യോഗ ചികിത്സ


യോഗവിദ്യ കേവലം ഒരു വ്യായാമമുറയല്ല. മനുഷ്യന് ഉത്കര്‍ഷം വളര്‍ത്തി അമാനുഷികതയിലേക്ക് വളരാനുള്ള അചിന്ത്യ പ്രാഭവത്തോടു കൂടിയ കര്‍മ്മപദ്ധതിയാണത്. അതുകൊണ്ടുതന്നെ യോഗിക്ക് സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടും വിചാരധാരയും ബുദ്ധിശക്തിയും സ്വയമേവ വന്നു ചേരുന്നു. യോഗ നിത്യതകൊണ്ട് മനസ്സിനുണ്ടാകുന്ന ഉത്ബുദ്ധത തന്നെയാണ് ഇതിന് കാരണം. ഇത്രയും മഹത്തായ യോഗവിദ്യ കൈകാര്യം ചെയ്യുന്ന പലര്‍ക്കും ഉദ്ദിഷ്ടഫലം പലപ്പോഴും സിദ്ധിക്കാതെ പോ കുന്നുമുണ്ട്. മാത്രമല്ല വിപരീതഫലങ്ങളും ചിലപ്പോള്‍ കണ്ടുവരുന്നു. ഇതിന്റെ പ്രധാനകാരണം ഈ വിദ്യ കൈകാര്യം ചെയ്യുന്ന രീതിയിലെ അപാകതകള്‍തന്നെ. തീര്‍ത്തും കറകളഞ്ഞ ശുദ്ധമായ രീതിയിലുള്ള ഒരു പാഠ്യക്രമം തന്നെ ഇന്ന് വിരളമായിക്കൊണ്ടിരിക്കുന്നു; ധാരാളം സ്ഥാ പനങ്ങളും, സാധ്യതകളും ഉണ്ടായിട്ടുകൂടി.

യോഗവിദ്യക്ക് വളരെയധികം പ്രാധാന്യം കിട്ടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. യോഗവിദ്യയെ ഒരു സമാന്തരചികിത്സാശാഖയായി പരക്കെ അംഗീകരിച്ചിട്ടുണ്ട്. യോഗത്തേക്കാളുപരി യോഗചികിത്സ വ്യാപകമായിക്കഴിഞ്ഞു. വളരെ വ്യാപകമായ രീതിയില്‍ രോഗപ്രതിരോധത്തിനും രോഗശമനത്തിനും ഈനാട്ടിലും മറുനാട്ടിലും യോഗത്തെ കൈകാര്യം ചെയ്തുവരുന്നു. എന്നാല്‍ യോഗം ഒരു ചികിത്സാ മാര്‍ഗമല്ല എന്നതാണ് സത്യം. ചികിത്സക്ക് വേണ്ടതായ ഉപകരണങ്ങളോ സംഭാരങ്ങളോ അതിലില്ല. ഈ നാട്ടിലെ പ്രാചീന വൈദ്യശാസ്ത്രം ആയുര്‍വേദമാണ്. ആയുര്‍വേദത്തില്‍ ചികിത്സക്ക് വേണ്ട ചതുഷ്പാദസംപത്തിയും (വൈദ്യന്‍, ഔഷധം, പരിചാരകന്‍, രോഗി), ഷോഡശഗുണയുക്തിയും (ഓരോന്നിനും വേണ്ട ഗു ണങ്ങള്‍ നാല്, അങ്ങിനെ ആകെ പതിനാറ്) ഇതിലില്ല. എന്നാലും രോഗത്തിന് പ്രതിവിധിയാണെന്നതില്‍ തര്‍ക്കമില്ല. യോഗസിദ്ധാന്തപ്രകാരം ശരീരത്തിന്റെ ആന്തരികമായ ശുദ്ധി ആരോഗ്യവും, അശുദ്ധിരോഗവുമാകുന്നു. ദേഹത്തില്‍ അന്നന്നുണ്ടാകുന്ന അശുദ്ധിയെ, യോഗഭാഷയില്‍ ആമത്തെ, അന്നന്ന് പചിപ്പിച്ച് പുറത്തുകളഞ്ഞ് ശുദ്ധി വരുത്തുകയാണ് യോഗക്രിയകള്‍ കൊണ്ട് ചെയ്യുന്നത്. അതിനാല്‍ അശുദ്ധി നിമിത്തമായി ഉണ്ടാകുന്ന വ്യാധികള്‍ വിട്ടുപോകുന്നു. ഇതാണ് യോഗചികിത്സയുടെ അടിസ്ഥാനസിദ്ധാന്തം. ഈ രീതിയില്‍ത്തന്നെ കൈകാര്യം ചെയ്താല്‍ മാത്രമേ യോഗചികിത്സയുടെ ഉദ്ദിഷ്ടഫലം ലഭിക്കുകയുള്ളൂ. യോഗത്തിന്റെ പൂര്‍ണ്ണമായ ഫലം ലഭിക്കണമെങ്കില്‍ ശരീരത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് അനിവാര്യമാണ്. ഇന്ന് യോഗത്തില്‍ രണ്ടു വിധത്തിലുള്ള ശാരീരിക വിജ്ഞാനമാണ് നിലവിലുള്ളത്. ഇതില്‍ ആദ്യത്തേത് യോഗശാസ്ത്രസിദ്ധാന്തമനുസരിച്ചുള്ളതാണ്. ഇത് ആയുര്‍ വേദത്തിലെ ശരീര വിജ്ഞാനത്തില്‍ നിന്നു വിഭിന്നമല്ല. ആയുര്‍വേദത്തില്‍ വിപുലമായ വിശദീകരണമുണ്ടെന്നു മാത്രം.

