃദയാഘാതം, രക്തക്കുഴലുകളിലെ കൊഴുപ്പടിയൽ തുടങ്ങിയവ ബി.എ.ഒയ്ക്ക് കാരണമാകുന്നു. പക്ഷാഘാതത്തിലെ ഒരു ശതമാനം മാത്രമേ ബസിലാർ ധമനി അടയ്ക്കൽ ഉള്ളൂവെങ്കിലും മരണനിരക്ക് ഏറ്റവും കൂടുതലാണിതിന്. 

കണ്ടുപിടിക്കാൻ പ്രയാസം

ബസിലാർ ധമനി അടഞ്ഞുണ്ടാകുന്ന പക്ഷാഘാതം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഉറങ്ങുകയാണെന്നോ ലഹരി ഉപയോ​ഗിച്ചിട്ടുണ്ടെന്നോ ഒക്കെയാണ് കാണുന്നവർക്ക് തോന്നുക. ഷു​ഗർ, സോഡിയം കുറയുന്നതാണെന്നും സംശയിച്ചേക്കാം. 

ബി.എ.ഒയെക്കുറിച്ച് മുൻധാരണയുള്ളയാൾക്ക് മാത്രമേ ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കൂ. ഒരാൾക്ക് തലചുറ്റലും ഛർദിയും ഇതിനുശേഷം ബോധംപോകുകയും ചെയ്താൽ അത് ബസിലാർ ധമനി അടഞ്ഞതാകാമെന്ന് സംശയിക്കണം. സി.ടി. സ്കാനിൽ ഈ രക്തക്കുഴൽ വളരെ തെളിഞ്ഞ് നിൽക്കുന്നതായി കാണാം.

സി.ടി. ആൻജിയോ​ഗ്രാം

പക്ഷാഘാത നിർണയത്തിലെ സാധാരണ പരിശോധനകളാണ് സി.ടി. സ്കാൻ, സി.ടി. ആൻജിയോ​ഗ്രാം, എം.ആർ.െഎ. സ്കാൻ, എം.ആർ. ആൻജിയോ​ഗ്രാം എന്നിവ. വലിയ കേന്ദ്രങ്ങളിൽ സി.ടി.- പെർഫ്യൂഷൻ, എം.ആർ.-പെർഫ്യൂഷൻ കൂടി ചെയ്യുന്നതാണ്. 

ചികിത്സ

രക്തക്കുഴൽ അടഞ്ഞിട്ടുണ്ടെങ്കിൽ എത്രയും വേ​ഗം വിദ​ഗ്ധ ചികിത്സ ലഭ്യമായ ആശുപത്രിയിലേക്ക് രോ​ഗിയെ എത്തിക്കണം. കാത്ത് ലാബിലേക്കെത്തിച്ചാലുടൻ രോ​ഗിയെ ആൻജിയോ​ഗ്രാമിന് വിധേയമാക്കുന്നു. ചിലപ്പോൾ മരുന്നുകൊണ്ടുതന്നെ രക്തക്കുഴൽ തുറന്നിട്ടുണ്ടാകും. അങ്ങനെയുള്ളവർക്ക് കൂടുതൽ ചികിത്സ ആവശ്യമായി വരാറില്ല. രക്തക്കുഴൽ തുറന്നിട്ടില്ലെങ്കിൽ രണ്ടുതരം ചികിത്സയാണുള്ളത്. 
1. പെനുംബ്രാ ആസ്പിരേഷൻ(Penumbra Aspiration)- രക്തക്കട്ട വാക്വം വഴി വലിച്ചെടുക്കുന്നു. 
2. ത്രോംബക്ടമി(Thrombectomy)- രക്തക്കട്ട ഒരു സ്റ്റെന്റിന്റെ സഹായത്തോടെ പുറത്തേക്കെടുക്കൽ.

ഇതിനുശേഷം രോ​ഗിയെ െഎ.സി.യുവിലേക്ക് മാറ്റി വെന്റിലേറ്റർ സഹായം നൽകും. അതിനുശേഷം പക്ഷാഘാതത്തിന്റെ മരുന്നുകളും ഫിസിയോതെറാപ്പിയും മറ്റ് അനുബന്ധ ചികിത്സകളും നൽകി പുതുജീവൻ നൽകുന്നു. 

നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ നൽകാനായാൽ പക്ഷാഘാതത്തിൽ നിന്ന് തീർച്ചയായും രക്ഷിക്കാനാകും. 

(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ആൻഡ് ചീഫ് ആണ് ലേഖകൻ)

Content Highlights: What is Basilar Artery Occlusion symptoms and treatment, Health, Stroke

ആരോ​ഗ്യമാസിക വാങ്ങാം