സംസ്ഥാനത്തെ രണ്ട് കോളേജുകളിലെ നാനൂറോളം വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു കൊണ്ടുള്ള വാര്‍ത്ത ഈ അടുത്ത ദിവസമാണ് പുറത്തുവന്നത്. കോളേജിലെ ജലവിതരണ സംവിധാനത്തിന്റെ പോരായ്മകളിലേക്കാണ് മഞ്ഞപ്പിത്തം വ്യാപിച്ചതിന്റെ കാരണം തേടിയിറങ്ങിയവരെല്ലാം എത്തിച്ചേര്‍ന്നത്.

അതെ, മഞ്ഞപ്പിത്തമെന്ന രോഗം ഗുരുതരമാണ്. ചെറിയ ശ്രദ്ധക്കുറവിലൂടെ പോലും വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള സാംക്രമികരോഗമാണത്. ജലദൗര്‍ലഭ്യം കൂടി നേരിടുന്ന ഈ വേനലില്‍ മഞ്ഞപ്പിത്തത്തെ കരുതിയിരിക്കേണ്ടത് ഏറെ പ്രാധാന്യം നല്‍കേണ്ട കാര്യമാണ്. കരളിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുന്ന ഒരു രോഗമാണിതെന്നതിനാല്‍ വളരെ കരുതലോടെയുള്ള ചികിത്സയും പരിചരണവും അത്യാവശ്യമാണ്.

മഞ്ഞപ്പിത്തവും കരളിന്റെ ആരോഗ്യവും

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. വ്യക്തിയുടെ പൊതുവായ ആരോഗ്യപരിരക്ഷയില്‍ പ്രധാന പങ്ക് വഹിക്കുന്ന ധാരാളം കര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു. അതിനാല്‍ കരളിന് രോഗബാധ ഉണ്ടാകുമ്പോള്‍, കരളിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല തടസ്സപ്പെടുന്നത്. ശരീരത്തെ മൊത്തം അത് ദോഷകരമായി ബാധിക്കും.

കരളിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ മറ്റൊരവയവത്തിനും ആവുകയുമില്ല. നാം കഴിക്കുന്ന ആഹാരത്തിലെ പ്രോട്ടിന്റെയും അന്നജത്തിന്റെയും രാസപരിണാമം, കൊഴുപ്പ് എരിക്കല്‍, ഇവയെല്ലാം കരളാണ് നിര്‍വഹിക്കുന്നത്. വിഷവസ്തുക്കളെ നിര്‍വീര്യമാക്കാനും കരളിനു കഴിയുന്നു. കരളിന്റെ മറ്റൊരു ധര്‍മമാണ് പിത്തരസം ഉത്പ്പാദിപ്പിക്കല്‍. ദഹനത്തിനുവേണ്ടി കരളില്‍നിന്ന് ഉദ്പാദിപ്പിച്ച് പിത്തനാളികള്‍ വഴി ചെറുകുടലിലേക്ക് ദ്രാവകരൂപത്തില്‍ ഒഴുകുന്ന ഒന്നാണ് പിത്തം. മഞ്ഞയും പച്ചയും കലര്‍ന്ന നിറമാണ് പിത്തത്തിന്റെത്. പിത്തത്തിലുള്ള 'ബിലുറുബിന്‍' ആണ് ഈ നിറം നല്കുന്നത്. രോഗമില്ലാത്ത അവസ്ഥയില്‍ ബിലുറുബിന്റെ രക്തത്തിലുള്ള അളവ് 0.4 മി.ഗ്രാം ആണ്. 0.6 മി.ഗ്രാം വരെയുമാകും.

