രംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാൽ ചികത്സിച്ച് സുഖപ്പെടുത്താനാവുന്ന രോഗമാണ് സ്തനാര്‍ബുദം (breast cancer). എന്നാൽ മിക്കവാറും സ്ത്രീകളും രോഗത്തിന്റെ മൂന്നാമത്തേയോ നാലാമത്തേയോ ഘട്ടത്തിലെത്തുമ്പോഴാണ് ചികിത്സ തേടാറുള്ളത്. കാരണം  ആരംഭഘട്ടത്തില്‍ രോഗം തിരിച്ചറിയപ്പെടാതെ പോകുന്നു. രോഗം തിരിച്ചറിയാൻ രോഗലക്ഷണങ്ങളെ കുറിച്ച് ധാരണ അത്യാവശ്യമാണ്. 

രോഗലക്ഷണങ്ങള്‍
സ്തനത്തിലുണ്ടാകുന്ന മുഴ, കല്ലിപ്പ്, സ്തനാകൃതിയില്‍ വരുന്ന മാറ്റം, ചര്‍മത്തിലെ വ്യതിയാനങ്ങള്‍, മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍,  നിറ വ്യത്യാസം, വ്രണങ്ങള്‍, കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം. 

സ്തനാര്‍ബുദം ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ളവര്‍
ഇന്ന് അര്‍ബുദമുണ്ടാകാന്‍ സാധ്യതയുള്ളവര്‍ എന്ന ഒരു പട്ടികയ്ക്ക് യാതൊരു പ്രസക്തിയുമില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളുള്ളവര്‍ക്ക് രോഗം വരാനുള്ള സാധ്യത മറ്റുള്ളവരുടേതിനേക്കാള്‍ കൂടുതലാണ്. അത്തരം സാധ്യതകള്‍ ഇവയാണ്:

 • കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും  സ്തനാര്‍ബുദം ഉണ്ടായിട്ടുണ്ടെങ്കില്‍
 • 12 വയസ്സിന് മുമ്പ് ആര്‍ത്തവം ആരംഭിച്ചവര്‍
 • 55 വയസ്സിന് ശേഷം ആര്‍ത്തവ വിരാമം സംഭവിച്ചവര്‍
 • ആദ്യത്തെ ഗര്‍ഭധാരണം 30 വയസ്സിന് ശേഷം
 • ഒരിക്കലും ഗര്‍ഭം ധരിക്കാത്തവര്‍
 • ആര്‍ത്തവ വിരാമത്തിന് ശേഷം അമിത ഭാരം ഉണ്ടായവര്‍
 • ദുര്‍മേദസ്സുള്ളവര്‍
 • വ്യായാമം ചെയ്യാത്തവര്‍
 • നീണ്ടകാലം ഹോര്‍മോണ്‍ ചികിത്സ എടുത്തിട്ടുള്ളവര്‍
 • കാന്‍സര്‍ അല്ലാത്ത സ്തനരോഗങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍
 • ജനിതക വ്യത്യാസം വന്ന സ്തനാര്‍ബുദ ജീനുകള്‍ ഉള്ളവര്‍

 ഇത്തരക്കാര്‍ക്കെല്ലാം രോഗം ഉറപ്പായും വരും എന്നല്ല, വരാനുള്ള സാധ്യത മറ്റുള്ളവരുടേതിനേക്കാള്‍ കൂടുതല്‍ ഉണ്ടെന്നു മാത്രം. ഇത്തരം സാഹചര്യമുള്ളവര്‍ വിദഗ്ധ ഡോക്ടറെ  കണ്ട് സാഹചര്യങ്ങള്‍ പറഞ്ഞ് പരിശോധന നടത്തണം.

കടപ്പാട്: ഡോ. സി.എന്‍. മോഹനന്‍ നായര്‍
കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