രണ്ടാമത്തേത് ആധുനികശാസ്ത്ര രീതിയി ലുള്ളതാണ്. ഇന്ന് യോഗചികിത്സ അധികവും നടത്തിവരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇവ രണ്ടും അനിവാര്യം തന്നെ. എന്നാല്‍ യോഗവിദ്യ വളര്‍ന്നു വന്നിട്ടുള്ളത് പ്രാചീനമായ ശാരീരിക വിജ്ഞാനത്തിന്റെ വെളിച്ചത്തിലാണ്. അതുകൊണ്ട് ആശരീരശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടുള്ള ഒരു പഠനം പൂര്‍ണ്ണമായ അനുഭവം ഉണ്ടാക്കുവാന്‍ പര്യാപ്തമല്ല. എന്നാല്‍ പ്രാചീനസമ്പ്രദായപ്രകാരം മനസ്സിലാക്കി ആധുനികരീതിയില്‍ കൈകാര്യം ചെയ്താല്‍ ഫലവത്താവുകയും ചെയ്യും.


ആയുര്‍വേദവും യോഗവുംആയുര്‍വേദവും യോഗവും പരസ്പരപൂരകങ്ങളും സമന്വയിച്ച് പോകുന്ന ശാസ്ത്രശാഖകളുമാണ്. ആയുര്‍വേദത്തിന്റെ സൈദ്ധാന്തിക വശമായ ത്രിദോഷവിജ്ഞാനവും സപ്തധാതുവിജ്ഞാനവും പാഞ്ചഭൗതികസിദ്ധാന്തവും തന്നെയാണ് യോഗത്തിലും. ചികിത്സ എന്ന വി ഷയമെടുത്താലും ഈ രണ്ട് ശാസ്ത്രശാഖകളും ഒരേ അടിസ്ഥാനത്തിലാണ് ആയുര്‍വേദവിധിപ്രകാരം. ചികിത്സ ശോധനമെന്നും ശമനമെന്നും രണ്ട് വിധത്തിലാണ്. ഇതില്‍ ശരീരത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന ദോഷങ്ങളെ പുറത്തുകളഞ്ഞ് ശുദ്ധീകരിക്കുന്ന രീതിയാണ് ശോധന ചികിത്സ. ഇവയ്ക്ക് പഞ്ചകര്‍മ്മങ്ങള്‍ എന്ന് പറയും. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയാണ് പഞ്ചകര്‍മ്മങ്ങള്‍. യോഗത്തില്‍ ശോധനകര്‍മ്മം ഷഡ്കര്‍മ്മങ്ങളെ ക്കൊണ്ടാണ് ചെയ്യുന്നത്. ധൗതി, വസ്തി, നേതി, നൗളി, ത്രാടകം, കപാലഭാതി എന്നിവയാണ് ആറ് കര്‍മ്മങ്ങള്‍. പഞ്ചകര്‍മ്മങ്ങളുടെയും ഷഡ്കര്‍മ്മ ങ്ങളുടെയും പ്രയോഗങ്ങള്‍ ഒരു പോലെയാണ്.
