നിത്യജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന തരം അസുഖങ്ങളില്‍ പ്രധാനപ്പെട്ടതാണ് സൈനസൈറ്റിസും അനുബന്ധ പ്രശ്‌നങ്ങളും. നമ്മുടെ തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. മാക്‌സിലറി, ഫ്രോണ്ടല്‍, സ്പിനോയ്ഡ് എന്നീ സൈനസുകളാണ് മുഖത്തുള്ളത്. ഈ സൈനസുകളുടെ ഉള്‍ഭാഗത്തുള്ള കോശങ്ങളുടെ വീക്കം അഥവാ നീരിളക്കമാണ് സൈനസൈറ്റിസ്.

സൈനസ് അറകളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങള്‍ സാധാരണഗതിയില്‍ മൂക്കിലൂടെ വയറിലെത്തി പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ഈ സ്വാഭാവിക പ്രക്രിയ നടക്കാതെ വന്നാല്‍ അത് സ്രവങ്ങള്‍ സൈനസ് അറകളില്‍ കെട്ടിക്കിടക്കുകയും സൈനസൈറ്റിസ് രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. വളരെ സാധാരണമായ ജലദോഷപ്പനിയും ബാക്ടീരിയല്‍ അണുബാധയും അലര്‍ജിയും അസിഡിറ്റിയുമൊക്കെ സൈനസുകളില്‍ അണുബാധയ്ക്ക് കാരണമാവാറുണ്ട്. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത്, മൂക്കിലെ ദശവളര്‍ച്ച എന്നിവയും അണുബാധയ്ക്ക് കാരണമാവാം.

മൂക്കിനും കണ്ണുകള്‍ക്ക് ചുറ്റിനുമുള്ള അസ്ഥികള്‍ക്കിടയില്‍ വായു നിറഞ്ഞു നില്ക്കുന്ന ശൂന്യമായ അറകളാണ് സൈനസുകള്‍. മാക്‌സിലറി, ഫ്രോണ്ടല്‍, സ്പിനോയ്ഡ് എന്നീ സൈനസുകളാണ് മുഖത്തുള്ളത്. ഈ സൈനസുകളുടെ ഉള്‍ഭാഗത്തുള്ള കോശങ്ങളുടെ വീക്കം അഥവാ നീരിളക്കമാണ് സൈനസൈറ്റിസ്.

സൈനസൈറ്റിസ് ലക്ഷണങ്ങള്‍

വളരെ അധികം തെറ്റിദ്ധരിക്കപ്പെടുന്ന രോഗമാണ് സൈനസൈറ്റിസ്. എല്ലാ തലവേദനകളും സൈനസൈറ്റിസായി തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യങ്ങളും കുറവല്ല. 

കടുത്ത പനി, ദേഹം വിറയല്‍, ശരീരവേദന, മൂക്കടപ്പ്, ചുമ, ആസ്തമ ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് കടുത്ത സൈനസ് അണുബാധയുടെ ലക്ഷണങ്ങള്‍. 

അതേസമയം ചില സൈനസ് അണുബാധകള്‍ പല്ലുവേദന, പല്ല് പുളിപ്പ്, മൂക്കടപ്പ്, തലകുനിക്കുമ്പോള്‍ മൂക്കിന് ഭാരം, പല്ലിന് തരിപ്പ്, ചെവിവേദന തുടങ്ങിയ ലക്ഷണങ്ങളോടെയും ഉണ്ടാവാം. 

വേദന അനുഭവപ്പെടുന്ന ഭാഗത്തെ അടിസ്ഥാനമാക്കി സൈനസൈറ്റിസ് തിരിച്ചറിയാം. മുഖത്തിന്റെ ഇരുവശങ്ങളിലുമായാണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ അത് മാക്‌സിലറി സൈനസിലുണ്ടായ അണുബാധയാവാം. 

