മുതിര്‍ന്നവരില്‍ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍  സിറോസിസ് (കരള്‍ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ കുട്ടികളില്‍ മാത്രം കാണുന്ന ചില കരള്‍രോഗങ്ങളുമുണ്ട്. ശൈശവത്തില്‍ കാണുന്ന കരള്‍വീക്കം, പിത്തക്കുഴലിലെ അടവോ വികാസക്കുറവോ കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തം (cholestasis of infancy), കരളില്‍ നീര്‍ കുമിളകള്‍ (Cyst) കാരണമുണ്ടാകുന്ന ചില രോഗങ്ങള്‍, ഉപാപചയ തകരാറുകളും ഗ്ലൈക്കോജന്‍ സംഭരണത്തിലെ പ്രശ്നങ്ങളും കാരണമുണ്ടാകുന്ന രോഗങ്ങള്‍, ശരീരത്തില്‍ ചെമ്പിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന വില്‍സണ്‍സ് രോഗം (Wilson's disease), ഗ്ലൈക്കോജന്‍ (അന്നജം) സ്റ്റോറേജ് രോഗങ്ങള്‍ എന്നിവ ഇതില്‍പെടും.

കുട്ടികളില്‍ മഞ്ഞപ്പിത്തം പല തരത്തിലുണ്ടാവാം. ചുവന്ന രക്താണുക്കള്‍ ക്രമാതീതമായി നശിക്കുമ്പോള്‍ രക്തത്തില്‍ ബിലുറൂബിന്‍ അളവ് കൂടുന്നു (unconjugated hyperbilirubinemia). ആര്‍.എച്ച്, എ.ബി.ഒ ഇന്‍കോംപിറ്റബിലിറ്റി (Rh, ABO incompatibility) എന്ന സ്ഥിതി കാരണം നവജാതശിശുവിലും ഈ അവസ്ഥ (Hemolytic jaundice) ഉണ്ടാകാം. കരളിനെയും പിത്തക്കുഴലിനെയും ബാധിക്കുന്ന രോഗങ്ങളാണ് കോണ്‍ജുഗേറ്റഡ് ഹൈപ്പര്‍ബിലിറുബിനീമിയ (Conjugated Hyperbilirubinemia). കോണ്‍ജുഗേറ്റഡ് ജോണ്ടിസിന്്((Conjugated jaundice) ഇത് കാരണമാകുന്നു.

കുട്ടികളിലെ കരള്‍വീക്കം

കുട്ടികളിലെ കരള്‍രോഗങ്ങളില്‍ ഹെപ്പറ്റൈറ്റിസാണ് പ്രധാനം. അക്യൂട്ട് (പെട്ടെന്നുണ്ടായി തീവ്രസ്ഥിതിയില്‍ എത്തുന്ന), ക്രോണിക് (പഴക്കം ചെന്ന കരള്‍വീക്കം) എന്നിങ്ങനെ ഹെപ്പറ്റൈറ്റിസ് രണ്ടുതരത്തിലുണ്ട്. എ, ഇ എന്നിവ അക്യൂട്ട് വിഭാഗത്തില്‍ പെടും.

ഹെപ്പറ്റൈറ്റിസ് എ

സര്‍വസാധാരണമായി കാണപ്പെടുന്ന കരള്‍വീക്കമാണിത്. രോഗാണുകലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നു. രോഗബാധിതരുടെ മലത്തിലൂടെയാണ് പലപ്പോഴും വെള്ളവും അതുപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണവും മലിനമാക്കപ്പെടുന്നത്.
പനിയും മഞ്ഞപ്പിത്തവും ചുരുക്കം ചില കുട്ടികളില്‍ കരള്‍ പ്രവര്‍ത്തനരഹിതമാകാന്‍ (Acute liver failure) കാരണമായേക്കാം. ഹെപ്പറ്റൈറ്റിസ് എയ്ക്ക് പ്രതിരോധകുത്തിവെപ്പ് ലഭ്യമാണ്.

