രോഗ്യപ്രശ്നങ്ങളില്‍ നിസ്സാരമെന്നു തോന്നുന്നതും എന്നാല്‍ വളരെയധികം ഗൗരവം അര്‍ഹിക്കുന്നതുമായ ഒന്നാണ് അലര്‍ജി. ചികിത്സകരില്‍ പോലും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാക്കി വ്യത്യസ്തമായ ലക്ഷണങ്ങളോടെ വര്‍ധിച്ചു വരികയാണ് അലര്‍ജിയും അനുബന്ധ പ്രശ്‌നങ്ങളും. ചെറിയ ലക്ഷണങ്ങളില്‍ തുടങ്ങുന്ന അലര്‍ജി പ്രശ്നങ്ങള്‍ പലരും ആദ്യഘട്ടങ്ങളില്‍ അടക്കി നിര്‍ത്തുമ്പോഴും പിന്നീട് നിത്യജീവിതത്തെ പോലും ഗുരുതരമായി ബാധിച്ചു തുടങ്ങുമ്പോഴാണ് ഇതിന്റെ ചികിത്സയെ കുറിച്ച് പലരും ചിന്തിച്ചു തുടങ്ങുന്നതു തന്നെ.

തണുപ്പോ പൊടിയോ പുകയോ ഏറ്റാല്‍ ഉണ്ടാവുന്ന തുമ്മല്‍, ശ്വാസ തടസം, തൊലിപ്പുറത്തുണ്ടാവുന്ന ചൊറിച്ചല്‍, ചുവന്ന പാടുകള്‍, പ്രത്യേക ഭക്ഷണം കഴിച്ചാല്‍ ഉണ്ടാവുന്ന ചെറിയ വേദനകള്‍, എരിച്ചലുകള്‍, വയറുവേദന, ഛര്‍ദ്ദി, തുടങ്ങിയ പ്രശ്‌നങ്ങള്‍ എന്നു തുടങ്ങി അലര്‍ജിയുടെ പ്രകടമായ രൂപങ്ങള്‍ പലതാണ്. കാറ്റ്, പുക, തണുപ്പ്, വെയില്‍, ചൂട് എന്നിങ്ങനെ അലര്‍ജി ഉണ്ടാക്കുന്ന കാരണങ്ങളും വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്ക് മാറിമാറി വന്നേക്കാം. 

എന്താണ് അലര്‍ജി? 
ശരീരവുമായി സമ്പര്‍ക്കത്തില്‍ വരുന്നവയോടുള്ള ശരീരത്തിന്റെ പ്രതികരണം അതിരുകടന്നു പോകുന്ന(hyper sensityvity)പ്രതിഭാസമാണ് അലര്‍ജി. അതായത് ചിലരുടെ രോഗപ്രതിരോധ വ്യവസ്ഥയിലെ പ്രത്യേകത കാരണം ചില ബാഹ്യവസ്തുക്കളോ ഭക്ഷണമോ ശരീരത്തിലെത്തുമ്പോള്‍ പ്രതിരോധ കോശങ്ങള്‍ ആന്റിജന്‍ ഉത്പാദിപ്പിക്കുയും ചില മാറ്റങ്ങള്‍ നടന്ന് ഹിസ്റ്റമിന്‍ പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടാവുകയും ചെയ്യു. അതു പ്രവര്‍ത്തിക്കുന്ന അവയവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് അലര്‍ജിയായി പ്രകടമാവാറുള്ളത്. 

ഈ അസ്വസ്ഥതകള്‍ തൊലിയിലെ സ്തരങ്ങള്‍ക്കിടയിലാവുമ്പോള്‍ ചര്‍മ്മത്തിലാകെ ചൊറിഞ്ഞു തടിക്കുന്ന ത്വക്ക് രോഗമായും ശ്വാസകോശത്തിലെ അറകളെ ചുരുക്കുമ്പോള്‍ ആസ്തമയായും ചെറുകുടലിലെ ചലനം വര്‍ധിക്കുമ്പോള്‍ വയറിളക്കമായുമൊക്കെ ഭാവഭേദം വരാം. 