ആയുര്‍വേദത്തില്‍ രണ്ടാമതായി പറയുന്ന ശമനചികിത്സ ദോഷങ്ങളെ വിലയിപ്പിച്ച് രോഗശമനമുണ്ടാക്കാനുള്ള ഉപാധികളാണ്. മരുന്നുകള്‍ക്കാണ് ഇതില്‍ അധികം പ്രാധാന്യം. യോഗത്തില്‍ ആ ജോലി ആസനം, പ്രാണായാമം, മുദ്രാ, ബന്ധം എന്നിവയാണ് നിര്‍വഹിക്കുന്നത്. ഓരോരോ രോഗത്തിനും എന്നതിലുപരി വ്യക്തി നിഷ്ഠമായ ഒരു സമീപനമാണ് വേണ്ടത്. ഓരോ വ്യക്തിക്കും പ്രായത്തിനും രോഗത്തിനും അനു യോജ്യമായത് തിരഞ്ഞെടുത്ത് പ്രയോഗിക്കുന്ന തിലാണ് യോഗചികിത്സയുടെ പ്രാഗല്ഭ്യം. അ ത്തരമൊരു സമീപനമാണ് ഇനി നമുക്കാവശ്യം.


ആധുനിക കാഴ്ചപ്പാട്ആസ്തമ ശ്വാസകോശസംബന്ധമായ ഒരു രോഗമാണ്. ശ്വാസോച്ഛ്വാസത്തിന്റെ തടസ്സമാണ് ഇതില്‍ അനുഭവപ്പെടുന്നത്. ശ്വാസകോശങ്ങളില്‍ കഫക്കെട്ട് വന്ന് ശ്വാസമെടുക്കുമ്പോള്‍ ശ്വാസകോശത്തിലെ വായു അറകള്‍ക്ക് വി കസിക്കാനും സങ്കോചിക്കാനും പറ്റാത്ത ഒരവസ്ഥ സംജാതമാകുന്നു. ഇതിന് ബാഹ്യവും, ആന്തരികവുമായ കാരണങ്ങള്‍ ഉണ്ട്. അലര്‍ജിയാണ് ഇതിന്റെ പ്രധാനകാരണമായി പറയുന്നത്. പൊടിപടലങ്ങള്‍, തണുത്ത അന്തരീക്ഷം, പുക തുടങ്ങിയ ബാഹ്യകാരണങ്ങള്‍കൊണ്ട് ഈ രോഗമുണ്ടാകുന്നു. ആന്തരികമായ കാരണങ്ങളില്‍ തൈര്, പാല്‍ മുതലായവയും തണുപ്പുള്ള ആഹാരസാധനങ്ങളുമാണ് പ്രധാനം. അ ലോപ്പതിയില്‍ ശ്വാസകോശങ്ങള്‍ക്ക് വികാസം ഉണ്ടാക്കുവാനുള്ള ചികിത്സകളാണ് കൊടുക്കുന്നത്. യോഗത്തിലും ഇതേ സമീപനമാണ് ഇന്ന് നിലവിലുള്ളത്. ഇതിനെക്കുറിച്ച് പല ഗ വേഷണപഠനങ്ങളും നടത്തിക്കുന്നുണ്ട്. ഇത്തരമൊരു സമീപനത്തില്‍ പരിമിതമായ യോഗക്രിയകളെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.


