മെയ് 4 ലോക ആസ്തമ ദിനമായി ആചരിക്കുകയാണ്. ' ആസ്തമയെക്കുറിച്ചുള്ള മിഥ്യാബോധങ്ങളും തെറ്റിദ്ധാരണകളും തുറന്നുകാട്ടുക' എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ആസ്തമയെ കുറിച്ച് മിക്കവര്‍ക്കും അമിത ഭീതിയാണ് ആസ്തമയാണെന്ന് കണ്ടെത്തിയാൽ ഈ കാലത്തും അത് ഉള്‍ക്കൊള്ളാന്‍ മിക്കവര്‍ക്കും  പ്രയാസമാണ്. 

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്ന് 339 മില്യണ്‍ ജനതയാണ് ആസ്തമയുമായി ജീവിക്കുന്നത്. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രകടമാവുന്ന രോ​ഗമാണ്.  വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട്, കുറുങ്ങല്‍ എന്നിവയും കുഞ്ഞുങ്ങളില്‍ ശരീരഭാരം കുറയുക, വിട്ടുമാറാത്ത ശ്വാസകോശ അണുബാധകളും ആണ് പ്രധാന ലക്ഷണങ്ങള്‍. ആസ്തമ രോഗലക്ഷണങ്ങൾ മൂലം ഉറക്കമില്ലായ്മ, അമിതക്ഷീണം, ഊര്‍ജ്ജമില്ലായ്മ, സ്കൂളിൽ നിന്നും ജോലി സ്ഥലത്തു നിന്നും അവധിയെടുക്കേണ്ട അവസ്ഥയ്ക്കും കാരണമാകുന്നു.

ആസ്തമയുടെ കാരണക്കാര്‍ 

1. ജനിതകം
2. അലര്‍ജി 
a. വീടിനുള്ളില്‍
വീടിനുള്ളിലെ പൊടി, വളര്‍ത്തു മൃഗങ്ങള്‍- പട്ടി,പൂച്ച, കർട്ടനുകൾ, പരവതാനികള്‍
b. പുറത്ത് 
പൂമ്പൊടി, പൂപ്പല്‍
3. പുകവലി
4. ജോലിസ്ഥലത്തെ രാസവസ്തുക്കൾ
5. അന്തരീക്ഷ മലിനീകരണം
6. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം
 തണുപ്പ് മൂലം ശ്വാസകോശത്തിന്റെ ഭിത്തികളിൽ ഉണ്ടാകുന്ന നീര്‍ക്കെട്ട്, ശ്വാസകോശഭിത്തിയുടെ ചുരുക്കം എന്നിവയാണ് ലക്ഷണത്തിന് കാരണമാകുന്നത്.

രോഗനിര്‍ണയം നടത്താൻ

1. മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍
2. അപകട ഘടകം / രോഗത്തിന് കാരണമാകുന്നവയുടെ സാനിധ്യം, അലര്‍ജിയുടെ ലക്ഷണങ്ങള്‍.
3.സ്പെെറോമെട്രി പരിശോധന,  
ശ്വാസകോശത്തിന് പ്രവര്‍ത്തനക്ഷമത നോക്കുമ്പോള്‍ ശ്വാസകോശ സങ്കോച ശേഷി / ചുരുക്കം കുറഞ്ഞ് ശ്വാസനാളങ്ങള്‍ വികസിക്കുന്നതിന്റെ തെളിവ്.

ലക്ഷണങ്ങള്‍ ക്രമീകരിക്കാന്‍ എന്തെല്ലാം ചെയ്യാം

1. രോഗം ഉണ്ടാകാന്‍ കാരണമാകുന്ന അപകടഘടകങ്ങൾ തടയുക.
2. ലക്ഷണങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ അവ കുറയ്ക്കുവാന്‍ വേണ്ടി റിലീവർ തെറാപ്പി  (reliever therapy) ഉപയോഗിക്കുക.
ഉദാഹരണത്തിന്- സാല്‍ബ്യുട്ടമോള്‍, ലൂക്കോട്രെയീന്‍, ആന്റഗോണിസ്റ്റുകള്‍, ആന്റിഹിസ്റ്റമിന്‍ എന്നിവ.
3. അലര്‍ജി തടയാന്‍ കൃത്യനിഷ്ഠയുള്ള ജീവിതശൈലി.

