രു വർഷത്തിനുശേഷം നിപ വൈറസ് ഒരിക്കൽക്കൂടി കേരളത്തെ ഭയപ്പെടുത്തി. നിശ്ചയദാർഢ്യത്തോടെ ഒന്നിച്ചുനിന്ന് ഇത്തവണയും നിപയെ നമ്മൾ നേരിട്ടെങ്കിലും ഇതൊരു മുന്നറിയിപ്പാണെന്ന കാര്യം മറക്കരുത്.  നിപയെ മാത്രമല്ല കേരളം ഭയക്കേണ്ടത്. ഓരോ ചുവടിലും പരിചിതവും അജ്ഞാതവുമായ രോഗങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്. പ്രത്യേകിച്ച്‌ മഴക്കാലം വരുമ്പോൾ.

ജപ്പാൻ ജ്വരം

തലച്ചോറിലെ നാഡീവ്യൂഹത്തെ ബാധിക്കുന്ന വൈറസ് രോഗം. ഫ്ലാവി വൈറസ് ഇനത്തിൽപ്പെടുന്ന ജാപ്പനീസ് എൻസെഫലൈറ്റിസ് വൈറസ് 
(ജെ.ഇ.വി.) ആണ് രോഗകാരണം. ക്യൂലക്സ് വർഗത്തിൽപ്പെട്ട ക്യൂലക്സ് ട്രൈറ്റീനിയോറിങ്കസ്, ക്യൂലക്സ് വിഷ്ണുയി, ക്യൂലക്സ് സ്യൂഡോവിഷ്ണുയി, ക്യൂലക്സ് ജെലിദസ് എന്നീ നാലിനം കൊതുകുകളാണ് ഇത് പരത്തുന്നത്. ആദ്യം റിപ്പോർട്ട് ചെയ്തത് 1871-ൽ ജപ്പാനിൽ; കേരളത്തിൽ 1996-ൽ കുട്ടനാട്ടിൽ

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന പനി, തലവേദന, ഛർദി, അപസ്മാരം, ബോധക്ഷയം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് നാലുമുതൽ 14 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. കേരളത്തിൽകേസുകൾ പത്ത്‌. മരണം മൂന്ന്‌.

വെസ്റ്റ് നൈൽ പനി

ഫ്ലാവി ഇനത്തിൽപ്പെടുന്ന വൈറസുകളാണ് വെസ്റ്റ് നൈൽ പനിക്ക്‌ കാരണം. പക്ഷികളിലാണ് വെസ്റ്റ്നൈൽ വൈറസ് കാണപ്പെടുന്നത്. രോഗം പടരുന്നത് കൊതുകിലൂടെ. കഴിഞ്ഞ മാർച്ചിൽ മലപ്പുറത്ത് ഏഴുവയസ്സുകാരൻ വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചു. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1977-ൽ തമിഴ്നാട്ടിലെ വെല്ലൂരിൽ; കേരളത്തിൽ 2011 മേയിൽ

രോഗലക്ഷണങ്ങൾ

വൈറസ് ബാധയേൽക്കുന്ന 80 ശതമാനം പേരിലും പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ കാണാറില്ല. 20 ശതമാനം പേർക്ക് പനി, തലവേദന, ക്ഷീണം, ഓർമക്കുറവ് അനുഭവപ്പെടും. വൈറസിനെതിരായ മരുന്നോ പ്രതിരോധ മരുന്നോ ലഭ്യമല്ല. രോഗം വരാതെ നോക്കുകയാണ് ഏകമാർഗം. 
കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തത്‌ ഒന്ന്‌.മരണം: ഒന്ന്‌

കരിമ്പനി

പ്രോട്ടോസോവ വിഭാഗത്തിൽപ്പെടുന്ന ലീഷ്മാനിയ ഡോണവോണി ആണ് രോഗകാരി. പെൺ മണലീച്ചകളാണ് ഈ അസുഖം മനുഷ്യരിലേക്ക് പടർത്തുന്നത്. കരളിനെയും പ്ലീഹാഗ്രന്ഥിയെയും ബാധിക്കുന്നു.ചികിത്സ ലഭ്യമാണ് , ആദ്യം റിപ്പോർട്ട്‌ ചെയ്തത്‌ 1824-ൽ ബംഗ്ലാദേശിലെ ജെസോറിൽ