യോഗ, ആയുര്‍വേദസമീപനങ്ങള്‍യോഗത്തിലെ സമീപനം ആയുര്‍വേദത്തോട് വളരെ യോജിച്ചുപോകുന്നു. രോഗം ശ്വാസകോശസംബന്ധമാണെങ്കിലും രോഗത്തിന്റെ തുടക്കം ആമാശയത്തില്‍നിന്നാണ്. ദഹനപ്രക്രിയ കമ്മിയാകുമ്പോള്‍ ആമാശയത്തില്‍ ചൂടു കുറയുകയും കഫം വര്‍ദ്ധിക്കുകയും ചെയ്ത് അത് രക്തത്തില്‍ കലര്‍ന്ന് സഞ്ചരിച്ച് ദേഹത്തില്‍ കഫത്തിന്റെ സ്ഥാനമായ ഉരസ്സിനെ ആശ്രയിച്ച് പ്രധാനമായി ശ്വാസകോശത്തില്‍ വന്നുചേര്‍ന്ന് അവിടെ പ്രാണവായുവിന് തടസ്സം സൃ ഷ്ടിക്കുന്നു. കഫവാതദോഷങ്ങളെക്കൊണ്ടാണ് ഇങ്ങനെയൊരവസ്ഥ ഉണ്ടാകുന്നത്.
അഞ്ചുതരം ശ്വാസരോഗങ്ങളാണ് ആയുര്‍ വേദത്തില്‍ പരാമര്‍ശിക്കുന്നത് - മഹാന്‍, ഊര്‍ദ്ധ്വന്‍, ഛിന്നന്‍, തമകന്‍, ക്ഷുദ്രന്‍. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം മാരകങ്ങളാണ്. ക്ഷുദ്രനും തമകനുമാണ് ആസ്തമയില്‍ ഉള്‍പ്പെടുത്താവുന്നവ. അതില്‍ ക്ഷുദ്രന്‍ രൂക്ഷായാസങ്ങളായ പ്രവൃത്തികള്‍ കൊണ്ട് ശരീരത്തിന് ക്ഷീണം സംഭവിച്ച് ഉണ്ടാകുന്നതാണ്. ഇത് ചികിത്സിച്ചാല്‍ പൂര്‍ണമായും മാറും. ആസ്തമയുടെ പൂര്‍ണ്ണലക്ഷണം തമകശ്വാസത്തിലാണ്. ഇതിന്റെ പഴക്കവും, അവസ്ഥയും അനുസരിച്ചാണ് സാദ്ധ്യാസാദ്ധ്യത.
'തമകേതുവിരേചനം' - ആയുര്‍വേദ ചികിത്സയില്‍ വിരേചനത്തിനാണ് പ്രാധാന്യം. എന്നാല്‍ ഇത് രോഗിയുടെ ശരീരബലത്തെ ആസ്പദമാക്കിയാണ്. ബലം കുറഞ്ഞവരെ വിരേചിപ്പിക്കരുത്. വിരേചനം (വയറിളക്കല്‍) ചെയ്യുമ്പോള്‍ പ്രാണവായുവിന് ഉരസ്സിലുള്ള സമ്മര്‍ദ്ദവും, ആഘാതവും കുറയുകയും കഫവാതങ്ങള്‍ ക്രമീകരിക്കുകയും ചെയ്യും.


മറ്റു രോഗങ്ങളുമായുള്ള ബന്ധം


ആസ്തമ ചിലപ്പോള്‍ മറ്റു രോഗങ്ങളില്‍ നിന്നും ഉത്ഭവിച്ചതായും കാണാറുണ്ട്. അതില്‍ പ്രധാനമാണ് ഗ്രഹണി. ഭക്ഷണം കഴിച്ചാല്‍ ഉടനെ മലശോധന ഉണ്ടാകുന്നതാണ് അതിന്റെ പ്രധാനലക്ഷണം. ഇവിടെ ഗ്രഹണിചികിത്സ ചെ യ്താല്‍ ശ്വാസരോഗം ഭേദമായി അനുഭവത്തില്‍ കണ്ടിട്ടുണ്ട്. അതുപോലെ അര്‍ശ്ശസ്സ് (മൂലക്കു രു), സ്ത്രീകള്‍ക്ക് ആര്‍ത്തവദോഷം കൊണ്ടുണ്ടാകുന്ന രക്തഗുല്മന്‍ എന്നിവയില്‍ നിന്നും ഈ രോഗം ഉണ്ടായിക്കണ്ടിട്ടുണ്ട്. അവിടെയെല്ലാം അതിന്നനുസരിച്ച് ചികിത്സ ചെയ്യണം.


