പിരിമുറുക്കം മൂലം നെറ്റിത്തടത്തിലും തലയുടെ പിന്‍ഭാഗത്തും കഴുത്തിലും വരുന്ന ഒരുതരം വേദനയാണ് ടെന്‍ഷന്‍ തലവേദന അഥവാ സമ്മര്‍ദ്ദ തലവേദന. മാസത്തില്‍ 15 ദിവസത്തിലധികം തലവേദന വരികയാണെങ്കില്‍ അതിനെ ചിരകാലിക സമ്മര്‍ദ്ദ തലവേദന എന്നു പറയും. തലവേദനകളില്‍ 80 ശതമാനവും ഈ ഗണത്തില്‍പ്പെടുന്നവയാണ്. മുതിര്‍ന്നവരിലാണ് ഇത് കൂടുതലും ഉണ്ടാവുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍. 

ലക്ഷണങ്ങള്‍
തലവേദന, തലയുടെ പിന്‍ഭാഗത്ത് നിന്നും മുന്നിലോട്ടും കഴുത്തില്‍ നിന്നും തുടങ്ങി നെറ്റിത്തടംവരെയും വ്യാപിക്കുന്നു. ചില സമയങ്ങളില്‍ ഞെക്കിപ്പിഴിയുന്നതു പോലുളള വേദനയുണ്ടാകും. കഴുത്തിന്റേയും മുതുകിന്റേയും പേശികള്‍ വലിഞ്ഞുമുറുകുന്നതു പോലെ തോന്നും. തലവേദന തലയുടെ ഇരുവശത്തും അനുഭവപ്പെടും. 

കാരണങ്ങള്‍
തലവേദന അനുഭവപ്പെടുന്നത് തലയുടെ പിന്‍ഭാഗത്തുള്ള പേശികളുടെ സങ്കോചം കൊണ്ടാണ്. വ്യത്യസ്തമായ പിരിമുറുക്കങ്ങളാണ് ഇത്തരം സങ്കോചം ഉണ്ടാക്കുന്നത്. ഉത്കണ്ഠ, വിഷാദം, എന്നിവയാണ് മാനസിക പിരിമുറുക്കം കൊണ്ട് ഉണ്ടാവുന്ന തലവേദനയ്ക്ക് പ്രധാന കാരണം. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിതോപയോഗം, തെറ്റായ കിടപ്പുശീലം,ഗാഢമായ ഉപവാസം, ഉറക്കക്കുറവ്, അമിതാധ്വാനം, തളര്‍ച്ച, പുകവലി, മദ്യപാനം, ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍(കാഫിന്‍, ചോക്ലേറ്റ്) എന്നിവയും തലവേദനയ്ക്ക് കാരണമാവുന്നു. 

തലവേദന കുറയ്ക്കാം
സമ്മര്‍ദ്ദം കുറയ്ക്കാനുള്ള യോഗാമുറകള്‍, മനസ്സ് ശാന്തമാക്കാനുള്ള വിദ്യകള്‍( റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍) അവബോധ പെരുമാറ്റ ചികിത്സ(കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി), പേശീസങ്കോചം കുറയ്ക്കാന്‍ ഇളം ചൂടുവെള്ളത്തിലുള്ള കുളി എന്നിവ ആശ്വാസം നല്‍കും. തലവേദനയെ ത്വരിതപ്പെടുത്തുന്ന ഭക്ഷണങ്ങള്‍, മദ്യം മയക്കുമരുന്ന് തുടങ്ങിയവ ഒഴിവാക്കിയും തലവേദന ഉണ്ടാവുന്ന സാധ്യതകള്‍ ഒഴിവാക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.താജുദ്ദീന്‍ കെ.പി,താജ്‌സ് ഹോമിയോപ്പതി& സൈക്കോളജി സെന്റര്‍

Content Highlight: stress and headache reasons symptoms and precautions, how to relieve stress headaches