കേരളത്തില്‍ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ഡയെബറ്റിസ് അഥവാ പ്രമേഹം. കേരളത്തിലെ ജനങ്ങളില്‍ ഏകദേശം 20 ശതമാനം പേര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണക്കുകള്‍.  പ്രമേഹ രോഗികളുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തിന്റെ ആസ്ഥാനമാവുമ്പോള്‍ കേരളം ഇന്ത്യയുടെ തലസ്ഥാനമായി മാറുന്നുവെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. 

ഡയബെറ്റിസ് രോഗം ചികിത്സിച്ചു ഭേദമാക്കാനാവാതെ ദീര്‍ഘകാലം തുടരുമ്പോള്‍ അത് രോഗിയുടെ കിഡ്നി, നാഡികള്‍, കണ്ണുകള്‍ എന്നീ അവയവങ്ങളെ ബാധിച്ചേക്കാം. ഇത്തരത്തില്‍ ഈ രോഗം കണ്ണുകളെ ബാധിക്കുന്ന അവസ്ഥയാണ് ഡയബെറ്റിക് റെറ്റിനോപ്പതി.

പ്രമേഹം എങ്ങനെയാണ് കണ്ണുകളെ ബാധിക്കുന്നത്?

കണ്ണുകളിലെ നാഡീപടലമായ 'റെറ്റിന'യെയാണ് പ്രമേഹ രോഗം പ്രധാനമായും ബാധിക്കുന്നത്. പ്രമേഹ രോഗത്തിന്റെ നിയന്ത്രണം, ഈ രോഗം ബാധിച്ച ശേഷമുള്ള കാലയളവ് എന്നീ കാര്യങ്ങളാണ് ഒരു രോഗിയില്‍ 'ഡയബെറ്റിക് റെറ്റിനോപ്പതി' പിടിപെടാനുള്ള സാധ്യതയെ നിര്‍ണയിക്കുന്നത്. പ്രമേഹത്തിനൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നീ രോഗങ്ങള്‍ ഉള്ളവരിലും ഡയബെറ്റിക് റെറ്റിനോപ്പതി വരാനുള്ള സാധ്യത കൂടുതലാണ്. 

സാധാരണ പത്തു വര്‍ഷത്തിലേറെക്കാലം പ്രമേഹ രോഗമുള്ള 80% രോഗികളിലും രോഗം റെറ്റിനയെ ബാധിച്ചേക്കാം. പ്രമേഹം കിഡ്നിയെ ബാധിച്ചവരിലും ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉള്ള സ്ത്രീകളിലും റെറ്റിനോപ്പതി കൂടുതലായി കാണപ്പെടുന്നു.

പ്രമേഹം മറ്റെല്ലാ അവയവങ്ങളേയും ബാധിക്കുന്നതുപോലെ കണ്ണുകളിലെയും ചെറിയ രക്തക്കുഴലുകളെയാണ് പ്രധാനമായി ബാധിക്കുന്നത്. ഇത് രക്തക്കുഴലുകളില്‍ നേരിയ ചോര്‍ച്ചകളും ചിലയിടങ്ങളില്‍ അടവുകളും ഉണ്ടാക്കുന്നു. രക്തക്കുഴലുകളിലെ അടവുകള്‍ കാരണം റെറ്റിനയിലേക്കുള്ള രക്തയോട്ടം കുറയുകയും റെറ്റിനയിലേക്കെത്തുന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. രക്തക്കുഴലുകളുടെ ബലക്കുറവ് കാരണം ഇവ എളുപ്പത്തില്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നു. നീര്‍ക്കെട്ടുണ്ടാകാനും സാധ്യതയുണ്ട്. ഈ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഡയബെറ്റിക് റെറ്റിനോപ്പതി രണ്ട് തരം

ഡയബെറ്റിക് റെറ്റിനോപ്പതിയെ അതിന്റെ തീവ്രതയനുസരിച്ച് പ്രധാനമായി രണ്ടായി തരംതിരിക്കാം. തീവ്രത കുറഞ്ഞ, എന്‍.പി.ഡി.ആര്‍ എന്ന അവസ്ഥയും കൂടുതല്‍ അപകടകാരിയായ പി.ഡി.ആര്‍ എന്ന അവസ്ഥയും.

