ചികിത്സതേടിയെത്തുന്ന ആസ്തമാ രോഗികളില്‍നിന്ന് പലപ്പോഴായി കേട്ടിട്ടുള്ള, ആവര്‍ത്തിച്ച് കേള്‍ക്കാറുള്ള തികച്ചും സാധാരണമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയുമാണിത്. ആസ്തമ സംബന്ധിച്ച് ഒട്ടേറെ തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അവ മാറ്റാന്‍ കൂടി ഈ ചോദ്യോത്തരങ്ങള്‍ സഹായകമാവും.


? ആസ്തമാരോഗിയാണ് ഞാന്‍. എനിക്ക് മറ്റുള്ളവരെപ്പോലെ സാധാരണ ജീവിതം നയിക്കാനാകുമോ?തീര്‍ച്ചയായും. ആസ്തമ ബാധിതര്‍ക്കുള്ള സ ന്തോഷവാര്‍ത്തയെന്തെന്നാല്‍ അതിന് ചികിത്സയുണ്ട് എന്നതാണ്. അതായത്, ഫലപ്രദമായ ചികിത്സമൂലം സാധാരണമട്ടിലുള്ള ജീവിതം സാധ്യമാണ്. നിങ്ങളറിയേണ്ട പ്രധാന കാര്യമിതാണ്. ശരിയായ മരുന്നുപയോഗിച്ചാല്‍ ആസ്തമാരോഗികള്‍ക്കും മറ്റുള്ളവരെപ്പോലെ ആഹ്ലാദകരമായ ജീവിതം സാധ്യമാണ്.? ആസ്തമ, ചികിത്സ വേണ്ട ഗുരുതരമായ രോഗമാണോ?ആസ്തമ ഉണ്ടെന്ന കാര്യം സമ്മതിക്കാന്‍ ചിലയാളുകള്‍ തയ്യാറല്ല. രോഗം തനിയെ ഭേദമായിക്കൊള്ളും എന്നായിരിക്കും ഒരുപക്ഷേ അവരുടെ പ്രതീക്ഷ. നിങ്ങള്‍ക്കുള്ള ആസ്തമ നിസ്സാരമാണെങ്കിലും തുടക്കം മുതലേ അത് നന്നായി നിയന്ത്രിച്ചേ പറ്റൂ. ചികിത്സിക്കാതെ അവഗണിക്കുകയോ ശരിയായി ചികിത്സിക്കാതിരിക്കുകയോ ചെയ്താല്‍ അത് ശ്വാസകോശങ്ങള്‍ക്ക് സ്ഥിരമായ തകരാറുണ്ടാക്കാം.


? ആസ്തമ രോഗികള്‍ ഭക്ഷണക്കാര്യത്തില്‍ പ്രത്യേകിച്ച് എന്തൊക്കെ ശ്രദ്ധിക്കണം?സത്യത്തില്‍ ആസ്തമയുടെ കാര്യത്തില്‍ ഭക്ഷ ണം അത്ര പ്രധാനപ്പെട്ട ഘടകമല്ല. ചില ഭക്ഷ
ണങ്ങള്‍ അലര്‍ജിയുണ്ടാക്കുന്നതായിരിക്കും. ഇത് ഒഴിവാക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് പ്രോട്ടീന്‍ അടങ്ങിയവ. കടല്‍മത്സ്യങ്ങള്‍, മുട്ട, ഇറച്ചി തുടങ്ങിയവ പ്രശ്‌നകാരിയാകാം. പിന്നെ ചോക്കളേറ്റ് പോലുള്ളവ. ഇവയില്‍ കേടുകൂടാതിരിക്കാന്‍ ചേര്‍ക്കുന്ന 'പ്രിസര്‍വേറ്റീവു'കളുണ്ട്. ഇത് ചിലപ്പോള്‍ അലര്‍ജിയുണ്ടാക്കും.
തണുത്ത ഭക്ഷണം പൊതുവില്‍ ഒഴിവാക്കുന്നത് എല്ലായ്‌പ്പോഴും (എല്ലാവര്‍ക്കും) നല്ലതുതന്നെ. ഐസ്‌ക്രീമിലും മറ്റും ചേര്‍ക്കുന്ന കളറിങ് വസ്തുക്കളാണ് പ്രശ്‌നമുണ്ടാക്കുന്നത്.
കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കൃത്യമായി മരുന്ന് നല്‍കുക തുടങ്ങിയവയാണ്. ക്ലിനിക്കില്‍ വരുന്ന കുട്ടികള്‍ക്ക് ചിലപ്പോള്‍ നല്ല ഐസ്‌ക്രീം മേടിച്ചുകൊടുക്കാറു പോലുമുണ്ട്. ഐസ്‌ക്രീം തൊടരുത് എന്നു പറഞ്ഞ് മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്നതിലും നല്ലത് ഇടയ്ക്ക് ഒരു ഐസ്‌ക്രീം കൊടുക്കുന്നതാണ്. സ്ഥിരം ഐസ്‌ക്രീമും ചോക്കലേറ്റും കൊടുക്കുകയുമരുതെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