കരളിലെ ഓരോ കോശങ്ങളിലും പിത്തത്തിന്റെ ഉദ്പാദനം നടക്കുന്നു. കോശങ്ങളില്‍നിന്നും അതിസൂക്ഷ്മങ്ങളായ നാളികളിലേക്ക് ഒഴുകുന്ന പിത്തം വലിയ പിത്തനാളികളിലെത്തിച്ചേരുന്നു. രക്തത്തിലെ പിത്തത്തിന്റെ അളവ് രണ്ട് മി.ഗ്രാമില്‍ക്കൂടുമ്പോള്‍ കണ്ണിലും മൂത്രത്തിലും നഖങ്ങളിലും മറ്റും മഞ്ഞനിറം കണ്ടു തുടങ്ങുന്നു. ഇതിനെയാണ് മഞ്ഞപ്പിത്തം എന്നു നാം വിളിക്കുന്നത്. കരളിനുരോഗം ബാധിച്ചാല്‍ പിത്തരസം കുടലിലേക്കൊഴുകാതെ തടസ്സപ്പെടുന്നു. കരളിലെ ചെറുനാളങ്ങളിലെല്ലാം അത് നിറയും. പിത്തരസം വീണ്ടും കരള്‍ ഉത്പ്പാദിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് രക്തത്തിലേക്ക് പ്രവേശിക്കുകയും മേല്‍പറഞ്ഞ രീതിയില്‍ മഞ്ഞനിറം ദേഹത്താകെ വ്യാപിക്കുകയും ചെയ്യും. ഒപ്പം ദേഹമാകെ ചൊറിച്ചിലും അനുഭവപ്പെട്ടേക്കാം.

പ്രധാനമായും മൂന്നു കാരണങ്ങളാല്‍ മഞ്ഞപ്പിത്തം അനുഭവപ്പെടാം. 

അമിതമായി രക്താണുക്കള്‍ നശിക്കുന്നതുകൊണ്ടും കരള്‍ കോശങ്ങളുടെ നാശംകൊണ്ടും പിത്തനാളികളിലെ തടസ്സങ്ങളാലും. അമിതമായ മദ്യപാനവും ചില പ്രത്യേക രാസവസ്തുക്കള്‍, ചിലതരം വൈറസുകള്‍, രാസൗഷധങ്ങള്‍ എന്നിവ നിമിത്തവും കരളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. പിത്താശയത്തിലെ കല്ലുകള്‍, അര്‍ബുദരോബാധ എന്നിവയാല്‍ പിത്തനാളികളില്‍ തടസ്സമുണ്ടാകാം.

മഞ്ഞപ്പിത്തം എങ്ങനെ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം?

പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛര്‍ദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്. കൂടാതെ ഉന്മേഷക്കുറവും അരുചിയും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും മറ്റു ചില ലക്ഷണങ്ങളാകുന്നു. മൂത്രത്തില്‍ ചോറിട്ട് കുറേസമയം കഴിഞ്ഞ് നോക്കിയാല്‍ ചോറില്‍ മഞ്ഞനിറം പറ്റിയിട്ടുണ്ടെങ്കിലും മൂത്രമൊരു കുപ്പിയിലൊഴിച്ച് നന്നായി കുലുക്കിയാലുണ്ടാകുന്ന പതയ്ക്കു മഞ്ഞനിറമുണ്ടെങ്കിലും മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കാം.

