ഴക്കാലമെത്താന്‍ പോവുന്നു. പനിയും പകര്‍ച്ചവ്യാധികളും മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിലലെങ്കില്‍ മഴക്കാലത്ത് പനി തന്നെയാവും വില്ലന്‍.

പനിയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെങ്കിലും അതീവജാഗ്രത പുലര്‍ത്തേണ്ടുണ്ട്. ജീവിതശൈലീ രോഗങ്ങളുള്ളവരിലും പ്രായമായവരിലും കുട്ടികളിലും മറ്റും ഈ പനി സങ്കീര്‍ണതകള്‍ക്ക് വഴിവെയ്ക്കാം. അതിനാല്‍ രോഗം വരാതെനോക്കാനാണ് എല്ലാവരും ശ്രദ്ധചെലുത്തേണ്ടത്.

ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗം കൊതുകുകളാണ് നമ്മുടെ നാട്ടില്‍ വൈറസ് പരത്തുന്നത്. 

ഡെങ്കിപ്പനി, ലക്ഷണങ്ങള്‍

വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം.

മറ്റ് പനികളില്‍നിന്നുള്ള വ്യത്യാസം

സാധാരണ വൈറല്‍പനിക്ക് സമാനമാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍. എങ്കിലും മറ്റ് പനികളില്‍നിന്ന് വ്യത്യസ്തമായി അതികഠിനമായ ശരീരവേദന ഉണ്ടാകാം. രോഗിയില്‍ കഫക്കെട്ട്, മൂക്കൊലിപ്പ് എന്നിവ ഉണ്ടാകണമെന്നില്ല.

ലക്ഷണങ്ങള്‍ ഉണ്ടായാല്‍

ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നുകളില്ല. ലക്ഷണങ്ങളും രോഗതീവ്രതയും പരിഗണിച്ച് ഉചിതമായ ചികിത്സയാണ് നിശ്ചയിക്കുക. പനി വന്നാല്‍ ഒരിക്കലും സ്വയം ചികിത്സിക്കരുത്. രോഗതീവ്രത മനസ്സിലാക്കി മൂന്നുവിഭാഗങ്ങളായി പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ഡെങ്കിപ്പനി ബാധിക്കുന്ന മിക്കയാളുകള്‍ക്കും കിടത്തിച്ചികിത്സ ആവശ്യമായി വരാറില്ല.

ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ത്തന്നെ പരിചരിക്കാവുന്ന അവസ്ഥയിലുള്ളവരെയാണ് ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുത്തുന്നത്. 

ഡെങ്കിപ്പനി വന്നവര്‍ക്ക് പൂര്‍ണവിശ്രമം വേണം. ധാരാളം വെള്ളം കുടിക്കണം. പനി കുറയാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകഴിക്കാം. തുടര്‍ന്നും ലക്ഷണങ്ങള്‍ കഠിനമായി നിലനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം.

പനിയോടൊപ്പം ഛര്‍ദിയും രക്തസ്രാവലക്ഷണവും ഉള്ളവരാണ് ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെടുന്നത്. രോഗലക്ഷണങ്ങളുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായംകൂടിയവര്‍, പ്രമേഹബാധിതര്‍ എന്നിവരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.

പനിയോടൊപ്പം ഗുരുതര രക്തസ്രാവം, ബി.പി. വലിയതോതില്‍ കുറയുക, മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുക എന്നീ അവസ്ഥയിലുള്ളവരെയാണ് ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുത്തുന്നത്. അടിയന്തരചികിത്സ ആവശ്യമായിവരുന്ന ഘട്ടമാണിത്.

ഒന്നിലധികം തവണ പനി വന്നാല്‍

ഒരാള്‍ക്കുതന്നെ ഒന്നിലധികംതവണ ഡെങ്കിപ്പനി ബാധിക്കാം. അങ്ങനെയായാല്‍ അത് സങ്കീര്‍ണമാകാനുള്ള സാധ്യത കൂടുതലാണ്. ജനിതകഘടനയനുസരിച്ച് ഡെങ്കി വൈറസിന് നാല് ഉപവിഭാഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഒരാളെ ഒരിക്കല്‍ ബാധിച്ച വൈറസ് തന്നെയാവണമെന്നില്ല വീണ്ടും ബാധിക്കുന്നത്. ഒരാളില്‍ത്തന്നെ വീണ്ടും ബാധിക്കുമ്പോള്‍ അത് ഗുരുതരമായ ഡെങ്കി ഹെമറാജിക് ഫീവര്‍ ആകാന്‍ സാധ്യതകൂടുതലാണ്. ആന്തരിക രക്തസ്രാവം, ബി.പി. കുറയുക തുടങ്ങിയ അവസ്ഥകളോടെ ഡെങ്കി ഷോക് സിന്‍ഡ്രോം ആകാനും സാധ്യതകൂടും.