നന്നെ ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍തന്നെയാണ് ഏറ്റവും നല്ല പ്രതിരോധവസ്തു. ഒരു വയസ്സുവരെ മറ്റു പാലുകളോ മുട്ടയോ ഒന്നും കൊടുക്കരുത്. ഭാവിയിലെ ആസ്തമാ സാധ്യത കൂട്ടുമിത്. കഴിയുന്നത്ര കാലം മുലപ്പാല്‍ നല്‍കുന്നത് ആസ്തമയും അലര്‍ജിയുമെന്നല്ല മിക്ക രോഗങ്ങള്‍ക്കുമുള്ള പ്രതിരോ
ധമാണ്.


? ഏതുവസ്തുവിനോടാണ്, ഏതു ഭക്ഷണത്തോടാണ് അലര്‍ജി എന്ന് എങ്ങനെ അറിയും?ഭക്ഷണമാണെങ്കില്‍ കഴിച്ചുതന്നെ അറിയണം. മറ്റ് വസ്തുക്കളുടെ കാര്യവും അനുഭവത്തിലൂടെ പഠിക്കുകയല്ലാതെ നിവൃത്തിയില്ല. ഓരോന്നിനും ഓരോരുത്തരിലും വ്യത്യസ്ത പ്ര തികരണമാണുണ്ടാവുക. അലര്‍ജി കണ്ടെത്താന്‍, ആവസ്തു തൊലിപ്പുറത്ത് അല്പം പ്രയോഗിച്ചുകൊണ്ടുള്ള അലര്‍ജി ടെസ്റ്റുകളുണ്ട്. ഈ സ്‌കിന്‍ അലര്‍ജി പക്ഷേ ശ്വാസകോശത്തിനുണ്ടാവണമെന്നില്ല. അതു കണ്ടുപിടിക്കാന്‍ ചെറിയ തോതില്‍ ഇവ (പൊടിയോ പൂമ്പൊടിയോ ഒക്കെ) ശ്വസിപ്പിക്കുന്ന ശ്വാസകോശ ടെസ്റ്റുമുണ്ട്. അല്പം സങ്കീര്‍ണമാണിത്. പൊതുവി
ല്‍ അനുഭവത്തിലൂടെ അലര്‍ജിക്കു കാരണമായിക്കാണുന്ന വസ്തുക്കള്‍ ഒഴിവാക്കുക തന്നെ മാര്‍ഗം.


? കഫം പോവാന്‍ ആവി പിടിക്കുന്നത് നല്ലതാണോ?ആവി പിടിക്കുന്നതും ആവി ശ്വസിക്കുന്നതും നല്ലതുതന്നെ. ആസ്തമയുള്ളയാള്‍ ശ്വാസം വലിക്കുമ്പോള്‍ ശ്വാസനാളം 'ഡ്രൈ' ആവുക യും കഫം കട്ടകെട്ടുകയും ചെയ്യും. ശ്വാസം
മുട്ടല്‍ കൂടുന്നതിങ്ങനെയാണ്. ഇതലിയിച്ച്,
തുപ്പിപ്പോവാന്‍ ആവി സഹായിക്കും. ആസ്ത മയില്‍ മാത്രമല്ല പൊതുവില്‍ ഇത് നല്ല ഏര്‍
പ്പാടാണ്. ഇതിന് ചെലവില്ല, പാര്‍ശ്വഫലങ്ങളുമില്ല. മൂക്കടപ്പുണ്ടെങ്കില്‍ അതു മാറാനും ആവി നല്ലതാണ്.
വെള്ളത്തില്‍ തുളസിയില, വിക്‌സ് മുതലായവ ചേര്‍ക്കുന്നതുകൊണ്ട് പ്രത്യേക ഗു
ണമൊന്നുമില്ല. തുളസി ചേര്‍ത്താല്‍ നല്ല മ
ണം കിട്ടും, മൂക്കടപ്പും മാറും. സത്യത്തില്‍ ആവി മാത്രമാണ് നല്ലത്. ചിലരില്‍ ഇങ്ങനെ ചേര്‍ക്കുന്ന വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കിയേ ക്കാം.


