ങ്ങിത്തുടങ്ങിയ കാഴ്ചയ്ക്കപ്പുറം നിന്ന് ''ആരാ അത്'' എന്ന് ആദ്യമായി അച്ഛനോ അമ്മയോ ചോദിച്ചപ്പോള്‍ കണ്ണുനിറഞ്ഞിട്ടില്ലാത്ത മക്കളുണ്ടാവില്ല. ഒരുപക്ഷേ തിമിരം എന്ന രോഗാവസ്ഥയെക്കുറിച്ച് ആദ്യമായി ശ്രദ്ധിക്കുന്നതും അന്നാവും.

കണ്ണിലെ ലെന്‍സില്‍ മൂടലുണ്ടാകുന്ന അവസ്ഥയാണ് തിമിരം. കണ്ണിനകത്ത് ജന്മനായുള്ള സുതാര്യമായ ലെന്‍സ് തിമിരം ബാധിക്കുന്നതോടെ അതാര്യമാകുന്നു. കണ്ണിന്റെ റെറ്റിനയിലേക്ക് പ്രകാശം കടന്നുപോകുന്നതിനും അത് റെറ്റിനയില്‍ കേന്ദ്രീകരിക്കുന്നതിനും ലെന്‍സാണ് സഹായിക്കുന്നത്. വ്യക്തമായ പ്രതിബിംബം റെറ്റിനയില്‍ ലഭിക്കുന്നതിന് ലെന്‍സ് സുതാര്യമായിരിക്കണം. അതുകൊണ്ടാണ് തിമിരം ബാധിക്കുമ്പോള്‍ കാഴ്ച മങ്ങുന്നത്.

ആദ്യം ലെന്‍സിന്റെ ഒരു ചെറിയ ഭാഗത്തെമാത്രമാണ് തിമിരം ബാധിക്കുക. അതുകൊണ്ടുതന്നെ അത് ആ വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടുകയില്ല. ക്രമേണ തിമിരം വളര്‍ന്ന് ലെന്‍സിനെ മൊത്തം ബാധിക്കുന്നതോടെ പ്രകാശത്തെ ലെന്‍സിലേക്ക് കടത്തിവിടാതെ തടയുന്നു. ഇതോടെ കാഴ്ച തടയപ്പെടുന്നു.

തിമിരത്തിന്റെ ലക്ഷണങ്ങള്‍

  •  മൂടിക്കട്ടിയ അല്ലെങ്കില്‍ മങ്ങിയ കാഴ്ച
  • നിറങ്ങള്‍ മങ്ങിക്കാണുക
  • രാത്രിക്കാഴ്ചയ്ക്ക് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക.
  • വായനയ്ക്ക് അല്ലെങ്കില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തെളിമയുള്ള പ്രകാശം ആവശ്യമായി വരുക
  • ബള്‍ബിനുചുറ്റുമുള്ള പ്രകാശം പടര്‍ന്നു കാണുക (glare). ഇതുകാരണം രാത്രികാല ഡ്രൈവിങ്ങിന് ബുദ്ധിമുട്ടനുഭവപ്പെടുക
  • ഒരുകണ്ണില്‍ത്തന്നെ ഇരട്ട കാഴ്ചയുണ്ടാവുക. ചിലപ്പോള്‍ രണ്ടില്‍ കൂടുതലും കാണും. ഉദാ: ആകാശത്ത് ഒന്നില്‍ കൂടൂതല്‍ ചന്ദ്രനെ കാണുക
  • കണ്ണടയുടെ പവര്‍ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടിവരിക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍

ഈ ലക്ഷണങ്ങളില്‍ പലതും മറ്റ് ഗുരുതരമായ നേത്രരോഗങ്ങള്‍ക്കും കണ്ടുവരുന്നു. അതിനാല്‍ ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

ആര്‍ക്കൊക്കെ തിമിരം ബാധിക്കാം?

തിമിരം സാധാരണയായി പ്രായമായവരിലാണ് കൂടുതലും കണ്ടുവരുന്നത്. പ്രായം കൂടുമ്പോള്‍ മുടിനരയ്ക്കുക, ത്വക്ക് ചുളുങ്ങുക തുടങ്ങിയവപോലെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെട്ട് തിമിരം ബാധിക്കുന്നു. ജീവിതെശെലീരോഗങ്ങളായ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവ, വ്യായാമക്കുറവ്, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ എന്നിവ കാരണം പ്രായം കുറഞ്ഞവരിലും തിമിരം കണ്ടുവരുന്നു.

മറ്റു രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന തിമിരം (secondary cataract), ജന്മനായുള്ള തിമിരം (congenital catract), മുന്‍പ് കണ്ണിനുണ്ടായ ക്ഷതംമൂലം വരുന്ന തിമിരം (traumatic catarat) തുടങ്ങി വിവിധതരം തിമിരങ്ങളുണ്ട്.