രോഗലക്ഷണങ്ങൾ

ഇടയ്ക്കിടെ ഉണ്ടാകുന്ന പനി, തൂക്കക്കുറവും പെട്ടെന്നുള്ള വിളർച്ചയും. ത്വക്ക് വരളുകയും നിറം മാറുകയും ചെയ്യുന്നു, വയറ്, മുഖം, കൈകാലുകൾ എന്നിവിടങ്ങളിൽ കറുത്തനിറത്തിൽ പാടുകൾ. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 10 ദിവസം മുതൽ ആറുമാസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ചിലപ്പോഴിത് ഒരു വർഷം വരെ ആകാം. കേരളത്തിൽ റിപ്പോർട്ട്‌ ചെയ്ത കേസുകൾ 8. മരണം 0

ഡെങ്കിപ്പനി

1998 മുതൽ കേരളത്തിൽ ഭീഷണിയുയർത്തുന്ന രോഗം. ആർബോ വൈറസ് വിഭാഗത്തിൽപ്പെടുന്ന ഡെങ്കി വൈറസാണ് രോഗകാരി. ഈഡിസ് ഈജിപ്തി വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗം പടർത്തുന്നത്.  പകൽസമയങ്ങളിലാണ് ഈ കൊതുകുകൾ മനുഷ്യനെ കടിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ഏഴുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.ആദ്യം റിപ്പോർട്ട്‌ ചെയ്തത്‌ 1789-ൽ ഫിലഡെൽഫിയ
വൈറസിനെതിരേ മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. കൊതുകുകടിയേൽക്കുന്ന സാഹചര്യങ്ങളൊഴിവാക്കുക.

രോഗലക്ഷണങ്ങൾ

പനിയും വിറയലും, കഠിനമായ തലവേദന, പേശി-സന്ധിവേദന, കണ്ണിനുപിന്നിൽ വേദന, ക്ഷീണം, ഛർദി, വിശപ്പില്ലായ്മ. കേരളത്തിൽ റിപ്പോർട്ട്‌ ചെയ്ത കേസുകൾ42,000

ചിക്കുൻഗുനിയ

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ചിക്കുൻഗുനിയ വൈറസ് പരത്തുന്നത്. 2005-’06 മുതൽ കേരളത്തിൽ വലിയതോതിൽ ചിക്കുൻഗുനിയ കണ്ടുവരുന്നു. ആദ്യംറിപ്പോർട്ട്‌ ചെയ്തത്‌ 1952-ൽ തെക്കൻ ടാൻസാനിയയിൽ

രോഗലക്ഷണങ്ങൾ

പനി, തലവേദന, സന്ധി-പേശി വേദന, ശരീരത്തിൽ ചുവന്ന പാടുകൾ. കേരളത്തിൽ റിപ്പോർട്ട്‌ ചെയ്ത കേസുകൾ 933. മരണം: ഇല്ല.

എലിപ്പനി

ലെപ്റ്റോസ്‍പൈറ വിഭാഗത്തിൽപ്പെട്ട ബാക്ടീരിയയാണ് രോഗകാരി. പ്രധാനമായും രോഗം പടരുന്നത് എലികളിലൂടെ.  കന്നുകാലികളും നായ, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളും രോഗവാഹകരായേക്കാം. 1886-ൽ അഡോൾഫ് വെയ്ൽ എന്ന വൈദ്യശാസ്ത്രജ്ഞനാണ് എലിപ്പനി തിരിച്ചറിഞ്ഞത്

രോഗലക്ഷണങ്ങൾ

പനി, പേശിവേദന, കണ്ണിന് ചുവപ്പ്, ശക്തമായ തലവേദന, മഞ്ഞപ്പിത്തലക്ഷണം.  കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തകേസുകൾ 8184.

എങ്ങനെ നേരിടാം

മേൽപ്പറഞ്ഞ രോഗങ്ങളെല്ലാം ഏതെങ്കിലും വാഹകരാണ് പടർത്തുന്നത്. കൂടുതൽ രോഗങ്ങളും പടരുന്നത് കൊതുകുകളിലൂടെ. അതുകൊണ്ടുതന്നെ രോഗം വരാതിരിക്കാൻ ഏറ്റവും പ്രധാനം ശുചിത്വമാണ്. വ്യക്തിശുചിത്വവും ഒപ്പം പരിസ്ഥിതി ശുചിത്വവും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1.  കൊതുകുകടി കൊള്ളാതിരിക്കുക
  2.  മലിനജലം കെട്ടിനിൽക്കാൻ  അനുവദിക്കാതിരിക്കുക
  3.  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  4.  തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

 തയ്യാറാക്കിയത്‌:  കൃഷ്ണപ്രിയ ടി. ജോണി

Content Highlight: Infectious Disease, Mansoon Disease, Nipah Kerala, Nipah Kochi