ഹൃദയാഘാതമാണെന്ന് സംശയിച്ച് ആശുപത്രിയിലെത്തുന്ന അറ്റാക്ക് കേസുകളില്‍ പലതും യഥാര്‍ത്ഥത്തില്‍ ഹാര്‍ട്ട് അറ്റാക്ക് അല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളും പ്രകടനങ്ങളുമുള്ള ഇത് എന്താണ്? അത് പാനിക് അറ്റാക്ക് ആവാനുള്ള സാധ്യത ആണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

എന്താണ് പാനിക് അറ്റാക്ക്? 

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുള്ള തീവ്ര ഉത്കണ്ഠ രോഗമാണ് പാനിക്ക് അറ്റാക്ക്. ഹാര്‍ട്ട് അറ്റാക്കിന്റേതായ എല്ലാ ലക്ഷണങ്ങളുമുള്ള ഇത് സ്ത്രീകളിലാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉത്കണ്ഠ സ്വാഭാവികമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിനും മനസ്സിനും താങ്ങാന്‍ സാധിക്കാത്ത തോതില്‍ ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ ഭയവും അസ്വസ്ഥതകളും ഉണ്ടാവുന്നതാണ് പാനിക്ക് അറ്റാക്കായി പ്രകടമാവുന്നത്.

എന്തുകൊണ്ട് പാനിക്ക് അറ്റാക്ക് ഉണ്ടാവുന്നു?

പാനിക് അറ്റാക്ക് ഒരു ഉത്കണ്ഠാ രോഗമാണെങ്കിലും അമിതമായ ഉത്കണ്ഠയുള്ള എല്ലാവര്‍ക്കും ഇത്തരത്തില്‍ അറ്റാക്ക് വരണമെന്നില്ല. ശരീരത്തിനോ മനസ്സിനോ ഉണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങളെ ഏറെ സങ്കീര്‍ണമായി കണക്കാക്കുന്നവര്‍ക്കും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെ ഏറെ ദുര്‍ബലമായി കൈകാര്യം ചെയ്യുന്നവര്‍ക്കും ഉത്കണ്ഠ വര്‍ധിക്കാനും ഇത് പാനിക്ക് അറ്റാക്കിലേക്ക് എത്താനുമുള്ള സാധ്യത കൂടുതലാണ്. 

ഒരാളില്‍ ആദ്യമായി ഈ അറ്റാക്ക് ഉണ്ടാവുന്നത് മാനസിക-ശാരീരിക പ്രശ്‌നങ്ങളുടേയോ ചിന്തകളുടേയോ ഫലമായിട്ടാവാം. ആദ്യം ഉണ്ടായത് പിന്നീടും ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ഭയവും പിന്നീടുള്ള പാനിക്ക് അറ്റാക്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. 

ഉത്കണ്ഠയാണ് പ്രധാനകാരണമെങ്കിലും അകാരണമായും പാനിക് അറ്റാക്ക് വരാം. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാക്കുന്ന മാനസികാഘാതം, ടെന്‍ഷന്‍, വ്യക്തിക്ക് അടുത്ത ബന്ധമുള്ളവരുമായി ഉണ്ടാവുന്ന മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ പാനിക് അറ്റാക്കിലേക്ക് നയിച്ചേക്കാം. 

പാനിക്ക് അറ്റാക്ക്, ലക്ഷണങ്ങളെ തിരിച്ചറിയാം

 • പെട്ടന്നുണ്ടാവുന്ന ഭയം, വെപ്രാളം
 • ഹൃദയമിടിപ്പ് ക്രമാതീതമാവുക
 • അമിതമായി വിയര്‍ക്കുക
 • ശരീരത്തിന് പെട്ടന്ന് ക്ഷീണം അനുഭവപ്പെടുക, കുഴഞ്ഞു പോവുന്നതു പോലെ തോന്നുക
 • നെഞ്ചുവേദന
 • ശരീരത്തിന് മരവിപ്പ്
 • ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് തോന്നുക
 • തലകറക്കം
 • ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോവുക.