ഹെപ്പറ്റൈറ്റിസ് ഇ

ഇത് അത്രതന്നെ സാധാരണമല്ല. ഹെപ്പറ്റൈറ്റിസ് എയുടെപോലെത്തന്നെ അത് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നു.

ദീര്‍ഘകാല മഞ്ഞപ്പിത്തം
ഹെപ്പറ്റൈറ്റിസ് ബി

ദീര്‍ഘകാല മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളിലെ ഹെപ്പറ്റൈറ്റിസ് ബി പ്രധാനമായും രോഗബാധിതയായ അമ്മയില്‍നിന്ന് ജനനസമയത്താണ് പകരുന്നത്. വളരെ നേരത്തേതന്നെ കുഞ്ഞിന് വൈറസ് ബാധ വരുന്നതിനാല്‍ ക്രോണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരളിലെ കാന്‍സര്‍ (Hepatocellular carcinoma) എന്നിവയ്ക്ക് ഇത് വഴിയൊരുക്കാം. ചിലപ്പോള്‍ ഈ കുട്ടികള്‍ നിശ്ശബ്ദരായ അണുവാഹകര്‍ ആവാനും സാധ്യതയുണ്ട്. അതുവഴി രോഗത്തിന്റെ സമൂഹവ്യാപനത്തിനും ഇടവരുന്നു.

ചില കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിക്കുമ്പോള്‍ തന്നെ തീവ്ര ലക്ഷണങ്ങള്‍ പ്രകടമാകും. തലകറക്കം, ഛര്‍ദി, വിശപ്പില്ലായ്മ, കടുംനിറത്തിലുള്ള മൂത്രം, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് (Hepatitis B vaccine) ലഭ്യമാണ്. കുഞ്ഞുങ്ങളുടെ ഇപ്പോഴത്തെ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂളില്‍ അത് ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.

kid
Representative Image| Photo: GettyImages

അമ്മ ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതയാണെങ്കില്‍ പ്രസവസമയത്ത് കുഞ്ഞിലേക്ക് രോഗം പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണം. കുഞ്ഞ് ജനിച്ചയുടനെ ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യൂണോ ഗ്ലോബുലിന്‍ എന്ന ഇന്‍ജക്ഷനും തുടര്‍ന്ന് മൂന്ന് ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍ ഡോസുകളും എടുക്കേണ്ടതാണ്. ഇതിലൂടെ കുഞ്ഞിലേക്കുള്ള സംക്രമണവും ഭാവിപ്രശ്നങ്ങളും തടയാം.

ഹെപ്പറ്റൈറ്റിസ് സി

കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് സി ബാധ താരതമ്യേന കുറവാണ്. എങ്കിലും ഈ അണുബാധ നീണ്ടുനില്‍ക്കുന്ന മഞ്ഞപ്പിത്തം (Chronic hepatitis), സിറോസിസ് എന്നിവയിലേക്കു നയിച്ചേക്കാം. രോഗബാധിതയായ അമ്മയില്‍നിന്നും രക്തത്തിലൂടെ അല്ലെങ്കില്‍ ഡയാലിസിസ്, രോഗാണു കലര്‍ന്ന രക്തത്തിന്റെ സാന്നിധ്യമുള്ള ടൂത്ത് ബ്രഷ്, നെയില്‍ ക്ലിപ്പര്‍ എന്നിവയിലൂടെയും ഹെപ്പറ്റൈറ്റിസ് സി പകരാം.

ഭൂരിഭാഗം കുട്ടികളിലും രോഗം നിശ്ശബ്ദമാണ്. ചില കുട്ടികളില്‍ അത് ഗുരുതര സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നു. പനി, മഞ്ഞപ്പിത്തം, സന്ധിവേദന, ഛര്‍ദി, വയറുവേദന എന്നിവ രോഗലക്ഷണങ്ങളാണ്.

