കുട്ടികളുടെ മനോവ്യക്തിത്വ വികസനത്തിനു തടസ്സമുണ്ടാക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഓട്ടിസം. ഈ രോഗത്തിന്റെ യഥാര്‍ഥകാരണങ്ങള്‍ ശരിയായി കണ്ടെത്തിയിട്ടില്ലെങ്കിലും ജനിതകകാരണങ്ങള്‍, രോഗ പ്രതിരോധശക്തിക്കുണ്ടാകുന്ന വൈകല്യങ്ങള്‍, ചിലയിനം അണുബാധകള്‍, കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സിനുകളില്‍ അടങ്ങിയ മെര്‍ക്കുറിയുള്ള ചില രാസവസ്തുക്കള്‍ തുടങ്ങിയവ ഓട്ടിസത്തിന്റെ കാരണങ്ങളിലേക്കു വിരല്‍ചൂണ്ടുന്നതായി പഠനങ്ങള്‍ കാണിക്കുന്നു.


എന്താണ് ഓട്ടിസം


ഓട്ടിസം എന്നത് പെരുമാറ്റത്തിലുള്ള വൈകല്യമായാണ് കുട്ടിയില്‍ കണ്ടുതുടങ്ങുന്നത്. ശാരീരിക വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഏറെക്കുറെ സാധാരണമാണെങ്കിലും മാനസികവളര്‍ച്ചയും ബുദ്ധിവികാസവും മന്ദമായിരിക്കും. രണ്ടു വയസ്സിനുശേഷവും അമ്മയുടെ മുഖത്തുപോലും നോക്കുകയോ പ്രതികരിക്കുകയോ ചെയ്യായ്ക, സംസാരശേഷി പ്രായത്തിനനുസരിച്ച് മെച്ചപ്പെടാതിരിക്കുക, വീട്ടിലുള്ളവരുമായി യാതൊരു രീതിയിലും സമ്പര്‍ക്കമില്ലാതെയിരിക്കുക, ചെയ്യുന്ന പ്രവൃത്തികളും മറ്റും വീണ്ടും വീണ്ടും ചെയ്യുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രധാനമായും ഓട്ടിസത്തില്‍ കണ്ടുവരുന്നു.രോഗലക്ഷണങ്ങളില്‍നിന്നും ശരീരത്തിലേയും മനസ്സിലേയും രോഗസാഹചര്യത്തെ മനസ്സിലാക്കി തദ്വാരാ രോഗകാരണങ്ങളെ ശരിയാംവിധം ഗ്രഹിച്ച് ചികിത്സിച്ച് ആരോഗ്യത്തിലേക്കു കൊണ്ടുവരികയാണ് ആയുര്‍വേദത്തില്‍ ചെയ്യുന്നത്.


ശൈശവത്തിലെ ആരോഗ്യം


ആയുര്‍വേദത്തില്‍ ഒരു വ്രണരോഗിയുടെ പരിചരണത്തില്‍ വേണ്ടത്ര ശ്രദ്ധയും ശുഷ്‌കാന്തിയുമാണ് ശിശുപരിചരണത്തിലും വേണ്ടത് എന്ന് നിഷ്‌കര്‍ഷിക്കുന്നു. ജനിച്ച അന്നു മുതല്‍ കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും രക്ഷയ്ക്കും വേണ്ടിയുള്ള ചികിത്സകള്‍ അവന്റെ ആയുസ്സിന്റെ തന്നെ ഗുണത്തേയും ദൈര്‍ഘ്യത്തേയും നിര്‍ണയിക്കുന്നു. പ്രകൃതിദത്ത അണുനാശകദ്രവ്യങ്ങളാല്‍ ശുചീകരിച്ച മുറികള്‍, കുട്ടിയുടെ ശാരീരിക മാനസിക സുരക്ഷയ്ക്ക് ഫലം ചെയ്യുന്ന വയമ്പ് തുടങ്ങിയ ഔഷധങ്ങള്‍ ദേഹത്ത് ചെയ്യുക, കുട്ടിയുടെ മൂര്‍ധാവില്‍ യുക്തമായ തൈലം നനച്ച വൃത്തിയുള്ള തുണിയിടുക, ഔഷധസിദ്ധമായതോ അല്ലാത്തതോ ആയ നെയ്യ് ചെറിയ അളവില്‍ കൊടുത്തുതുടങ്ങി കാലക്രമേണ ആരോഗ്യമുള്ളപ്പോള്‍ ശീലമാക്കുക തുടങ്ങിയ രക്ഷാകര്‍മങ്ങള്‍ പ്രധാനമാണ്.


