ലക്ഷണങ്ങള്‍


ചുമ, കിരുകിരുപ്പ്, നെഞ്ചിനുള്ളില്‍ വീര്‍ ത്തുകെട്ടല്‍, ശ്വാസമെടുക്കാനുള്ള വിമ്മിട്ടം എന്നിവയാണ് മുഖ്യലക്ഷണങ്ങള്‍. ശ്വാസമെടുക്കുമ്പോള്‍ ചൂളമടിക്കുന്നതുപോലെയുള്ള സ്വരം ആസ്തമയുടെ പ്രധാന ലക്ഷണമാണ്. ഉറക്കത്തിനു തടസ്സമുണ്ടാകുകയും (പ്രധാനമാ യും രാത്രിസമയത്തും പുലര്‍ച്ചെയും) ചുമമൂ ലം രാത്രിമുഴുവന്‍ ഉറങ്ങാന്‍ സാധിക്കാതിരിക്കുകയും ചെയ്യന്നുവെങ്കില്‍ അത് ആസ്തമ മൂലമാണെന്നു കരുതാം. വ്യായാമസമയത്തുണ്ടാകുന്ന ശ്വാസതടസ്സവും വിട്ടുമാറാത്ത ചുമയും ജലദോഷവും ആസ്തമാരോഗികളില്‍ കണ്ടുവരുന്നു.


ആസ്തമാബാധിതര്‍ക്ക് രോഗം മാറിയശേഷവും ചുമയും ശ്വാസതടസ്സവും ഉണ്ടാകാവുന്നതാണ്.


പ്രേരണാ ഘടകങ്ങള്‍


ആസ്തമയുടെ ആക്രമണത്തിനുതകുന്ന ചില പ്രേരണാഘടകങ്ങള്‍ (ട്രിഗേഴ്‌സ്) താഴെ കൊടുക്കുന്നു.

പനിയോടുകൂടിയതോ അല്ലാതെയോ ഉള്ള ജലദോഷം.
പൊടിയും (പ്രത്യേകിച്ച വീടിനുള്ളിലെ പൊടിപടലങ്ങള്‍) പുകയും.
സിഗരറ്റു പുക.
തണുത്ത വായു അല്ലെങ്കില്‍ കാലാവസ്ഥയിലെ മാറ്റം.
പെര്‍ഫ്യൂം, പെയിന്‍റ്, പാചകമസാല എന്നിവയുടേതുപോലുള്ള രൂക്ഷഗന്ധം.
പൂച്ച, നായ ഇവയുടെ രോമം, പക്ഷിത്തൂവലുകള്‍.
പൂമ്പൊടി.
വ്യായാമം.
സമ്മര്‍ദം, അമര്‍ഷം, അമിതമായ ചിരി തുടങ്ങിയ വികാരവിക്ഷോഭങ്ങള്‍.


ഓരോ വ്യക്തിയും ഓരോ ട്രിഗ്യേസിനോടും വിഭിന്ന രീതികളിലാവും പ്രതികരിക്കുക. ആസ്തമാരോഗികള്‍ അവരവരുടെ ട്രിഗേഴ്‌സി നെ കണ്ടെത്തുകയും അവയില്‍നിന്നും അകന്നുനില്‍ക്കുകയും ചെയ്യണം.


ചികിത്സിച്ചു ഭേദമാക്കാമോ?


