നിപ എന്ന മഹാരോഗം നമ്മുടെ നാട്ടില്‍ ഭീതി പടര്‍ത്തിയത് ഈയടുത്തകാലത്തായിരുന്നല്ലോ. കൂട്ടായ കഠിനപരിശ്രമത്തിലൂടെ നിപയെ ചെറുത്തുനിര്‍ത്താനായി. പഴംതീനി വവ്വാലുകളാണ് ഈ രോഗത്തിന്റെ വാഹകരെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കെത്തുന്ന രോഗങ്ങള്‍ ഏറെയാണ്. ഇങ്ങനെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളാണ് ജന്തുജന്യരോഗങ്ങള്‍ എന്നറിയപ്പെടുന്നത്. ജൂലായ് 6 ലോക ജന്തുജന്യരോഗനിവാരണ ദിനമായി (World Zoonosis day) ലോകമെങ്ങും ആചരിക്കുന്നു.

നായ്ക്കളെ സൂക്ഷിക്കാം

പേവിഷബാധ: രോഗം ബാധിച്ച മൃഗത്തിന്റെ (തെരുവുനായ, പൂച്ച, കുറുക്കന്‍) ഉമിനീരിലാണ് വൈറസ് അണുക്കള്‍ കാണുന്നത്. കടി, മാന്തല്‍ എന്നിവയില്‍ക്കൂടി രോഗം പകരുന്നു. പെരുമാറ്റത്തിലെ മാറ്റം, വായിലൂടെ ഉമിനീര്‍ ഒലിക്കുക എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നു. വളര്‍ത്തുനായ്ക്കളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുക, തെരുവുനായ്ക്കളെ നിയന്ത്രിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. 

ക്യൂട്ടേനിയസ് ലാര്‍വ മൈഗ്രന്‍സ്: ഹുക്ക് വേം ആണ് രോഗഹേതു. നായ, പൂച്ച എന്നിവയുടെ വിസര്‍ജ്യത്തില്‍ കാണുന്ന ലാര്‍വ മണ്ണില്‍ പതിക്കുകയും ഇവകലര്‍ന്ന മണ്ണ്, വെള്ളം എന്നിവയില്‍ക്കൂടി ചെരിപ്പില്ലാതെ നടക്കുമ്പോള്‍ ഇവ തൊലിയില്‍ തുളച്ചുകയറി രോഗം പകര്‍ത്തുകയും ചെയ്യുന്നു. ത്വക്കില്‍ ചൊറിച്ചില്‍, നീര്, തൊലിപൊട്ടി വെള്ളം ഒലിക്കുക, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍.

വിസറല്‍ ലാര്‍വ മൈഗ്രന്‍സ്: ഈ രോഗം പകര്‍ത്താന്‍ കഴിവുള്ള ടോക്‌സോക്കാര വിരയുടെ ലാര്‍വ വയറ്റില്‍ പെട്ടാല്‍ അലര്‍ജിയും കാഴ്ചയില്ലായ്മയും അനുഭവപ്പെടുന്നു. രണ്ടുമാസത്തിലൊരിക്കലെങ്കിലും വിരമരുന്ന് നല്‍കിയും വിസര്‍ജ്യം പെട്ടെന്നുതന്നെ നീക്കംചെയ്തും രണ്ടുരോഗങ്ങളും ഒഴിവാക്കാം.

വില്ലന്‍ പൂച്ച

ടോക്‌സോപ്ലാസ്‌മോസിസ്: വേവിക്കാത്ത ഇറച്ചി കഴിക്കുന്നതിലൂടെ പൂച്ചകളില്‍ രോഗം ഉണ്ടാകുന്നു. രോഗം ബാധിച്ച പൂച്ചകളുടെ വിസര്‍ജ്യത്തിലൂടെ ടോക്‌സോപ്ലാസ്മ പ്രോട്ടോസോവകള്‍ തറ മലിനപ്പെടുത്തുന്നു. സ്ത്രീകളില്‍ ഗര്‍ഭം അലസല്‍, വൈകല്യമുള്ള ശിശുക്കള്‍ എന്നിവയ്ക്ക് കാരണമാകുകയും ത്വഗ്രോഗങ്ങള്‍, അലര്‍ജി എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ക്യാറ്റ് ഫഌ, ക്ഷയരോഗം എന്നിവയും പൂച്ചകളില്‍നിന്ന് പകരുന്നവയാണ്.

ഇറച്ചി ചതിച്ചാല്‍ 

നന്നായി പാകംചെയ്യാത്ത മാംസം കഴിക്കുന്നതിലൂടെ പകരുന്ന രോഗമാണ് ടേനിയാസിസ്. പന്നിമാംസം, ബീഫ്, മത്സ്യം എന്നിവ ശരിക്ക് വേവിക്കാതെ കഴിക്കുന്നത് രോഗകാരണമാകുന്നു.