ഏന്ത് പ്രതിരോധ വൈകല്യമാണ് അലര്‍ജി ഉണ്ടാക്കുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഇതിനെ കുറിച്ച് ഒട്ടേറെ അഭിപ്രായങ്ങളും ഉത്തരങ്ങളും നിലനില്‍ക്കുന്നുണ്ട് താനും.

എന്തുകൊണ്ട് അലര്‍ജി?
അലര്‍ജി ഒരു സൂചനയാണ്. ശരീരത്തിന്റെ ഈ അമിത പ്രതികരണം സംഭവിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം പ്രകൃതിയുമൊത്തുള്ള ശരീരത്തിന്റെ താളം തെറ്റുന്നതാണ്. ശരിയായ ആഗിരണത്തിന് പറ്റാതായും എന്നാല്‍ പുറന്തള്ളപ്പെടാതെയുമിരിക്കുന്ന ചില പദാര്‍ഥങ്ങള്‍ ശരീരത്തിലടിയുന്നതാണ് ഈ താളപ്പിഴയ്ക്ക് കാരണം.അതിനെ ഏതുവിധേനെയെങ്കിലും പുറന്തള്ളാനുള്ള ശരീരത്തിന്റെ ശ്രമങ്ങളാണ് അലര്‍ജിയുടെ രൂപത്തിലെത്തുന്നത്. അലക്കുകാരവും സോപ്പും പൂമാലയും ചെരിപ്പും പൂമ്പൊടിയും അലര്‍ജിയുടെ യാദൃശ്ചിക കാരണങ്ങള്‍ മാത്രമാണ്. ഒരു വസ്തു എല്ലാ ശരീരത്തിലും അലര്‍ജി ഉണ്ടാക്കുന്നില്ലല്ലോ.

കാരണം എന്തുമാവാം
പെന്‍സിലിന്‍ പോലുള്ള മരുന്നുകള്‍, കൃത്രിമ ആഹാരങ്ങള്‍,അണുബാധകള്‍, ആന്തരികരോഗങ്ങള്‍ തുടങ്ങിയ പ്രധാന കാരണങ്ങള്‍ കൂടാതെ അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി കാരണങ്ങള്‍ അലര്‍ജിക്ക് കാരണമായേക്കാം.

അലര്‍ജിയെ പ്രതിരോധിക്കാമോ? 
ജീവിക്കുന്ന ചുറ്റുപാടുമായുള്ള ശരീരത്തിന്റെ താളം തെറ്റുന്നതാണ് അലര്‍ജി എന്ന് പറഞ്ഞല്ലോ. ഈ അടിസ്ഥാന കാരണത്തിന് പരിഹാരം കാണാന്‍ സാധിച്ചാല്‍ മാത്രമേ അലര്‍ജിക്കും ശാശ്വത പരിഹാരമുണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശേഷിയെ ഉത്തേജിപ്പിക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനപരമായി ചെയ്യേണ്ടത്. അതിന് ഭക്ഷണശീലങ്ങളിലും ജീവിത രീതികളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വരും. 

അലര്‍ജി ചികിത്സയില്‍ ആയൂര്‍വ്വേദ ഒറ്റമൂലികളായ മഞ്ഞല്‍, ചിറ്റമൃത്, ചുക്ക്, മുഞ്ഞ, കറിവേപ്പില തുടങ്ങിയ ഔഷധങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പൊതുവായ ആന്തരീക ശുദ്ധീകരണമാണ് ഇത്തരം ഔഷധങ്ങള്‍ ശരീരത്തിന് നല്‍കുന്നത്.

Content Highlight:Allergy Reasons, Allergy Symptoms, Allergy Treatment, Allergy Forms

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.പി എം മധു