യോഗ ചികിത്സപ്രകൃതം യോഗചികിത്സയാകയാല്‍ ആ ഭാഗം മാത്രമേ ചികിത്സയില്‍ എടുത്തുദ്ധരിക്കുന്നുള്ളൂ. ശോധനക്രിയകളില്‍ പറയുന്ന ധൗതി ഇതില്‍ വളരെ ഫലവത്താണ്. അതില്‍ പ്രത്യേകിച്ച് ജലവമനധൗതി.


ജലവമനധൗതിഎളുപ്പം ചെയ്യാവുന്ന ക്രിയയാണ് ജലവമനധൗതി. രാവിലെ വെറും വയറ്റിലാണ് ചെയ്യേണ്ടത്. ഇന്തുപ്പോ, കറിയുപ്പോ ഇട്ട് രണ്ടുലിറ്റര്‍ വെള്ളം തിളപ്പിച്ച് വെക്കുക. ചൂട് കുടിക്കാന്‍ പാകമായാല്‍ അതില്‍ നിന്നും ഓരോരോ ഗ്ലാസ് വീതം വയറു നിറയുന്നതുവരെ കുടിക്കുക. ഛര്‍ദ്ദിക്കാന്‍ വരുമ്പോള്‍ വായില്‍ കയ്യിട്ട് മുഴുവന്‍ വെള്ളവും ഛര്‍ദ്ദിച്ച് കളയുക. ഇങ്ങനെ നിത്യവും അഭ്യസിച്ചാല്‍ ശരീരത്തിന് മുഴുവനും പ്രത്യേകിച്ച് ആമാശയം, ഹൃദയം, ശ്വാസകോശം എന്നിവക്കും ശുദ്ധിവരും. ക്ഷീണം സംഭവിക്കുകയുമില്ല. ആയുര്‍വേദത്തില്‍ ഇതിന് സമാനമായി കാണുന്നത് മരുന്ന് കൊടുത്ത് മൃദുവായി ഛര്‍ദ്ദിപ്പിക്കലാണ്.

ജലവമനധൗതി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താലും മതി. ചിലര്‍ക്ക് മുഴുവന്‍ വെള്ളവും ഛര്‍ദ്ദിച്ച് പോയെന്ന് വരില്ല. എന്നാലും ഭയപ്പെടാനില്ല. ഉള്ളില്‍ തങ്ങിനില്‍ക്കുന്ന വെള്ളം ഭക്ഷണശേഷം മലത്തില്‍ കൂടി പൊയ്‌ക്കൊള്ളും. ഇത് മുഖം മുതല്‍ ഗുദം വരെ ശുദ്ധി വരുത്താന്‍ നല്ലതാണ്.


നാഡി ശുദ്ധിപ്രാണായാമംആസ്തമയ്ക്കുള്ള യോഗക്രിയകളില്‍ പ്രാണായാമം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. പ്രാ ണവായുവിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളായ ശ്വാ സകോശങ്ങള്‍ക്കും, ഹൃദയത്തിനും ഇത് ശുദ്ധി ഉണ്ടാക്കുന്നു. ശ്വാസകോശങ്ങളിലെ പറ്റിപ്പിടിച്ചിരിക്കുന്ന കഫത്തെ ഇളക്കി പുറത്തുതള്ളാനും പേശികള്‍ക്ക് വ്യായാമം കൊടുക്കുവാനും സഹായിക്കും.
പത്മാസനത്തില്‍ ഇരുന്നാണ് നാഡിശുദ്ധി ചെയ്യേണ്ടത്. കാലുകള്‍ നീട്ടിവെച്ച് വലത്തെ പാദം ഇടത്തെ തുടയിലും ഇടത്തെ പാദം വ ലത്തെ തുടയിലും വെച്ചാല്‍ പത്മാസനമായി. പിന്നീട് വലത്തെ നാസാദ്വാരം വലതുകയ്യിന്റെ പെരുവിരല്‍ കൊണ്ടടച്ച് ഇടത്തെ ദ്വാരത്തില്‍ ക്കൂടി ദീര്‍ഘമായി ശ്വാസമെടുക്കണം. പിന്നീട് ഇടത്തെ ദ്വാരം അടച്ച് വലതുഭാഗത്തുകൂടി പുറത്തുവിടണം. ഇത് ഒരു പ്രാണായാമം. ഇങ്ങിനെ 12 എണ്ണം തുടക്കത്തില്‍ എടുക്കാം. പിന്നീട് കഴിവിന്നനുസരിച്ച് കൂട്ടിക്കൂട്ടിവരാം.