ഹെപ്പറ്റൈറ്റിസ് സി ആന്റിബോഡി ടെസ്റ്റ്, എച്ച്.സി.വി ആര്‍.എന്‍.എ ടെസ്റ്റ്, എച്ച്.സി.വി ജീനോടൈപ്പ് ടെസ്റ്റ് (അണു ഏതു തരത്തില്‍പ്പെട്ടതാണ് എന്നറിയുന്നതിനുള്ള ടെസ്റ്റ്)  എന്നിവയിലൂടെ രോഗം കണ്ടെത്താം.

കുട്ടികളിലെ കരള്‍ ചുരുക്കം

കുട്ടികളില്‍ പല ഘടകങ്ങളും കരള്‍ചുരുക്കത്തിന് (സിറോസിസ്) കാരണമാകാം. പിത്തക്കുഴലിന്റെ വികാസപ്രശ്നങ്ങള്‍, നവജാത ശിശുക്കളിലുള്ള കരള്‍വീക്കം, ഗാലക്ടോസീമിയ (Galactosemia), ടൈറോസിനീമിയ (Tyrosinemia) തുടങ്ങിയ രോഗാവസ്ഥകള്‍ ശൈശവത്തിലെ കരള്‍ ചുരുക്കത്തിന് ഇടയാക്കാം.

അല്പം കൂടി മുതിര്‍ന്ന കുട്ടികളില്‍ വരുന്ന കരള്‍ചുരുക്കത്തിന് പ്രധാന കാരണങ്ങള്‍ ഇനി പറയുന്നു:

അണുബാധ

ഹെപ്പറ്റൈറ്റിസ് ബി, സി കാരണമുണ്ടാകുന്ന ദീര്‍ഘകാല മഞ്ഞപ്പിത്തം.

ജനിതക/ ഉപാപചയ കാരണങ്ങള്‍

ഗാലക്ടോസീമിയ, അന്നജം അടിഞ്ഞുകൂടുന്ന രോഗങ്ങള്‍ (Glycogen storage disease), ഗോഷര്‍ രോഗം (Gaucher's disease), വില്‍സണ്‍സ് രോഗം (Wilson's diseas), പിത്തത്തിന്റെ ഒഴുക്കില്‍
തടസ്സം (Biliary cirrhosis).

പിത്തത്തിന്റെ ഒഴുക്കില്‍ തടസ്സം (Biliary cirrhosis)

പിത്തത്തിന്റെ ഒഴുക്കില്‍ തടസ്സം വന്ന് കരള്‍ചുരുക്കം ഉണ്ടാകുന്ന അവസ്ഥ. ബിലിയറി അട്രീഷ്യ (biliary atresia), കോളിഡോക്കല്‍ സിസ്റ്റ് (Choledochal cysts),വാട്ട്‌സണ്‍ അലഗില്‍ സിന്‍ഡ്രോം (watson alagille syndrome) എന്നിവ കാരണങ്ങളാണ്.

വില്‍സണ്‍സ് രോഗം

ചെമ്പിന്റെ ഉപാപചയത്തില്‍ തകരാര്‍ വരുന്നതിനാല്‍ ഉണ്ടാകുന്ന രോഗമാണ് വില്‍സണ്‍സ് രോഗം. ജനിതകമായ ഈ രോഗം ATP 7B എന്ന ജീനില്‍ വരുന്ന ക്രമക്കേടുകള്‍ കാരണമാണ്. കരളില്‍ ചെമ്പ് അടിഞ്ഞുകൂടി സിറോസിസിന് കാരണമാവുന്നു.