പ്രാരംഭഘട്ടമായ എന്‍.പി.ഡി.ആറില്‍ സാധാരണ അവസ്ഥയില്‍ നിന്നുള്ള ചെറിയ വ്യതിയാനങ്ങള്‍ കണ്ണിന്റെ നാഡീപടലത്തില്‍ കണ്ടുതുടങ്ങുന്നു. റെറ്റിനയില്‍ ചെറിയ പൊട്ടുകള്‍ പോലെ രക്തം പ്രത്യക്ഷപ്പെടുക, പലയിടത്തും കൊഴുപ്പടിയുക തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തിലാണ് ആരംഭിക്കുന്നത്. ഈ വ്യത്യാസങ്ങള്‍ക്കൊപ്പം രക്തക്കുഴലുകളില്‍ ചെറിയ പൊട്ടലുകളും ഞരമ്പുകളില്‍ പലയിടത്തായി നീര്‍ക്കെട്ടും ഉണ്ടായേക്കാം. എന്‍.പി.ഡി.ആര്‍ എന്ന ഈ അവസ്ഥയുടെ ആരംഭത്തില്‍ പലപ്പോഴും രോഗിയുടെ കാഴ്ചശക്തി സാധാരണനിലയില്‍ തന്നെയായിരിക്കും. കുറച്ചുകൂടി കഴിയുമ്പോള്‍ റെറ്റിനയില്‍ കാഴ്ചയുടെ കേന്ദ്രമായ 'മാക്കുല'(macula) യിലെ കൊഴുപ്പടിയല്‍, നീര്‍ക്കെട്ട്, രക്തയോട്ടം എന്നീ കാരണങ്ങളാല്‍ കാഴ്ചശക്തി കുറയാന്‍ സാധ്യതയുണ്ട്. 

പി.ഡി.ആര്‍ എന്ന അവസ്ഥ കൂടുതല്‍ അപകടകാരമാണ്. പി.ഡി.ആറില്‍ 'റെറ്റിന'യില്‍ സാധാരണയല്ലാത്ത ശക്തി കുറഞ്ഞ രക്തക്കുഴലുകള്‍ ധാരാളമായി വളരുന്നു. 'റെറ്റിന'യിലെ രക്തയോട്ടക്കുറവിനെ നേരിടാനായി റെറ്റിനയില്‍ നിന്നുതന്നെ വളരുന്ന ഇത്തരം രക്തക്കുഴലുകള്‍, വളരെ ബലം കുറഞ്ഞവയും എളുപ്പത്തില്‍ പൊട്ടിപ്പോകുന്നവയുമാണ്. ഈ രക്തക്കുഴലുകള്‍ പൊട്ടി, കണ്ണിനുള്ളിലേക്ക് രക്തസ്രാവമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ഈ രക്തക്കുഴലുകള്‍ കാലം ചെല്ലുമ്പോള്‍ റെറ്റിനയില്‍ പലയിടങ്ങളിലും വലിവുകളുണ്ടാക്കുന്ന രീതിയിലുള്ള ബാന്‍ഡുകളായി മാറുകയും റെറ്റിന ഇളകി വിട്ടുപോകുന്ന അവസ്ഥ ഉണ്ടാവുകയുംചെയ്യുന്നു. ഇതെല്ലാം കാരണം പി.ഡി.ആര്‍ അവസ്ഥയില്‍ രോഗിക്ക് കാഴ്ച തീരെ കുറഞ്ഞുപോകാനും ഒരുപക്ഷേ പൂര്‍ണ്ണമായും നഷ്ടപ്പെട്ടുപോകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവസ്ഥയില്‍ നഷ്ടപ്പെടുന്ന കാഴ്ച വീണ്ടുകിട്ടാനുള്ള സാധ്യത തീരെ കുറവുമാണ്.