കരള്‍ കോശങ്ങളുടെ നശീകരണം സംഭവിക്കാന്‍ ചില പ്രത്യേകതരം വൈറസുകള്‍ കാരണമാകുന്നു. ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് ഇവ ശരീരത്തിലെത്തുന്നത്. രോഗമുള്ള ആളുടെ വിസര്‍ജ്യവസ്തുക്കളാല്‍ ഭക്ഷണപദാര്‍ഥമോ കുടിവെള്ളമോ മലിനീകരിക്കപ്പെടുമ്പോള്‍ രോഗം പടര്‍ന്നുപിടിക്കുന്നു. വിദ്യാലയങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, സദ്യനടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഇത് സംഭവിക്കാം. വേറെ ചിലയിനം വൈറസുകള്‍ രോഗിയുടെ രക്തത്തിന്റെ അംശം, രക്തദാനം, ബ്ലേഡുകള്‍, സൂചിമുനകള്‍, ലൈംഗികവേഴ്ച എന്നിവ വഴി ശരീരത്തിലെത്തി രോഗകാരിയാകുന്നു. വൈറസ് ബാധ വിട്ടുമാറാതെനിന്ന് സീറോസിസ്, കരള്‍കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ശരീരമാസകലം നീരുണ്ടാകുക, കണ്ണും മുഖവും രക്തവര്‍ണത്തിലാകുക, മൂത്രത്തിലും ഛര്‍ദിക്കുന്നതിലും രക്തം കാണുക, മോഹാലസ്യം, ശരീരത്തളര്‍ച്ച എന്നിവയാണ് ആയുര്‍വേദ ആചാര്യന്മാര്‍ വിശദീകരിക്കുന്ന മഞ്ഞപ്പിത്തത്തിന്റെ അസാധ്യലക്ഷണങ്ങള്‍. 

മഞ്ഞപ്പിത്ത സമയത്ത് രോഗിക്ക് പരിപൂര്‍ണവിശ്രമം ആവശ്യമാണ്. നിഷ്പ്രയാസം ദഹിക്കുന്ന ഭക്ഷണം കുറഞ്ഞ അളവില്‍ പലതവണയായി ഉപയോഗിക്കാം. ഫലവര്‍ഗങ്ങള്‍ കഴിക്കാം. ഉപ്പ്, എരുവ്, മസാല, എണ്ണയില്‍ വറുത്തവ, കൊഴുപ്പേറിയവ എന്നിവ ഒഴിവാക്കണം. രോഗം പരിപൂര്‍ണമായി മാറുന്നതുവരെ പഥ്യം തുടരണം.രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലെടുക്കു കയും വേണം.

മഞ്ഞപ്പിത്തം, കരുതിയിരിക്കാം, കരുതലെടുക്കാം

മഞ്ഞപ്പിത്തം വരാതെ നോക്കുക തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം. പുറത്തുനിന്ന് പതിവായി ആഹാരം കഴിക്കേണ്ടിവരുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയേ പറ്റൂ. തണുത്ത വെള്ളം തന്നെയാണ് പ്രധാന വില്ലന്‍.

  • തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാനുപയോഗിക്കാവൂ. വെള്ളം നന്നായി തിളച്ചശേഷം ചൂടാറ്റുക. 
  •   തിളച്ച വെള്ളത്തിലേയ്ക്ക് പച്ചവെള്ളമൊഴിച്ച് തണുപ്പിക്കുന്നതുകൊണ്ടു പ്രയോജനമില്ല.
  • ചൂടുള്ള ഭക്ഷണം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി വേണം ഉപയോഗിക്കാന്‍.
  • കൊണ്ടുനടന്നു വില്‍ക്കുന്ന ആഹാരസാധനങ്ങള്‍ വേണ്ടെന്നുവെക്കാം. പ്രത്യേകിച്ച് ഐസ് ക്രീം, മധുര പലഹാരങ്ങള്‍ എന്നിവയൊക്കെ.
  • ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക. കുടിച്ചാല്‍തന്നെ ഐസ് ഒഴിവാക്കുക.
  • കുലുക്കിസര്‍ബത്ത് പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കാം. മലിനജലം നേരിട്ട് ഉള്ളില്‍ ചെല്ലാന്‍ ഇത്തരം പാനീയങ്ങള്‍ കാരണമാകും.
  • അസുഖം വന്നാല്‍ ഉടനെ ശരിയായ ചികിത്സ തേടുകയാണ് വേണ്ടത്. 

 

വിവരങ്ങള്‍ക്ക് കടപ്പാട്:ഡോ.കെ മുരളീധരന്‍ പിള്ള