ആസ്തമ ലക്ഷണങ്ങള്‍ നിയന്ത്രണവിധേയമാകാത്തതിന്റെ കാരണങ്ങള്‍ 

1. പുകവലി
2. ജി.ഇ.ആർ.ഡി. (Gastro Esophageal Reflex Dose)
3. സൈനസൈറ്റിസ്
4. അമിതവണ്ണം
5. മരുന്നുകള്‍ എടുക്കുന്ന രീതിയിലുള്ള തെറ്റ്
6. അണുബാധ
7. ഫം​ഗല്‍ സെന്‍സിറ്റെഷന്‍/ ABPA
8. അന്തരീക്ഷ മലിനീകരണം
9. അമിതരക്തസമ്മര്‍ദം / അനിയന്ത്രിതമായ പ്രമേഹം.

ആസ്തമ പോലെ കാണുന്ന മറ്റ് അസുഖങ്ങള്‍

1. സി.ഒ.പി.ഡി.- പുകവലിക്കുന്നവരില്‍ വരുന്ന അസുഖങ്ങള്‍
2. ഈസ്‌നോഫീലിയ മൂലമുണ്ടാകുന്ന ശ്വാസകോശത്തിന്റെ അലര്‍ജി.
3. ഫം​ഗല്‍ സെന്‍സിറ്റെഷന്‍/ ABPA

ആസ്തമയുടെ ചികിത്സാരീതികള്‍

1. ശ്വാസനാളങ്ങളുടെ ചുരുക്കം കുറയ്ക്കുവാന്‍ ബ്രോങ്കോഡയലേറ്റര്‍സ്. സാൽബ്യൂട്ടമോൾ, സാൽമെട്രോൾ എന്നിവ
2. ലൂക്കോട്രെയീൻ ആന്റ​ഗോണിസ്റ്റുകൾ
ഉദാഹരണത്തിന് Mantelukast
3. നിത്യ വ്യായാമം
4. അലര്‍ജിയുള്ള വസ്തുക്കള്‍ ഉപേക്ഷിക്കുക, ഉദാഹരണത്തിന് കോസ്മറ്റിക്‌സ്, പെര്‍ഫ്യൂം.

വിട്ടുമാറാത്ത ഒരു അസുഖമായിട്ടാണ് ആസ്തമയെ കാണുന്നത്. ഇതൊരു മാറാരോഗം ആണെന്ന് പറയുന്ന കാലം കഴിഞ്ഞു. കൃത്യമായ ചികിത്സ എടുക്കുന്നതിലൂടെ ആസ്തമയുടെ ലക്ഷണങ്ങള്‍ ക്രമീകരിക്കുവാന്‍ കഴിയുന്നതാണ്. വളരെ കുറവ് മരുന്നുകള്‍ കൊണ്ടോ മരുന്ന് ഇല്ലാതെയോ ആസ്തമയെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും. ഓരോ വ്യക്തിയ്ക്കനുസരിച്ചാണ് ചികിത്സ. ആസ്തമ രോഗം ഏതു ഘട്ടത്തിലെത്തി എന്നതനുസരിച്ചാണ് രോഗലക്ഷണം കാണിക്കുന്നത്. അതിനനുസരിച്ചുള്ള മരുന്നുകളാണ് രോഗിക്ക് നല്‍കുന്നത്. കഠിനമായ ആസ്തമ രോഗികള്‍ക്കും നവീകരിച്ച ചികിത്സ രീതികള്‍ ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന്
1. അല്ലെര്‍ജന്‍ ഇമ്മ്യുണോ തെറാപ്പി
2. ആന്റി ഐ.ജി.ഇ. ട്രീറ്റ്‌മെന്റ്
3. ബ്രോങ്കിയല്‍ തെര്‍മോപ്ലാസ്റ്റി (Bronchial thermoplasty)
4. നവീകരിച്ച മരുന്നുകള്‍ (Ultralong acting drugs)

ആസ്തമയെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ ഇന്‍ഹേലര്‍ തെറാപ്പിയോടുള്ള അവഗണനയാണ്. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ മരുന്ന് ശ്വാസകോശത്തിലേക്ക് വളരെ പെട്ടെന്ന് എത്തും. 