? ആസ്തമാ രോഗികള്‍ വ്യായാമം ചെയ്യുന്നത് ശ്വാസംമുട്ടല്‍ കുറയ്ക്കാന്‍ സഹായിക്കുമോ?വ്യായാമം ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. അസുഖം കൂടുതലുള്ളപ്പോള്‍ ഏതായാലും വ്യായാമത്തിന് മുതിരില്ലല്ലോ. വ്യായാമം കൊണ്ട് ശ്വാസതടസ്സം വരുന്നുണ്ടെങ്കില്‍ ഡോക്ടറെക്കണ്ട് ഉപദേശം തേടണം. യോഗയിലും മറ്റുമുള്ള ലളിതമായ ശ്വസനവ്യായാമങ്ങള്‍ ആസ്തമ നിയന്ത്രിക്കാന്‍ നല്ലതാണ്. ഒപ്പം നിര്‍ദ്ദിഷ്ട ആസനങ്ങളുമാവാം. നീന്തലും ആസ്തമക്കാര്‍ക്ക് പറ്റിയ വ്യായാമമാണ്. ചിലരില്‍ വ്യായാമം കൊണ്ട് ആസ്തമ വരാറുമുണ്ട്. വലിയ പ്രശ്‌നങ്ങളില്ലെങ്കില്‍ അധികം തണുപ്പില്ലാത്ത പ്രഭാതങ്ങളില്‍ ശുദ്ധമായ അന്തരീക്ഷത്തില്‍ മുക്കാല്‍ മണിക്കൂറോളം സ്ഥിരമായി നടക്കുന്നത് നല്ലതാണ്.


? പൊടിയൊന്നുമില്ലാത്ത ശുദ്ധമായ അന്തരീക്ഷത്തിലും പെട്ടെന്ന് ശ്വാസം മുട്ടല്‍ വരാറുണ്ടല്ലോ. എന്തുകൊണ്ടാണിത്?പൊടിയും മറ്റും മാത്രമല്ല കാരണം. ആസ്തമ കൂടാന്‍ മാനസിക സംഘര്‍ഷങ്ങളും കാരണമാണ്. പിന്നെ, 'ശുദ്ധമായ' അന്തരീക്ഷം അത്ര ശുദ്ധമാവണമെന്നില്ലല്ലോ. തീരെച്ചെറിയ പൊടികളും പൂമ്പൊടികളുമൊക്കെക്കാണും. കാ ണാന്‍ പറ്റാത്ത മലിനീകരണങ്ങളും അന്തരീക്ഷത്തിലുണ്ടാവും.


? ആസ്തമയുള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടുമോ?ആസ്തമയും രക്തസമ്മര്‍ദ്ദവും തമ്മില്‍ പറയത്തക്ക ബന്ധമൊന്നുമില്ല. ചിലരില്‍ ശ്വാസം മുട്ടുന്ന സമയത്ത് രക്തസമ്മര്‍ദ്ദം കൂടാം. ചിലരില്‍ കുറയാം. ആസ്തമയ്ക്കുള്ള ചില മരുന്നുകള്‍ ചിലപ്പോള്‍ രക്തസമ്മര്‍ദ്ദം പോലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കിയേക്കാം.


? ആസ്തമയ്ക്കുള്ള 'സാല്‍ബ്യൂട്ടമോള്‍' പ്രശ്‌നങ്ങളുണ്ടാക്കുമെന്നു കേട്ടു. ശരിയാണോ?


സാല്‍ബ്യൂട്ടമോള്‍ സ്ഥിരമായി കഴിക്കുന്നത് ആശാസ്യമല്ല. ഇതൊരു, താല്ക്കാലികാശ്വാസത്തിനുള്ള മരുന്നാണ്. സ്ഥിരമാക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചേ ഈ ഗുളിക (ഏതു ഗുളികയും) കഴിക്കാവൂ. ഹൃദയാഘാതം പോലുള്ള ഹൃദയപ്രശ്‌നങ്ങള്‍ക്കും രക്തസമ്മര്‍ദ്ദത്തിനുമൊക്കെ ഈ മരുന്ന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.


? ആസ്തമയുള്ളവര്‍ക്ക് തടിവെക്കില്ലേ?സ്ഥിരമായി ആസ്തമയുണ്ടെങ്കില്‍, ക്ഷീ ണവും ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലുമൊക്കെയുള്ള മാറ്റങ്ങള്‍ കാരണം തടികൂടാതെയിരുന്നേക്കാം. അല്ലാതെ ആ സ്ത്മയുള്ളതുകൊണ്ട് ക്ഷീണിച്ചിരിക്കണം എന്നില്ല. കുട്ടികളില്‍ ആസ്തമ, വളര്‍ച യെ (ലീനിയര്‍ ഗ്രോത്ത് - ഉയരം വെക്കല്‍) ബാ ധിച്ചേക്കാം. മുതിര്‍ന്നവരില്‍ ഇതത്ര പ്രശ്‌നമല്ല. ചിലപ്പോള്‍ പൊണ്ണത്തടിയുള്ളവര്‍ക്ക് അതുമൂലം ശ്വാസംമുട്ടല്‍ വരികയും ചെയ്യാറുണ്ട്.


