ന്ന് ലോക ലൂപ്പസ് ദിനമാണ്. ഫലപ്രദമായ ചികിത്സകളില്ലെന്ന് ഒരു കാലത്ത് കരുതിയിരുന്ന ഗൗരവമായ രോഗാവസ്ഥയില്‍ നിന്ന് ചികിത്സിച്ച് ഭേദമാക്കാനോ നിയന്ത്രിച്ച് നിര്‍ത്താനോ സാധിക്കുന്ന സാധാരണ അസുഖം എന്ന നിലയിലേക്കുള്ള മാറ്റമാണ് ഈ ലോക ലൂപ്പസ് ദിനാചരണത്തില്‍ പങ്കുവെക്കാനുള്ള ഏറ്റവും വലിയ നേട്ടം. നിലവിലെ സാഹചര്യത്തില്‍ നിരവധി വെല്ലുവിളികളാണ്ചികിത്സാ സമൂഹം ലൂപ്പസ് രോഗത്തിന്റെ കാര്യത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. പൊതുവായ വെല്ലുവിളികള്‍ക്ക് പുറമെ കോവിഡ് കാലത്തെ ഭീഷണികള്‍ വേറെയും വെല്ലുവിളികളുയര്‍ത്തുകയും ചെയ്യുന്നു.

ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് എന്താണ് ലൂപ്പസ് രോഗം എന്നറിയേണ്ടിയിരിക്കുന്നു. എളുപ്പത്തില്‍ മനസ്സിലാകുന്ന ഉദാഹരണം പറഞ്ഞാല്‍ കള്ളന്മാരും മറ്റും വീട്ടില്‍ കയറാതെ വീട് കാക്കാനായി വളര്‍ത്തുന്ന വളര്‍ത്തുപട്ടി വീട്ടുകാരനെ തന്നെ കടിക്കാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കും? അത് തന്നയാണ് ലൂപ്പസിന്റെ കാര്യത്തിലും സംഭവിക്കുന്നത്. നമ്മുടെ ശരീരത്തെ സംരക്ഷിക്കാനായി പ്രകൃതിദത്തമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന കോശങ്ങള്‍ നമ്മുടെ ശരീരത്തെ തന്നെ ആക്രമിക്കുന്ന അവസ്ഥയാണിത്. ലൂപ്പസ് എന്ന വാക്കിനും മുകളില്‍ പറഞ്ഞിരിക്കുന്ന ഉപമയോട് സാമ്യമുണ്ട്. 'ചെന്നായ' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ചെന്നായ കടിച്ചത് പോലുള്ള ചുവന്ന് പാടുകള്‍ മുഖത്ത് കാണപ്പെടുന്നതിനാലാണ് ഈ പേര് ലഭിച്ചത്. 

ഈ അസുഖത്തിലേക്ക് നയിക്കുന്നതിന് കൃത്യമായ ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുകയില്ല. ജനിതകപരമായ വ്യതിയാനങ്ങളാണ് പ്രധാനകാരണം എന്നാണ് പുതിയ കാലത്തിന്റെ കണ്ടെത്തല്‍. ലൂപസ് ബാധിക്കാന്‍ സാധ്യതയുള്ള ഏതാണ്ട് ഇരുപതോളം ജീനുകളെ ഇപ്പോള്‍ തന്നെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. 

ലക്ഷണങ്ങള്‍

പൂമ്പാറ്റയുടെ രൂപത്തിലുള്ള തിണര്‍പ്പുകളും തടിപ്പുകളുമാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. ഇത് മൂക്കിലും കവിളിലുമൊക്കെയായി കാണപ്പെടാറുണ്ട്. ഇതിന് പുറമെ വിട്ടുമാറാത്ത പനി, വായിലുണ്ടാകുന്ന വൃണങ്ങള്‍, സൂര്യപ്രകാശം തട്ടുമ്പോള്‍ ശരീരം ചുവന്ന് തടിക്കുക, ശക്തമായ മുടികൊഴിച്ചില്‍, ക്ഷീണം, വിളര്‍ച്ച, സന്ധികളില്‍ വേദന, തലവേദന, ചുമ, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍, കാഴ്ച മങ്ങല്‍, തണുപ്പേല്‍ക്കുമ്പോള്‍ വിരല്‍ത്തുമ്പിലും മറ്റും നിറ വ്യത്യാസം കാണപ്പെടുക മുതലായവയെല്ലാം ലൂപ്പസിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. പൊതുവായ ഈ ലക്ഷണങ്ങള്‍ക്ക് പുറമെ വിഷാദം, ഓര്‍മ്മക്കുറവ്, അപസ്മാരം, പെരുമാറ്റ വ്യതിയാനം, തുടര്‍ച്ചയായ ഗര്‍ഭം അലസിപ്പോകല്‍ മുതലായവയും ലക്ഷണങ്ങളായി കാണപ്പെടാറുണ്ട്.

