ന്നായി കുളിച്ചൊരുങ്ങി. ഇനി ഒരല്‍പം പെര്‍ഫ്യൂം കൂടി അടിച്ചാലോ. പലര്‍ക്കും നാലുപേരുടെ മുന്‍പില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ അല്പം പെര്‍ഫ്യൂമടിക്കണം. ഫ്രഷായിരിക്കാന്‍ ശരീരത്തിന് ചെറിയ സുഗന്ധം കൂടി വേണമെന്നാണ് ഇവരുടെ അഭിപ്രായം. പല പേരുകളിലും പല ബ്രാന്‍ഡുകളിലും വിവിധ സുഗന്ധക്കൂട്ടുകളിലുമൊക്കെ പെര്‍ഫ്യൂമുകള്‍ ലഭ്യമാണ്. ഇഷ്ടപ്പെട്ട ഒരെണ്ണം തിരഞ്ഞെടുക്കുകയേ വേണ്ടൂ. എന്നാല്‍ ഇഷ്ടപ്പെട്ട പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ അത് അലര്‍ജിക്കു വഴിയൊരുക്കുന്നില്ല എന്ന് ഉറപ്പാക്കണം. നിങ്ങള്‍ക്കു ചുറ്റുമുള്ളവര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാം. 

അലര്‍ജി വരുന്ന വഴി

പെര്‍ഫ്യൂമുകളിലുള്ള ചില ഘടകങ്ങള്‍ ചിലരില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്‌. ഫ്രാഗ്രന്‍സ് സെന്‍സിറ്റിവിറ്റി എന്ന അവസ്ഥയാണ് ഇതിന് കാരണം. എയര്‍ഫ്രഷ്‌നറുകളിലും കോസ്മറ്റിക് ഉത്പന്നങ്ങളിലുമൊക്കെ ഇവ അടങ്ങിയിട്ടുണ്ട്‌. ഒരു സാധാരണ പെര്‍ഫ്യൂമില്‍ അലര്‍ജിയ്ക്ക് സാധ്യതയുള്ള ഏതാണ്ട് പതിനാലോളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അലര്‍ജിയുള്ളവരില്‍ ഗന്ധങ്ങളോടുള്ള ശക്തിയേറിയ സെന്‍സിറ്റിവിറ്റി ചില അസ്വസ്ഥതകള്‍ക്ക് ഇടയാക്കും. ആസ്ത്മ, അലര്‍ജിക് റൈനൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്കാണ് ഇവ ഏറെ പ്രശ്‌നം സൃഷ്ടിക്കുക. 

എപ്പോഴും തുമ്മലും ജലദോഷവും

അന്തരീക്ഷത്തിലെയോ പ്രകൃതിയിലേയോ ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിനോട് ഒരാളുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ അമിതമായി പ്രതികരിക്കുമ്പോഴാണ് അലര്‍ജിക് റൈനൈറ്റിസ് ഉണ്ടാകുന്നത്. മൂക്കിനെയാണ് ഇത് ബാധിക്കുന്നത്. അതിനാല്‍ ഇവര്‍ക്ക് അലര്‍ജിയുണ്ടാകുമ്പോള്‍ തന്നെ തുമ്മലും ജലദോഷവുമെല്ലാം പതിവായിരിക്കും. ചിലര്‍ക്ക് പൊടി, പുക, പ്രാണികള്‍, പൂമ്പൊടി എന്നിവയൊക്കെ അലര്‍ജിയുണ്ടാക്കാം. അലര്‍ജി മൂലം മൂക്കിനുള്ളിലെ നേര്‍ത്ത ചര്‍മത്തിനടിയില്‍ നീര്‍ക്കെട്ടുണ്ടാകും. ഇതിനെത്തുടര്‍ന്ന് രോഗിക്ക് മൂക്കടപ്പ്, തുമ്മല്‍, ജലദോഷം, മൂക്കില്‍ ചൊറിച്ചില്‍ എന്നിവയുണ്ടാകും. മൂക്കില്‍ നിന്നും വലിയ തോതില്‍ കട്ടികുറഞ്ഞ കഫം പുറത്തുവരാം. മണം, രുചി എന്നിവ അറിയാതെ പോകാനും ഇടയുണ്ട്. ഈ പ്രശ്‌നം സൈനസൈറ്റിസിനും കാരണമാകാറുണ്ട്. അലര്‍ജിക് റൈനൈറ്റിസ് ദീര്‍ഘകാലം തുടരുന്നത് ആസ്ത്മയ്ക്ക് വഴിയൊരുക്കും. 