? ആസ്തമ മരുന്നുകള്‍ സ്ഥിരമായി കഴിച്ചാല്‍ പൊണ്ണത്തടിയുണ്ടാകുമെന്ന് കേട്ടിട്ടുണ്ടല്ലോ. ശരിയാണോ?സ്റ്റിറോയ്ഡ് അടങ്ങിയ ഗുളികകള്‍ അല്ലെങ്കില്‍ ഇഞ്ചക്ഷന്‍ സ്ഥിരമായാല്‍ ശരീരം വണ്ണം വെക്കാനിടയുണ്ട്. പക്ഷേ ഇന്നുപയോഗിക്കുന്ന മട്ടില്‍ സ്റ്റിറോയ്ഡ് അടങ്ങിയ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതുകൊണ്ട് ഇത്തരം പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വ്വമാണ്.


? കുട്ടിക്കാലത്തു തുടങ്ങുന്ന ആസ്തമ ഒരു പ്രായമാകുമ്പോള്‍ മാറുമെന്ന് പറയാറുണ്ടല്ലോ?ശരിയാണ്. കുട്ടികളിലെ ആസ്തമകൗമാരമെത്തുമ്പോള്‍ (12-15 വയസ്സാവുമ്പോള്‍) മാറാനുള്ള സാധ്യത 50-70( വരെയുണ്ട്. ശ്വാസകോശം പക്വത പ്രാപിക്കുന്ന സമയമാണിത്. പക്ഷേ ഇങ്ങനെ മാറിയവരില്‍, ചെറിയൊരു പങ്കിന് (20 ശതമാനം) 30 വയസ്സു കഴിഞ്ഞാല്‍ ആസ്തമ തിരിച്ചുവരാന്‍ സാധ്യതയുണ്ട്.


? ആസ്തമയുള്ളവര്‍ക്ക് ദേഹം ചൊറിഞ്ഞു തടിക്കലോ മറ്റ് അലര്‍ജികളോ ഉണ്ടാകുമോ?ഉണ്ടാവാന്‍ സാധ്യത കൂടുതലുണ്ട്. രണ്ടുതരത്തില്‍ ആസ്തമ വരാം. പുറമേനിന്നുള്ള ഘടകങ്ങള്‍ കാരണം വരുന്ന ആദ്യയിനത്തെ എക്‌സ്ട്രാന്‍സിക് ആസ്തമയെന്നു പറയും. കൂടുതലും കുട്ടികളിലാണിതു വരിക. കുടുംബപരമായും പാരമ്പര്യമായുമൊക്കെ ഇതു വരാം. ഭക്ഷണത്തോടുള്ള അലര്‍ജികള്‍, എക്‌സിമ, മൂക്ക് അലര്‍ജി, മൂക്കില്‍ദശ തുടങ്ങിയവ ഇവരില്‍ കാണാം. രണ്ടാമത്തെയിനം ഇ ന്‍ട്രിന്‍സിക് ആസ്തമയാണ്. പുറത്തുനിന്നുള്ള അലര്‍ജി പ്രത്യേകിച്ചു കാണില്ല. ആന്തരികമായ ശാരീരികപ്രശ്‌നങ്ങള്‍ കാരണമാകാം രോഗം വരുന്നത്.


? കാലാവസ്ഥ മാറുമ്പോള്‍ ആസ്തമ കൂടുന്നത് എന്തുകൊണ്ടാണ്?ആസ്തമരോഗം പെരുപ്പിക്കുന്ന ഒരു പ്രേരകവസ്തുവാണ് കാലാവസ്ഥാമാറ്റം. ചൂട് മാറി തണുപ്പുവരുമ്പോഴും മഞ്ഞുകാലം മാറി മഴ വരുമ്പോഴുമെല്ലാം ആസ്തമ കൂടാം. ഇതിനുപുറമെ ചില കാലാവസ്ഥയില്‍ അന്തരീക്ഷത്തില്‍ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നിരിക്കും. പൊടി, ഫംഗസ്, പൂപ്പല്‍, പൂമ്പൊടി ഒക്കെ ചില സമയങ്ങളില്‍ അധികരിച്ചിരിക്കും. പാര്‍തീനിയം, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങള്‍ ചില കാലത്ത് പൂവിടുമ്പോള്‍ അന്തരീക്ഷത്തില്‍ ഇവയുടെ പൂമ്പൊടി വ്യാപിച്ച് ആസ്തമ രോഗികള്‍ക്ക് ദുരിതമുണ്ടാക്കും

.


? സാധാരണ, വെളുപ്പിന് രണ്ടുമണിക്കുശേഷമാണ് ശ്വാസം മുട്ടല്‍ വരിക. എന്തുകൊണ്ടാണിത്?ഇത് സാധാരണം തന്നെ. രാവിലെ രണ്ടുമണിയോടടുപ്പിച്ച് ശ്വാസംമുട്ടും ചുമയും കൂടി ആസ്തമാരോഗി ഉണരും. ഉറക്കത്തിന്റെ വിവിധഘട്ടങ്ങളും താളക്രമവുമാണ് ഇതിനു കാരണം. ഈ സമയമാവുമ്പോള്‍ ഉറക്കത്തിന്റെ ഗാഢതയില്‍ മാറ്റമുണ്ടാവുകയും രോഗി തിരിയുകയും മറിയുകയും ചെയ്യും. അടങ്ങിക്കിടക്കുന്ന പൊടി-വീട്ടുപൊടിയും പൊടിച്ചെള്ളുകളും ഇതോടെ സജീവമാകും. ശ്വാസംമുട്ടലും ചുമയും കൂടുന്നതിങ്ങനെയാണ്.


