ജപ്പാന്‍ ജ്വരമെന്ന മസ്തിഷ്‌ക രോഗം ബാധിച്ച് ഉത്തര്‍പ്രദേശില്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരണമടഞ്ഞതിന്റെ ഞെട്ടലിലാണ് രാജ്യം. ഓക്‌സിജന്‍ കിട്ടാത്തത് മൂലമാണ് മരിച്ചതെന്നും അതല്ല ജപ്പാന്‍ ജ്വരം ബാധിച്ചത് കൊണ്ടാണെന്നും വാദിച്ച് ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഇത് ഉത്തര്‍പ്രദേശിലെ ഒറ്റപ്പെട്ട സംഭവമായി മാത്രം കാണേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ് എന്നത് കൊണ്ട് തന്നെ. 

ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ, വിവിധ തരം വൈറല്‍ പനി എന്നിവ മൂലം കേരളത്തിലെ മരണ നിരക്ക് വലിയ തോതിലാണ് ഓരോ വര്‍ഷവും വര്‍ധിച്ച് വരുന്നത്. പരിസര ശുചിത്വമില്ലായ്മ മൂലം തുടച്ച് മാറ്റിയെന്ന് കരുതിയ കോളറയും മലേറിയയും വരെ ലോക നിലവാരത്തിലെന്ന് നമ്മള്‍ ഊറ്റം കൊള്ളുന്ന നമ്മുടെ ആരോഗ്യ രംഗത്തിന് തിരിച്ചടിയായി വീണ്ടുമെത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കൊതുകുകള്‍ തന്നെ പരത്തുന്ന ജപ്പാന്‍ ജ്വരമെന്ന മാരക രോഗത്തെയും നമ്മള്‍ നോക്കികാണേണ്ടത്. ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് കൊതുകുകളാണെങ്കില്‍ ജപ്പാന്‍ ജ്വരം പരത്തുന്നത് ക്യൂലെക്‌സ് വര്‍ഗത്തില്‍ പെട്ട ക്യൂലക്‌സ് ട്രൈറ്റീനിയോറിങ്കസ്, ക്യൂലിക്‌സ് വിഷ്ണുയ,ക്യൂലക്‌സ് സ്യൂഡോവിഷ്ണുയി,ക്യൂലക്‌സ് ജെലിദസ് എന്നീ നാലിനം കൊതുകുകളാണ്. തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന മാരകമായ ഒരിനം വൈറസ് രോഗമാണിത്.

khorakpur

ഇതേ വിഭാഗത്തില്‍ പെട്ട കൊതുകുകള്‍ തന്നെയാണ് മന്ത് രോഗവും ഉണ്ടാക്കുന്നത്. മാലിന്യങ്ങളുടെ അലക്ഷ്യമായ വലിച്ചെറിയലുകളും പരിസര ശുചിത്വമില്ലായ്മയുമാണ് ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയും പരത്തുന്ന കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യം ഇവിടെയുണ്ടായത് എന്നാണ് പനിമരണവുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും പഠനം നടത്തുമ്പോള്‍ ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ പരിസര ശുചിത്വത്തില്‍ ഇനിയും ജാഗ്രത കാണിച്ചില്ലെങ്കില്‍ ജപ്പാന്‍ ജ്വരം പോലുള്ള രോഗങ്ങള്‍ വരും നാളുകളില്‍ കേരളത്തിലും വലിയ ഭീതിയുണ്ടാക്കാം.

ലോകമെമ്പാടുമായി പ്രതിവര്‍ഷം 50,000 പേര്‍ ജപ്പാന്‍ ജ്വര ബാധിതരാവുന്നുവെന്നാണ് കണക്ക്. ഇതില്‍ 10 ,000 പേര്‍ മരിക്കുന്നു, 15,000 പേര്‍ക്ക് അംഗവൈകല്യവും സംഭവിക്കുന്നു. രോഗം ഇന്ത്യ, ചൈന തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമാണ്. രോഗബാധിതരില്‍ 85% പേര്‍ കുട്ടികളാണ്. മരണവും ഇവരിലാണ് അധികം.  