പകല്‍നേരത്തെ കൊതുകുകടി

ഈഡിസ് കൊതുകുകള്‍ പകല്‍സമയത്താണ് കടിക്കുന്നത്. അതുകൊണ്ട് പകല്‍നേരത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഡെങ്കിയെ തുരത്താന്‍

ഡെങ്കിപ്പനി കൊതുകുകടിയിലൂടെ മാത്രമേ പകരുകയുള്ളൂ. അതിനാല്‍ കൊതുക് നശീകരണമാണ് ഡെങ്കിപ്പനി തടയാനുള്ള ഏറ്റവും പ്രധാനവഴി.  ഈഡിസ് കൊതുകുകള്‍ വീട്ടിന് പരിസരത്തും വീട്ടിനുള്ളിലുമെല്ലാം വളരാം. ഇവ തെളിഞ്ഞവെള്ളത്തിലാണ് മുട്ടയിടുന്നത്.

ഒരു സ്പൂണ്‍ വെള്ളത്തില്‍പ്പോലും കൊതുകുകള്‍ മുട്ടയിട്ടുവളരാം. അതിനാല്‍ ഉറവിടത്തില്‍ത്തന്നെ കൊതുകിനെ നശിപ്പിക്കാന്‍ ശ്രദ്ധിക്കണം.

പുരയിടം, പൊതുസ്ഥലം: വലിച്ചെറിഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട് തുടങ്ങി വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങളിലെല്ലാം കൊതുക് വളരാം. അതിനുള്ള സാധ്യതകള്‍ ഒഴിവാക്കണം.
വീട്ടിനുള്ളില്‍: പൂച്ചെട്ടികള്‍ക്ക് അടിയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഇടം, ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ഇടം.

ഫ്രിഡ്ജിനിടയിലെ ട്രേ ഒന്നിടവിട്ട ദിവസങ്ങളില്‍ വൃത്തിയാക്കുക. വെള്ളം സംഭരിച്ചുവെയ്ക്കുന്ന പാത്രങ്ങളില്‍ കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക.

കൃഷിയിടങ്ങള്‍: റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകളിലും കവുങ്ങിന്‍തോട്ടങ്ങളില്‍ വീണുകിടക്കുന്ന പാളകളിലും മരപ്പൊത്തുകളില്‍ വെള്ളം കെട്ടിനല്‍ക്കുന്നിടത്തും ഇവ മുട്ടയിടാം. അതുകൊണ്ട് തോട്ടങ്ങളില്‍ കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കണം.
കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക. പനി ബാധിച്ചവര്‍ കൊതുകുവലയ്ക്കുള്ളില്‍വേണം വിശ്രമിക്കാന്‍.

പനി വന്നാല്‍

** പെട്ടെന്നുണ്ടാകുന്ന പനി  ** തലവേദന ** വായില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം ** പേശീ, ** സന്ധി വേദന ** ഛര്‍ദി ** ചുവന്ന പാടുകള്‍, കുത്തുകള്‍ ** വയറിളക്കം 

 സങ്കീര്‍ണാവസ്ഥ

** രക്തസമ്മര്‍ദം കുറയല്‍  ** ശ്വാസകോശത്തിനും നെഞ്ചിന്‍കൂടിനുമിടയില്‍ നീര്‍ക്കെട്ട് **  ശ്വാസകോശാവരണത്തിനിടയില്‍ നീര്‍ക്കെട്ട്, ** വയറുവീര്‍ക്കല്‍ ** ആമാശയത്തിലും കുടലിലും രക്തസ്രാവം

 മറ്റു ലക്ഷണങ്ങള്‍

** ബോധത്തിലും ചിന്തയിലുമുണ്ടാകുന്ന വ്യതിയാനങ്ങള്‍ ** സന്നി, വിറയല്‍ ** ചൊറിച്ചില്‍ ** ഹൃദയമിടിപ്പ് കുറയുക

പനിവന്നാല്‍ തുടക്കത്തില്‍  വൈദ്യസഹായം തേടണം 

ഏതുതരം പനിയായാലും തുടക്കത്തില്‍ വൈദ്യസഹായം തേടണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകഴിക്കുകയും വിശ്രമമെടുക്കുകയും ചെയ്യണം. വൃക്കരോഗികളും ഹൃദ്രോഗികളും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പനിയുള്ളപ്പോള്‍ പതിവായി കാണിക്കുന്ന ഡോക്ടറുടെ സേവനം തേടുകയോ പുതുതായി കാണിക്കുന്ന ഡോക്ടറോട് വിവരം പറയുകയോ വേണം. പനിയുള്ളപ്പോള്‍ ധാരാളം വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കാം. പനി ഭേദമായ ശേഷമേ മറ്റു ജോലികളില്‍ ഏര്‍പ്പെടാവൂ. 

വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കിയാല്‍ പനി പടര്‍ത്തുന്ന കൊതുകുകളെ നശിപ്പിക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇതിനായി വീട്ടിലും പുറത്തും പരിശോധന നടത്തണം.