? അലര്‍ജിക്കുള്ള മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ?അലര്‍ജിക്കുള്ള ആന്‍റിഹിസ്റ്റാമിന്‍ മരുന്നുകള്‍ പാര്‍ശ്വഫലങ്ങളുള്ളവയാണ്. ഗുളികയും ഇഞ്ചക്ഷനുമെല്ലാം ചെറിയതോതിലെങ്കിലും മറ്റവയവങ്ങളെ ബാധിക്കും. പാര്‍ശ്വഫലങ്ങള്‍ കുറവുള്ള ഇന്‍ഹേലറാണ് സ്ഥിരമായി ഉപയോഗിക്കാന്‍ നല്ലത്.


? ആറു വയസ്സുള്ള ആണ്‍കുട്ടിക്ക് സ്ഥിരമായി രാത്രിയില്‍ കടുത്ത ശ്വാസം മുട്ടലുണ്ടാവുന്നു. രാവിലത്തേക്ക് മാറും. വീസിങ്ങ് ആണെന്ന് ഡോക്ടര്‍ പറയുന്നു. ഇത് ആസ്തമയാണോ?


രാത്രിയിലെ സ്ഥിരമായ ശ്വാസംമുട്ടും 'വീസി ങ്ങും' ചുമയും ആസ്തമയുടെ ലക്ഷണങ്ങളാ ണ്. ഇത് അവഗണിക്കാതെ വിദഗ്ധചികിത്സ തേടണം.


? എറണാകുളം സ്വദേശികളായ ഞങ്ങള്‍ ഒരു വര്‍ഷം കോഴിക്കോട്ട് താമസിച്ചപ്പോഴാണ് കുഞ്ഞിന് ശ്വാസംമുട്ടല്‍ തുടങ്ങിയത്. ഇപ്പോള്‍ തിരിച്ച് എറണാകുളത്ത് ചെ ന്നെങ്കിലും അസുഖം തുടരുന്നു. സ്ഥലം മാറിയതുകൊണ്ടാണോ അസുഖം വന്നത്?സാധാരണ, സ്ഥലം മാറിത്താമസിച്ചപ്പോള്‍ അ സുഖം വന്നു, തിരിച്ചുവന്നപ്പോള്‍ മാറി എന്നു പറയുന്നുണ്ട്. ആ സ്ഥലത്തെ പ്രത്യേകാന്തരീക്ഷത്തീല്‍ ആസ്തമയുണ്ടാക്കുന്ന ഘടകങ്ങള്‍ ഉണ്ടായിരിക്കാം. തിരിച്ച് എറണാകുളത്ത് ചെന്നിട്ടും മാറാത്ത സ്ഥിതിക്ക് കോഴിക്കോട്ടെ പ്രശ്‌നമാവാന്‍ സാധ്യത കുറവാണ്. വിദഗ്ധ ചി കിത്സ തേടുക.


? അച്ഛനോ അമ്മയ്‌ക്കോ ആസ്തമയുണ്ടെങ്കില്‍ കുഞ്ഞിനും വരുമോ?ഇതുകൊണ്ടുമാത്രം കുട്ടിക്ക് രോഗം വരണമെന്നില്ല. വരാന്‍ സാധ്യത കൂടുമെന്നു മാത്രം. എല്ലാ കുട്ടികള്‍ക്കും വരണമെന്നുമില്ല. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നീ 'ഫസ്റ്റ് ഡ്രിഗ്രി' ബന്ധുക്കളില്‍ ഒരാള്‍ക്ക് ആസ്തമയുണ്ടെങ്കില്‍ കുട്ടിക്ക് രോഗം വരാനുള്ള സാധ്യത (സാധാരണക്കാരുടെതിനെ അപേക്ഷിച്ച്) രണ്ടര ഇരട്ടിയാണ്. അടുത്ത ബന്ധുക്കളില്‍ രണ്ടുപേര്‍ക്ക് രോഗമുണ്ടെങ്കില്‍ കുട്ടിയുടെ രോഗസാധ്യത അഞ്ചര ഇരട്ടിയാണ്.


? ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍ വെസല്‍ (സ്‌പേസര്‍) വേണമെന്ന് നിര്‍ബന്ധമുണ്ടോ?സ്‌പേസര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം സാധാരണമട്ടില്‍ ഇന്‍ഹേലര്‍ ഉപയോഗിച്ച് വായിലേക്ക് മരുന്ന് സ്‌പ്രേ ചെയ്യുമ്പോള്‍ 10-20( മാത്രമേ ശ്വാസകോശത്തിലെത്തൂ. ബാക്കി തൊണ്ടയിലും വായിലും തങ്ങും. സ്‌പേസര്‍ ഉപയോഗിക്കുകയാണെങ്കില്‍ 20-25( ശ്വാ സകോശത്തിലെത്തും. 10-15( മരുന്ന് വായി ലും തൊണ്ടയിലും തങ്ങും. ബാക്കി സ്‌പേസറില്‍തന്നെ പറ്റിപ്പിടിച്ചുകൊള്ളും. അതുകൊണ്ടുതന്നെ പാര്‍ശ്വഫലങ്ങള്‍ അത്രയും കുറയും. സ്‌പ്രേ അമര്‍ത്തിയ അതേസമയം ശ്വാസം വലിക്കുകയും ശ്വാസം പിടിച്ചുനിര്‍ത്തുകയും വേണമല്ലോ. സ്‌പേസര്‍ ഉപയോഗിച്ചാല്‍, ഈ ബുദ്ധിമുട്ട് ഒഴിവാകുമെന്നതിനാല്‍ പ്രായമായവര്‍ക്കും ആസ്തമ കൂടുതലുള്ളവര്‍ക്കും കുട്ടികള്‍ക്കും സ്‌പേസര്‍ ഉള്ളതാണ് നല്ലത്.


? നല്ല ആസ്ത്മയുള്ളപ്പോള്‍ തല കുളിക്കാമോ?സാധാരണ ജീവിതത്തിലെ, ജലദോഷവും മറ്റുമുള്ളപ്പോഴത്തെ ചിട്ടകള്‍ അനുസരിച്ചാല്‍ മതിയാവും. ഏതായാലും നല്ല ആസ്ത്മയുള്ളപ്പോള്‍ തേച്ചുകുളിക്കേണ്ട. എണ്ണ തേച്ചാല്‍ ചിലപ്പോള്‍ ജലദോഷവും വന്നേക്കാം.


? എനിക്ക് ആസ്തമരോഗം വിട്ടുമാറുന്നില്ല. ഞാന്‍ വിവാഹിതയാകുന്നത് കുഴപ്പമാണോ?നിങ്ങള്‍ക്ക് സാധാരണമട്ടിലുള്ള കുടുംബജീവിതം നയിക്കാന്‍ കഴിയും. ആസ്തമയ്ക്ക് ഇന്ന് ഫലപ്രദമായ ചികിത്സകളുണ്ടല്ലോ. വിവാഹത്തിനും ഗര്‍ഭധാരണത്തിനും പ്രസവത്തിനും ആസ്തമ ഒരു തടസ്സമേയല്ല. ഗര്‍ഭകാലത്ത് ആസ്തമ കൂടുന്നത് ഗര്‍ഭസ്ഥശിശുവിന് പ്രശ്‌നമാകും. ശ്വാസംമുട്ടല്‍ കൊണ്ട് ഓക്‌സിജന്‍ സ്വീകരണം കുറയുന്നത് കുഞ്ഞിനെ ബാധിക്കും. അതുകൊണ്ട് ഗര്‍ഭകാലത്ത് ആസ്തമ നി യന്ത്രിക്കാന്‍ മരുന്നുകള്‍/ഇന്‍ഹേലര്‍ മുടങ്ങാതെ ഉപയോഗിക്കണം. ഡോക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് മരുന്നു കഴിക്കണം. മരുന്നുകഴിക്കുന്നത് കുഞ്ഞിനു പ്രശ്‌നമാകുമോയെന്ന ചിന്ത വേണ്ട. കാരണം മരുന്നു കഴിച്ചുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ മരുന്നുകഴിക്കാതെ ആസ്തമകൂടിയാലുണ്ടാകുന്ന പ്രശ്‌നങ്ങളെ അപേക്ഷിച്ച് എത്രയോ നിര്‍ദ്ദോഷമാണ്.


