ണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാ​ഗമാണ് കണ്‍ജങ്‌ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കണ്‍ജങ്ടിവൈറ്റിസ്. ചെങ്കണ്ണ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുമൂലം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടും. അങ്ങനെയാണ് കണ്ണിന് ചുവന്ന നിറമുണ്ടാകുന്നത്. മ​ദ്രാസ് ഐ., പിങ്ക്  ഐ. എന്നും ഇത് അറിയപ്പെടുന്നു. 

വെെറസും ബാക്ടീരിയയും മൂലം ചെങ്കണ്ണ് ഉണ്ടാകാറുണ്ട്. എന്നാൽ പൊതുവേ വെെറസ് മൂലമാണ് ഈ രോ​ഗം കൂടുതലും ഉണ്ടാകുന്നത്. 

ഇവയാണ് ലക്ഷണങ്ങൾ

 • കണ്ണിന് ചുവപ്പ്
 • കണ്ണിന് വേദന, ചുവപ്പ്
 • കണ്ണിൽ നിന്ന് വെള്ളമൊഴുകൽ
 • കൺപോളകൾക്ക് വീർപ്പ്
 • വെളിച്ചത്തിൽ നോക്കുമ്പോൾ കണ്ണിന് വേദന
 • കണ്ണിൽ പീളകെട്ടൽ
 • കണ്ണിന്റെ ഉള്ളിൽ നിന്ന് കൊഴുത്ത ഒരു ദ്രാവകം വരുക

തുടക്കത്തിൽ തന്നെ ചികിത്സിക്കണം. അല്ലെങ്കിൽ അത് പകരാനിടയാകും. ചിലപ്പോൾ ​ഗുരുതരമായ നേത്രപടലത്തെ തന്നെ ബാധിച്ചേക്കാം. 

രോ​ഗം പടരുന്നത് ഇങ്ങനെ

രോ​ഗം ബാധിച്ച കണ്ണിലെ ദ്രവത്തിൽ വെെറസ് സാന്നിധ്യമുണ്ടായിരിക്കും. ഇതുമായുള്ള സമ്പർക്കമാണ് രോ​ഗം പകരാൻ ഇടയാക്കുന്നത്. രോ​ഗമുള്ള കണ്ണിൽ തൊട്ട കെെ ഉപയോ​ഗിച്ച് രോ​ഗമില്ലാത്ത കണ്ണിൽ തൊടുമ്പോൾ രോ​ഗം പകരും. ഇതുമാത്രമല്ല, രോ​ഗമുള്ള വ്യക്തി ഉപയോ​ഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ അണുക്കളുടെ സാന്നിധ്യമുണ്ടായിരിക്കും. അതിനാൽ ഈ വസ്തുക്കൾ മറ്റൊരാൾ ഉപയോ​ഗിക്കുമ്പോൾ അവരിലേക്കും രോ​ഗം പകരും. പൊതുവേ സ്കൂളുകളിലും ഹോസ്റ്റലുകളിലുമൊക്കെ രോ​ഗം പെട്ടെന്ന് പടരാനുള്ള കാരണം ഇതാണ്. 

