ഡെങ്കിലോകത്ത് പ്രതിവര്‍ഷം 10 കോടിയോളം പേര്‍ക്ക് പിടിപെടുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഇവരില്‍ അഞ്ചുലക്ഷം പേര്‍ക്ക് മാരകമായ ഡെങ്കി ഹെമറേജിക് ഫീവര്‍ (ഡി.എച്ച്.എഫ്.) പിടിപെടുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏയ്ഡീസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പെട്ടെന്ന് പിടികൂടുക. ഒരുതവണ കൊതുകിന്റെ കടിയേറ്റാല്‍ തന്നെ രോഗം പിടിപെട്ടേക്കാം. എന്നാല്‍ രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം നേരിട്ട് പകരില്ല. രോഗിയെ കടിക്കുന്ന കൊതുകുകളിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരും.

ലക്ഷണങ്ങള്‍
മൂന്നുദിവസം മുതല്‍ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനില്‍ക്കുന്നത്. തലവേദന, പനി, കടുത്ത ക്ഷീണം, സന്ധികളിലും പേശികളിലും വേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. പനി പെട്ടെന്ന് 104 ഡിഗ്രിവരെ ഉയരുന്നതായും കാണപ്പെടുന്നു. ഹൃദയമിടിപ്പ് സാവധാനത്തിലാകുന്നതും രക്തസമ്മര്‍ദം കുറയുന്നതും രോഗത്തിന്റെ മറ്റു ലക്ഷണങ്ങളാണ്.

സാധാരണ ഡെങ്കിപ്പനി അത്ര അപകടകാരിയല്ല. രോഗം പിടിപെട്ടവരില്‍ ഒരുശതമാനത്തില്‍ താഴെമാത്രമേ മരണനിരക്ക് ഉണ്ടാകാറുള്ളൂ. ഒന്നോ രണ്ടോ ആഴ്ച നീണ്ടുനില്‍ക്കുന്ന പനി കടുത്തക്ഷീണം അവശേഷിപ്പിച്ച് പിന്മാറും. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ പിന്നെയും ആഴ്ചകളെടുക്കും.

ഡെങ്കി ഹെമറേജിക് ഫീവര്‍
കേരളത്തിലെ ആറു ജില്ലകളില്‍ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി-ഡെങ്കി ഹെമറേജിക് ഫീവര്‍ പരക്കാനിടയുണ്ടെന്ന് ദേശീയ സാംക്രമികരോഗനിവാരണ യൂണിറ്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

നാലുതരം വൈറസുകളാണ് ഡെങ്കി ഹെമറേജസ് ഫീവര്‍ പരത്തുന്നത്. ഒരിനം ഡെങ്കിപ്പനി പിടിപെട്ടയാള്‍ക്ക് മറ്റൊരു വൈറസ് ബാധകൂടിയുണ്ടാകുമ്പോഴാണ് ഡി. എച്ച്.എഫ് ഉണ്ടാകുന്നത്. തൊണ്ടവേദന, ചുമ, മനംപിരട്ടല്‍, ഛര്‍ദി, അടിവയറ്റില്‍ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ തുടങ്ങി ഒരാഴ്ചയ്ക്കകം രോഗം മൂര്‍ച്ഛിക്കും. ഇതോടെ രോഗി തളര്‍ന്നുപോകും. നാഡിമിടിപ്പ് ദുര്‍ബലമാവുന്നതും വായയ്ക്കുചുറ്റും കരുവാളിപ്പുണ്ടാകുന്നതും ലക്ഷണങ്ങളില്‍ പെടുന്നു. രോഗം ഗുരുതരമായാല്‍ രക്തസ്രാവമുണ്ടാകും. വായ, മൂക്ക് എന്നിവയിലൂടെയും മലത്തിലൂടെയും രക്തം വരാം. ത്വക്കിലും രക്തസ്രാവലക്ഷണങ്ങള്‍ കണ്ടേക്കാം. അടിയന്തര വൈദ്യസഹായം കിട്ടിയില്ലെങ്കില്‍ രോഗിയുടെ ജീവന്‍ അപകടത്തിലായേക്കും. ഇത്തരം പനിയില്‍ ആറുമുതല്‍ 30 ശതമാം വരെയാണ് മരണനിരക്ക്. കുട്ടികളിലാണ് ഡെങ്കി ഹെമറേജിക് ഫീവര്‍ അപകടകരമാകുന്നത്.

