പുരുഷന്‍മാരില്‍ മൂത്രസഞ്ചിയുടെ താഴെ മലാശയത്തിന് മുന്നിലായി കാണുന്ന നെല്ലിക്കയുടെ വലുപ്പത്തില്‍ കാണുന്ന അവയവമാണ് പ്രോസ്റ്റേറ്റ്. പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാനപ്പെട്ട അവയവമാണിത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മ്മം. 

പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു കാന്‍സറാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പുരുഷന്‍മാരില്‍ കൂടുതലായി കണ്ടുവരുന്ന കാന്‍സറും ഇതുതന്നെ. 

പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍

മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍ പോലെ തോന്നുക, കൂടെക്കൂടെ മൂത്രമൊഴിക്കുക എന്നിവയാണ് പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് കാന്‍സര്‍ അല്ലെന്ന് ഉറപ്പിക്കണം. കാന്‍സറാണെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടണം. 

പ്രോസ്റ്റേറ്റ് ആരോഗ്യത്തോടെയിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശീലിക്കാം

ആക്ടീവായിരിക്കണം: ആരോഗ്യത്തോടെയും ആക്ടീവായും ഇരിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കും. ജോഗിങ്, ഓട്ടം, നീന്തല്‍ തുടങ്ങി ഫിറ്റ്‌നസ്സ് കാത്തുസൂക്ഷിക്കാനുള്ള കാര്യങ്ങളെല്ലാം ശീലിക്കുന്നത് ശരീരത്തെ ആക്ടീവായി നിലനിര്‍ത്താന്‍ സഹായിക്കും. 

ആക്ടീവാകാം സെക്‌സില്‍: കൂടുതല്‍ തവണ ശുക്ലസ്ഖലനം നടത്തുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളില്‍ പറയുന്നു. മാസത്തില്‍ 21 തവണ ശുക്ലസ്ഖലനം നടത്തുന്നത് 20-25 പ്രായത്തിലുള്ള പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. സെമന്‍ കെട്ടിക്കിടക്കുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി കാന്‍സര്‍ സാധ്യത കൂട്ടാന്‍ ഇടയാക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. 

നല്ല കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കാം: അവക്കാഡോ, ഒലിവ് ഓയില്‍, ആല്‍മണ്ട്, വാള്‍നട്ട് എന്നിവ അടങ്ങുന്ന ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. മൃഗജന്യ കൊഴുപ്പിന് പകരം സസ്യജന്യ കൊഴുപ്പ് ഉപയോഗിക്കാം. 

പുകവലി ഒഴിവാക്കണം: രോഗസാധ്യത വര്‍ധിപ്പിക്കുന്നതാണ് പുകവലി. പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളവര്‍ പുകവലി നിര്‍ത്തുന്നത് രോഗതീവ്രത കുറയ്ക്കാന്‍ സഹായിക്കും. 

Content Highlights: How to prevent prostate cancer, Health