വൃക്കകളില്ലാത്ത ശരീരം ചിന്തിക്കാൻ പറ്റില്ല. ഒരുപാടുകാര്യങ്ങൾ വൃക്കകൾ നിറവേറ്റുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യുക, ചില അന്തഃസ്രവങ്ങളിലൂടെ ലവണങ്ങളുടെ അളവ് നിയന്ത്രിക്കുക, രക്തസമ്മർദം നിയന്ത്രിക്കുക, ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുക എന്നിങ്ങനെ നീണ്ടുപോവുന്നു വൃക്കയുടെ പ്രവർത്തനമേഖലകൾ. 

വൃക്കകളിൽ അസുഖംവന്ന് ഇവ താളം തെറ്റാം. കല്ല്, പഴുപ്പ്, അർബുദം, ജന്മനാ ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം വൃക്കയിൽ വരാം. പലപ്പോഴും ചികിത്സ ശസ്ത്രക്രിയാരീതി ആയിരിക്കും.  എന്നാൽ ശരീരത്തിനെ മുഴുവനായും ഗ്രസിക്കുന്ന ചില രോഗങ്ങൾ   വൃക്കയിൽ ചില മാറ്റങ്ങൾ ഉണ്ടാക്കാം. ഇത് വൃക്കയുടെ താളം തെറ്റിക്കാം.

ചികിത്സ പ്രാഥമിക രോഗത്തെ നിയന്ത്രിക്കുക എന്നാണെങ്കിലും ചിലപ്പോൾ  വൃക്കയുടെ കേടുമാറ്റാൻ പറ്റാതെ വരാം. അതുകൊണ്ടുതന്നെ വൃക്കയെ ബാധിക്കാതെ നോക്കാൻ ശ്രമിക്കേണ്ടതാണ്, തുടക്കത്തിൽതന്നെ. വൃക്കയെ ബാധിക്കുന്ന മുൻപറഞ്ഞ രോഗങ്ങളിൽ മുൻപന്തിയിലുള്ളത് പ്രമേഹവും അതിരക്തസമ്മർദവുമാണ്.

അരിവാൾരോഗം, സാർക്കോയ്ഡോസിസ്, അമൈലോയ്ഡോസിസ്, എസ്.എൽ.ഇ, ക്ഷയരോഗം എന്നിവയും ഇക്കൂട്ടത്തിൽ ഉണ്ട്. 
പ്രമേഹം, അതിരക്തസമ്മർദം, ക്ഷയരോഗം എന്നിവ നമ്മൾ സാധാരണ കാണുന്നവയാണ്. ഇതിൽ ക്ഷയരോഗം മറ്റു രണ്ട് രോഗങ്ങൾപോലെയല്ല വൃക്കയെ ബാധിക്കുന്നത്. 

പ്രമേഹം ഇപ്പോൾ കൂടിവരുന്നു. ഭാരതം ലോകത്തിന്റെ പ്രമേഹതലസ്ഥാനമായി മാറുകയാണ്. ഇത് പ്രധാനമായും ഒരു ജീവിതശൈലീരോഗമാണ്. പാൻക്രിയാസ് എന്ന ഗ്രന്ഥിയിൽനിന്നു ഉത്‌പാദിപ്പിക്കുന്ന  ഇൻസുലിനെന്ന അന്തഃസ്രവമാണ് ശരീരത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) ഉപയോഗം നടക്കാൻ സഹായിക്കുന്നത്.

ഇൻസുലിൻ കുറയുകയോ കോശങ്ങൾ അതിനോട് പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ പഞ്ചസാര ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. രക്തത്തിൽ അതിന്റെ അളവ് കൂടും ഈ സന്ദർഭത്തിൽ.

 പ്രമേഹരോഗികളിൽ കാണുന്ന ഒരു അസുഖമാണ് ഡയബെറ്റിക് നെഫ്രോപതി. അതായത് പ്രമേഹംകൊണ്ടുവരുന്ന വൃക്കയുടെ രോഗം.
വൃക്കയിലുള്ള അതിസൂക്ഷ്മമായ രക്തക്കുഴലുകളെ പ്രമേഹരോഗം ബാധിക്കും. അവയിലൂടെയുള്ള രക്തസംക്രമണം കുറയും. ഇത് വൃക്കയിലുള്ള കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

ഇതുനിമിത്തം വൃക്കകൾക്ക് മൂത്രം ഉത്‌പാദിപ്പിക്കാനുള്ള കഴിവ് കുറയും. 
മൂത്രത്തിൽ സാധാരണ കാണാത്ത മാംസ്യം (protiens) കണ്ടുതുടങ്ങും.  20 കൊല്ലം പ്രമേഹരോഗം ഉള്ളവരിൽ ഏതാണ്ട് 50 ശതമാനം ആളുകളിൽ വൃക്കരോഗം കാണും. മൂത്രത്തിലെ മാംസ്യത്തിന്റെ അളവനുസരിച്ച് രോഗത്തിന്റെ കാഠിന്യം തിട്ടപ്പെടുത്താം.

