ർഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെർവിക്സ് ഭാഗത്തെ കോശങ്ങളെ ബാധിക്കുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. ഈ കാൻസർ ബാധിക്കാനുള്ള സാധ്യത എല്ലാ സ്ത്രീകൾക്കുമുണ്ട്. മുപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസും അതിന്റെ പല സ്ട്രെയിനുകളും ആണ് ഇതിന് കാരണം. രക്തംപുരണ്ട യോനീസ്രവം, പെൽവിക് ഭാഗത്തുള്ള വേദന, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന എന്നിവയാണ് ഇതിന്റെ കാരണങ്ങൾ.

ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനാവും. രോഗമുണ്ടോയെന്ന് നിർണയിക്കാൻ സഹായിക്കുന്ന് പാപ്‌സ്മിയര്‍ ടെസ്റ്റ്, വാക്സിനേഷൻ, സുരക്ഷിതമായി ലൈംഗികബന്ധത്തിൽ ഏർപ്പെടൽ, പുകവലി ഒഴിവാക്കൽ, ആരോഗ്യകരമായ ജീവിതശൈലി പാലിക്കൽ തുടങ്ങിയ കാര്യങ്ങൾ സെർവിക്കൽ കാൻസറിനെ അകറ്റും.

ലാൻസറ്റ് ഗ്ലോബൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2018 ലെ സെർവിക്കൽ കാൻസർ മരണങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്.

ചില പ്രതിരോധ മാർഗങ്ങൾ ശീലിക്കുന്നതു വഴി സെർവിക്കൽ കാൻസറിനെ അകറ്റാൻ സാധിക്കും. അവ ഇവയെല്ലാമാണ്.

പുകവലി വേണ്ട

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് മാത്രമല്ല വഴിയൊരുക്കുന്നത്; സെർവിക്കൽ കാൻസറിന് കൂടിയാണ്. പല പഠനങ്ങളിലും പറയുന്നത് പുകയില ഉത്‌പന്നങ്ങൾ സെർവിക്സ് കോശങ്ങളുടെ ഡി.എൻ.എയ്ക്ക് കേടുവരുത്തുകയും അങ്ങനെ സെർവിക്കൽ കാൻസറിന് ഇടയാക്കുകയും ചെയ്യുമെന്നാണ്.

കൃത്യമായ സ്ക്രീനിങ്

സെർവിക്സിലെ അസ്വാഭാവികതകൾ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയാണ് പാപ്സ്മിയർ ടെസ്റ്റ്. പഠനങ്ങളിൽ കണ്ടെത്തിയത് 41-50 പ്രായപരിധിയിലുള്ള സ്ത്രീകളിൽ ആർത്തവവിരാമത്തോട് അനുബന്ധിച്ച് പ്രത്യുത്‌പാദന സംവിധാനത്തിൽ പലതരം മാറ്റങ്ങളും ഉണ്ടാവുന്നുണ്ടെന്നാണ്. ഇത്തരം മാറ്റങ്ങൾ പാപ്സ്മിയർ ടെസ്റ്റിലൂടെ കണ്ടെത്തിയാൽ സെർവിക്കൽ കാൻസറിനുള്ള സാധ്യത നേരത്തെ കണ്ടെത്താം.

സുരക്ഷിതമായ സെക്സ് ശീലിക്കാം

പല പഠനങ്ങളും തെളിയിക്കുന്നത് ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളിമാരുള്ള സ്ത്രീകൾക്ക് സെർവിക്കൽ കാൻസറിനുള്ള സാധ്യത കൂടുതലാണ് എന്നതാണ്. അതിനാൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സുരക്ഷിതമായ മാർഗങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ കൃത്യമായി വൈദ്യപരിശോധന നടത്തുകയും വേണം.

വാക്സിനേഷൻ

സെർവിക്കൽ കാൻസറിന് കാരണമായ ചിലതരം ഹ്യൂമൻ പാപ്പിലോമ വൈറസുകളെ പ്രതിരോധിക്കാൻ വാക്സിനുകൾ ലഭ്യമാണ്. ഡോക്ടറുമായി സംസാരിച്ച ശേഷം ഡോക്ടറുടെ നിർദേശപ്രകാരം വാക്സിനെടുക്കാം.

ജീവിതശൈലിയിൽ മാറ്റം വരുത്താം

ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുക. യോനിയിൽ നിന്ന് അസ്വാഭാവികമായതോ വെള്ളം പോലെയുള്ളതോ ആയ ഡിസ്ച്ചാർജ് പുറത്തുവരുന്നുണ്ടോയെന്ന് നോക്കണം. പോഷകങ്ങൾ ഉൾപ്പെടുന്ന സമീകൃതമായ ഡയറ്റ് പാലിക്കണം. ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തണം. പാപ്സ്മിയർ ടെസ്റ്റിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ തുടർപരിശോധനകളും മറ്റും കൃത്യമായി നടത്തണം.

Content Highlights:How to prevent Cervical Cancer tips to follow, Cervical Cancer, Health, Cancer Awareness