തീവ്രത കൂടിയത് കുറഞ്ഞത്, നീണ്ടുനില്‍ക്കുന്നത് എന്ന് തുടങ്ങി വേദനകള്‍ പലതരം ഉണ്ട്. ഇതില്‍ സെക്കന്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന തരത്തില്‍ ഒരു വേദന എപ്പോഴെങ്കിലും നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ? 

സ്പര്‍ശിക്കുമ്പോഴോ പല്ലുതേയ്ക്കുമ്പോഴോ ആഹാര സാധനങ്ങള്‍ ചവയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ ചിലപ്പോള്‍ മുഖത്തേയ്ക്ക് ചെറുതായി കാറ്റടിച്ചാല്‍ പോലുമോ ആ വേദനവരും. കവിള്‍, താടി, പല്ല്, മോണകള്‍, ചുണ്ടുകള്‍, ചിലപ്പോള്‍ കണ്ണിലും നെറ്റിയിലുമൊക്കെ ആ വേദന  ഉണ്ടായെന്ന് വരാം. ചിലത് ഏതാനും സെക്കന്‍ഡുകളിലേക്കാണെങ്കില്‍ മറ്റു ചിലപ്പോള്‍ ദിവസങ്ങള്‍ നീളാം. അതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. 

എങ്കില്‍ അത് വെറുമൊരു വേദനയല്ല, മുഖത്തുകൂടി കടന്നുപോകുന്ന ട്രൈജെമിനല്‍ നാഡിയിലുണ്ടാകുന്ന ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്ന രോഗമാണത്. മനുഷ്യനുണ്ടാവുന്ന ഏറ്റവും വേദനാജനകമായ രോഗമെന്നും ഇത് അറിയപ്പെടുന്നുണ്ട്. 

അടുത്തിടെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തനിക്ക് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ ആണെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ലോസ് ആഞ്ചലസില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് താരം ഈ രോഗത്തില്‍ നിന്നും മുക്തി നേടിയത്. 

ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്ന ആത്മഹത്യ രോഗം

ശരീരത്തിലെ 12 മസ്തക നാഡികളില്‍ അഞ്ചാമനായ ട്രൈജെമിനല്‍ പലവിധ കാരണങ്ങളാല്‍ ഞെരിയുന്നതാണ് ഈ രോഗം. മുഖത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മിക്കതും നിയന്ത്രിക്കപ്പെടുന്നത് ഈ നാഡിയിലൂടെയാണ്. 

മനുഷ്യര്‍ അനുഭവിക്കുന്ന ഏറ്റവും കാഠിന്യമുള്ള വേദനയാണ് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. അനുഭവിക്കുന്നവരെ ആത്മഹത്യക്കുവരെ പ്രേരിപ്പിക്കുംവിധം കഠിനമായ ആ വേദന ഒരിക്കലും അവഗണിക്കാന്‍ പറ്റുന്നതല്ല. 

വേദന സഹിക്കാനാകാതെ ആത്മഹത്യചെയ്യുന്നവര്‍ ഈ രോഗം ബാധിച്ചവര്‍ക്കിടയില്‍ ഏറെയുള്ളതിനാല്‍ ആത്മഹത്യാ രോഗമെന്നും ട്രൈജമിനല്‍ ന്യൂറാള്‍ജിയക്ക് പേരുണ്ട്. 

ഏതു പ്രായക്കാരേയും ഇത് ബാധിച്ചേക്കാമെങ്കിലും അന്‍പതു വയസ്സിനുമേല്‍ പ്രായമുള്ളവരിലും സ്ത്രീകളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

tnട്രൈജെമിനല്‍ ന്യൂറാള്‍ജിയ എങ്ങനെ കണ്ടെത്താം? 