? സ്ഥിരമായി ഉപയോഗിക്കാന്‍ ഇന്‍ഹേലറോ ഗുളികയോ നല്ലത്?സ്ഥിരമായി ഉപയോഗിക്കേണ്ടതും അല്ലാത്തതുമായ മരുന്നുകളുണ്ട്. രണ്ടുതരത്തിലാണ് മരുന്നുള്ളത്. പെട്ടെന്ന് അസുഖം കൂടുമ്പോള്‍ ആശ്വാസം കിട്ടാനുള്ള 'റിലീവര്‍' മരുന്നുകളും ഡോക്ടറുടെ ഉപദേശാനുസരണം സ്ഥിരമായി കഴിക്കേണ്ട 'പ്രിവന്‍റീവ്' മരുന്നുകളും. സ്ഥിരമായി വേണ്ടപ്പോള്‍ ഇന്‍ഹേലര്‍ തന്നെയാണ് നല്ലത്. കാരണം ഒരു ഗുളിക നാലോ എട്ടോ മില്ലിഗ്രാം
ഉള്ളപ്പോള്‍ ഇന്‍ഹേലറില്‍ (ഒരുതവണ) അതിന്റെ ഇരുപതിലൊന്നേ മരുന്നുള്ളൂ-ഏതാനും മൈക്രോഗ്രാം മാത്രം. പിന്നെ, ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍, മരുന്ന് എത്തേണ്ടിടത്താണ് (ശ്വാസകോശത്തില്‍) കാര്യമായി എത്തുന്നത്. ഗുളിക അങ്ങനെയല്ലല്ലോ. തൊലിപ്പുറത്ത് ഓയിന്‍റ്‌മെന്‍റു പുരട്ടുംപോലെ നിര്‍ദ്ദോഷമായ ഒന്നാണ് ഇന്‍ഹേലര്‍.


? വേദനസംഹാരികള്‍ ആസ്ത്മ കൂട്ടുമെന്നുകേട്ടു. ശരിയാണോ?
ചില മരുന്നുകള്‍ക്ക് ഈ പ്രശ്‌നമുണ്ട്. ആസ്പിരിന്‍, ഇബുപ്രോഫെന്‍, ഇന്‍സോമെത്തസിന്‍ തുടങ്ങിയ വേദനസംഹാരികള്‍ ആസ്തമരോഗികളില്‍ ശ്വാസംമുട്ടല്‍ കൂട്ടാന്‍ സാധ്യതയുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഏതു മരുന്നും കഴിക്കാവൂ.


? കുട്ടികള്‍ക്ക് ആസ്തമ വന്നാല്‍ തുടക്കത്തില്‍ എങ്ങനെയാണത് മനസ്സിലാക്കുക?ശ്വാസംമുട്ടല്‍, നിര്‍ത്താത്ത ചുമ, ശ്വാസമെടുക്കുമ്പോള്‍ വിസില്‍ ശബ്ദം (വീസിങ്), പാലുകുടിക്കാന്‍ പറ്റാത്ത അവസ്ഥ, സാധാരണ ജലദോഷം വന്നാല്‍പ്പോലും നീണ്ടുനില്‍ക്കുന്ന ചുമ തുടങ്ങിയവ കുട്ടികളിലെ ആസ്തമയുടെ ലക്ഷണമാണ്. വളരെ ഗുരുതരമായ അ വസ്ഥയില്‍ ദേഹത്ത് നീലനിറം അപൂര്‍വമാ യി കണ്ടേക്കാം. ശ്രദ്ധിക്കേണ്ട വസ്തുത, ഇ തെല്ലാം ആസ്തമയ്ക്കു മാത്രമല്ല, പല അസുഖങ്ങളുടേയും ലക്ഷണമായി കണ്ടേക്കാം.


? കിടപ്പുമുറിയില്‍ പ്രത്യേകിച്ച് എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ? ഫാനിട്ട് കിടന്നാല്‍ ആസ്ത്മ കൂടുമോ?കിടപ്പുമുറി പൊടിയില്ലാതെ വൃത്തിയാക്കി വെക്കണം. വാക്വം ക്ലീനറുപയോഗിക്കുന്നതിലും നല്ലത് സ്ഥിരം വെള്ളം മുക്കി തുടക്കുന്നതാണ്. കാര്‍പ്പെറ്റ്, കര്‍ട്ടന്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കണം. കാര്‍പ്പറ്റ് ഏതായാലും വേണ്ട. ബെഡ്ഷീറ്റുകള്‍ ദിവസവും മാറ്റണം. പഞ്ഞി അലര്‍ജിയുള്ളവര്‍ കിടയ്ക്കക്കും തലയണയ്ക്കും പ്ലാസ്റ്റിക് കവറിടണം. മറ്റേതെങ്കിലും വസ്തുക്കള്‍ - ഫോം പോലെ - കൊണ്ടുണ്ടാക്കുന്ന കിടയ്ക്ക ഉപയോഗിക്കുന്നതും നല്ലതുതന്നെ.
ഫാനിന്റെ കാറ്റുകൊണ്ടുമാത്രം ആസ്ത്മ കൂടില്ല. പക്ഷേ ഫാനിട്ടാല്‍ പൊടി കൂടുമ ല്ലോ. ഇത് പ്രശ്‌നമാകും. തണുത്ത കാറ്റ് പെ ട്ടെന്ന് ശ്വസിക്കുന്നതും പ്രശ്‌നമാകാം.


