കുഴഞ്ഞുവീണു മരിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പതിവായിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഓട്ടന്‍തുള്ളല്‍ കലാകാരന്‍ ഗീതാനന്ദന്റേയും കഥകളി കലാകാരന്‍ മടവൂര്‍ വാസുദേവന്‍ നായരുടേയും മരണവാര്‍ത്തയും അവതരണത്തിനിടെ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചുവെന്ന തലക്കെട്ടില്‍ തന്നെയാണ് നാം വായിച്ചത്. കായികാധ്വാനം ഏറെയുള്ള ഇത്തരം കലാകാരന്മാര്‍ പോലും കുഴഞ്ഞുവീണു മരണങ്ങള്‍ക്കിരയാവുമ്പോള്‍ നമ്മളറിയേണ്ടത് എന്താണ് ഇത്തരം മരണങ്ങളുടെ കാരണങ്ങള്‍ എന്നാണ്.. ഈ മരണങ്ങളിലേക്ക് നയിക്കുന്ന ശാരീരിക സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്നാണ്. 

തളര്‍ന്നു വീഴല്‍, തലകറങ്ങി വീഴല്‍, മോഹാലസ്യപ്പെട്ട് വീഴല്‍...കുഴഞ്ഞു വീഴലിന്റെ പല പേരുകള്‍, പല ഭാവങ്ങള്‍...പേര് എന്തായാലും കുഴഞ്ഞു വീണത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയലാണ് ഇതിന് ചികിത്സിക്കുന്നതിന് മുന്‍പുള്ള ആദ്യഘട്ടം. അതായത് കുഴഞ്ഞുവീണ വ്യക്തിക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനു മുന്‍പ് കുഴഞ്ഞുവീണതിന്റെ കാരണം എന്താക്കെയാവാം എന്നതിനെ കുറിച്ച് പ്രാഥമിക പരിജ്ഞാനമെങ്കിലും വേണം. 

fainted

കുഴഞ്ഞുവീഴല്‍ പലവിധം

നിരവധി കാരണങ്ങള്‍ കൊണ്ട് കുഴഞ്ഞുവീഴല്‍ സംഭവിക്കാം. കുഴഞ്ഞുവീഴുന്നതിനെല്ലാം ഒരേ കാരണങ്ങള്‍ കൊണ്ടാണെന്ന് കരുതുന്നത് മഹാ അബദ്ധമാണ്. പ്രായവും സാഹചര്യവും ശാരീരിക പ്രശ്‌നങ്ങളും, മാനസിക സമ്മര്‍ദ്ദവും, കാലാവസ്ഥ പോലും കുഴഞ്ഞുവീഴലിന്റെ കാരണങ്ങളെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. അതായത് ഏന്തെങ്കിലും കഠിനമായ ജോലി ചെയ്യുന്നതിനിടെ പ്രായമേറിയ ഒരാള്‍ കുഴഞ്ഞു വീഴുന്നത് പോലെയല്ല സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഒരു വിദ്യാര്‍ഥി തളര്‍ന്നു വീഴുന്നത്. ജോലിക്കിടെ പ്രായമേറിയ ഒരാള്‍ വീഴുന്നതിന് ഹൃദ്രോഗസംബന്ധമോ നാഡീസംബന്ധമോ അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം സംബന്ധമോ ആയ കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ സ്‌കൂള്‍ അസംബ്ലിക്കിടെ കുട്ടി വീഴുന്നത് ചെലപ്പോള്‍ നിര്‍ജലീകരണം മൂലമോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കാത്തത് മൂലമോ ഉള്ള തളര്‍ച്ച കൊണ്ടാവാം. ചുരുക്കത്തില്‍ കുഴഞ്ഞു വീണവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിന് മുന്‍പ് വീഴാനുണ്ടായ സാഹചര്യമെങ്കിലും അറിയുക. കുഴഞ്ഞുവീണ ആള്‍ക്ക് ബോധം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. 

