ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ജീവിതത്തെ നന്നായി ബുദ്ധിമുട്ടിലാക്കുന്ന ചില രോഗങ്ങളുണ്ട്. അതിലൊന്നാണ് ആസ്ത്മ. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസ നാളിയെ ബാധിക്കുന്ന ഒരു അലര്‍ജി എന്നു തന്നെ പറയാം ആസ്ത്മയെ. ശ്വാസനാളത്തിലുണ്ടാവുന്ന നീര്‍വീക്കമാണ് ആസ്ത്മയായി പരിണമിക്കുന്നത്. ഈ രോഗാവസ്ഥയ്ക്ക് പ്രത്യേകിച്ച് കാലമോ സമയമോ ഇല്ലെങ്കിലും ശൈത്യകാലത്ത് ആസ്ത്മ ശക്തി പ്രാപിക്കുന്നതായി കണ്ടുവരുന്നുണ്ട്. 

ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ മുഴുവന്‍ ബാധിക്കുന്ന ജനിതകമായ കാരണങ്ങള്‍ കൂടി ഈ രോഗാവസ്ഥയ്ക്ക് പിന്നിലുണ്ട്. പ്രധാനമായും അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതും, പാരമ്പര്യവുമാണ് ആസ്ത്മയുടെ പ്രധാന കാരണങ്ങള്‍. അന്തരീക്ഷത്തിലെ പല ഘടകങ്ങളും ആസ്തയ്ക്കു കാരണമാവുകയോ സ്വാധീനിക്കുകയോ ചെയ്യും. പക്ഷേ ശ്രദ്ധയും നിയന്ത്രണവും ഒപ്പം കൃത്യമായ ചികിത്സയും ഉണ്ടെങ്കില്‍ എന്നും ഒപ്പമുള്ള ഈ രോഗത്തോട് പൊരുതി നില്‍ക്കാനാകും. 

ആസ്ത്മയുടെ ലക്ഷണങ്ങള്‍

 • കൂടെക്കൂടെ ഉണ്ടാവുന്ന ചുമ, 
 • ശ്വാസതടസ്സം, 
 • ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക
 • വലിവ്, 
 • തുടര്‍ച്ചയായുള്ള ശ്വസനേന്ദ്രിയ അണുബാധ

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ തണുപ്പ്, പുക, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാണ്. കരച്ചില്‍, ചിരി, ദേഷ്യം, ഭയം,തുടങ്ങിയ തീവ്രവികാരങ്ങള്‍ ഉണ്ടാകുമ്പോഴും ആസ്ത്മ ലക്ഷണങ്ങള്‍ കൂടിയേക്കാം.

എന്നാല്‍ ആസ്ത്മയുടെ ഒരു ലക്ഷണം മാത്രമാണ് ശ്വാസതടസ്സം. എല്ലാ ശ്വാസതടസ്സ പ്രശ്‌നങ്ങളും ആസ്തമയുടേത് ആവണമെന്നില്ല. ഹൃദയ സംബന്ധിയായ പ്രശ്‌നങ്ങള്‍ കൊണ്ടോ, വിളര്‍ച്ച പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കോ അമിതഭാരം ഉള്ളവര്‍ക്കോ ശ്വാസതടസം ഉണ്ടായെന്ന് വരാം. കൃത്യമായ പരിശോധനകളിലൂടെ ഇത് തിരിച്ചറിയുന്നതാണ് ഉചിതം. 

ആസ്ത്മയും ചികിത്സയും

രോഗത്തിന്റെ തീവ്രത അനുസരിച്ച് പലവിധ ഗുളികകളും സിറപ്പുകളും നിലവിലുണ്ടെങ്കിലും ആസ്ത്മ  ചികിത്സാരംഗത്ത് ഏറ്റവും നിര്‍ണായകമായ വഴിത്തിരിവാണ് ഇന്‍ഹേലറുകളുടെ ആവിര്‍ഭാവം. 