ഓട്ടിസം-ചികിത്സ ആയുര്‍വേദത്തില്‍


ഓട്ടിസത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ഒറ്റമൂലിയോ സ്ഥായിയായ ഒരു ഔഷധമോ ഇല്ല. പ്രധാനമായും ചികിത്സ താഴെപ്പറയുന്ന കാര്യങ്ങളുടെ ലബ്ധിക്കായാണ്.

1. തലച്ചോറിലെ വിഷമയാവസ്ഥയെ പരിഹരിക്കുക, കോശങ്ങളെ പുനരുജ്ജീവിപ്പിക്കുക.
2. തലച്ചോറിന്റെ തന്നെ വിവിധ വ്യാപാരങ്ങളായ ചിന്താശക്തി , വിചാരം , ഏകാഗ്രത , ഓര്‍മശക്തി , ഭാവന എന്നിവയെ മെച്ചപ്പെടുത്തുക.
3. വ്യാധി പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുക.
4. വാക് പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനുള്ള ഔഷധങ്ങള്‍ക്കൊപ്പം 'സ്​പീച്ച് തെറാപ്പിയും' മറ്റും പ്രയോജനം ചെയ്യുന്നതായി കാണുന്നുണ്ട്. കുട്ടിയുമായി എല്ലായേ്പാഴും വാക്കുകളിലൂടെ ആശയവിനിമയം ചെയ്യുക എന്നത് ഏറെ ആവശ്യമാണ്.
5. കുട്ടിക്ക് മാനസിക ഉല്ലാസം നല്കുന്ന അന്തരീക്ഷം ചികിത്സയില്‍ ഒഴിവാക്കാനാവാത്തതാണ്.


രോഗപ്രതിരോധം


എ) ഗര്‍ഭിണിയാകുമ്പോഴും മുലയൂട്ടുമ്പോഴും കൃത്രിമ ആഹാര പാനീയങ്ങള്‍, രാസൗഷധങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. ഒന്നൊന്നര വയസ്സുവരെയെങ്കിലും കുഞ്ഞിനെ മുലയൂട്ടുക.

ബി) ഗര്‍ഭകാലത്തും കുട്ടികളിലും ഒറ്റമൂലികളുടെ പ്രയോഗം തീര്‍ത്തും ഒഴിവാക്കുക, പകരം രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും വൈദ്യനിര്‍ദേശത്തില്‍ ഔഷധയോഗങ്ങള്‍ തന്നെ ഉപയോഗിക്കുക. ഉരമരുന്നു നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ അളവ്, ഉപയോഗക്രമം, ഉപയോഗ വ്യവസ്ഥകള്‍ എന്നിവയ്ക്ക് വൈദ്യോപദേശം നേടുക.

സി) ആരോഗ്യമുള്ളപ്പോള്‍ കുട്ടിയുടെ ശിരസ്സിലും ദേഹത്തും യുക്തമായ എണ്ണതേച്ചു കുളി ശീലമാക്കുക.

ഡി) പഴകിയതും കേടായതുമായ ഭക്ഷണം, സ്ഥിരമായി ബേക്കറി ആഹാരം, പച്ചക്കറികള്‍ ഗണ്യമായി കുറച്ചുകൊണ്ട് നിത്യവും മത്സ്യമാംസാഹാരശീലം, പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, സ്റ്റീറോയ്ഡുകള്‍ തുടങ്ങിയവയും കുട്ടികളുടെ ശാരീരിക മാനസികാരോഗ്യത്തെ സാരമായി ബാധിക്കും.


ഡോ. രമ്യാകൃഷ്ണന്‍,


ലക്ചറര്‍,
പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ്,
തിരുവനന്തപുരം