ബാല്യത്തില്‍ കുട്ടികളുടെ  സന്ധികളിലും മറ്റു ശരീരഭാഗങ്ങളിലും ഉള്ള വേദന വളരെ സാധാരണമാണ്. ഈ വേദനകളുടെ കാരണങ്ങള്‍ മിക്കപ്പോഴും വളരെ ലളിതവുമായിരിക്കും. മരുന്നുകള്‍ നല്‍കാതെ തന്നെ ഇവ പെട്ടെന്ന് ശമിക്കുകയും ചെയ്യും. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം വേദനകളുടെ കാരണങ്ങള്‍ ശ്രദ്ധയോടെ കാണണം. കുട്ടികള്‍ സന്ധി, മസില്‍ വേദനകള്‍ ഉണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ ശിശുരോഗ വിദഗ്ധനെ കാണിക്കേണ്ടത് അത്യാവശ്യമാണ്. സന്ധികളുടെ അമിത വഴക്കം, ചെറിയ പരിക്കുകള്‍, മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ എന്നിങ്ങനെ കുട്ടികളില്‍ ഇത്തരത്തിലുള്ള വേദനയ്ക്ക് കാരണങ്ങള്‍ പലതാണ്.    

സന്ധിവേദനയെ അവഗണിക്കരുത്

കുട്ടികളില്‍ ആര്‍ത്രൈറ്റിസ് (വാതം) കാണപ്പെടുന്നില്ല എന്നത് തീര്‍ത്തും തെറ്റായ ധാരണയാണ്. കുട്ടികളില്‍ സാധാരണമായി കണ്ടുവരുന്ന പനിയും അനുബന്ധ രോഗങ്ങളും പോലെ അത്രത്തോളം സാധാരണമല്ല ആര്‍ത്രൈറ്റിസ് എങ്കിലും ലോകത്താകമാനം ആയിരത്തിലൊരാള്‍ എന്ന നിരക്കില്‍ ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് എന്ന രോഗമുണ്ട്. 

കുട്ടികളില്‍ ഉണ്ടാകുന്ന സന്ധികളിലെ പ്രശ്നങ്ങളുടെ ആകെത്തുകയാണ് ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്. ഈ രോഗബാധ ഉണ്ടെങ്കിലും സാധാരണ രക്ത പരിശോധനയില്‍ റുമറ്റോയ്ഡ് ഫാക്ടറൊന്നും മനസ്സിലാക്കാന്‍ കഴിയുകയും ഇല്ല.

കുട്ടികളില്‍ ഏതു പ്രായത്തിലും ഈ രോഗബാധയുണ്ടാകാം. ആഴ്ചകളോളം സന്ധികളില്‍ വേദനയും മറ്റ് ലക്ഷണങ്ങളും തുടരുന്നുണ്ടെങ്കില്‍ അത് കുട്ടിക്കാലത്തെ ആര്‍ത്രൈറ്റിസ് ആയി കണക്കാക്കേണ്ടിയിരിക്കുന്നു. ചിലപ്പോള്‍ കൃത്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടായില്ലെന്നും വരാം.

കുട്ടികളിലെ സന്ധിവാതം അഞ്ചു തരം

ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് പ്രധാനമായും അഞ്ച് വിഭാഗങ്ങളായി തരം തിരിക്കാം. ഇതിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും.
 
ഒലിഗോ ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്

നാലോ അതില്‍ താഴെയോ സന്ധികളില്‍ ഉണ്ടാകുന്ന വേദനയും നിര്‍വീഴചയുമാണിത്.

പോളി ആര്‍ട്ടികുലര്‍ ജുവനൈല്‍ ഇഡിയോ പതിക് ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ് അഞ്ചോ അതിലധികമോ സന്ധികളെ ബാധിക്കുമ്പോളാണ് പോളി ആര്‍ട്ടികുലാര്‍ ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് എന്ന് പറയുന്നത്. ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ തന്നെ രോഗം സ്ഥിരീകരിക്കുന്നു.