ഏതെങ്കിലും തുള്ളിമരുന്ന് വാങ്ങി കണ്ണിൽ ഒഴിക്കരുത്

രോ​ഗമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം. വെെറസ് മൂലവും ബാക്ടീരിയ മൂലവും ഈ രോ​ഗമുണ്ടാകാം. അതിനാൽ ഏതുമൂലമാണ് അണുബാധയുണ്ടായിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ ചികിത്സയാണ് തേടേണ്ടത്. അതുകൊണ്ടുതന്നെ ചെങ്കണ്ണ് ഉണ്ടായാൽ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി ഏതെങ്കിലും തുള്ളിമരുന്ന് വാങ്ങി കണ്ണിൽ ഒഴിക്കാൻ നിൽക്കരുത്. മറ്റൊരാൾ ഉപയോ​ഗിക്കുന്ന മരുന്നും ഉപയോ​ഗിക്കരുത്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • രോ​ഗമുള്ള വ്യക്തി പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കണം. സ്വയം ഐസൊലേഷൻ സ്വീകരിക്കുന്നതാണ് നല്ലത്. 
 • രോ​ഗമുള്ള വ്യക്തി ഉപയോ​ഗിക്കുന്ന വസ്തുക്കളൊന്നും ഉപയോ​ഗിക്കരുത്. ടവൽ, തോർത്ത്, കണ്ണട, വസ്ത്രങ്ങൾ, കിടക്കവിരി തുടങ്ങിയ യാതൊന്നും മറ്റുള്ളവർ ഉപയോ​ഗിക്കരുത്. ഇവയിലൂടെയെല്ലാം രോ​ഗാണുക്കൾ പകരും. രോ​ഗി തൊടാൻ സാധ്യതയുള്ള മേശ, കസേര, ബെഞ്ച്, വാതിൽ ലോക്ക് തുടങ്ങിയവയിലെല്ലാം രോ​ഗാണുക്കൾ വ്യാപിച്ചിട്ടുണ്ടാകും. അതിനാൽ ഇവിടെ രോ​ഗമില്ലാത്ത വ്യക്തി തൊടുന്നത് അയാൾക്ക് രോ​ഗം പകരാൻ ഇടയാക്കുന്നു. 
 • കണ്ണിൽ ഒഴിക്കാനുള്ള മരുന്ന് പരമാവധി രോ​ഗി സ്വയം ഒഴിക്കുന്നതാണ് നല്ലത്. മറ്റുള്ളവരുടെ സഹായം തേടിയാൽ അവർക്കും ചിലപ്പോൾ രോ​ഗം ഉണ്ടായേക്കാം. ഇനി മറ്റൊരാളുടെ സഹായമില്ലാതെ മരുന്നൊഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ സഹായം സ്വീകരിക്കാം. പക്ഷേ മരുന്ന് ഒഴിക്കുന്ന വ്യക്തി മരുന്ന് ഒഴിക്കുന്നതിന് മുൻപും ശേഷവും കെെകൾ നന്നായി സോപ്പിട്ട് കഴുകണം. ഇല്ലെങ്കിൽ രോ​ഗം പകരും. 
 • കണ്ണ് തിരുമ്മരുത്. 
 • രോ​ഗി നന്നായി വിശ്രമിക്കണം.
 • ധാരാളം വെള്ളം കുടിക്കുക, ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ആരോ​ഗ്യകരമായ ഭക്ഷണം ആയിരിക്കണം. 
 • ചെങ്കണ്ണ് ഉള്ളപ്പോൾ കോൺടാക്റ്റ് ലെൻസുകൾ ഉപയോ​ഗിക്കരുത്. 
 • രോ​ഗമുള്ളയാൾ കറുത്ത കണ്ണട ഉപയോ​ഗിച്ചാൽ രോ​ഗം പകരില്ല എന്നത് തെറ്റിദ്ധാരണയാണ്. കണ്ണട ഉപയോ​ഗിച്ചാലും കണ്ണ് തൊടുകയോ തിരുമ്മുകയോ ചെയ്യുമ്പോൾ രോ​ഗാണുക്കൾ കെെകളിലാകും. ഈ കെെകൾ ഉപയോ​ഗിച്ച് രോ​ഗി തൊടുന്ന ഇടങ്ങളിലെല്ലാം രോ​ഗാണുക്കൾ വ്യാപിക്കും. 

കണ്ണിൽ പീളകെട്ടി കണ്ണ് തുറക്കാൻ കഴിയാതിരുന്നാൽ

ചെങ്കണ്ണുള്ളവർ രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണിലെ പീള മൂലം കൺപോളകൾ ഒട്ടിപ്പിടിച്ചിരിക്കാറുണ്ട്. അതിനാൽ തന്നെ കണ്ണ് തുറക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടാകാറുമുണ്ട്. ഇതൊഴിവാക്കാൻ ഒരു വഴിയുണ്ട്. അൽപ്പം തിളപ്പിച്ചാറിയ ചൂടുവെളളം എടുത്ത് അതിൽ ഒരു തുണിക്കഷ്ണം മുക്കിപ്പിഴിഞ്ഞ് ആ തുണി ഉപയോ​ഗിച്ച് സാവധാനം കണ്ണ് തുടച്ചുകൊടുത്താൽ മതി. അപ്പോൾ പീളകെട്ടിയത് അലിഞ്ഞ് കണ്ണ് പതുക്കെ തുറക്കാനാകും. ഇതിന് ശേഷം കെെകൾ നന്നായി സോപ്പിട്ട് കഴുകിയാൽ മതി. 

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. സൗമ്യ സത്യൻ
കൺസൾട്ടന്റ് ഫിസിഷ്യൻ
ജനറൽ മെഡിസിൻ വിഭാ​ഗം
മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ

Content Highlights: Pink Eye, Conjunctivitis, Health, Summer