ആസ്തമ മാറാരോഗമാണെന്ന ധാരണ വ്യാപകമാണ്. 'എനിക്ക് ആസ്തമയുണ്ട്, ഇത് ഒരിക്കലും വിട്ടുമാറില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്, ഞാന്‍ ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ടിവരുമോ' തുടങ്ങിയ സംശയങ്ങളും സങ്കടങ്ങളുമായികഴിയുന്ന രോഗികള്‍ നിരവധിയാണ്. ആസ്തമ രോഗികള്‍ പരിഭ്രമിക്കേണ്ട കാര്യമേയില്ല. കാരണം ആസ്തമ നൂറുശതമാനം നിയന്ത്രണവിധേയമാണ്. ഇത് പൂര്‍ണമായും ചികിത്സിച്ചു മാറ്റാനാവില്ലെന്നത് ശാ സ്ത്രീയമായി ശരിയാണ്. കാരണം അസുഖമില്ലാ ത്തപ്പോഴും ശ്വാസകോശം പരിശോധിച്ചാല്‍ (ടെസ്റ്റോ ബയോപ്‌സിയോ) രോഗത്തിന്റെ തെളിവുകള്‍ കണ്ടെത്താനാകും. പക്ഷേ ലക്ഷണങ്ങളൊന്നും കാണുകയുമില്ല. ഇങ്ങനെ രോഗം മാറിയ ഒരാള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ വന്നാല്‍ രോഗം വീണ്ടും പ്രത്യക്ഷപ്പെടാം.
ലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയാല്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പ്രതിരോധമരുന്നുകള്‍ മതിയാകും. അപൂര്‍വം പേര്‍ക്ക് ജീവിതകാലം മുഴുവന്‍ ചെറിയ അളവില്‍ മരുന്നു തുടരേണ്ടി വന്നേക്കാം. പലര്‍ക്കും ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മരുന്നു നിര്‍ത്താനും സാധിക്കാറുണ്ട്.
ആസ്തമ, മറ്റു രോഗങ്ങളെപ്പോലെ, ചികിത്സ ആവശ്യമായരോഗമാണ്. പലരും ഇതംഗീകരിക്കാറില്ല. ആസ്തമയുണ്ടെന്ന കാ ര്യംതന്നെ സമ്മതിക്കാത്തവരുണ്ട്. രോഗം തനിയെ ഭേദമായിക്കൊള്ളും എന്ന ധാരണയായിരിക്കാമവര്‍ക്ക്. ആസ്തമ, തുടക്കത്തില്‍ത്തന്നെ കണ്ട് ചികിത്സിക്കുകയാണെങ്കില്‍ നമുക്ക്, നിത്യജീവിതത്തിന് തടസ്സമുണ്ടാക്കാത്തവിധത്തില്‍ അതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.
ആസ്തമ പിടിപെടാന്‍ സാധ്യതയുള്ള തൊഴില്‍ സാഹചര്യങ്ങളും നമ്മുടെ കുട്ടികളെക്കൂടി ഈ രോഗത്തിലേക്ക് നയിക്കുന്ന പുകവലി പോലുള്ള ദുശ്ശീലങ്ങളും ഒഴിവാക്കണം.

കഠിനവ്യായാമങ്ങള്‍ ചിലപ്പോള്‍ ആസ്തമ കൂട്ടുന്നതായി കാണാറുണ്ട്. ലഘുവായ ശ്വസനക്രിയകളും യോഗയും നീന്തല്‍, നടത്തം പോലുള്ള വ്യായാമങ്ങളുമായിരിക്കും ആസ്ത്മക്കാര്‍ക്ക് ഗുണകരമാവുക.
ആസ്തമയെപ്പറ്റി പല മുന്‍വിധികളും ജനങ്ങള്‍ക്കുണ്ട്.

ആസ്തമാചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡ് മരുന്നുകളെപ്പറ്റിയാണ് ചിലത്. ഇഞ്ചക്ഷന്‍ രൂപത്തിലോ ഗുളിക രൂപത്തിലോ ഉപയോഗിക്കുമ്പോഴാണ് രക്തസമ്മര്‍ദം, അമിതവണ്ണം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കണ്ടുവരുന്നത്. എന്നാലിപ്പോള്‍ ഈ മരുന്നുകള്‍ അതിസൂക്ഷ്മകണികകളാക്കി ഏറോസോള്‍ രൂപത്തില്‍ വലിക്കാവുന്നതാണ്. ഈ രീതി വളരെ ഫലപ്രദവും ദൂഷ്യവശങ്ങള്‍ തീരെയില്ലാത്തതുമാണ്.

നൂതനവും വളരെ ഫലപ്രദവുമായ ചികിത്സമൂലം ആസ്തമരോഗിക്ക് സാധാരണപോലെ ജീവിതം നയിക്കാനാവും. നേരത്തെ സൂചിപ്പിച്ച വീരനായകന്മാരുടെ ജയഗാഥകള്‍ തന്നെ ഇതിനു സാക്ഷി.