എന്തസൈറ്റിസ് റിലേറ്റ്സ് ജുവനൈല്‍ ഇഡിയോപ്പതിക് ആര്‍ത്രൈറ്റിസ്

നട്ടെല്ലിന്റെ കീഴ്ഭാഗത്തെ സന്ധികളെ ബാധിക്കുന്ന രോഗാവസ്ഥയാണിത്. കൂടാതെ ദശനാര് അഥവാ പേശിയെ, അസ്ഥിയോടു ബന്ധിക്കുന്ന ചരടുപോലുള്ള ധാതുവിനെ ഈ രോഗം ബാധിക്കുന്നു. ചിലരില്‍ ഇത് നട്ടെല്ലിനെയും ബാധിക്കുന്നതായി കണ്ടുവരുന്നുണ്ട്.

സോറിയാറ്റിക്ക് ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്, സോറിയായിസ് എന്ന രോഗമായി കൂടിച്ചേര്‍ന്നതാണ് ഈ രോഗാവസ്ഥ. കുട്ടികളില്‍ പൊതുവെ സോറിയാസിസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് തന്നെ ഈ രോഗം സന്ധികളെ ബാധിക്കുന്നു.
 
സിസ്റ്റമിക്ഓണ്‍സെറ്റ് ജുവനൈല്‍ ഇഡിയോപ്പതിക് ആര്‍ത്രൈറ്റിസ്

ഇത് ഗുരുതരമായ ജുവനൈല്‍ ആര്‍ത്രൈറ്റിസ് ആണ്. ഇടവിട്ടുവരുന്ന പൊള്ളുന്ന പനിയും ചര്‍മ രോഗവുമാണ് തുടക്കം. പിന്നെ അത് സന്ധികളേയും കൂടാതെ മറ്റ് ശരീര അവയവങ്ങളേയും ബാധിക്കുന്നു.

ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറു മൂലം ശരീരത്തിനുള്ളില്‍ തന്നെ ആന്റിബോഡി  ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഈ രോഗത്തിന്റെ കാരണം. ഇത് ഭക്ഷണ രീതിയോ ജീവിത രീതിയോ മറ്റേതെങ്കിലും കാരണങ്ങളുമായോ ബന്ധപ്പെട്ടതല്ല എന്നത് പ്രത്യേകം ഓര്‍ക്കുക. കൃത്യമായ വൈദ്യപരിശോധനയിലൂടെ ഡോക്ടര്‍ക്ക് ഈ രോഗം പ്രാരംഭദശയില്‍ തന്നെ കണ്ടുപിടിക്കാനാകും. കഴിയുമെങ്കില്‍ ഇത്തരം രോഗികള്‍ ശിശുരോഗ വിദഗ്ധനായ ഒരു റുമറ്റോളജിസ്റ്റിനെ തന്നെ കാണാന്‍ ശ്രദ്ധിക്കണം.

ചികിത്സ

കുട്ടികളിലെ സന്ധിവാത രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്. തുടക്കത്തില്‍ കഠിനവേദനയും നീര്‍ക്കെട്ടും കുറയ്ക്കുന്നതിനായി നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഡ്രഗ്സ് ,  സന്ധികളില്‍ നല്‍കുന്ന കുത്തിവെയ്പ്  എന്നിവ ഫലപ്രദമാണ്. രോഗം കഠിനമാണെങ്കില്‍ കോര്‍ട്ടോക്കോസ്റ്റിറോയിഡ് ഗുളികയും അനുയോജ്യമായ ഫലം നല്‍കും. ആര്‍ത്രൈറ്റിസ് അഥവാ സന്ധികളിലുണ്ടാകുന്ന നാശത്തെ തടയാന്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ പ്രധാനപ്പെട്ടതാണ് ഡിസീസ് മോഡിഫയിംഗ് ആന്റി റുമാറ്റിക് ഡ്രഗ്സ് അഥവാ ഡിമാര്‍ഡ്‌സ്.   രോഗത്തിന്റെ കാഠിന്യവും രൂപവൈകല്യ സാധ്യതയും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. സള്‍ഫാസാലസിന്‍ , ഹൈഡ്രോക്സിക്ലോറോക്വിന്‍  , മെത്തോട്രെക്സേറ്റ്  എന്നിവ ഈ വിഭാഗം മരുന്നുകളാണ്.