കൊതുകുകള്‍ക്ക് പുറമെ വളര്‍ത്ത് പന്നികള്‍, പക്ഷികള്‍ എന്നിവയില്‍ നിന്നും രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ച് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്. ഇന്ത്യയില്‍ തമിഴ്‌നാട്ടിലാണ് 1956 ല്‍ ആദ്യമായി ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് പരിസര ശുചിത്വത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ കുട്ടികള്‍ മരിച്ചപ്പോള്‍ മാത്രമാണ് ഇതിന്റെ തീവ്രത പുറത്ത് വന്നത്. 

രോഗ ലക്ഷണം
പെട്ടന്നുണ്ടാകുന്ന പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പൊതുവെയുള്ള ലക്ഷണം. വൈറസ് മൂലം തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാവുകയും അപകടാവസ്ഥയിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്. നീര്‍ക്കെട്ട് മൂലം തലച്ചോറിലുണ്ടാകുന്ന തകരാറാണ് മരണകാരണമാകുന്നത്. രോഗം തീവ്രമായാല്‍ മരണം സംഭവിക്കുകയും ഗുരുതരമായ വൈകല്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. രക്ഷപ്പെടുന്നവരില്‍ ഭൂരിഭാഗം പേരിലും ചെറിയ തോതിലെങ്കിലും വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാടുന്നു. ജപ്പാന്‍ ജ്വരത്തെ  പ്രതിരോധിക്കാനുള്ള പ്രത്യേക ചികിത്സ ഇനിയും കണ്ട് പിടിക്കപ്പെട്ടിട്ടില്ല എന്നതാണ് രോഗ തീവ്രത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പരിചരണവും കൊണ്ടു രോഗവിമുക്തി നേടാനാകും. രോഗിക്കു പൂര്‍ണമായ വിശ്രമം, വായു സഞ്ചാരമുള്ള മുറിയില്‍ വിശ്രമം,ആവശ്യാനുസരണം ദ്രാവകങ്ങളും പോഷകഘടകങ്ങളും നല്‍കല്‍, പ്രത്യേക പരിചരണം തുടങ്ങിയവ നല്‍കണം.

തലച്ചോറിലുണ്ടാകുന്ന നീര്‍ക്കെട്ട് മൂലം അനുഭവപ്പെടുന്ന ശ്വസന പ്രശ്‌നങ്ങള്‍ ക്രമീകരിക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും രക്തസമ്മര്‍ദ്ധത്തെയും നിയന്ത്രിക്കുക എന്നിവയാണ് രോഗ ഭീതി കുറക്കാനുള്ള പ്രധാനമാര്‍ഗം. ജപ്പാന്‍ ജ്വരത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് നിലവിലുണ്ട്. ഇത് രോഗഭീതിയിലുള്ള ഉത്തര്‍പ്രദേശിലെ കൂട്ടികള്‍ക്ക് നല്‍കിയിരുന്നുവെങ്കിലും പൂര്‍ണമായും വിജയത്തിലെത്തിയില്ല എന്നാണ് ഇവിടെ നിന്നും ഓരോ ദിവസവും ഉയരുന്ന കുട്ടികളുടെ മരണ നിരക്ക് ചൂണ്ടിക്കാട്ടുന്നത്. 

പ്രതിരോധ മാര്‍ഗം

  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കുക
  • ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുക
  • കൊതുകു കടിയേല്‍ക്കാതാരിക്കാന്‍ ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക
  • ഉറങ്ങുമ്പോള്‍ കൊതുകു വല ഉപയോഗിക്കുക
  • കൊതുകിനെ തുരുത്തുന്ന തിരികളും മറ്റ് റിപ്പലന്റുകളും ഉപയോഗിക്കുക