ടിയും എം.പിയുമായ കിരണ്‍ ഖേര്‍ മള്‍ട്ടിപ്പിള്‍ മയലോമ ബാധിതയാണെന്നും ചികിത്സ നടക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. ഭര്‍ത്താവും നടനുമായ അനുപം ഖേര്‍ ഇക്കാര്യം സ്ഥിരീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

എന്താണ് മള്‍ട്ടിപ്പിള്‍ മയലോമ

ഒരുതരം രക്താര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മയലോമ. കാലേര്‍സ് ഡിസീസ് (Kahler's Disease) എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. അസ്ഥികളെ ദുര്‍ബലമാക്കുന്ന രോഗമാണിത്. അസ്ഥി മജ്ജയില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. 

ശരീരത്തില്‍ അണുബാധകള്‍ക്കെതിരെ പോരാടുന്നതിനായി ആന്റിബോഡികളെ നിര്‍മ്മിക്കുന്ന ഒരു തരം ശ്വേത രക്താണുക്കളാണ് പ്ലാസ്മ കോശങ്ങള്‍. മള്‍ട്ടിപ്പിള്‍ മയലോമ ഉള്ളവരില്‍ ഈ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകും. ഇതുവഴി രക്തത്തിലേക്കും അസ്ഥികളിലേക്കും കൂടിയ അളവില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ എന്ന പ്രോട്ടീന്‍ പുറത്തുവിടും. ഇവ അടിഞ്ഞുകൂടി അവയവങ്ങള്‍ക്ക് തകരാറുണ്ടാക്കുന്നു. 

പ്ലാസ്മ കോശങ്ങള്‍ രക്തത്തില്‍ വര്‍ധിക്കുന്നു. ഇവ അസ്ഥികളെ കാര്‍ന്നുതിന്നാന്‍ മറ്റ് കോശങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന രാസവസ്തുക്കളെ പുറപ്പെടുവിക്കുന്നു. ഇത്തരത്തില്‍ ദുര്‍ബലമാകുന്ന അസ്ഥിയിലെ ഭാഗങ്ങളെയാണ് ലൈറ്റിക് ലെസിയന്‍സ് എന്ന് പറയുന്നത്. 

രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പ്ലാസ്മ കോശങ്ങള്‍ അസ്ഥിമജ്ജയെ കാര്‍ന്നുതിന്ന് രോഗവ്യാപനത്തിന് ഇടയാക്കുന്നു. ഇത് കൂടുതല്‍ അവയവങ്ങള്‍ അപകടത്തിലാകാന്‍ ഇടയാക്കുന്നു. 

ലക്ഷണങ്ങള്‍

അസ്ഥികളില്‍ വേദന, കടുത്ത ക്ഷീണം, ഭാരം കുറയലും വിശപ്പില്ലായ്മയും, വയറിന് ബുദ്ധിമുട്ട്, മലബന്ധം, ആശയക്കുഴപ്പം, ഇടയ്ക്കിടെ അണുബാധയുണ്ടാകുന്നത്, കടുത്ത ദാഹം, കാലുകളിലും കൈകളിലും മരവിപ്പ് എന്നിവ. 

തിരിച്ചറിയാം

  • രക്തത്തില്‍ കൂടിയ അളവില്‍ കാത്സ്യം കാണപ്പെടുന്നത്
  • ചുവന്ന രക്താണുക്കള്‍ കുറയുന്നത് (അനീമിയ)
  • വൃക്ക പ്രശ്‌നങ്ങള്‍
  • ശരീരത്തിലെ ആകെയുള്ള പ്രോട്ടീന്‍ നില ഉയരല്‍, ഒപ്പം ആല്‍ബുമിന്‍ നില കുറയുന്നതും

രോഗനിര്‍ണയം

  • രക്തത്തിലെ വ്യത്യസ്ത തരത്തിലുള്ള കോശങ്ങളുടെ അളവ് തിരിച്ചറിയാനുള്ള കംപ്ലീറ്റ് ബ്ലഡ് കൗണ്ട് പരിശോധന (CBC)
  • വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനുള്ള ബ്ലഡ് യൂറിയ നൈട്രജന്‍ ആന്റി ക്രിയാറ്റിനിന്‍ (BUN)

സങ്കീര്‍ണതകള്‍

  • അസ്ഥികള്‍ക്ക് ബലക്കുറവും പൊട്ടലുമുണ്ടാകുന്നു.
  • ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്തതിനാല്‍ വിളര്‍ച്ച ബാധിക്കുന്നു. ഇതുമൂലം കടുത്ത ക്ഷീണം, വിളറിയ അവസ്ഥ എന്നിവയുണ്ടാകാം. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂടുന്നത് മൂലം രക്തം കട്ടിപിടിക്കാനുള്ള സാധ്യതയും കൂടുന്നു. 
  • രോഗം ബാധിച്ചവരില്‍ ശരീരം ആരോഗ്യമില്ലാത്ത ആന്റിബോഡികളെ കൂടുതല്‍ ഉത്പാദിപ്പിപ്പിക്കുന്നു. ആരോഗ്യമുള്ളവയ്ക്ക് പകരം ആരോഗ്യമില്ലാത്തവ ഉണ്ടാകുന്നത് മൂലം അണുബാധകള്‍ക്കെതിരെ ശരീരത്തിന് വേണ്ട വിധത്തില്‍ പ്രതിരോധിക്കാനാവാതെ വരുന്നു. ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നത് പ്രതിരോധ സംവിധാനത്തെ തളര്‍ത്തുന്നു. 
  • രോഗം വൃക്കകളെ തളര്‍ത്തുന്നു. ഇവയ്ക്ക് മാലിന്യത്തെ കൃത്യമായി അരിച്ചുനീക്കാനാവാതെ വരുന്നു. 

ചികിത്സ
കീമോതെറാപ്പി, കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകളുടെ ഉപയോഗം, റേഡിയേഷന്‍ തെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങിയ ചികിത്സകളാണ് ചെയ്യുക. 

Content Highlights: Kirron Kher diagnosed with Multiple Myeloma, Health, Cancer, Blood Cancer