ഇന്‍ഹേലര്‍ തെറാപ്പിയുടെ ഗുണങ്ങള്‍

1. മരുന്നിന്റെ ഡോസ് കുറച്ച് മതി.
2. ശ്വാസകോശത്തില്‍ മാത്രമായി എത്തുന്നു, അതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ കുറയുന്നു.
3. മരുന്നിന്റെ പ്രവര്‍ത്തനം വേഗത്തില്‍ ആയതിനാല്‍ വേഗത്തിലുള്ള ആശ്വാസം ലഭിക്കുന്നു.
4. കുറഞ്ഞ ചികിത്സാച്ചെലവ്
5. ​ഗുളികയെ അപേക്ഷിച്ച് വളരെ കുറച്ച് മരുന്ന് ഉപയോഗിച്ചാല്‍ മതി.
6. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ പ്രമേഹം വരാന്‍ സാധ്യതയില്ല.
7. അമിത വണ്ണം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ മറ്റു മരുന്നുകള്‍ കഴിക്കുമ്പോള്‍ പാര്‍ശ്വഫലമായി അമിതവണ്ണത്തിന് സാധ്യതയുണ്ട്.

കടുത്ത ആസ്തമ രോഗികള്‍ക്ക് ഇടയ്ക്കിടയ്ക്ക് ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടിവരുന്നു. അല്ലാത്തപക്ഷം മരുന്നുകള്‍ സ്വീകരിക്കുന്ന റിസപ്റ്ററുകളുടെ എണ്ണം കുറഞ്ഞുവരുന്നു. അതുമൂലം ആസ്തമയുടെ മരുന്നുകള്‍ പിന്നീട് ഉപയോഗിക്കുമ്പോള്‍ അതിന് ഫലപ്രാപ്തി ലഭിക്കുകയില്ല. കാലാവസ്ഥ മാറുമ്പോള്‍ ആസ്തമ രോഗത്തിന്റെ തീവ്രത കൂടുന്നു. വരണ്ട കാലാവസ്ഥയില്‍ നമ്മുടെ ശ്വാസനാളങ്ങളില്‍ ഇന്‍ഫ്ളമേറ്ററി മീഡിയേറ്റര്‍സ് കൂടുതല്‍ പുറത്ത് വരുന്നത് വഴി രോഗിക്ക് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

കാലാവസ്ഥവ്യതിയാനം അനുസരിച്ച് ആസ്തമ രോഗികള്‍ ഡോക്ടറെ കണ്ട് കൃത്യമായ മരുന്നുകള്‍ നേരത്തെ കരുതിയിരിക്കണം.

ഗര്‍ഭിണികളിലെ ആസ്തമ 

ഗര്‍ഭിണികളിലെ ആസ്തമ നിയന്ത്രിക്കാന്‍ പരിമിതികളുണ്ട്. പല മരുന്നുകളും ഗര്‍ഭകാലത്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഗര്‍ഭിണികളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ അത് ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുന്നു. അതിനാല്‍ ഗര്‍ഭിണികള്‍ ആസ്തമയുടെ മരുന്നുകള്‍ നിര്‍ത്തുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് ചികിത്സ പരിഷ്‌ക്കരിക്കേണ്ടതാണ്. മുലയൂട്ടുന്ന അമ്മമാരും ഇത് ശ്രദ്ധിക്കണം.

(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ പൾമണോളജിസ്റ്റാണ് ലേഖിക)

Content Highlights: How to control Asthma in Pregnancy What is Asthma and its treatments, Health, Asthma