രീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളേയും ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. പാരമ്പര്യമായി ഉണ്ടാകുന്ന ഒരു രോഗംകൂടിയാണിത്. ചര്‍മകോശങ്ങളുടെ അമിത ഉത്പാദനമാണ് സോറിയാസിസ്. കട്ടികൂടിയ, വെള്ളി നിറത്തിലുള്ളതും അടര്‍ന്നുപോകുന്ന തരത്തിലുമാണ് ഇത്. അതേസമയം സോറിയാസിസ് പടരുന്ന രോഗമല്ല.

15-നും 35-നും ഇടയില്‍ പ്രായമുള്ളവരിലാണ് സോറിയാസിസ് കൂടുതലായും കാണുന്നത്. എന്നാല്‍ ഏത് പ്രായത്തിലുള്ളവര്‍ക്കും സോറിയാസിസ് പിടിപെടാം. കൃത്യമായ ചികിത്സ പിന്തുടര്‍ന്നില്ലെങ്കില്‍ സോറിയാസിസ് രോഗം ഏറെ സങ്കീര്‍ണമായേക്കാം. 

ചര്‍മ കോശങ്ങളുടെ ജീവിതചക്രത്തില്‍ സോറിയാസിസ് മാറ്റം വരുത്തും. ചര്‍മത്തിന്റെ ഉപരിതലത്തില്‍ വേഗത്തില്‍ കോശങ്ങള്‍ വളരാന്‍ ഇത് കാരണമാകും. കാല്‍മുട്ട്, കൈമുട്ട്, തലയോട്ടി എന്നിവിടങ്ങളിലാണ് സോറിയാസിസ് സാധാരണയായി ഉണ്ടാകുന്നത്. എന്നാല്‍ ഉടല്‍, കാലിന്റെ ഉള്‍ഭാഗം, കൈകള്‍ എന്നിവിടങ്ങളിലും സോറിയാസിസ് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. 

പലതരത്തിലുള്ള സോറിയാസിസ് രോഗങ്ങളുണ്ട്. ചിലപ്പോള്‍ ഏതാനും ആഴ്ചകളോ അല്ലെങ്കില്‍ മാസങ്ങളോ ഉണ്ടാകും. ചിലവ ഒരു നിശ്ചിത സമയങ്ങളിലാണ് ഉണ്ടാകുക. മറ്റു ചിലത് പൂര്‍ണമായും ഇല്ലാതാകുകയും ചെയ്യും.

സോറിയാസിസ് രോഗത്തെക്കുറിച്ച് പൊതുവേ തെറ്റിധാരണകളുണ്ട്. സോറിയാസിസ് ബാധിച്ച ഒട്ടുമിക്ക രോഗികളിലും ഉത്കണ്ഠ, നിരാശ, സംഭ്രമം ഇവയെല്ലാമുണ്ട്. പടര്‍ന്നുപിടിക്കുമോ എന്ന ഭയത്താല്‍ സോറിയാസിസ് ബാധിച്ചര്‍ക്ക് മറ്റുള്ളവരില്‍നിന്നും വിവേചനം നേരിടേണ്ടിവരാറുണ്ട്. ചികിത്സിച്ചില്ലെങ്കില്‍ മനഃശാസ്ത്രപരവും സാമൂഹിക പ്രത്യാഘാതങ്ങളുടേയും ഫലമായി സോറിയാസിസ് പിടിപെട്ടവരില്‍ സ്ട്രോക്ക്, പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം, നിരാശ തുടങ്ങി ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും. സോറിയാസിസ് ചര്‍മത്തിന്റെ ഒരു പ്രത്യേക അവസ്ഥയാണ്. ഒരാളുടെ വികാരങ്ങളും ജീവിതത്തിന്റെ ഗുണനിലവാരവും രോഗത്തെ സാരമായി ബാധിക്കും.

സോറിയാസിസ് പടരുന്നരോഗമാണ് എന്നത് തെറ്റിദ്ധാരണമാത്രമാണ്. വ്യത്യസ്തതരത്തിലുള്ള സോറിയാസിസ് രോഗങ്ങളെക്കുറിച്ച് പ്രത്യേകിച്ചും സോറിയാടിക് ആര്‍ത്രൈറ്റിസ്സിനെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയിലും ആരോഗ്യസംരക്ഷണ വിദഗ്ധര്‍ക്കിടയിലും കൃത്യമായ അവബോധം നല്‍കണം. സോറിയാസിസ് ഉണ്ടെന്ന് ആശങ്കപ്പെടുന്നവര്‍ വൈദ്യ ഉപദേശംതേടണം. സോറിയാസിസ് സംശയിക്കപ്പെടുന്നവര്‍ ശരിയായ പരിശോധന നടത്തുകയും ശരിയായചികിത്സ തേടുകയും ചെയ്യണം.

സോറിയാസിസ് രോഗവുമായി ബന്ധപ്പട്ടതാണ് സോറിയാട്ടിക് ആര്‍ത്രൈറ്റിസ്. മിക്കവരിലും ആദ്യം സോറിയാസിസ് ഉണ്ടാകുകയും പിന്നീടത് സോറിയാട്ടിക് ആര്‍ത്രൈറ്റിസാണെന്ന് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്യുകയാണ് പതിവ്. ചര്‍മത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പേ സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ആരംഭിക്കും. സോറിയാസിസ് പോലെത്തന്നെ സോറിയാടിക് ആര്‍ത്രൈറ്റിസും ചികിത്സിക്കാം. പക്ഷേ അവ സുഖപ്പെടുത്താന്‍കഴിയില്ല. അതേസമയം ലക്ഷണങ്ങള്‍ നിയന്ത്രിക്കാനും സന്ധികള്‍ തകരാറിലാകുന്നത് പ്രതിരോധിക്കാനും കഴിയും. ചികിത്സയില്ലാതെതന്നെ ചിലരില്‍ സോറിയാടിക് ആര്‍ത്രൈറ്റിസ് ബലഹീനപ്പെടും. ചര്‍മത്തില്‍ ക്രീമുകളും ലേപനങ്ങളും പുരട്ടുകയാണ് ചികിത്സാരീതികളിലൊന്ന്. ചിലയിനം സോറിയാസിസ് കൂടുതല്‍ എടുത്തുകാട്ടാതിരിക്കാനായി ഫോട്ടോതെറാപ്പി ചികിത്സയും നടത്താം. ചര്‍മകോശങ്ങളുടെ ഉത്പാദനം കുറയ്ക്കുന്നതിനായി പ്രതിരോധമരുന്നുകളും ഉപയോഗിക്കണം.

അമിതവണ്ണം, പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, എന്നിവയെല്ലാം സോറിയാസിസിന് കൂടുതല്‍ ദോഷകരമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, ദിവസേനയുള്ള വ്യായാമം, പര്യാപ്തമായ ഉറക്കം എന്നിവയാണ് ഏറ്റവും പ്രധാനം. പ്രത്യേകിച്ചും സോറിയാസിസ് സാധ്യതകൂടുതല്‍ ഉള്ളവര്‍ ചിട്ടയായ ജീവിതശൈലി പിന്തുടരുന്നത് സോറിയാസിസ് അനുബന്ധ പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും. 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.തക്കിദ്ദീന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

Content Highlight: Psoriasis Causes, Psoriasis Cure, Psoriasis Symptoms and Treatment