ഇതില്‍ രോഗത്തിന്റെ കാഠിന്യം കുറക്കാനായി മെത്തോട്രെക്സേറ്റ് കൂടുതലായി ഉപയോഗിക്കുന്നു. ഇത് ആഴ്ചയില്‍ എടുക്കുന്ന കുത്തിവയ്പുകളായോ ഗുളികകളായോ നല്‍കുന്നു. തുടക്കത്തില്‍ തന്നെ രോഗം മനസ്സിലാക്കി ഈ മരുന്ന് ഉപയോഗിച്ചാല്‍ സന്ധികളിലെ നാശം ഒരുപരിധിവരെ പ്രതിരോധിക്കാം. രോഗം പുരോഗമിക്കുന്നത് തടയുകയും ചെയ്യാം. ശരീരകലകളിലും സന്ധികളിലും ഉണ്ടാകുന്ന സ്ഥായിയായ തകരാറുകള്‍ ഇതുവഴി ഇല്ലാതാക്കാം. ഇത് പതുക്കെ ആര്‍ത്രൈറ്റിസിനെ നിയന്ത്രണ വിധേയമാക്കും. രോഗം നേരത്തെ തന്നെ നിര്‍ണയിക്കപ്പെട്ട മിക്കവാറും കുട്ടികള്‍ക്ക് ഒന്നോ, രണ്ടോ തവണ നല്‍കുന്ന ചികിത്സ ഫലം നല്‍കാറുണ്ട്. ആന്റി ഇന്‍ഫ്ളമേറ്ററി ഡ്രഗ്‌സ്  , കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്സ് എന്നീ മരുന്നുകള്‍ക്കൊപ്പം ഡിസീസ് മോഡിഫയിങ് മരുന്നുകള്‍ ഉപയോഗിക്കാം. എന്‍.എസ്.എ.ഐ.ഡികളും കോര്‍ട്ടിക്കോസ്റ്റിറോയ്ഡും പെട്ടെന്ന് ഫലം തരുന്നവയാണ്. വേദനയും നിര്‍ക്കെട്ടും കുറയ്ക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കും. മൂന്നില്‍ രണ്ട് ശതമാനം കുട്ടികള്‍ക്കും ഡിമാര്‍ഡിസിലൂടെ തന്നെ ഫലം ലഭിക്കാറുണ്ട്. ഡിമാര്‍ഡുകളും കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകളും ക്രമേണ ഡോസുകള്‍ കുറച്ചുകൊണ്ട് വരുകയും പിന്നെ പൂര്‍ണമായും നിര്‍ത്തുകയും ചെയ്യാം.

മിക്കവാറും രോഗികള്‍ക്ക് ചികിത്സയ്ക്ക് വേണ്ടി ആസ്പത്രികളില്‍ താമസിക്കേണ്ട ആവശ്യം ഉണ്ടാകാറില്ല. ഈ ചികിത്സയുടെ ലക്ഷ്യം തന്നെ കുട്ടികളില്‍ ആര്‍ത്രൈറ്റിസ് നിയന്ത്രണ വിധേയമാക്കി, രൂപവൈകല്ല്യം ഉണ്ടാകാതെ ശ്രദ്ധിച്ച് അവരെ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരാക്കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുക എന്നുള്ളതാണ്.

 

കടപ്പാട് ഡോ. സുമ ബാലൻ
(മാതൃഭൂമി ആരോഗ്യ മാസികയിൽ പ്രസിദ്ധീകരിച്ചത്)