നെറ്റിയിലോ പുരികത്തിന്റെ അടിയിലോ ആയി അനുഭവപ്പെടുന്ന വേദന ഫ്രണ്ടല്‍ സൈനസ് അണുബാധയുടെ ലക്ഷണമാണ്. രാവിലെ എഴുന്നേല്‍ക്കുന്ന നേരം ഇത്തരം സൈനസൈറ്റിസ് വേദന പ്രകടമാവണമെന്നില്ല. എന്നാല്‍ പകല്‍ നേരം ഉച്ചയോട് അടുക്കുംതോറും ഈ വേദനയുടെ തോത് കൂടി വരും. ഇരിക്കുന്ന സമയത്താണ് ഈ വേദന കലശലാവുന്നത്. ഓഫീസ് സൈനസൈറ്റിസ് എന്നും ഈ വേദന അറിയപ്പെടുന്നു. വൈകുന്നേരത്തോടെ ഇത്തരം വേദന കുറയുന്നതായാണ് പൊതുവേ കാണപ്പെടുന്നത്. 

മൂക്കിനും കണ്ണിനും ഇടയിലുള്ള സൈനസുകളില്‍ ഉണ്ടാവുന്ന അണുബാധയാണെങ്കില്‍ അത് എത്മോയിഡ് സൈനസൈറ്റിസ് ആവാം. കണ്ണിന് പിന്നിലായിട്ടാണ് വേദന അനുഭവപ്പെടുക.

കഴുത്തിന് മുകളിലും തലയുടെ പുറകിലുമയിട്ടാണ് നാലാമത്തെ വിഭാഗം സ്ഫിനോയിഡ് സൈനസ് അണുബാധ പ്രകടമാവുന്നത്. കുനിയുമ്പോഴും തിരിയുമ്പോഴും കഠിനമായ വേദനയാവും ഇത്തരം അണുബാധ മൂലം അനുഭവപ്പെടുന്നത്.

സൈനസൈറ്റിസ് എങ്ങനെ ചികിത്സിക്കണം? 

  • എക്‌സറേ, സ്‌കാന്‍, എന്‍ഡോസ്‌കോപ്പി തുടങ്ങിയ പരിശോധനകളിലൂടെ കൃത്യമായ രോഗനിര്‍ണയം നടത്തിവേണം ചികിത്സ നടത്താന്‍. സൈനസ് അണുബാധയാണ് രോഗകാരണമാണെന്ന് കണ്ടെത്തിയതിനു ശേഷം ചികിത്സ തുടങ്ങുക. 
  • സൈനസൈറ്റിസ് ചികിത്സയ്ക്ക് കുറഞ്ഞത് 14 ദിവസത്തെ കോഴ്‌സ് മരുന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ 14 ദിവസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ രോഗികള്‍ തയ്യാറാവാത്തത് രോഗം പൂര്‍ണമായും ഭേദമാവുന്നതിന് തടസമാവുന്നു. 
  • ജീവിതശൈലി കൊണ്ടും മുന്‍കൂര്‍ പ്രതിരോധത്തിലൂടെയും അകറ്റി നിര്‍ത്തേണ്ട രോഗമാണ് സൈനസൈറ്റിസ്. 

സൈനസൈറ്റിസ് എങ്ങനെ ചെറുക്കാം? 

  • ഈര്‍പ്പമില്ലാത്ത മുറികളിലെ സാഹചര്യം ഒഴിവാക്കുക. അറയ്ക്കുള്ളിലെ ശ്ലേഷ്മം ഈര്‍പ്പരഹിതമാക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
  • എസി മുറികളിലെ വായു ശീതീകരിക്കപ്പെട്ടതും ഈര്‍പ്പരഹിതവുമാണ്. എസി മുറികളില്‍ ജോലി ചെയ്യുന്നവരുടെ സൈനസൈറ്റിസ് പൂര്‍ണമായും ഭേദമാക്കാന്‍ ജീവിതശൈലിക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതായുണ്ട്, 
  • പുകവലി, രാസവസ്തുക്കളുടെ സമീപ്യം എന്നിവ ഒഴിവാക്കുക
  • തുടക്കത്തില്‍ത്തന്നെ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിന്റെ ഉപദേശം തേടുക 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സുജാത. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇഎന്‍ടി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍. 

Content Highlight: Sinusitis Symptoms, causes, and treatment