ട്രൈജെമിനല്‍ ന്യൂറാള്‍ജിയ മറ്റെന്തെങ്കിലും രോഗമായി തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. പല്ലുവേദനയാണെന്ന് കരുതി പല്ലു മുഴുവനും എടുത്തുകഴിയുമ്പോഴാകും രോഗം ട്രൈജെമിനല്‍ ന്യൂറാള്‍ജിയ ആണെന്ന് മനസ്സിലാകുക. അതുകൊണ്ടുതന്നെ ഈ രോഗം തുടക്കത്തില്‍ തന്നെ കൃത്യമായി നിര്‍ണയിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. എംആര്‍ഐ സ്‌കാന്‍, എംആര്‍ ആന്‍ജിയോഗ്രാം തുടങ്ങിയവയൊക്കെ രോഗം കണ്ടെത്താന്‍ സഹായിക്കും.

ചികിത്സയെന്ത്? 

ആദ്യഘട്ടത്തില്‍ മരുന്നുകളുപയോഗിച്ച് ചികില്‍സിക്കാനാകുന്ന രോഗമാണ് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ. അപസ്മാര ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും വിഷാദരോഗത്തിനുള്ള മരുന്നുകളും രോഗികള്‍ക്ക് നല്‍കാറുണ്ട്. ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ മരുന്നു കഴിക്കേണ്ടിവന്നേക്കാം. 80% രോഗികളിലും മരുന്ന് ചികില്‍സ ഫലപ്രദമാണെന്നാണ് കണ്ടുവരുന്നത്. മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയോ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ കുത്തിവയ്പിലൂടെയും ശസ്ത്രക്രിയയിലൂടെയും ഈ രോഗം ചികില്‍സിച്ചു മാറ്റാം. ഗ്ലിസറോള്‍ എന്ന ദ്രാവകം ട്രൈജെമിനല്‍ നാഡിയില്‍ കുത്തിവച്ച് വേദനാ സന്ദേശങ്ങള്‍ തലച്ചോറില്‍ എത്തുന്നത് തടസ്സപ്പെടുത്തുകയാണ് കുത്തിവയ്പിലൂടെ ചെയ്യുന്നത്.

അടുത്ത പ്രതിവിധിയാണ് ശസ്ത്രക്രിയ. ചെവിക്ക് പിന്നില്‍ ചെറിയ മുറിവുണ്ടാക്കി, തലയോട്ടി തുറന്ന് മസ്തിഷ്‌കാവരണത്തില്‍ കൂടി ട്രൈജെമിനല്‍ നാഡിയുടെ സമീപമുള്ള രക്തധമനികള്‍ മാറ്റി സ്ഥാപിക്കുകയും നാഡിയും ധമനികളും തമ്മില്‍ ഉരസാതിരിക്കാന്‍ അവയ്ക്കിടയില്‍ സ്പോഞ്ച് പോലുള്ള ഒരു പാഡ് സ്ഥാപിക്കുകയും ചെയ്യുന്ന മൈക്രോ വാസ്‌കുലാര്‍ ഡീകംപ്രഷന്‍ എന്ന ശസ്ത്രക്രിയാ രീതിയാണ് വ്യാപകമായി ചെയ്യുന്നത്. മുറിവുകളുണ്ടാക്കാതെ ചെയ്യുന്ന ആധുനിക ചികില്‍സാ രീതിയായ റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍, ബലൂണ്‍ കംപ്രഷന്‍ എന്നിവയിലൂടെയും ഇത് സാധ്യമാണ്. 80 മുതല്‍ 90 വരെ ശതമാനം രോഗികളിലും ഈ ചികില്‍സാരീതികള്‍ ഫലപ്രദമാകുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വേദനാ സന്ദേശങ്ങള്‍ തലച്ചോറിലെത്തുന്നത് തടയുകയാണ് ഈ പ്രക്രിയകളിലൂടെയും ചെയ്യുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട് ഡോക്ടര്‍ സജികുമാര്‍. ജെ, ഐ.എം.എ ലൈവ്