പാനിക് അറ്റാക്ക് വന്നാല്‍ സ്വയം എന്തുചെയ്യും? 

 • വെപ്രാളം കുറച്ച് മനസ്സ് ഏകാഗ്രമാക്കാന്‍ ശ്രമിക്കുക. 
 • ദീര്‍ഘനിശ്വാസമെടുക്കുക. 
 • സ്വയം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക. 
 • ഈ പ്രാഥമിക കാര്യങ്ങള്‍ ചെയ്തിട്ടും ഉത്കണ്ഠ അല്ലെങ്കില്‍ ശാരീരിക അസ്വസ്ഥകള്‍ മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഉടനടി ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തി ഉണ്ടായത് ഹൃദയാഘാതമല്ലെന്ന് ഉറപ്പ് വരുത്തുക. 

പാനിക്ക് അറ്റാക്ക് വന്നവര്‍ക്കു വേണ്ടി നമുക്കെന്ത് ചെയ്യാന്‍ കഴിയും? 

 • ഉണ്ടായത് പാനിക് അറ്റാക്കാണെന്ന് തിരിച്ചറിഞ്ഞാല്‍ ഉടനെ അയാളെ സമാധാനിപ്പിക്കാനും ശാന്തനാക്കാനും ശ്രമിക്കുകയാണ് വേണ്ടത്. വെപ്രാളം കുറച്ച് വ്യക്തിയെ സാധാരണ നിലയിലേക്കെത്തിക്കാന്‍ ശ്രമിക്കുക. 
 • ദീര്‍ഘനിശ്വാസമെടുക്കാന്‍ ആവശ്യപ്പെടുക. 
 • പാനിക്ക് അറ്റാക്ക് ആഘാതങ്ങളെ കൂട്ടുന്ന തരത്തിലുള്ള സംസാരമോ പ്രവര്‍ത്തിയോ ചെയ്യരുത്. 

പാനിക് അറ്റാക്ക് വരാതെ നോക്കാം

 • അമിതമായ ഉത്കണ്ഠ മൂലമാണ് പാനിക് അറ്റാക്ക് ഉണ്ടാവുന്നതെങ്കിലും പാനിക് അറ്റാക്കിനെ തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇത് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. എന്ത് പ്രത്യേക കാരണത്തിലാണ് പാനിക് അറ്റാക്ക് വന്നതെന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. എന്തെങ്കിലും നടക്കാന്‍ പോകുന്നുവെന്ന തോന്നലിലാണ് ഉത്കണ്ഠ ഉണ്ടാവുന്നത്. ഇത് മുന്‍കൂട്ടി കണ്ട് പ്രശ്‌നങ്ങളെ നേരിടാന്‍ സജ്ജമാവുക.
 • ശ്വസനപ്രക്രിയ ശീലിക്കാം, ദീര്‍ഘനിശ്വാസം എടുത്ത് സ്വയം സമാധാനപ്പെടാന്‍ പരിശീലിക്കുക. 
 • കണ്ണുകളടച്ച് ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കി നിര്‍ത്താന്‍ പരിശീലിക്കുക. 
 • സാഹസികതകള്‍, യാത്രകള്‍, വലിയ ശബ്ദങ്ങള്‍, ജനക്കൂട്ടം, ആകാശയാത്രകള്‍ തുടങ്ങിയവ പാനിക് അറ്റാക്ക് സാധ്യത വര്‍ധിപ്പിക്കും. ഇത്തരം സാഹചര്യങ്ങളില്‍ സ്വയം കേന്ദ്രീകൃതമാവാന്‍ പരിശീലിക്കുക. 
 • യോഗ, ധ്യാനം, മസില്‍ റിലാക്‌സേഷന്‍ തുടങ്ങിയവ പരിശീലിക്കുക.

Content Highlight: Panic Attack, Panic Attack meaning, Panic attack Symptoms,Panic Attack and treatment