ഗ്ലൈക്കോജന്‍ സ്റ്റോറേജ് ഡിസീസ് (Glycogen storage disease)

ഗ്ലൈക്കോജന്‍ എന്ന അന്നജത്തിന്റെ ഉപാപചയത്തിന്റെ അളവിലും ഘടനയിലും വരുന്ന മാറ്റങ്ങള്‍, ജനിതകമായി സംഭവിക്കുന്ന പല എന്‍സൈമുകളുടെ കുറവിനാല്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് താഴുന്നു (Hypoglycaemia). ലാക്ടിക് അസിഡോസിസ് (Lactic acidosis) അഥവാ ശരീരത്തില്‍ യൂറിക്ക് ആസിഡ്, കൊഴുപ്പ് എന്നിവ ക്രമാതീതമായി വര്‍ധിക്കുന്നു.

കോളിസ്റ്റാസിസ് ഓഫ് ഇന്‍ഫന്‍സി

ശൈശവാവസ്ഥയില്‍ ചിലപ്പോള്‍ നവജാത ശിശുക്കളില്‍തന്നെ വരുന്ന കരള്‍വീക്കം (Hepatitis) പിത്തക്കുഴലുകളുടെ വികാസക്കുറവ് (Biliary atresia) എന്നിവ കാരണമായേക്കാം.
കടുത്ത മഞ്ഞപ്പിത്തവും പിത്തത്തിന്റെ ഒഴുക്കിലുള്ള തടസ്സം കാരണം വെളുത്ത നിറത്തിലുള്ള മലവും (pale stools) ഉണ്ടാകാം. അള്‍ട്രാസൗണ്ട്, ഹിഡ (HIDA) സ്‌കാന്‍ എന്നിവ വഴി നേരത്തെതന്നെ ബിലിയറി അട്രീഷ്യ കണ്ടെത്താം. ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയ (Kasai procedure) ചെയ്യേണ്ടതാണ്. രോഗനിര്‍ണയം വൈകിപ്പോയാല്‍ ഈ രോഗാവസ്ഥ സിറോസിസിലേക്കും കരളിന്റെ പ്രവര്‍ത്തനരാഹിത്യത്തിലേക്കും വഴിതെളിച്ചേക്കാം.

കോളിഡോക്കല്‍ സിസ്റ്റ്

പിത്തക്കുഴലില്‍ സംഭവിക്കുന്ന അസാധാരണമായ വികാസം. ഇത് ഗര്‍ഭാവസ്ഥയില്‍തന്നെ സംഭവിക്കുന്നു. സാധാരണമായി കരളിന് പുറത്തുള്ള പിത്തക്കുഴലിന്റെ ഭാഗങ്ങളെയാണ് ബാധിക്കുന്നത്. ചുരുക്കം ചിലപ്പോള്‍ കരളിനകത്തുള്ള പിത്തനാളങ്ങളേയും ബാധിക്കാം.

കരള്‍ ചുരുക്കത്തിന്റെ ലക്ഷണങ്ങള്‍

കരളിലെ കോശങ്ങള്‍ക്ക് പരിക്കുപറ്റി ക്രമേണ ഫൈബ്രോസിസ് (fibrosis) വന്നാണ് സിറോസിസിലേക്ക് നീങ്ങുന്നത്.

ആദ്യം കരള്‍ ചുരുക്കം നിശ്ശബ്ദമായിരിക്കും. ക്രമേണ വലിയതോതില്‍ രോഗലക്ഷണങ്ങള്‍ കാണപ്പെടും.

fatty liver
Representative Image| Photo: GettyImages

കണ്ണിനും മൂത്രത്തിനും കടുത്ത മഞ്ഞനിറം, സ്പൈഡര്‍ നീവൈ (Spider nevi-ഒരു എട്ടുകാലിയുടെ കാലുകളുടെ രൂപത്തില്‍ ചെറിയ രക്തധമനികളുടെ അറേഞ്ച്‌മെന്റ്. അവ നെഞ്ചിലും പുറത്തും കാണപ്പെടുന്ന അവസ്ഥ)  എന്നിവ കരള്‍ചുരുക്കത്തെ സൂചിപ്പിക്കുന്നു.