? എനിക്ക് എന്റെ ആസ്ത്മയെ നിരീക്ഷിക്കാന്‍ - കൂടുന്നതും കുറയുന്നതും അറിയാന്‍ -വഴിയുണ്ടോ?ഉണ്ട്. വീട്ടില്‍വച്ചുതന്നെ ആസ്ത്മയുടെ കാഠിന്യം, ശ്വാസകോശത്തിന്റെ ശക്തി അളക്കാന്‍ പറ്റിയ ഉപകരണം മാര്‍ക്കറ്റില്‍ കിട്ടും. പീക്ക് ഫ്ലോമീറ്റര്‍ എന്ന ഈ ഉപകരണം ഉപയോഗിച്ച് പ്രഷര്‍ അളക്കുന്നതുപോലെ ശ്വാസകോശശക്തിയും കൃത്യമായി അളക്കാം. ഈ ഉപകരണത്തിലേക്ക് ശക്തിയായി ഊതുമ്പോള്‍ (ഇതെങ്ങനെ ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞുതരും) അതിന്റെ ശക്തി അളക്കാനാകും. ഈയളവ് ലിംഗം, വയസ്സ്, ഉയരം എന്നിവയനുസരിച്ച് മാറിക്കൊണ്ടിരിക്കും. ആറടിയുള്ള ഒരു ഇരുപതുകാരന് ഈ 'റീഡിങ്' 650-800 വരെയാകാം. (ലിറ്റര്‍/മിനുട്ട്). ആസ്തമയുള്ളപ്പോള്‍ ഇത് 60-200 വരെയായി താഴും. ചികിത്സിക്കുന്ന സമയത്ത് ഇത് വീ ണ്ടും ഉയരും. ഈ സംഖ്യ 100 ല്‍ താഴ്ന്നാല്‍ ഡോക്ടറെ കാണണം.
ഇങ്ങനെ ആസ്തമാ സ്ഥിതി വിലയിരുത്താനുള്ള 'സെല്‍ഫ് മാനേജ്‌മെന്‍റ് പ്ലാന്‍' ഉണ്ടാക്കാവുന്നതാണ്. സ്ഥിരമായി 300ല്‍ നില്‍ക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ശ്വാസംമുട്ടല്‍ വന്നപ്പോള്‍ ഇത് 150 ആയി കുറഞ്ഞാല്‍ ഉടന്‍ ചികിത്സ തേടാനാകും; അല്ലെങ്കില്‍ മുടക്കിയ മരുന്ന് തുടരാനാകും.


? ഇന്‍ഹേലറിലെ മരുന്ന് തൊണ്ടയില്‍ അണുബാധയുണ്ടാക്കുമോ?മരുന്നുമൂലം ചിലരില്‍, തൊണ്ടയില്‍ ഫംഗസ് അണുബാധയുണ്ടാവാം. ചിലര്‍ക്ക് താല്ക്കാലികമായി ശബ്ദം അടഞ്ഞുപോവാനും ഇടയുണ്ട്. ഈ രണ്ടു പ്രശ്‌നവും സ്‌പേസര്‍ ഉപയോഗിച്ച് പരിഹരിക്കാനാകും. ഇന്‍ഹേലര്‍ ഉപയോഗിച്ചശേഷം വായനന്നായി കുലുക്കുഴിയുന്നത് നല്ലതാണ്. ഫംഗസ്ബാധയുണ്ടായാല്‍ അതിനുള്ള മരുന്ന് വേണ്ടിവരും.


? കറുത്ത വാവിനോടനുബന്ധിച്ച് ആസ്തമ കൂടുമെന്ന് പറയാറുണ്ട്. ഇതില്‍ സത്യമുണ്ടോ?പലരും അനുഭവത്തിലൂടെതന്നെ ഇക്കാര്യം ശരിയാണെന്ന് പറയാറുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഇതിന് യാതൊരടിസ്ഥാനവും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പക്ഷേ, ഇത്തരം പരാതി സ്ഥിരമാണ്. ഇതൊരു മാനസികപ്രശ്‌നമായാണ് വിലയിരുത്തപ്പെടുന്നത്. 'കറുത്ത വാവാണിന്ന്, പ്രശ്‌നമായി' എന്ന തോന്നല്‍ മതി മാനസികസമ്മര്‍ദ്ദം കൂടി ആസ്തമ കൂട്ടാന്‍.
റോസാപ്പൂ അലര്‍ജിയായ ഒരു കുട്ടിക്ക് പ്ലാസ്റ്റിക് പൂവ് കാട്ടിയാലും ശ്വാസമുട്ടല്‍ വരുമെന്ന് പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. മാ നസികമാണ് പ്രശ്‌നം. കറുത്തവാവിന് ആസ്തമ കൂടുന്നയാള്‍ വാവിന്റെ കാര്യം അ റിയാതിരുന്നാല്‍ മതി. റൂമില്‍ നിന്നു കലണ്ടര്‍ മാറ്റിയാല്‍ പ്രശ്‌നം തീര്‍ന്നേക്കും.


ഡോ. പി. സുകുമാരന്‍