കപാലഭാതിവളരെ വേഗത്തില്‍ ശക്തികൊടുത്ത് ശ്വാ സോച്ഛാസം ചെയ്യുന്ന രീതിയാണിത്. ഉല ഊതു ന്ന ശബ്ദത്തോടു കൂടി ഉള്ളിലേക്കും പുറത്തേ ക്കും മൂക്കിലൂടെ വായുവിനെ ശക്തിയായി പ ലതവണ എടുക്കണം. ശ്വാസം പുറത്തുവിടുമ്പോ ള്‍ വയറിന്റെ ഭാഗം ഉള്ളിലേക്കും ഉള്ളിലേക്കെടുക്കുമ്പോള്‍ പുറത്തേക്കും തള്ളിയാണ് ഇത് ചെയ്യുന്നത്. ഓരോ തവണ 10 മുതല്‍ 15 വരെ ചെയ്യാം. അങ്ങിനെ മൂന്നോ നാലോ തവണ ആവര്‍ത്തിക്കാം. ഹൃദയത്തെ ബാധിച്ച ശ്വാസരോഗത്തില്‍ ഇത് ഹിതമല്ല.


ഉഡ്ഡ്യാനബന്ധംവയറിനുള്ള പ്രത്യേക വ്യായാമമാണ് ഉഡ്ഡ്യാ നബന്ധം. ഇതുകൊണ്ട് ദഹനശക്തി വര്‍ദ്ധിക്കു കയും ആമാശയത്തിലെ കഫം നീങ്ങുകയും ചെയ്യും. ഉരസ്സിലെ കഫത്തെ കളയുന്നതിനേക്കാളധികം ഈ രോഗത്തില്‍ അതിന്റെ ഉത്ഭവസ്ഥാനമായ ആമാശയത്തിലെ കഫത്തെയാണ് ഒഴിവാക്കുന്നത്.
നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ചെയ്യാം. തുടക്കത്തില്‍ നിന്നുകൊണ്ട് ചെയ്യുന്നതാണുത്തമം. കാലുകള്‍ അല്പം അകത്തി മുട്ടുകള്‍ സ്വല്പം മടക്കി കൈത്തലങ്ങള്‍ മുട്ടിന്മേല്‍ ഊന്നികുറച്ചൊന്ന് മുന്നോട്ട് കുനിഞ്ഞ് നില്‍ക്കണം. പിന്നീട് ശ്വാസം പൂര്‍ണ്ണമായി മൂക്കിലൂടെ പുറത്തുവിട്ടശേഷം വയറിന്റെ ഭാഗം നല്ലപോലെ ഉള്ളിലേക്ക് വലിക്കണം. ഈ നിലയില്‍ ശ്വാസോച്ഛ്വാസം ചെയ്യരുത്. കഴിവിന്നനുസരിച്ച് നിന്നശേഷം നിവര്‍ന്ന് ശ്വാസം മൂക്കില്‍ കൂടി ഉ ള്ളിലേക്കെടുക്കണം. ഇങ്ങിനെ 6 തവണ ആവ ര്‍ത്തിക്കാം. മരണമാകുന്ന ആനയ്ക്ക് ശത്രുവായ സിംഹത്തെപ്പോലെയാണ് ഉഡ്ഡ്യാനബന്ധം എന്ന് ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നു. ശ്വാസംമുട്ട് അധികമായുള്ള സമയത്ത് ഇത് ചെയ്യുന്നത് ഹിതമല്ല.