വെല്ലുവിളികള്‍

നിരവധിയായ വെല്ലുവിളികള്‍ ലൂപ്പസ് രോഗത്തിന്റെ ചികിത്സയില്‍ അനുഭവപ്പെടുന്നുണ്ട്. പ്രധാനപ്പെട്ടവ ഇനി പറയുന്നു.

1) രോഗനിര്‍ണ്ണയം

നേരത്തെയുള്ള രോഗനിര്‍ണ്ണയവും ഫലപ്രദമായ ചികിത്സയും വലിയ വെല്ലുവിളി തന്നെയാണ്. രോഗത്തിന്റെ പ്രാരംഭാവസ്ഥയിലോ സാധ്യതാ ഘട്ടത്തിലോ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ലൂപ്പസിന്റെ ലക്ഷണങ്ങള്‍ മറ്റ് പല രോഗങ്ങളുടേയും ലക്ഷണങ്ങളുമായി സമാനതകള്‍ ഉള്ളതിനാല്‍ പലപ്പോഴും രോഗനിര്‍ണ്ണയം വൈകുന്നത് വ്യാപകമാണ്. 
ഓട്ടോ ആന്റിബോഡി സ്‌ക്രീനിംഗ് ടെസ്റ്റാണ് രോഗനിര്‍ണ്ണയത്തിന് ഉചിതമായ പരിശോധന. ഇതിലൂടെ ഏറെക്കുറെ ഫലപ്രദമായി രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കും.

2) ചികിത്സയെക്കുറിച്ചുള്ള അറിവില്ലായ്മ

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഫലപ്രദമായ ചികിത്സയില്ലാത്ത അസുഖങ്ങളിലൊന്ന് എന്നായിരുന്ന ലൂപ്പസിനെ കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ മാറ്റം ചികിത്സാ രംഗത്ത് സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതിനേ കുറിച്ച് കൃത്യമായ അവബോധം പൊതുസമൂഹത്തിന് വളരെ കുറവാണ്. മെഡിക്കല്‍ സമൂഹത്തില്‍ പോലും ഈ ധാരണക്കുറവ് വ്യാപകമാണ് എന്ന് ഒരര്‍ത്ഥത്തില്‍ പറയാം. അതുകൊണ്ട് തന്നെ രോഗികള്‍ സ്വയമോ നിര്‍ദ്ദേശിക്കപ്പെട്ടതനുസരിച്ചോ ഉചിതമായ ചികിത്സയിലേക്ക് കൃത്യസമയത്ത് എത്തിപ്പെടുന്നില്ല എന്നത് വലിയ ല്ലെവിളി തന്നെയാണ്.

3) സ്ത്രീകളിലെ രോഗസാധ്യത

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ലൂപ്പസ് രോഗത്തിനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നത്. ഇത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതം തന്നെ വലുതാണ്. തുടര്‍ച്ചയായുള്ള ഗര്‍ഭം അലസിപ്പോകല്‍ ഈ രോഗബാധിതരില്‍ നേരത്തെയുണ്ടായിരുന്ന വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ ലൂപ്പസ് ബാധിതര്‍ക്ക് വിവാഹ ജീവിതം നിഷേധിക്കപ്പെടുകയോ, വിവാഹിതരായ ശേഷം രോഗം തിരിച്ചറിയുന്നവര്‍ വ്യാപകമായി ബന്ധം വേര്‍പിരിയലിന് നിര്‍ബന്ധിതരാക്കപ്പെടുകയോ ചെയ്തിരുന്നു. ഇപ്പോഴും ഈ അവസ്ഥയില്‍ വലിയ മാറ്റങ്ങളില്ല എന്നത് വേദനാജനകമാണ്. ലൂപ്പസ് ബാധിതരായവരെ ചികിത്സിച്ച് ഭേദമാക്കാനും, മികച്ച ചികിത്സകളിലൂടെ ഗര്‍ഭധാരണവും പ്രസവവും യാഥാര്‍ത്ഥ്യമാക്കുവാനും ഇന്ന് സാധിക്കും. ഇതിന് റുമറ്റോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, നിയോനാറ്റോളജിസ്റ്റ്, എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ അനിവാര്യമാണ്.