തിരിച്ചറിയാം

പെര്‍ഫ്യൂം അലര്‍ജി ചിലരില്‍ ചര്‍മത്തെയും ബാധിക്കാറുണ്ട്. അതിനാല്‍ അലര്‍ജിയുണ്ടോയെന്ന് കണ്ടെത്താന്‍ ആവശ്യമെങ്കില്‍ സ്‌കിന്‍ പാച്ച് ടെസ്റ്റും നടത്താം. നിരീക്ഷണത്തിലൂടെയും അലര്‍ജി തിരിച്ചറിയാന്‍ സാധിക്കും. പെര്‍ഫ്യൂമുകളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കണം. 
ലക്ഷണങ്ങള്‍ ഇവയാണ്

 • ചെറിയ തോതിലോ ശക്തമായതോ ആയ തലവേദന
 • ചര്‍മത്തില്‍ ചൊറിച്ചിലോ പാടുകളോ മറ്റ് അസ്വസ്ഥതകളോ
 • മൂക്കൊലിപ്പ്, ചുമ. 
 • ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, തളര്‍ച്ച
 • കണ്ണുകള്‍ക്ക് ചുവപ്പ്, വെള്ളം വരല്‍

ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

 • പെര്‍ഫ്യൂം അലര്‍ജിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവ ഒരു കാരണവശാലും അത് ഉപയോഗിക്കരുത്. അലര്‍ജി ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധം.
 • പെര്‍ഫ്യൂമുകള്‍ ശരീരത്തില്‍ നേരിട്ട് പുരട്ടുന്നത് ചിലരില്‍ തൊലിപ്പുറത്ത് അലര്‍ജിയും കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് പോലുള്ള അസുഖങ്ങളും ഉണ്ടാകാന്‍ കാരണമാകുന്നു. അതിനാല്‍ ചര്‍മത്തില്‍ നേരിട്ട് പുരട്ടുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം. ചെറിയ അളവില്‍ വസ്ത്രത്തില്‍ പുരട്ടുന്നതാണ് നല്ലത്.  
 • ഓഫീസിലും മറ്റും സഹപ്രവര്‍ത്തകരുടെ പെര്‍ഫ്യൂം ഉപയോഗം നമുക്ക് പ്രശ്‌നമാവുന്നുണ്ടെങ്കില്‍ അവരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണം. 
 • പെര്‍ഫ്യൂം അലര്‍ജിയുള്ള ഒരാള്‍ അലര്‍ജിയില്ലാത്തയാള്‍ക്കൊപ്പം ഒരേ മുറിയില്‍ കഴിയുമ്പോള്‍ മുന്‍കരുതലെടുക്കണം. പെര്‍ഫ്യൂം ഉപയോഗിക്കുന്ന സമയത്ത് അലര്‍ജിയുള്ളയാള്‍ മുറിയില്‍ നിന്ന് മാറി നില്‍ക്കുക. ഗന്ധം പൂര്‍ണമായും മാറിയ ശേഷം മാത്രമെ അകത്തു കടക്കാവൂ. 
 • അലര്‍ജിയില്ലാത്തവരും പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കുക. അമിതമായ തോതില്‍ ദീര്‍ഘകാലം  പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ നിങ്ങള്‍ക്കും അലര്‍ജിയുണ്ടാകാന്‍ ഇടയുണ്ടെന്ന് ഓര്‍ക്കുക. കടുത്ത ഗന്ധമുള്ള തരം പെര്‍ഫ്യൂമുകള്‍ ഒഴിവാക്കുക. 
 • അലര്‍ജിക് റൈനൈറ്റിസ് ഉള്ളവര്‍ക്ക് ആശ്വാസം ലഭിക്കാന്‍ ആന്റിഹിസ്റ്റമിനുകള്‍, മൂക്കിലടിക്കുന്ന നേസല്‍ സ്‌പ്രേകള്‍ എന്നിവ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടി വരും. 
 • പ്രകൃതിദത്തമായ അത്തറുകള്‍ ഇഷ്ടപ്പെടുന്നവര്‍ അവ വളരെ കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കുക. 
 • കുട്ടികള്‍ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ കടുത്ത ഗന്ധമുള്ളതും അലര്‍ജിക്ക് സാധ്യതയുള്ളതുമായ പെര്‍ഫ്യൂമുകള്‍ ഒഴിവാക്കണം. ചെറിയ പ്രായത്തില്‍ അലര്‍ജി സാധ്യതയുള്ളവ ഉപയോഗിക്കുന്നത് വളരെ നേരത്തെ അലര്‍ജിയുണ്ടാകാന്‍ വഴിയൊരുക്കും. 

വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. സാബിര്‍ എം.സി.
സീനിയര്‍ കണ്‍സള്‍ട്ടന്റ്
പള്‍മണോളജി വിഭാഗം
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍
കോഴിക്കോട്

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

arogyamasika January 2020
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം

 

 

 

 

 

 

Content Highlights: Perfume causes allergy, asthma, Health