പാമാര്‍ എറിത്തീമ (Palmar erythema- കൈവെള്ളകളില്‍ ചുവപ്പുനിറം), മാലാര്‍ എറിത്തീമ (മുഖത്ത് പ്രത്യക്ഷപ്പെടുന്ന തുടിപ്പ്), ക്ലബ്ബിങ് (clubbing-നഖത്തിന്റെ ആകൃതിയില്‍ വരുന്ന മാറ്റം), അസൈറ്റിസ് (വയറില്‍ വരുന്ന നീര്) കാലില്‍ നീരുവന്ന് വീര്‍ക്കുന്നു, അമിതമായ ക്ഷീണം, പനി, രക്തം ഛര്‍ദിക്കുക, രക്തക്കുറവ്, ദേഹമാസകലം നീലിച്ച പാടുകള്‍ എന്നിവ കരള്‍ ചുരുങ്ങുന്നതിന്റെ ലക്ഷണങ്ങളാണ്.

കുട്ടികളിലെ ഫാറ്റി ലിവര്‍

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗം കുട്ടികളിലും കാണപ്പെടാം. ജീവിതശൈലിയിലെ ക്രമക്കേടാണ് ഇതിന്റെ പ്രധാന കാരണം. അമിതവണ്ണം, അനിയന്ത്രിതമായ ആഹാരശൈലി, ജങ്കഫുഡ് ഉപയോഗം, വ്യായാമത്തിന്റെ അഭാവം എന്നിവ കുട്ടികളില്‍ ഫാറ്റി ലിവര്‍ അവസ്ഥയുണ്ടാക്കാം.

തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ല. ക്രമേണ അത് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസിനും(കരള്‍വീക്കം), സിറോസിസിനും വഴിയൊരുക്കും. അപ്പോള്‍ വയറുവേദന, മഞ്ഞപ്പിത്തം, വീക്കം, ക്ഷീണം, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടേക്കാം. 

ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഒരുപരിധി വരെ കരളിനെ പഴയപടി ആക്കാവുന്നതാണ്. ഫാറ്റിലിവറുള്ള കുട്ടികള്‍ ചോക്ലേറ്റ്, ഐസ്‌ക്രീം, മധുരപലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. കൗമാരപ്രായക്കാരില്‍ മദ്യത്തിന്റെ ഉപയോഗം ഈ സ്ഥിതിയെ കൂടുതല്‍ രൂക്ഷമാക്കി സിറോസിസിലേക്ക് പെട്ടെന്ന് എത്തിക്കാം. സോഫ്റ്റ് ഡ്രിങ്ക് ഉപയോഗം അമിതവണ്ണത്തിനും ഫാറ്റിലിവറിനും വഴിയൊരുക്കും. അതുകൊണ്ട് അവ കഴിവതും ഒഴിവാക്കുക. മാനസികമായ സമ്മര്‍ദം (പരീക്ഷ, വീട്ടിലെ പിരിമുറുക്കം) കാരണം പല കുട്ടികളും അമിതമായി ആഹാരം കഴിക്കുന്നത് ഫാറ്റിലിവറിന് വഴിയൊരുക്കുന്നു. നല്ലവണ്ണം വെള്ളം കുടിക്കുന്നതും ചിട്ടയായ വ്യായാമവും കുട്ടി ശീലമാക്കേണ്ടതാണ്. 

പഴവര്‍ഗങ്ങളും ഇലവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കണം. ടെലിവിഷന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതും അലസമായ കൊറിക്കുന്നതും ഒഴിവാക്കുക. കുടുംബത്തോടൊത്ത് ഊണുമേശയ്ക്ക് ചുറ്റുമിരുന്ന് ഉല്ലാസമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുക. 

(പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് & ഇന്റര്‍വെന്‍ഷണല്‍ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ്, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ആണ് ഡോ. രമ കൃഷ്ണകുമാര്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സ് പ്രസിഡന്റ് ആണ് ഡോ. രമേഷ് കുമാര്‍)

Content Highlights: How to prevent Fatty Liver Disease in Children, Health, Liver Diseases, Kids Health

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്