നേതിനാസാദ്വാരങ്ങളുടെ ശുദ്ധിയാണ് നേതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് രണ്ട്‌വിധത്തിലുണ്ട്. ജലനേതി, സൂത്രനേതി. വെള്ളംകൊണ്ട് നാസാദ്വാരങ്ങളെ ശുദ്ധി ചെയ്യുന്നത് ജലനേതി യും, നൂല് (ചരട്) കൊണ്ട് ചെയ്യുന്നത് സൂത്രനേതിയുമാകുന്നു.
ആസ്തമയുടെ കാര്യത്തില്‍ സൂത്രനേതിയാണ് അനുകൂലം. പരുത്തികൊണ്ടുള്ള കനംകൂടിയ നൂല് (ഇപ്പോള്‍ റബ്ബര്‍ ട്യൂബും ഉപയോഗിച്ചുവരുന്നു) 12 ഇഞ്ചോളം നീളത്തിലെടുത്ത് അതിന്റെ ഒരറ്റം പിടിച്ച് മറ്റേ അറ്റം ഒരു നാസാദ്വരത്തില്‍ കൂടി വലിച്ചുകയറ്റുക. കയറ്റിയ അറ്റം തൊണ്ടയില്‍ എത്തുന്നതുവരെ വലിക്കണം. തൊണ്ടയില്‍ എത്തിക്കഴിഞ്ഞാല്‍ ആ അറ്റം വിരലുകള്‍കൊണ്ട് പുറത്തെടുത്ത് രണ്ടറ്റവും പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും വലിച്ചുകൊണ്ടിരിക്കുക. ഇങ്ങിനെ മൂന്നോ നാലോ പ്രാവശ്യം ചെയ്തശേഷം വായില്‍കൂടി നൂല് വലിച്ച് പുറത്തെടുക്കണം. ഇപ്രകാരം മറ്റേ നാസാദ്വാരത്തിലും ആവര്‍ത്തിക്കാം. പ്രാണവഹസ്രോതസ്സുകള്‍ തുറക്കാന്‍ ഇത് വളരെ സഹായിക്കും. ദിവസവും ചെയ്യുന്നത് നല്ലതാണ്.


ഭുജംഗാസനംശ്വാസകോശത്തിന് വികാസം കിട്ടാന്‍ ഇത് സഹായിക്കും. കമിഴ്ന്ന് കിടന്ന് തലനേരെവെച്ച് കൈകള്‍ തോളിന്നു നേരെ വെച്ച് നിലത്തൂന്നി ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് തല, മാറ്, ഉദരം എന്നീക്രമത്തില്‍ പൊക്കി പിന്നിലേക്ക് വളയണം. നിലയില്‍ സാധാരണ ശ്വാസം പുറത്തുവിട്ടുകൊണ്ട് താഴേക്ക് വരണം.


ധനുരാസനംകമിഴ്ന്നു കിടന്നാണ് ധനുരാസനം ചെയ്യേണ്ടത്. കാലുകള്‍ മുട്ടുമടക്കി കണങ്കാല്‍ കൈകള്‍കൊണ്ട് ബലമായി പിടിക്കണം. പിന്നീട് തലയും മാറും കാലുകളും മേല്‌പോട്ടുപൊക്കി വയറിന്റെ ഭാഗം മാത്രം നിലത്തുതൊട്ടുകൊണ്ട് സ്ഥിതി ചെയ്യണം. പൊങ്ങുമ്പോള്‍ ശ്വാസം പുറത്തേക്കും താഴുമ്പോള്‍ അകത്തേക്കുമാണ് വേണ്ടത്. നിലയില്‍ സാധാരണ ശ്വാസം എടുത്തുകൊണ്ടിരിക്കണം. ശ്വാസകോശത്തി ന് ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. ഹൃദയത്തിനും നല്ലതാണ്.


