ലോകം വീണ്ടും എബോള ഭീഷണി നേരിടുന്നു. കോംഗോയില്‍ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടനയാണ് പുറത്തുവിട്ടത്. എബോള വൈറസ് ബാധിച്ചവര്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യത പകുതി പോലും ഇല്ലെന്നാണ് വിദഗ്ധാഭിപ്രായം. 

കോംഗോ, സുഡാന്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1976ലാണ് ആദ്യമായി എംബോള വൈറസ് രോഗം ആദ്യമായി കാണുന്നത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, സിയറ ലിയോണ്‍, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ എബോള കാര്യമായി ബാധിച്ചിരിക്കുന്നത്. കോംഗോയിലെ നദിയുടെ പേരില്‍ അറിയപ്പെടുന്ന ഈ രോഗം ഇന്ത്യയില്‍ കണ്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2014 ആഗസ്തില്‍ ലോകാരോഗ്യസംഘടന എബോള ബാധയെ ആരോഗ്യഅടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്.

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ, രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകള്‍, മാനുകള്‍, മുള്ളന്‍ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗംകാണുന്നുണ്ട്.

രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം. ശരിയായി പാകപ്പെടുത്തിയ മാംസം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാല്‍തന്നെ ശരിയാ മുന്‍കരുതല്‍ രോഗംപകരുന്നത് തയാന്‍ കഴിയും.

പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗത്തിന്റെ സ്വാഭാവിക വാഹകര്‍. അതേസമയം ഇവയെ രോഗം ബാധിക്കുകയുമില്ല. വവ്വാലുകള്‍ പകുതി കഴിച്ച പഴങ്ങളും മറ്റും ഭക്ഷിക്കുന്നതുവഴി മറ്റ് മൃഗങ്ങള്‍ക്കും രോഗംബാധിക്കുന്നതായി കരുതുന്നു.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ വൈറല്‍ രോഗങ്ങളില്‍ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരില്‍ രോഗാവസ്ഥ കുറച്ചുദിവസങ്ങള്‍കൊണ്ട് തനിയെ മാറുന്നു. എന്നാല്‍ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗംവന്ന് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരില്‍ ക്രമേണ കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവര്‍ക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരള്‍ രോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു. ഈയൊരുരീതിയതന്നെയാണ് എബോളയുടെ കാര്യത്തിലും സംഭവിക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്.

രോഗനിര്‍ണയം എങ്ങനെ?

വ്യക്തമായ പശ്ചാത്തലവിവരണംതന്നെയാണ് രോഗനിര്‍ണയത്തിന് വേണ്ടത്. ജോലി, യാത്രാസംബന്ധമായ വിവരങ്ങള്‍, രോഗികളുമായോ, മൃഗങ്ങളുമായോ ഉള്ള സമ്പര്‍ക്കം ഇവയെല്ലാം അപഗ്രഥിക്കേണ്ടതാണ്. ഈ രോഗലക്ഷണങ്ങളുമായി സാമ്യമുള്ള മറ്റ് അസുഖങ്ങള്‍ (മലേറിയ, ടൈഫോയ്ഡ്, ഡങ്കി, ടൈഫസ് ഫീവര്‍) ഉണ്ടാകാനുള്ള സാധ്യത ദുരീകരിക്കുകയും വേണം.

രോഗം സ്ഥിരീകരിക്കാന്‍, ഇന്ത്യയില്‍ ലഭ്യമല്ലാത്ത ചെലവേറിയ ലാബ് പരിശോധനകളും സഹായിക്കും. പരിശോധനയ്ക്കുള്ള രക്തസാമ്പിളുകള്‍വഴി രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്.

എബോളയ്ക്ക് ചികിത്സയുണ്ടോ? 

മറ്റേത് വൈറല്‍ പനിയെയും പോലെ സപ്പോര്‍ട്ടീവ് ചികിത്സതന്നയൊണ് പ്രധാനം. വൈറസ് രോഗത്തിനുള്ള മരുന്നകള്‍ ലഭ്യമല്ലാത്തതിനാലാണിത്. അതുകൊണ്ടുതന്നെ രോഗനിര്‍ണയത്തിനായി ചെലവേറിയ പരിശോധനകള്‍ നടത്തേണ്ടതില്ല.

എബോള രോഗത്തിനുള്ള ചില മരുന്നുകള്‍ പരീക്ഷണഘട്ടത്തിലാണ്. രോഗ പ്രതിരോധത്തിനായി വാക്‌സിനുകളും ലഭ്യമല്ല.

60 ഡിഗ്രി ഊഷ്മാവില്‍ 30 മുതല്‍ 60 മിനുട്ട് വരെ ചൂടാക്കിയാല്‍ അല്ലെങ്കില്‍ അഞ്ച് മിനുട്ട് നേരം തിളപ്പിച്ചാല്‍ വൈറസ് നശിച്ചുപോകും. അണുബാധയേറ്റതായി സംശയിക്കുന്ന വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടാല്‍ അണുബാധയകറ്റാം. തിളപ്പിച്ച് ഉപയോഗിക്കുകയുമാകാം. അണുബാധയേറ്റതായി സംശയിക്കുന്ന പ്രതലങ്ങള്‍ ബ്ലീച്ചിങ് പൗഡര്‍ ലായിനി ഉപോയഗിച്ച് ശുചീകരിക്കുന്നതും ഉചിതമാണ്.

പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ അവരെ മറ്റുള്ളവരില്‍നിന്ന് അകറ്റിനിര്‍ത്തി നീരീക്ഷിക്കേണ്ടതാണ്.

എബോളയുടെ വൈറസ് ബാധയുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം

ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരെയാണ് എബോള പ്രധാനമായും ബാധിച്ചത്. അന്ധവിശ്വാസം, അറിവില്ലായ്മ, പോഷകാഹാരകുറവ്, രോഗചികിത്സാസംവിധാനങ്ങളുടെ അഭാവം, തെറ്റായ ജീവിത ശൈലികള്‍ തുടങ്ങിയവയെല്ലാം രോഗംമൂര്‍ച്ഛിക്കാനിടയാക്കുന്ന കാര്യങ്ങളാണ്. എലിപ്പനി, ഡങ്കിപ്പനി എന്നീ രോഗമുള്ളവരില്‍ മരണംസംഭവിക്കുന്നത് മറ്റ് അനുബന്ധരോങ്ങളുമുള്ളതിനാലാണെന്ന് കാണാം. പുകവലി, മദ്യപാനം, പോഷകാഹാരക്കുറവ് തുടങ്ങിയവയും കാരണമാണ്. ഈ അവസ്ഥതന്നെയാണ് എബോള രോംഗ ബാധിച്ചവര്‍ക്കുമുള്ളത്. അതുകൊണ്ടുതന്നെ എബോള വൈറസിനെ പേടിക്കുന്നവര്‍ രോഗംവരാന്‍ കാരണമായ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിലേയ്ക്കാണ് ശ്രദ്ധതിരിക്കേണ്ടത്.

ആഫ്രിക്കയില്‍ രോഗംവരാന്‍ കാരണം ഇത്തരം പശ്ചാത്തലമാണ്. രോഗികളെ പരിചരിക്കുന്നവര്‍ പാലിക്കേണ്ട ശുചിത്വം, കുടിവെള്ളത്തിനും സോപ്പിനുംവരെ ക്ഷാമമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അസാധ്യമാണ്. എല്ലാവര്‍ക്കും ശുദ്ധജലം, സമീകൃതാഹാരം, നല്ല ജീവിതശൈലി ശീലിക്കല്‍, രോഗബാധയ്‌ക്കെതിരെയുള്ള അവബോധം ഇവയെല്ലാം ലഭ്യമായാല്‍ ആഫ്രിക്കയില്‍പോലും ഈ രോഗം നിയന്ത്രിക്കാനാകും.

എബോള വൈറസിനെ പേടിക്കുന്നവര്‍, എലിപ്പനി, ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, കോളറ, ടിബി, എയിഡ്‌സ് തുടങ്ങി എല്ലാ പകര്‍ച്ചവ്യാധികളെയും പേടിക്കണം. കാരണം ഇവയ്‌ക്കെല്ലാം അടിസ്ഥാനകാരങ്ങള്‍ ഇവയാണ്. 

1. പോഷകാഹാരക്കുറവ്(ഇന്ത്യയിലുമുണ്ട്).
2. ശുചിത്വക്കുറവ്(വ്യക്തിശുചിത്വം, മാലിന്യസംസ്‌ക്കരണം, പരിസരശുചിത്വം).
3. ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം.
4. തെറ്റായ ജീവിതശൈലികള്‍(പുകവലി, മദ്യപാനം, വ്യായാമക്കുറവ്, അമിതാഹാരം).
5. മരുന്നുകളുടെ അമിത ഉപയോഗവും അനാവശ്യ പ്രയോഗങ്ങളും.

ഡോക്ടര്‍മാരുടേയോ ആസ്പത്രികളുടേയോ എണ്ണം കൂട്ടിയതുകൊണ്ടോ, പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയതുകൊണ്ടോ പരിശോധന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതുകൊണ്ടോ എബോള വൈറസിനെയോ മറ്റ് പകര്‍ച്ചവ്യാധികളെയോ പടിക്ക് പുറത്താക്കാന്‍ കഴിയില്ലെന്ന് ജനങ്ങളും ഡോക്ടര്‍മാരും തിരിച്ചറിയണം. ദീര്‍ഘവീക്ഷണത്തോടെയുള്ള സാമൂഹിക, സാമ്പത്തിക, വിദ്യഭ്യാസ, കൃഷി, നിയമപരിഷ്‌കാരങ്ങളാണ് അടിയന്തരമായി നടപ്പാക്കേണ്ടത്. ദീര്‍ഘവീക്ഷണത്തോടെയുള്ള ആരോഗ്യനയം ഉണ്ടാക്കേണ്ടതുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്:ഡോ. പി.കെ ശശിധരന്‍, ഡോ. വിനീത് രാജഗോപാല്‍
(കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം അധ്യാപകരാണ് ലേഖകര്‍)