കൊതുകുകളില്‍ നിന്ന്

ഡെങ്കിപ്പനി എന്ന വൈറസ് രോഗം പെണ്‍കൊതുകുകളുടെ കടിയില്‍ക്കൂടി പകരുന്നു. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആന്‍ബോപിക്റ്റസ് എന്നീ കൊതുകുകളുടെ കടിമൂലം 3 മുതല്‍ 15 ദിവസത്തിനകം ശക്തിയായ പനി, സന്ധിവേദന, ശരീരവേദന, ഛര്‍ദി, കണ്ണ് ചുവക്കുക എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നു. രക്തക്കുഴലുകള്‍ വീര്‍ത്ത് ചോര്‍ച്ച ഉണ്ടാകാറുണ്ട്. രോഗിയെ ഉടന്‍ ചികിത്സയ്ക്ക് വിധേയമാക്കണം. കൊതുകുനിവാരണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

എലികള്‍ തരുന്ന രോഗങ്ങള്‍

ലെപ്‌റ്റോ സ്‌പൈറോസിസ് (എലിപ്പനി): രോഗം പകരുന്നത് എലി, പെരുച്ചാഴി (തുരപ്പന്‍) എന്നിവയുടെ വിസര്‍ജ്യത്തിലടങ്ങിയ 'സ്‌പൈറോക്കീറ്റ്' ബാക്ടീരിയ വഴിയാണ്. അണുക്കള്‍ മണ്ണ്‌വെള്ളം എന്നിവയെ മലിനപ്പെടുത്തുകയും തൊലിയിലെ മുറിവില്‍ക്കൂടിയും ഭക്ഷണം, വായു എന്നിവയില്‍ക്കൂടിയും ശരീരത്തില്‍ പ്രവേശിച്ച് 2 മുതല്‍ 25 ദിവസത്തിനകം രോഗലക്ഷണം കാണിക്കുകയും ചെയ്യുന്നു. പനി, ശരീരവേദന, ഞരമ്പ് തളര്‍ച്ച എന്നിവ അനുഭവപ്പെടുന്നു. കരള്‍, വൃക്ക എന്നിവയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഉടന്‍ ചികിത്സ ലഭ്യമാക്കണം. എലിനശീകരണം, ബോധവത്കരണം എന്നിവ പ്രതിരോധ മാര്‍ഗങ്ങള്‍.

പ്ലേഗ്: യേര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ രോഗം ഉണ്ടാക്കുന്നു. ഇവ എലി, തുരപ്പന്‍, നായ, പൂച്ച എന്നിവയില്‍ കാണുന്നു. ഇവയെ ചെള്ള് കടിക്കുമ്പോള്‍ അണുക്കള്‍ കൊതുകിന്റെ ആമാശയത്തില്‍ തടഞ്ഞുനില്‍ക്കുകയും രോഗവാഹകരായ ചെള്ള് മനുഷ്യനെ കടിക്കുമ്പോള്‍ ആമാശയത്തിലുള്ള അണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 7 ദിവസത്തിനകം രോഗലക്ഷണം കാണിക്കുകയും ചെയ്യുന്നു. ഛര്‍ദി, പനി, ലിംഫ്‌നോഡ് വീര്‍ക്കല്‍ (വീര്‍ത്ത ലിംഫ്‌നോഡുകള്‍ 'ബുബേ' എന്നറിയപ്പെടുന്നു.) എന്നിവ കാണുന്നു. എലിനശീകരണം മുന്‍കരുതല്‍. 

പാലില്‍നിന്നും

നന്നായി തിളപ്പിക്കാത്ത പാല്‍, മാംസം എന്നിവ കഴിക്കുന്നത് മനുഷ്യരില്‍ സന്ധിവേദന, ശരീരവേദന, ഗര്‍ഭം അലസുക, വന്ധ്യത എന്നിവ ഉണ്ടാക്കാം. ഇവയില്‍ അടങ്ങിയ ബ്രൂസല്ല അബോര്‍ട്ടസ്/മെലിട്ടന്‍സ് എന്നീ ബാക്ടീരിയാ അണുക്കളാണ് കാരണം. ബ്രൂസല്ലോസിസ് രോഗമാണിത്. രോഗം ബാധിച്ച മൃഗങ്ങളുടെ പാലിലും മാംസത്തിലും അണുക്കള്‍ കാണുന്നു. കന്നുകാലികളെ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണം.

കൊക്കുരുമ്മും രോഗം

തത്ത, പ്രാവ്, ടര്‍ക്കി, താറാവ്, ഗീസ് എന്നിവയില്‍ കാണുന്ന 'ക്ലാമൈഡിയ സിറ്റസി' എന്ന ബാക്ടീരിയ   'സിറ്റക്കോസിസ്' (ഓര്‍ണിതോസിസ്) രോഗം പരത്തുന്നു. ഇവയുടെ വിസര്‍ജ്യം, തൂവലുകള്‍ എന്നിവയില്‍ അടങ്ങിയ അണുക്കള്‍ രോഗകാരണമാകുന്നു.

Content Highlight: zoonosis types, Diseases transmitted from animals to human