ഗുളിക/സിറപ്പ്  രൂപത്തില്‍ ആവശ്യമുള്ളതിന്റെ 1/20 അളവ് (ഇരുപതിലൊരംശം) മരുന്ന്  മാത്രമേ ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യമുള്ളൂ. കുട്ടികളില്‍ ഇത് തികച്ചും സുരക്ഷിതമാണ്. ശ്വാസനാളികളിലും, ശ്വാസകോശത്തിലും മരുന്ന് നേരിട്ടെത്തിക്കാന്‍ ഇതുവഴിസാധിക്കുന്നു. കൃത്യമായ അളവില്‍ ഉപയോഗിച്ചാല്‍ ഇതിന് യാതൊരു പാര്‍ശ്വഫലങ്ങളുമില്ല.
ഇന്‍ഹേലര്‍ ചികിത്സ പ്രധാനമായും 3 തരത്തിലുള്ള ഉപകരണങ്ങള്‍ കൊണ്ടാണ്  ചെയ്യുന്നത്.

1. മീറ്റേര്‍ഡ് ഡോസ് ഇന്‍ഹേലര്‍: സ്‌പ്രേ രൂപത്തില്‍ മരുന്ന് ഉപയോഗിക്കുന്നു. ചെറിയകുട്ടികളില്‍ ഇതിനൊടൊപ്പം സ്പേസര്‍ എന്ന ഉപകരണവും ഫേസ്മാസ്‌ക്കും വേണ്ടി വരും.
2). ഡ്രൈ പൗഡര്‍ ഇന്‍ഹേലര്‍: പൊടിരൂപത്തിലുള്ള മരുന്ന് ക്യാപ്സ്യൂളുകളില്‍ നിറച്ച് ഉപയോഗിക്കുന്നു. കുറച്ച് മുതിര്‍ന്ന കുട്ടികള്‍ക്കേ ഇത് ഉപയോഗിക്കാനാകൂ.
3). നെബുലൈസര്‍: വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം മരുന്നിനെ സൂക്ഷ്മതന്മാത്രകളാക്കി മാറ്റി ശ്വാസകോശത്തില്‍ എത്തിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ ശ്വാസതടസ്സം മാറ്റാന്‍ ഏറെ ഫലപ്രദമാണിത്.

ആസ്ത്മയെ പ്രതിരോധിക്കാം

ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളാണ് അലര്‍ജനുകള്‍. പൊടി, പുക ഇവയാണ് പ്രധാനവില്ലന്മാര്‍.

 • ആസ്ത്മയുള്ളവരുടെ കിടപ്പുമുറിയില്‍ നിന്നും പഴയപുസ്തകങ്ങള്‍ കട്ടിയുള്ള കര്‍ട്ടനുകള്‍, കാര്‍പ്പറ്റ്, അലമാര എന്നിവ ഒഴിവാക്കുക.
 • മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കിയശേഷം, നേര്‍ത്ത റെക്സിന്‍കൊണ്ട് കവര്‍തയ്പിച്ച് ഇടുക. തുന്നിയ സ്ഥലത്ത്  പ്ളാസ്റ്റര്‍ ഒട്ടിച്ച് ഭദ്രമാക്കുക.
 •  ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.
 •  പുകവലി ഒഴിവാക്കുന്നത് മാത്രമല്ല അത്തരക്കാരുടെ സാമിപ്യവും ഒഴിവാക്കുക.
 • പട്ടി, പൂച്ച എന്നിവയെ കഴിവതും വീട്ടിനുള്ളില്‍ നിന്നും ഒഴിവാക്കുക.

ഭക്ഷണത്തിനും വേണം ശ്രദ്ധ

 •  എരിവ്, പുളി എന്നിവ കൂടിയ ഭക്ഷണങ്ങള്‍.  
 • കൃത്രിമ നിറം, കൃത്രിമ മധുരം, പ്രിസര്‍വേറ്റീവ്‌സ് എന്നിവ കൂടിയ അളവിലുള്ള ഭക്ഷണങ്ങള്‍.
 • തണുപ്പ് വളരെ കൂടുതലുള്ളഭക്ഷണങ്ങള്‍.
 • പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.

നേരത്തെയുള്ള രോഗനിര്‍ണയം, കൃത്യമായ ചികിത്സ, ഒരല്പം ശ്രദ്ധ, ആസ്ത്മയെ നമുക്ക് അനായാസം പൊരുതി തോല്പിക്കാം.

കടപ്പാട്: ഡോ.ആര്‍ കൃഷ്ണമോഹന്‍

Content Highlight: Asthma Symptoms and Treatment