തിമിര ചികിത്സ

തിമിരത്തിന്റെ തുടക്കത്തില്‍ കണ്ണട ഉപയോഗിച്ച് മങ്ങിയ കാഴ്ച പരിഹരിക്കാം. തിമിരംകൊണ്ട് കാഴ്ച ഒരുപരിധിയിലധികം മങ്ങി ദിനചര്യയും സ്വന്തം ജോലിപോലും ചെയ്യാനാവാത്ത അവസ്ഥയുമുണ്ടായാല്‍ ശസ്ത്രക്രിയ മാത്രമാണ് പരിഹാരം. കണ്ണിലെ തിമിരം ബാധിച്ച ലെന്‍സ് മാറ്റി പകരം ലെന്‍സ് (intra ocular lens) വെക്കുന്നു. തിമിരമല്ലാതെ മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത കണ്ണാണെങ്കില്‍ ഈ ശസ്ത്രക്രിയകൊണ്ട് സാമാന്യം നല്ല കാഴ്ച ലഭിക്കും. തിമിര ശസ്ത്രക്രിയാനന്തര പരിചരണവും പ്രധാനമാണ് കണ്ണിനു മുന്നിലായി (conjunctiva) വരുന്ന പാടയെ (pterysium) തിമിരമായി പലരും തെറ്റിദ്ധരിക്കാറുണ്ട്. അത് നീക്കംചെയ്താലും തിമിരം ബാധിച്ചവര്‍ ചികിത്സ തേടണം.

പ്രകാശം കടത്തിവിടുകയും അത് ഫോക്കസ് ചെയ്യുകയും ചെയ്യുകയെന്നതാണ് ലെന്‍സിന്റെ ജോലി. റെറ്റിന, നേത്രനാഡി (optic nerve), തലച്ചോര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനംമൂലമാണ് നാം ഒരു വസ്തു കാണുന്നത്. ഇവയില്‍ എതെങ്കിലും ഒന്നിന് ക്ഷതം സംഭവിക്കുകയാണെങ്കില്‍ എത്ര വിലകൂടിയ ലെന്‍സ് ഉപയോഗിച്ചാലും കാഴ്ച മങ്ങല്‍ കാണും.

തിമിരം കൂടിയ അവസ്ഥയില്‍ (mature cataract) ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ കണ്ണിന്റെ മര്‍ദം കൂടുകയും നേത്രനാഡിക്ക് ക്ഷതം സംഭവിക്കുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ തിമിരശസ്ത്രക്രിയയ്ക്കുശേഷവും കാഴ്ച ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതിശക്തമായ തലവേദന, കണ്ണുവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. മാത്രവുമല്ല ഈ അവസ്ഥയിലെത്തിയാല്‍ ചിലപ്പോള്‍ ദിവസങ്ങളോളം ആശുപത്രിവാസം വേണ്ടിവരുകയും ചെയ്യും.

ഏകദേശം 40 വയസ്സാകുന്നതോടെ ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടാണ് വെള്ളെഴുത്ത്. ഇത് കണ്ണടവെച്ച് പരിഹരിക്കാം. പ്രായം കൂടുമ്പോള്‍ തിമിരം (പ്രത്യേകിച്ച് nuclear cataract) ലെന്‍സിന്റെ റിഫ്രാക്ടീവ് ഇന്‍ഡക്‌സില്‍ (refractive index) ഉണ്ടാക്കുന്ന വ്യതിയാനത്തില്‍ വെള്ളെഴുത്ത് മാറിവരുന്നതായി തോന്നാം. എന്നാല്‍ തിമിരം കൂടുമ്പോള്‍ ഈ അടുത്ത കാഴ്ചയും മങ്ങും.

തിമിരം ബാധിക്കാതിരിക്കാന്‍

പ്രായം കൂടുന്നത് തടയാനാകാത്തപോലെതന്നെയാണ് തിമിരവും. എന്നാല്‍ തിമിരത്തിന്റെ വളര്‍ച്ച ഒരു പരിധിവരെ നമുക്ക് തടയാനാകും. പച്ചക്കറികളും ഫലവര്‍ഗങ്ങളും ഉള്‍പ്പെടുത്തിയ ശരിയായ ഭക്ഷണരീതി തുടരുക, പ്രമേഹമോ ഉയര്‍ന്ന രക്തസമ്മര്‍ദമോ ഉണ്ടെങ്കില്‍ അവയ്ക്ക് ചികിത്സ തേടുക, ക്യത്യമായ വ്യായാമം ചെയ്യുന്നത് മുടക്കാതിരിക്കുക, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കുക എന്നിവ ചെയ്താല്‍ തിമിരത്തിനെ ദൂരെ നിര്‍ത്താന്‍ കുറച്ചെങ്കിലും സാധിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. ആര്‍.രേഖ
സെക്രട്ടറി
ഒഫ്താല്‍മിക് അസോസിയേഷന്‍

Content Highlight: Cataracts causes symptoms and treatment , Eye Disease, Prevent Cataracts ,Cataracts surgery