ചികിത്സ

പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ത്തന്നെ നിലനിര്‍ത്തുകയാണെങ്കില്‍ രോഗം കണ്ണിനേയും മറ്റവയവങ്ങളെയും ബാധിക്കാനുള്ള സാധ്യത കുറയുന്നു. പ്രമേഹമുള്ള രോഗി ആദ്യത്തെ നേത്രപരിശോധനയ്ക്കുശേഷം രോഗത്തിന്റെ തീവ്രതയനുസരിച്ച് പ്രാരംഭഘട്ടങ്ങളില്‍, ആറ് മാസത്തില്‍ ഒരിക്കലോ നാലു മാസത്തില്‍ ഒരിക്കലോ നേത്രരോഗവിദഗ്ദ്ധന്റെ നിര്‍ദ്ദേശപ്രകാരം കണ്ണുകള്‍ പരിശോധിപ്പിക്കണം. കാഴ്ചക്കുറവ് അനുഭവപ്പെട്ടു തുടങ്ങുന്ന അവസ്ഥയില്‍ ഒരുപക്ഷേ കണ്ണിലെ രക്തക്കുഴലിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി 'റെറ്റിന'യുടെ 'ആന്‍ജിയോഗ്രാം' ടെസ്റ്റ് ചെയ്തു നോക്കാം. കാഴ്ചയുടെ കേന്ദ്രബിന്ദുവായ 'ഫോവിയ'യിലേക്കുള്ള രക്തയോട്ടക്കുറവ്, റെറ്റിനയിലെ നീര്‍ക്കെട്ട് രക്തക്കുഴലുകളിലെ ചോര്‍ച്ച, അടവ് എന്നിവയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും ചികിത്സ നിര്‍ദ്ദേശിക്കാനും റെറ്റിനയുടെ ആന്‍ജിയോഗ്രാം വളരെ സഹായകമാണ്. ഈ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ കണ്ണില്‍ ലേസര്‍ ഉപയോഗിച്ചോ, മറ്റു ചിലപ്പോള്‍ കുത്തിവെയ്പ്പ് ഉപയോഗിച്ചോ  ചികിത്സിക്കേണ്ടത് ആവശ്യമാകാം.

ഈ ഘട്ടങ്ങളില്‍ രോഗം കൂടുതല്‍ വഷളാകും മുന്‍പ് ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ രോഗിയുടെ കാഴ്ച ആ നിലയ്ക്കെങ്കിലും നിലനിര്‍ത്തി കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വഷളായ പി.ഡി.ആര്‍ ഘട്ടത്തില്‍ ചിലപ്പോള്‍ കണ്ണിനുള്ളിലേക്ക് രക്തസ്രാവം ഉണ്ടായ അവസ്ഥയിലോ റെറ്റിന വിട്ടുപോയ അവസ്ഥയിലോ ആകും രോഗി ഡോക്ടറെ സമീപിക്കുന്നത്. ഈ അവസ്ഥയില്‍ രോഗിക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. കര്‍ശനമായ പ്രമേഹ നിയന്ത്രണവും കൃത്യമായ നേത്രപരിശോധനയും ആവശ്യമെങ്കില്‍ ചികിത്സയും ചെയ്യുകയാണെങ്കില്‍ പ്രമേഹരോഗികളിലും ഏറെക്കാലം കാഴ്ച കാത്തു സൂക്ഷിക്കാന്‍ സാധിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്: ഐ.എം.എ ലൈവ്

Content Highlight: diabetic retinopathy causes symptoms and treatment, diabetic retinopathy treatment, diabetes and eye