സ്‌കോളിയോസിനെ ഭയന്നിരുന്നെങ്കില്‍ ഇന്ന് ഒളിന്പിക് മെഡല്‍ ജേതാവ് ഉസൈന്‍ ബോള്‍ട്ടിനെ ലോകം അറിയില്ലായിരുന്നു. ഇംഗ്ലണ്ടിലെ രാജകുമാരി യുജിനും ഈ രോഗാവസ്ഥയെ അതിജീവിച്ചു. നട്ടെല്ലിന് അസ്വാഭാവികമായി വശങ്ങളിലേക്കുണ്ടാകുന്ന ചരിവാണ് 'സ്‌കോളിയോസിസ്'. എല്ലാ പ്രായക്കാരിലും സ്‌കോളിയോസിസ് കാണാമെങ്കിലും കൗമാരക്കാരിലാണ് (10-18 വയസ്സ്) ഈ രോഗാവസ്ഥ കൂടുതല്‍. ഇതില്‍ത്തന്നെ പെണ്‍കുട്ടികളിലാണ് കൂടുതല്‍ സങ്കീര്‍ണമായ വളവുകള്‍ കണ്ടുവരുന്നത്.

എല്ലാവര്‍ഷവും ജൂണ്‍ സ്‌കോളിയോസിസ് ബോധവത്കരണ മാസമായി ആചരിക്കുന്നു. ലോകമെമ്പാടും രണ്ട്-മൂന്ന് ശതമാനം പേര്‍ ഈ രോഗാവസ്ഥകാരണം ബുദ്ധിമുട്ടുന്നു. ഇന്ത്യയില്‍ വര്‍ഷം ലക്ഷംപേര്‍ക്കാണ് സ്‌കോളിയോസിസ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. രോഗകാരണം കണ്ടെത്തിയിട്ടില്ല. ചെറിയ വളവുകള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം നട്ടെല്ലിനുള്ള ബെല്‍റ്റുകള്‍ ഉപയോഗിക്കാം. നട്ടെല്ലിലെ വളവ് 40 ഡിഗ്രിയില്‍ കൂടുതലായാല്‍ ശസ്ത്രക്രിയ വേണ്ടിവരും

രോഗലക്ഷണങ്ങള്‍

 • തോളെല്ല്, അരക്കെട്ട് എന്നിവയുടെ ഉയരത്തിലുണ്ടാകുന്ന വ്യത്യാസം
 • നട്ടെല്ലില്‍ 10 ഡിഗ്രിയില്‍ കൂടുതല്‍ 'സി' ആകൃതിയിലോ 'എസ്' ആകൃതിയിലോ ഉള്ള വളവ്.

രോഗകാരണങ്ങള്‍

 • ജന്മനാ ഉണ്ടാകുന്ന വൈകല്യം
 • ഞരമ്പുകള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന തകരാറ്
 •  നട്ടെല്ലിനുണ്ടാകുന്ന തേയ്മാനം (പ്രായമായവരില്‍)

ആരോഗ്യ പ്രശ്നങ്ങള്‍

 •  നടുവേദന 
 • നടക്കാനുള്ള ബുദ്ധിമുട്ട് 
 • ശ്വാസതടസ്സം
 •  ഹൃദയസംബന്ധമായ അസുഖം 
 •  നാഡീ, പേശീ രോഗങ്ങള്‍ 
 •  വിഷാദ രോഗം

നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാം

നട്ടെല്ലില്‍ വളവുണ്ടെന്നു തോന്നിയാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. അധികം സങ്കീര്‍ണമല്ലങ്കില്‍ ഫലപ്രദമായ ചികിത്സയിലൂടെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. കുട്ടികളില്‍ ചികിത്സ വൈകിയാല്‍ അവരില്‍ അപകര്‍ഷ ബോധത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

(കടപ്പാട്- ഡോ. വി. വിനോദ്, സ്പൈനല്‍ സര്‍ജറി മേധാവി, മെയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്)

Content Highlights: International scoliosis awareness day 2021