കൊതുക് പെരുകുന്നത് തടയുകയും വലകളുപയോഗിച്ച് കൊതുക് കടിക്കാതെ നോക്കുകയുമാണ് ഡെങ്കിപ്പനി വരാതിരിക്കാന്‍ ചെയ്യേണ്ടത്. രോഗിയും കൊതുകുവല ഉപയോഗിക്കാന്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ രോഗപ്പകര്‍ച്ച തടയാന്‍ കഴിയൂ. വെള്ളം കെട്ടിക്കിടക്കുന്ന മഴക്കാലത്താണ് കൊതുകുകളുടെ പെരുക്കവും അതുവഴി ഡെങ്കിപ്പനിപോലുള്ള പനികളും പടരുന്നത്. മുന്‍കരുതലാണ് ഇവിടെ ഒരേയൊരു രക്ഷാമാര്‍ഗം.

ഡെങ്കി

ഒഴിവാക്കാം പനിമരണങ്ങൾ

പനിമരണങ്ങൾ പലപ്പോഴും വിവാദമാകാറുണ്ട്. ഒരു ചെറിയ പനിയെത്തുടർന്ന് ഉറ്റവർ മരിക്കുന്നത് ആർക്കും ഉൾക്കൊള്ളാനാവില്ല. പനിപ്പേടിപിടിച്ച ഒരു സമൂഹത്തിൽ ഉയർന്ന പനിമരണനിരക്കുകൾ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പനിബാധിച്ച് പരിഭ്രാന്തരായി ആസ്പത്രിയിലെത്തുന്നവരാണ് പലപ്പോഴും അനാവശ്യ പരിശോധനകൾക്കും അമിതചികിത്സയ്ക്കും വിധേയരാകുന്നത്. സംയമനത്തോടെ തുടക്കത്തിൽത്തന്നെ കൃത്യമായ ചികിത്സ സ്വീകരിക്കുകയും വിശ്രമമെടുക്കുകയും ചെയ്താൽമാത്രം മാറുന്നവയാണ് ഇപ്പോഴത്തെ പനികളിലേറെയുമെന്നതാണ് വസ്തുത.

മരണകാരിയാവുന്നത്‌ എന്തുകൊണ്ട്‌
സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2011-16 കാലത്തുമാത്രം സംസ്ഥാനത്ത് 775 പേർ വിവിധതരം പനിയെത്തുടർന്ന് മരിച്ചിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികളാണ് പ്രധാനമായും മരണകാരണമായിരിക്കുന്നത്. സംസ്ഥാനത്ത് എച്ച്1 എൻ1 പനിബാധിച്ച് ഇതുവരെ 36 പേർ മരിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ശരീരപ്രതിരോധശേഷി കുറഞ്ഞ ഒരുവിഭാഗമാൾക്കാരിൽ മാത്രമാണ് പനി മാരകമാകുന്നതും മരണകാരണമാകുന്നതും. ഇവിടെ പനി പ്രത്യക്ഷ മരണകാരണമാകുന്നില്ല. ദീർഘസ്ഥായീരോഗങ്ങളെത്തുടർന്ന് തകരാറിലായ ആന്തരാവയവങ്ങൾക്ക് പനിബാധയെത്തുടർന്ന് പൂർണമായും പ്രവർത്തനസ്തംഭനമുണ്ടാകുന്നതാണ് പനിമരണകാരണം.
                                                                                                                                   കൂടുതല്‍ വായിക്കാം