കാൻസര്‍ എന്ന പേരു കേൾക്കുമ്പോഴേ ഉള്ളിൽ ഭയം ജനിക്കുന്നവരാണ് നമ്മൾ. പക്ഷേ കാൻസര്‍ വരാതിരിക്കാനുള്ള മാര്‍ഗങ്ങളെ പറ്റി ആരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധി വരെ നമുക്ക് കാൻസറിനെ അകറ്റി നിര്‍ത്താൻ സാധിക്കും. അവ ഏതൊക്കെയാണെന്നറിയാം.

1. മൃഗക്കൊഴുപ്പുകളുടെ അമിതമായ ഉപയോഗം കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നു; പ്രത്യേകിച്ച് സ്തനങ്ങളിലും കുടലിലും ഉണ്ടാകുന്ന കാന്‍സര്‍.
2. വറുത്തതും പൊരിച്ചതുമായ ഭക്ഷണം.
3.ചൂടാക്കിയ എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് അപകടകരമാണ്. പാത്രത്തില്‍ നിന്നു മാറ്റാതെ ഒരേ എണ്ണ തന്നെ ദിവസങ്ങളോളം വീണ്ടും തിളപ്പിക്കുന്നത് കാന്‍സറിനു കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ ഉണ്ടാകുന്നതിന് ഇടയാകുകയും ഇത്തരത്തിൽ തയ്യാറാക്കുന്ന ഭക്ഷണം കാന്‍സറിന് ഇടവരുത്തുകയും ചെയ്യുന്നു.
4. ഉപ്പിന്റെ അമിതമായ ഉപയോഗവും പുകച്ച് തയ്യാറാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന nitrosamine എന്ന രാസവസ്തുവും കാന്‍സറിനു കാരണമാകാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാംസം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ആമാശയത്തിലെ അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച് nitrosamine ആയി മാറുകയും ഇത് ആമാശയ കാന്‍സറിന് വഴിതെളിക്കുകയും ചെയ്യുന്നു.
5.ധാന്യങ്ങള്‍ കേടുവരാതിരിക്കാനും പച്ചക്കറികള്‍, ഇലക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍ ഇവ കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതുമായ കീടനാശിനികള്‍ വളരെയധികം അപകടകാരികളാണ്. ഏതാണ്ട് രണ്ടു ശതമാനത്തോളം കാന്‍സറിന്റെ ഉത്ഭവം ഇതുമൂലമാകാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ആയതിനാല്‍ പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വൃത്തിയായി കഴുകിയതിനുശേഷമേ ഉപയോഗിക്കാവൂ.
6.നിലക്കടലയില്‍ കണ്ടുവരുന്ന പൂപ്പല്‍ (Aflotoxine) കാന്‍സറിനു കാരണമായേക്കാം.
7.കൃത്രിമ മധുരസാധനങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലര്‍ത്തിയിട്ടുള്ള കൃത്രിമ നിറങ്ങള്‍ എന്നിവ കാന്‍സറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍  പറയുന്നുണ്ട്.  

എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ഈ കൃത്രിമ മധുര പദാര്‍ത്ഥങ്ങള്‍, മൂത്രസഞ്ചിയില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ഇവ കാന്‍സര്‍ ഉണ്ടാക്കുമെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് അധുനാതന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വീട്ടിലെ ഫര്‍ണിച്ചറുകളും തറയും മിനുസപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഹൈട്രോബെന്‍സീനും ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മല്‍ ഡീഹൈഡും കാന്‍സറിലേക്കു നയിക്കാം. ഗൃഹനിര്‍മാണത്തിനുപയോഗിക്കുന്ന ആസ്ബസ്റ്റോസിന്റെ പൊടി ശ്വാസകോശകാന്‍സറിനു കാരണമായേക്കാമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മാംസാഹാരത്തിന്റെ അമിതമായ ഉപയോഗം കാന്‍സറിനെ വിളിച്ചുവരുത്തും. മാംസാഹാരപ്രിയരില്‍ ആമാശയകാന്‍സര്‍ സാധ്യത കൂടുതലാണെന്ന് കേംബ്രിഡ്ജിലെ ഹ്യൂമന്‍ റിസോഴ്‌സസ് യൂണിറ്റിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 

Content Highlights: cancer causes food, major causes of cancer, cancer symptoms, cancer treatment

വിവരങ്ങൾ: ഹെൽത്ത് ഡെസ്ക്