കേരളത്തിലെ സ്ത്രീകളില്‍ ഇപ്പോള്‍ നാല്‍പ്പത് വയസ്സ് മുതല്‍ക്കു തന്നെ ഹൃദ്രോഗം കണ്ടുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം കൊണ്ടുള്ള മരണസാധ്യതയും കൂടുകയാണ്. സ്ത്രീകളെ ബാധിക്കുന്ന രോഗത്തില്‍ മുന്‍പന്തിയില്‍ സ്തനാര്‍ബുദം ഉണ്ടെങ്കിലും മരണ കാരണമാവുന്ന രോഗം ഹൃദ്രോഗമാണ്. ഹൃദ്രോഗം മൂലം 9.1 ദശലക്ഷം സ്ത്രീകള്‍ പ്രതിവര്‍ഷം മരിക്കുന്നുവെന്നാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പറയുന്നത്. 

ആര്‍ത്തവ കാലത്ത് ഈസ്ട്രജന്‍ ഹോര്‍മാണിന്റെ ഒരു ചെറിയ സംരക്ഷണം സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുരുഷന്മാരേക്കാള്‍ 10-15 വര്‍ഷം കഴിഞ്ഞേ സ്ത്രീകള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരൂ എന്നാണ് സാധാരണകണക്കുകൂട്ടല്‍. പക്ഷെ ഈ ആനുകൂല്യം നഷ്ടമാവുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. 

പ്രായം, ജനിതകം, കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം പോലുള്ള ഹൃദ്രോഗത്തിലേക്ക് നയിക്കാവുന്ന രോഗങ്ങള്‍, പുകവലി, ഭക്ഷണരീതി, വ്യായാമക്കുറവ്, അമിതവണ്ണം എന്നിവയൊക്കെ തന്നെയാണ് സ്ത്രീകളിലേയും ഹൃദ്രോഗത്തിന്റെ പ്രധാന ആപത് ഘടകങ്ങള്‍. 

സ്ത്രീകളിലെ രോഗസൂചനകള്‍

സ്ത്രീകളിലെ ഹൃദ്രോഗലക്ഷണങ്ങള്‍ പുരുഷന്മാരുടേത് പോലെ അല്ല. ഈ വ്യത്യാസം മൂലം സ്ത്രീകള്‍ ഡോക്ടര്‍മാരെ പോലും കുഴപ്പിക്കാറുണ്ട്. ഹൃദ്രോഗലക്ഷണമായി സ്ത്രീകളില്‍ കാണുറുള്ളത് നെഞ്ചുവേദനയല്ല. 

ദഹനക്കേട് കിതപ്പ്, കഴുത്ത് താടിയെല്ല, കൈകള്‍ എന്നിവിടങ്ങളില്‍ അസ്വാസ്ഥ്യം എന്നീ ലക്ഷണങ്ങളാണ്.ഈ ലക്ഷണങ്ങളെ ഡോക്ടര്‍മാര്‍ പോലും ഉത്കണ്ഠയോ ദഹനപ്രശ്‌നമോ ആയി തെറ്റിദ്ധരിച്ച് ചികിത്സിക്കാന്‍ ഇടയുണ്ട്. ഇതുമൂലം സ്ത്രീകളിലെ ഹൃദ്രോഗം തിരിച്ചറിയുന്നത് വൈകാനും ഇടയുണ്ട്. എന്നാല്‍ ഹൃദയാഗാതത്തിന്റെ കാര്യത്തില്‍ സാധാരണ ലക്ഷണങ്ങള്‍ തന്നെയാണ് കാണാറുള്ളത്.

Content Highlight: Heart Disease in Women