കുഴഞ്ഞുവീഴുന്നതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയൊക്കെയാവാം

*ഹൃദയസംബന്ധിയായ കാരണങ്ങള്‍ 

ഹൃദയത്തിലെ വാല്‍വുകള്‍ ചുരുങ്ങി രക്തസഞ്ചാരം കുറയുന്നത്, ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുന്നത്, കഠിനമായ ജോലികള്‍ ചെയ്യുമ്പോള്‍, ഓടുമ്പോള്‍, പടികള്‍ കയറുമ്പോള്‍, ധൃതിപ്പെടുമ്പോള്‍ എന്നിങ്ങനെ ഹൃദയമിടിപ്പിനെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വാല്‍വുകളിലോ ധമനികളിലോ ഉണ്ടാവുന്ന സമ്മര്‍ദ്ദവും കുഴഞ്ഞുവീഴുന്നതിന്റെ ഹൃദയസംബന്ധിയായ കാരണങ്ങളിലേക്ക് നയിച്ചേക്കാം. 

ഹൃദയസ്തംഭനം-: കുഴഞ്ഞുവീഴുന്നതിന്റെ ഏറ്റവും ഗൗരവതരമായ കാരണങ്ങളിലൊന്നാണ് ഹൃദയസ്തംഭനം. നെഞ്ചില്‍ വേദനയോടു കൂടി ഹൃദയമിടിപ്പില്‍ കാര്യമായ ക്രമവ്യത്യാസത്തോടെ ഉണ്ടാവുന്ന ഹൃദയസ്തംഭനം ഏറ്റവും അപകടകാരമായ അവസ്ഥയാണ്. ഹൃദയസ്തംഭനം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പ്രാഥമിക ചികിത്സ നല്‍കാനോ ആശുപത്രിയിലെത്തിക്കാനോ കഴിഞ്ഞില്ലെങ്കില്‍ മരണം സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. 

* മസ്തിഷ്‌ക സംബന്ധിയായ കാരണങ്ങള്‍

മസ്തിഷ്‌കത്തിനേല്‍ക്കുന്ന ക്ഷതങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍, മസ്തിഷ്‌കാഘാതം, അപസ്മാരം തുടങ്ങിയ കാരണങ്ങള്‍ മൂലവും കുഴഞ്ഞുവീഴല്‍ ഉണ്ടാവാം. മസ്തിഷ്‌കാഘാതം പോലെയുള്ള പ്രശ്‌നമാണ് കുഴഞ്ഞുവീഴലിന്റെ കാരണമെന്ന് തോന്നിയാല്‍ ഉടന്‍ ഡോക്ടറെ അടുത്തെത്തിക്കുക എന്നതാണ് അടുത്ത പടി. 

* മെറ്റാബോളിക് കാരണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുന്നത്, അത് ഷുഗര്‍ ലെവല്‍ കുറയുകയോ കൂടുകയോ ആവാം. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം എന്നിവ കുഴഞ്ഞുവീഴലിന്റെ മെറ്റോബോളിക് കാരണങ്ങളാണ്. 

* ഇയര്‍ ബാലന്‍സ് തെറ്റുന്നത്

ചെവിയുടെ സന്തുലിതാവസ്ഥ തെറ്റിയാല്‍ അത് കുഴഞ്ഞുവീഴലിലേക്ക് നയിച്ചേക്കാം. തലകറക്കത്തോടെ ഉണ്ടാവുന്ന ഇയര്‍ ബാലന്‍സ് പ്രശ്‌നം പൊതുവേ തനിയെ വന്നു മാറുമെങ്കിലും ഇത് സ്ഥിരമായാല്‍ ഡോക്ടറെ കണ്ട് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം. ആവശ്യമായ മുന്‍കരുതലുകളിലൂടെ പ്രശ്‌നം സങ്കീര്‍ണമാവാതെ ശ്രദ്ധിക്കാം. 

