എല്ലാ വര്‍ഷവും കാലവര്‍ഷത്തിനു മുമ്പുള്ള മൃഗസിരാ കാര്‍ത്തികയ്ക്ക് ഹൈദരാബാദിലെ ചാര്‍മിനാറിന് തെക്കുപടിഞ്ഞാറുള്ള ദൂത്ത്ബൗലി ജനസമുദ്രമാകും. ബത്തിന ഗൗഡകുടുംബക്കാര്‍ ഒന്നര നൂറ്റാണ്ടായി, ആ ദിവസം ആസ്തമയ്ക്കുള്ള മത്സ്യചികിത്സ നടത്തുന്നു. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ലക്ഷങ്ങള്‍ ഇവിടെ ആദിനം ചികിത്സ തേടിയെത്തുന്നു. ഹിമാലയത്തില്‍ നിന്ന് തീര്‍ത്ഥാടനത്തിനായി ഹൈദരാബാദിലെത്തിയ ഒരു സന്ന്യാസി, ഈ കുടുംബത്തിലെ അന്നത്തെ കാരണവരായിരുന്ന വീരണ്ണഗൗഡിന് പറഞ്ഞുകൊടുത്ത രഹസ്യ ചികിത്സാവിധിയാണിത്.

ഈ വീട്ടിലെ കിണറ്റിലെ വെള്ളമുപയോഗിച്ച് പേസ്റ്റുരൂപത്തില്‍ കുഴച്ചെടുത്ത ഈ മരുന്ന്, ജീവനുള്ള മത്സ്യത്തിനകത്തുവെച്ച് രോഗിയെക്കൊണ്ട് വിഴുങ്ങിക്കലാണ് ചികിത്സ. ഇതിനായി ഊപ്പ മത്സ്യമാണ് ഉപയോഗിക്കുക. (ഇപ്പോള്‍ ശര്‍ക്കരക്കകത്തു വച്ചും മരുന്നു കൊടുക്കാറുണ്ട്)ആസ്തമ ഭേദമായതായി രോഗികള്‍ സാക്ഷ്യപ്പെടുത്താറുണ്ട്. ജീവനുള്ള ഈ മത്സ്യം ശ്വാസകോശത്തിലെയും ശ്വാസനാളത്തിലെയും കഫവും തടസ്സവുമെല്ലാം നീക്കി ശ്വാസകോശത്തെ ശുദ്ധിയാക്കുമത്രേ. മൂന്നു ഡോസു മരുന്നുണ്ട് (15 ദിവസം ഇടവിട്ട്) ഇങ്ങനെ മൂന്നു വര്‍ഷം കഴിക്കണം. എന്നാലേ ഫലിക്കൂ. സൗജന്യമാണ് ചികിത്സ. എന്നാല്‍ മത്സ്യചികിത്സയുടെ ശാസ്ത്രീയതയെപ്പറ്റി പഠനങ്ങളൊന്നും നടന്നിട്ടില്ല. മരുന്നിന്റെ രഹസ്യ സ്വഭാവം ഇതിനു തടസ്സവുമാണ്.

ഒരു ചികിത്സയും സ്വീകരിച്ചില്ലെങ്കിലും 30 ശതമാനത്തോളം ആസ്തമ രോഗികളില്‍ സ്വാഭാവിക രോഗശമനം കാണാറുണ്ട്. ഇങ്ങനെയുള്ള രോഗശമനം ചികിത്സകൊണ്ടാണെന്ന് ധരിക്കപ്പെടുന്നു-ആധുനിക ചികിത്സാ വിദഗ്ദ്ധര്‍ മത്സ്യ ചികിത്സയെക്കുറിച്ച് പറയുന്നതിതാണ്. ധ്യാനം, കൂട്ട പ്രാര്‍ത്ഥന എന്നിവ പകരുന്നതുപോലുള്ള മാനസിക സ്വസ്ഥത ഈ ചികിത്സയും നല്‍കുന്നുണ്ടാവാം. ജീവനുള്ള മത്സ്യത്തെ വിഴുങ്ങുന്നതുകൊണ്ട് ഉപദ്രവം വേറെയുണ്ടുതാനും. ഇതുമൂലമുള്ള അണുബാധ ടോക്‌സിക് അക്യൂട്ട് റീനല്‍ ഫെയ്‌ലിയര്‍ എന്ന വൃക്കരോഗമുണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വലിയ മീനുകളുടെ പിത്തസഞ്ചി, ഒരുതരം ഉത്തേജകൗഷധമായി കഴിക്കുന്ന പതിവ് ഉത്തരേന്ത്യയില്‍ ചിലേടത്തുണ്ട്. അവരില്‍ ഇതേ പ്രശ്‌നം കാണാറുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തിടത്തോളം മത്സ്യചികിത്സയെ ഒരു അത്ഭുതരോഗശാന്തിയായി കാണാനേ പറ്റൂ.