'സ്മാര്‍ട്ട്‌ഫോണില്‍ കുനിഞ്ഞു നോക്കി നോക്കി പയ്യന്‍സിന്റെ കഴുത്ത് വരെ വളഞ്ഞു' ഈ പരിഹാസം ഒരിക്കല്‍ പോലും കേള്‍ക്കാത്ത ന്യൂജന്‍സ് ഉണ്ടാവില്ല. ഇരിക്കുമ്പോഴും നടക്കുമ്പോഴും ഫോണിലേക്ക് കുനിഞ്ഞുനോക്കുന്ന ഈ പയ്യന്‍സിന് മാത്രമല്ല, സമയം പോകുന്നതറിയാതെ മണിക്കൂറുകളോളം സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിലേക്ക് കുനിഞ്ഞു നോക്കിയിരിക്കുന്നവര്‍ ടെക്‌സ്റ്റ് നെക്ക് എന്ന രോഗത്തെയാണ് വിളിച്ചുവരുത്തുന്നത്. 
 
സ്മാര്‍ട്ട്‌ഫോണിലേക്ക് നോക്കി തലകുനിച്ചിരിക്കുന്നതു മൂലം കഴുത്തിനുണ്ടാവുന്ന വേദനയാണ് ടെക്‌സ്റ്റ് നെക്ക്. പുറംഭാഗത്തെ പേശികള്‍ക്കുണ്ടാവുന്ന വലിച്ചിലും വേദനയുമാണ് ഇതിന്റെ ലക്ഷണങ്ങള്‍.തുടര്‍ന്ന് കഴുത്തിലെയും ചുമലിലേയും പേശികള്‍ക്ക് ആയാസം, നാഡികളും പേശികളും വലിഞ്ഞു മുറുകല്‍ എന്നിവയുമുണ്ടാവും. ഇതോടെ കഴുത്തു വേദന, കൈവേദന. ചുമല്‍ വേദന, തലവേദന, പുറം വേദന എന്നിവ തുടങ്ങും. സ്‌ക്രീനിലേക്ക് നോക്കി കഴുത്തുവളച്ച് ഇരിക്കുന്നതാണ് ഈ പ്രശ്‌നങ്ങല്‍ള്‍ക്ക് കാരണമാവുന്നത്. 
 
18നും 44നും മധ്യേ പ്രായമുള്ള 79 ശതമാനം പേര്‍ക്കും ഈ പ്രശ്‌നമുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമാവുന്നത്. 
 
മുന്‍കരുതലാണ് പരിഹാരം
 
  • പരമാവധി കണ്ണിന്റെ അതേ നിരപ്പില്‍ ഫോണ്‍ ഉപയോഗിക്കുക. ഇതുവഴി കഴുത്ത് വളയുന്നത് ഒഴിവാക്കാം
  • സ്മാര്‍ട്ട്‌ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കാതെ ഓരോ മിനുട്ട് കൂടുമ്പോഴും ഇടവേളയെടുക്കുക
  • ദീര്‍ഘനേരം ഫോണ്‍ ചുമലുകൊണ്ട് താങ്ങി കഴുത്ത് ചെരിച്ച് സംസാരിക്കരുത്.
  • ഗുണനിലവാരമുള്ള ഇയര്‍ഫോണ്‍ ഉപയോഗിക്കുക. സ്വകാര്യത പ്രശ്‌നമല്ലെങ്കില്‍ ലൗഡ് സ്പീക്കറിലിട്ട് സംസാരിക്കുക.
  • ദീര്‍ഘനേരം കുനിഞ്ഞിരുന്ന് ചാറ്റ് ചെയ്യരുത്. 
  • കഴുത്തിന് ഉണ്ടാവുന്ന അസ്വസ്ഥകള്‍ അകറ്റാന്‍ കഴുത്തും താടിയും മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ഇളക്കുക.
  • തോളുകള്‍ ഘടികാര ദിശയിലും എതിര്‍ദിശയിലും ചലിപ്പിക്കുന്നതു വഴി ചുമലുകളുടെ അസ്വസഥകള്‍ അകറ്റാം. 
 
Content Highlight: Smartphone use and Text Neck Diseases, Text Neck, Smartphone and health Problems,