* നിര്‍ജലീകരണം

ചൂട് കൂടുമ്പോള്‍, അന്തരീക്ഷത്തിലെ താപനില വര്‍ധിക്കുമ്പോള്‍ കുഴഞ്ഞുവീണ് മരണങ്ങളുടെ വാര്‍ത്തകളും പതിവാകാറുണ്ട്. ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുന്നതാണ് ഇതിന്റെ കാരണം. ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കാത്ത നിര്‍ജലീകരണമാണ് ഇത്തരം കുഴഞ്ഞുവീഴലുകളിലേക്ക് നയിക്കുന്നത്. ചൂടിന്റെ ആധിക്യം മൂലം കുഴഞ്ഞുവീഴുന്നവര്‍ക്ക് ഉപ്പിട്ടതോ മധുരമുള്ളതോ ആയ പാനീയങ്ങള്‍ നല്‍കി ശരീരത്തിലെ വെള്ളത്തിന്റെ അളവ് ബാലന്‍സ് ചെയ്ത് നിര്‍ത്തുകയെന്നതാണ് ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ടത്. ചൂട് കൂടുന്നതു പോലെ തണുപ്പ് വര്‍ധിക്കുന്നതും ബോധക്ഷയത്തിലേക്ക് നയിച്ചേക്കാം.

* രക്തസഞ്ചാരം കുറയുന്നതും, രക്തക്കുഴലുകള്‍ക്കുണ്ടാവുന്ന സമ്മര്‍ദ്ദവും

ധരിച്ചിരിക്കുന്ന വസ്ത്രം ഇറുക്കമുള്ളതായാല്‍ ചിലര്‍ക്ക് ബോധക്ഷയം, ശ്വാസം മുട്ടല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. രക്തക്കുഴലുകളിലെ രക്തസഞ്ചാരം കുറയുന്നതാണ് ഇതിന്റെ കാരണം. ധൃതിയില്‍ ടൈ കെട്ടി ഓടിപ്പോവുന്നവരില്‍ ചിലരെങ്കിലും പെട്ടന്ന് തളര്‍ന്നു വീഴുന്നതിന് കാരണം ഈ രക്തസഞ്ചാരം കുറയുന്നതാണ്. 

കൂടെയുള്ളൊരാള്‍ പെട്ടന്ന് കുഴഞ്ഞു അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ? 

മുറിവൈദ്യന്മാര്‍ ചികിത്സിച്ചാല്‍ രോഗി രക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വം മാത്രമാണ്. അതിനാല്‍ കുഴഞ്ഞു വീണ  ഒരാള്‍ക്ക് പ്രാഥമിക ചികിത്സ മാത്രം നല്‍കി നോര്‍മലാക്കാന്‍ ശ്രമിക്കുന്നതിനുമപ്പുറത്ത് അയാളെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ആശുപത്രിയിലെത്തിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. കുഴഞ്ഞുവീഴുന്നതിന്റെ കാരണം അറിയാതെ ചികിത്സിക്കുന്നത് കൂടുതല്‍ അപകടം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. സ്‌ട്രോക്ക് മൂലമാണ് ബോധക്ഷയം വന്നതെങ്കില്‍ കാര്യമറിയാതെ അയാള്‍ക്ക് ഹൃദയസ്തംഭനത്തിനുള്ള സിപിആര്‍ നല്‍കുന്നത് എത്ര അപകടകരമാണെന്ന് ചിന്തിച്ചു നോക്കൂ.

കുഴഞ്ഞുവീണതിന്റെ കാരണവും കുഴഞ്ഞുവീണ ആളുടെ പ്രായവും, ശാരീരിക പ്രശ്‌നങ്ങളും, വീഴാനുണ്ടായ സാഹചര്യവും പരിഗണിച്ച് ജീവന്‍ നഷ്ടപ്പെടാന്‍ വരെ സാധ്യതയുള്ള ഇത്തരം അവസ്ഥകളെ സാഹചര്യത്തിനനുസരിച്ച് കൈകാര്യം ചെയ്യാനുള്ള ബുദ്ധിയും യുക്തിയുമാണ് കൂടെയുള്ളവര്‍ക്ക് വേണ്ടത്. 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.ജോര്‍ജ് തയ്യില്‍, ലൂര്‍ദ് ഹോസ്പിറ്റല്‍, കൊച്ചി