സ്തനാര്‍ബുദം ആരംഭത്തിലേ തന്നെ സ്വയം കണ്ട് പിടിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ മാര്‍ഗമാണ് സ്വയം പരിശോധന അഥവാ ബ്രെസ്റ്റ് സെല്‍ഫ് എക്സാമിനേഷന്‍  (ബി.എസ്.ഇ. - breast self examination). പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തന പരിശോധന നടത്തണം. ആര്‍ത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ബി.എസ്.ഇ. ചെയ്യുന്നതാണ് നല്ലത്. നിരീക്ഷണത്തിലൂടെയും തൊട്ടുള്ള പരിശോധനയിലൂടെയും അര്‍ബുദ സാധ്യത തിരിച്ചറിയാനാകും.

സ്തന ചര്‍മത്തിലെ നിറഭേദം, സ്തനത്തിന്റെ ആകൃതിയിലോ വലിപ്പത്തിലോ ഉള്ള മാറ്റങ്ങള്‍, മുലഞെട്ടുകള്‍ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് പരിശോധിക്കണം. കൈകള്‍ താഴ്ത്തിയിട്ട് നട്ടെല്ല് നിവര്‍ത്തി നിന്നും ഇരു കൈകളും ഒരുമിച്ച് ഉയര്‍ത്തിയും കൈകള്‍ രണ്ടും അരക്കെട്ടിലൂന്നിയും  പരിശോധനകള്‍ നടത്താം.

തൊട്ടു കൊണ്ടുള്ള പരിശോധന നിന്നുകൊണ്ടോ കിടന്നു കൊണ്ടോ ചെയ്യാം. കൈയിലെ പെരുവിരല്‍ ഒഴികെയുള്ള നാല് വിരലുകള്‍ കൊണ്ടാണ് പരിശോധന നടത്തേണ്ടത്. ഇടത് കൈവിരലുകള്‍ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ശേഷം വലതു കൈവിരലുകള്‍ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക.

ഇവ കൂടാതെ കക്ഷത്തിലും എന്തെങ്കിലും കല്ലിപ്പോ തടിപ്പോ ഉണ്ടോ എന്ന് പരിശോധിക്കുക. കിടന്ന് പരിശോധിക്കുമ്പോള്‍ അതതു വശത്തുള്ള തോളിന്റെ അടിയില്‍ ഒരു ചെറിയ തലയിണ വെച്ചാല്‍ പരിശോധന കൂടുതല്‍ കൃത്യമാകും.

  

 കടപ്പാട്: ഡോ. സി.എന്‍. മോഹനന്‍ നായര്‍
  കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