പ്രമേഹംകൊണ്ടുണ്ടാവുന്ന വൃക്കരോഗങ്ങൾ കൂടുതൽ വഷളാവാതിരിക്കാൻ ചിലകാര്യങ്ങൾ ചെയ്യണം. രക്തത്തിൽ പഞ്ചസാരയുടെ അളവ് നല്ലതുപോലെ ക്രമീകരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. വൃക്കകളെ രക്ഷിക്കുന്നതിനോടൊപ്പം പ്രമേഹംകൊണ്ട് ഉണ്ടാവുന്ന അന്ധത, ഹൃദയാഘാതം, രക്തക്കുഴലുകളുടെ കേടുകൾ, ഞരമ്പുകളുടെ കേടുകൾ എന്നിവ ഒരുപരിധിവരെ നിയന്ത്രിക്കാം.

രണ്ടാമതായി ചെയ്യേണ്ടത് അതി രക്തസമ്മർദം ഉണ്ടെങ്കിൽ അത് നിയന്ത്രിക്കുക എന്നതാണ്. ആഹാരത്തിൽ ഉപ്പിന്റെ അളവ് കുറച്ചാൽത്തന്നെ രക്തസമ്മർദം കുറച്ചൊക്കെ കുറയും. എന്നാൽ ഉപ്പ് പരിപൂർണമായി ഉപേക്ഷിക്കരുത്. അത് ശരീരത്തിലെ ഉപ്പിന്റെ അളവ് വളരെ കുറയ്ക്കും. ഇത് മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കും.

പുകവലി ഉണ്ടെങ്കിൽ പൂർണമായും നിർത്തണം. അതുപോലെ മദ്യപാനവും. പിന്നെ നിയന്ത്രിക്കേണ്ടത് കൊളസ്ട്രോൾ എന്ന പദാർഥമാണ്. ആഹാരനിയന്ത്രണം അനിവാര്യം. നാര് കൂടുതലുള്ള ആഹാരം, പച്ചക്കറികൾ, പഴങ്ങൾ, ചില മത്സ്യം, ഉമികളയാത്ത ധാന്യങ്ങൾ എന്നിവ ഉത്തമം.

വേദനസംഹാരികൾ കഴിയുന്നതും ഒഴിവാക്കുക. അതുപോലെ സ്കാൻ, എക്സ്‌റേ എന്നിവ എടുക്കുമ്പോൾ ചില മരുന്നുകൾ കുത്തിവെയ്ക്കാറുണ്ട്. ഈ മരുന്നുകൾ ഒരുപരിധിവരെ അപകടകാരികളാണ്. ജീവിതശൈലിയിൽ മാറ്റം, നല്ല വ്യായാമം, ആഹാരത്തിൽ ശ്രദ്ധപതിപ്പിച്ച് മാംസം കുറച്ചു കഴിക്കുക, പ്രമേഹനിയന്ത്രണം എന്നിവ രോഗത്തെ പിടിച്ചുനിർത്തും.

അതി രക്തസമ്മർദമാണ് വൃക്കയെ ബാധിക്കാൻ സാധ്യതയുള്ള മറ്റൊരു ഘടകം. മേൽപ്പറഞ്ഞപോലെ രക്തക്കുഴലുകളും കോശങ്ങളും കേടാവുന്നു. രക്തക്കുഴലുകൾ ചുരുങ്ങി രക്തഓട്ടം കുറയുമ്പോൾ കോശങ്ങൾക്കു ലഭിക്കുന്ന ജീവവായു (Oxygen) കുറഞ്ഞുപോകും. ചില പദാർഥങ്ങൾ രക്തക്കുഴലിന്റെ ഭിത്തിയിൽ അടിഞ്ഞുകൂടും. ഇതും രക്തചംക്രമണം കുറയ്ക്കും.

പ്രധാനമായി ചെയ്യേണ്ടത് രക്തസമ്മർദം നിയന്ത്രിക്കുക എന്നതാണ്. നേരത്തേ സൂചിപ്പിച്ചപോലെ വ്യായാമം, ആഹാരക്രമീകരണം, ഉപ്പ് കുറച്ച് ഉപയോഗിക്കുക എന്നിവ വളരെ പ്രധാനം. മേൽപ്പറഞ്ഞ രണ്ട് അസുഖങ്ങളും (പ്രമേഹം, രക്തസമ്മർദം) നിയന്ത്രിച്ചാൽ വൃക്കയെ ബാധിക്കുന്നത് ഒരുപരിധിവരെ ഒഴിവാക്കാം. ഒരിക്കൽ വൃക്കകളെ ബാധിച്ചാൽ അത് പൂർണമായി ചികിത്സിച്ചുഭേദമാക്കാൻ പറ്റില്ല.

unnyts@gmail.com