മത്സ്യാസനംപത്മാസനത്തില്‍ (മുമ്പ് വിവരിച്ചിട്ടുണ്ട്) ഇരുന്നിട്ട് മലര്‍ന്നു കിടന്ന് ശ്വാസം ഉള്ളിലേക്കെ ടുത്തുകൊണ്ട് പിന്നോക്കം വളഞ്ഞ് ശിരസ്സ് തറയില്‍ ഉറപ്പിച്ച് വെക്കണം. കൈകള്‍കൊണ്ട് കാ ലിന്റെ പെരുവിരല്‍ പിടിക്കാം. ഈ നിലയില്‍ സാധാരണ ശ്വാസം എടുത്ത് ശ്വാസം പുറത്തുവിട്ടുകൊണ്ട് താഴെ വരണം.


ഉഷ്ട്രാസനംവാസനത്തിലിരുന്ന് (കാലുകള്‍ മുട്ടുമടക്കി ഇരിക്കുന്നതാണ് വാസനം). കൈത്തലങ്ങള്‍ പാദത്തില്‍ ഉറപ്പിച്ച് ശ്വാസം പുറത്തുവിട്ടുകൊണ്ട് പിന്നിലേക്ക് വളയണം. ഈ നിലയില്‍ സാധാരണ ശ്വാസം എടുത്ത് സ്ഥിതി ചെയ്ത് ശ്വാസം പുറത്തവിട്ടുകൊണ്ട് താഴെ വരണം. ശ്വാസഗതി സുഗമമാവാന്‍ ഇത് സഹായിക്കും.
ആസ്തമയില്‍ ഉപകരിക്കുന്ന വേറെയും ധാരാളം ആസനങ്ങളുണ്ട്. എളുപ്പമായ ചിലതു മാത്രമേ വിവരിച്ചിട്ടുള്ളൂ.
ഇവിടെ വിവരിച്ച എല്ലാ യോഗമുറകളും എല്ലാവര്‍ക്കും ഹിതമായിക്കൊള്ളണമെന്നില്ല. ചിലത് ചിലര്‍ക്ക് ചെയ്യാനാവില്ല. പറ്റാവുന്നത് തിരഞ്ഞെടുത്തുവേണം ശീലിക്കാന്‍. പിന്നെ ഏതെങ്കിലും ഒരു യോഗമുറമാത്രം ശീലിച്ചതുകൊണ്ടൊന്നും രോഗത്തിന് ശമനം കിട്ടില്ല. യോഗമുറകളെ ക്രമത്തില്‍ ചിട്ടപ്പെടുത്തി ദിവസവും അരമണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെയെങ്കിലും ചെയ്യണം. ഭക്ഷണകാര്യത്തില്‍ വര്‍ജ്ജിക്കേണ്ടതിനെ വര്‍ജ്ജിക്കുകയും പത്ഥ്യമായതിനെ സേവിക്കുകയും വേണം.
ആസ്തമരോഗം ഇന്ന് വളരെയധികം ക ണ്ടുവരുന്നുണ്ട്. രോഗത്തിന്റെ തീവ്രത ഹേതുവായും, വിവിധ വൈദ്യവിജ്ഞാനശാഖകള്‍ ക്ക് ഈ രോഗത്തില്‍ ഏറെ പരിമിതിയുള്ളതിനാലും യോഗചികിത്സക്ക് ഏറെ പ്രസക്തിയുണ്ട്. വളരെയധികം ആളുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചും, അല്ലാതെയും യോഗചികിത്സ തേടി എത്താറുണ്ട്. ആസ്തമ രോഗത്തില്‍ യോഗാസനത്തിന്റെ അനന്തസാദ്ധ്യതകള്‍ തുറന്നുകാട്ടാനുള്ള ഒരു ചെറിയ ശ്രമം മാത്രമാണ് ഈ ലേഖനം.


പ്രൊഫ. വി. വാസുദേവന്‍


ഡയറക്ടര്‍, ആര്‍ഷയോഗവിദ്യാപീഠം ട്രസ്റ്റ്
രാമനാഥപുരം, കോയമ്പത്തൂര്‍