4) ദീര്‍ഘകാല ചികിത്സ

കുറച്ചധികം കാലം നീണ്ടുനില്‍ക്കുന്ന ചികിത്സ ലൂപ്പസ് രോഗത്തിനാവശ്യമാണ്. മരുന്ന് കുടിച്ച് പെട്ടെന്ന് അസുഖം ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ നിരാശയിലേക്ക് മാറാനും, ചികിത്സ പൂര്‍ണ്ണമാക്കാതെ മറ്റ് താല്‍ക്കാലിക സാധ്യതകള്‍ തേടി പോകുവാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ചികിത്സയുടെ കാലദൈര്‍ഘ്യത്തെക്കുറിച്ച് കൃത്യമായ ധാരണ കുടുംബത്തിനും ചികിത്സയ്ക്ക് വിധേയനാകുന്ന വ്യക്തിക്കും ഉണ്ടായിരിക്കണം. രോഗം അതിന്റെ തീവ്രതയിലേക്ക് മാറ്റപ്പെടുമ്പോള്‍ വൃക്കയേയും രക്തത്തിലെ ചുവന്ന രക്താണുക്കളേയുമൊക്കെ ബാധിക്കാനും ഗുരുതരമായ അവസ്ഥയിലേക്ക് പരിണമിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം നേരത്തെ ഉള്‍ക്കൊണ്ട് ദീര്‍ഘകാല ചികിത്സയ്ക്ക് രോഗിയും ബന്ധുക്കളും നിര്‍ബന്ധമായും തയ്യാറാകണം. ഇടയ്ക്ക് ചികിത്സ അവസാനിപ്പിച്ചാല്‍ നേരത്തെ പറഞ്ഞ വൃക്ക പരാജയത്തിലേക്കും മറ്റും മാറ്റപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് ഓര്‍ക്കണം. 

5) കോവിഡിന്റെ വെല്ലുവിളി

മുകളില്‍ പറഞ്ഞിരിക്കുന്ന പൊതുവായ വെല്ലുവിളികള്‍ക്കിടയിലാണ് നിലവിലെ സാഹചര്യത്തില്‍ കോവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളി കൂടി കടന്ന് വരുന്നത്. നിലവില്‍ ലൂപ്പസ് രോഗികള്‍ക്ക് കോവിഡ് ബാധിതനാകാനുള്ള സാധ്യത കൂടുതലുണ്ട് എന്ന് തെളിയിക്കുന്ന പഠനങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ശരീരത്തിന്റെ പ്രതിരോധശേഷിയില്‍ തകരാര്‍ വന്നിരിക്കുന്നവരാണ് ലൂപ്പസ് രോഗികള്‍ എന്നതിനാല്‍ കൂടുതല്‍ മുന്‍കരുതലുകള്‍ ഇവര്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഒരു കാരണവശാലും ചികിത്സ മുടക്കാന്‍ പാടില്ല. മാത്രമല്ല ലൂപ്പസ് രോഗികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മറ്റ് തടസ്സങ്ങളൊന്നും നിലവിലില്ലതാനും. അതിനാല്‍ വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം. വാക്‌സിന്‍ ഫലപ്രാപ്തിയും ലൂപ്പസ് ബാധിതരില്‍ മറ്റുള്ളവരിലുള്ളത് പോലെ തന്നെയാണ്. 

ഏതെങ്കിലും കാരണവശാല്‍ കോവിഡ് ബാധിനായി മാറുകയാണെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ലൂപ്പസിനുള്ള മരുന്നുകള്‍ നിര്‍ത്താന്‍ പാടില്ല. ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി സ്വീകരിച്ച ശേഷം മാത്രമേ ഈ കാര്യത്തില്‍ തീരുമാനം സ്വീകരിക്കാന്‍ പാടുള്ളൂ.

(കോഴിക്കോട് ആസ്റ്റർ മിംസിലെ സീനിയർ കൺസൾട്ടന്റും റുമറ്റോളജി വിഭാ​ഗം തലവനും ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടുമാണ് ലേഖകൻ) 

Content Highlights: Can Lupus patients receive Covid19 vaccine, Covid19, Health