പത്തുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കുഞ്ഞിനെ ദൈവം ഷഹാനയ്ക്ക് സമ്മാനിച്ചത്. മകന് രണ്ട് വയസ്സായപ്പോഴാണ് ഷഹാന ശ്രദ്ധിച്ചുതുടങ്ങിയത് അവന്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കാറില്ല. എപ്പോഴും തനിച്ചിരിക്കാനാണ് ഇഷ്ടം. ഷഹാന സ്‌നേഹത്തോടെ ഒന്ന് ഓമനിക്കാനെത്തിയാല്‍ ഒഴിഞ്ഞുമാറി ടെലിവിഷനുമുന്നിലേക്ക് ഓടും. പാട്ടു കേള്‍ക്കും; അതിനൊപ്പം പാടും. എത്രനേരം വേണമെങ്കിലും അങ്ങനെ ഇരിക്കും. എപ്പോഴും ശരീരം മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നുണ്ടാവും. അത് തടഞ്ഞാല്‍ പിന്നെ ആകെ ദേഷ്യത്തിലാവും. ആളുകളുമായി സംസാരിക്കാനും പ്രയാസം. സ്‌കൂളില്‍ ചേര്‍ക്കാനെത്തിയപ്പോള്‍ അധികൃതര്‍ ബുദ്ധിമാന്ദ്യമാണെന്ന് പറഞ്ഞ് സീറ്റ് നിഷേധിച്ചു.

പിന്നീടങ്ങോട്ട് പലരും പറഞ്ഞതുകേട്ട് വലിയ തുക മുടക്കി ചികിത്സിച്ചു. ഒരു കുറവുമില്ല. പിന്നെ എവിടെയും വിടാതെ അവനെ വീട്ടിലെ നാല് ചുവരിനുള്ളില്‍ തളച്ചു. അവന് പാടാനുള്ള താത്പര്യവും ഞങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു' ഇത്രയും പറഞ്ഞപ്പോള്‍ ഷഹാനയുടെ കണ്ണുനിറഞ്ഞിരുന്നു. മകന് ഓട്ടിസമാണെന്ന് അവര്‍ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു. തന്റെ ഗതി ഇനിയാര്‍ക്കുമുണ്ടാകരുതെന്നാണ് ഈ അമ്മയുടെ പ്രാര്‍ഥന. അതിനുവേണ്ടത് കുട്ടികളില്‍ കണ്ടുവരുന്ന സ്വഭാവ വൈജാത്യമാണ് ഓട്ടിസം എന്ന തിരിച്ചറിവാണ്. ഇതൊരു രോഗമല്ല. മറിച്ച് , ആശയവിനിമയത്തിലും സാമൂഹിക ഇടപെടലിലുമുള്ള വ്യത്യാസമാണ്.


എന്താണ് ഓട്ടിസം?


കുട്ടികളില്‍ കാണുന്ന സാമൂഹികപ്രതികരണ വൈകല്യമാണ് ശരിക്കും ഓട്ടിസം. നിര്‍ഭാഗ്യവശാല്‍ ഈ വൈകല്യം തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് വാസ്തവം. തലച്ചോറിലെ ന്യൂറോണ്‍ സംബന്ധമായ ചില പ്രത്യേകതകളാണ് ഓട്ടിസത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഹ്യകാര്യങ്ങളില്‍ ശ്രദ്ധനല്‍കാനിഷ്ടപ്പെടാത്തവരും സ്വന്തം ലോകത്തേക്ക് ആഴ്ന്നിറങ്ങാന്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി കഴിവുള്ളവരുമാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍.

ആ കഴിവുകളെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സമൂഹത്തില്‍ ഓട്ടിസമുള്ളവര്‍ ഒരു ശതമാനത്തോളമാണെന്ന് കണക്ക്. 4:1 എന്ന അനുപാതത്തില്‍ ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതല്‍ കാണുന്നത്.

സ്വയം എന്നര്‍ഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് 1943 ല്‍ ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. പരിസരബോധമില്ലാത്ത ഇവര്‍ തങ്ങളുടെ സ്വപ്നലോകത്ത് ലയിച്ചിരിക്കും.

മാതാപിതാക്കള്‍ എടുത്തു ലാളിക്കാന്‍ ശ്രമിച്ചാല്‍ വഴുതിമാറും. ഇഷ്ടാനിഷ്ടങ്ങള്‍ വിചിത്രമായ രീതിയിലായിരിക്കും പ്രകടിപ്പിക്കുക. ഇവര്‍ പുഞ്ചിരിക്കുകയോ പ്രതികരിക്കുകയോ സംസാരിക്കുകയോ ചെയ്യണമെന്നില്ല. ഒരു കാര്യത്തില്‍ തന്നെ ദീര്‍ഘനേരം മുഴുകുക, മാറ്റങ്ങളോട് അസഹിഷ്ണുത കാണിക്കുക, ആവര്‍ത്തനമുള്ള ശരീരചലനങ്ങള്‍ കാണിക്കുക എന്നിവയും പ്രധാന ലക്ഷണങ്ങളാണ്. മുഖത്ത്‌നോക്കി സംസാരിക്കാന്‍ കഴിവില്ലായ്മ, സ്വന്തമായി വസ്ത്രം ധരിക്കുക, പല്ല് തേക്കുക എന്നിവയ്ക്ക് ബുദ്ധിമുട്ട്, മുതിര്‍ന്നവര്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക എന്നിങ്ങനെയുള്ള സാമൂഹികമായ ചട്ടക്കൂടുകള്‍ പാലിക്കുന്നതില്‍ ഇവര്‍ വളരെ പിന്നിലാണ്. ഈ എല്ലാ ലക്ഷണങ്ങളും കുട്ടികളില്‍ ഒരുപോലെ പ്രകടമാകണമെന്നില്ല. പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റി ആക്ടില്‍ ഓട്ടിസം ഉള്‍പ്പെടുത്താത്തതിനാല്‍ ഒരു ആനുകൂല്യവും നിലവില്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നത് ഏറെ സങ്കടകരമാണ്.

ലോകം കൈവരിച്ച ശാസ്ത്രസാങ്കേതിക നേട്ടങ്ങളിലും പുരോഗതിയിലും പ്രധാന പങ്കുവഹിച്ചവരാണ് ഓട്ടിസക്കാര്‍. ഏത് കാലഘട്ടത്തിലെയും അതിബുദ്ധിമാന്മാരായ 100 ല്‍ 50 പേരും ഓട്ടിസം സവിശേഷതകളുള്ളവരാണെന്നാണ് പഠനം. ജീവിതം ഗൗരവമായി വീക്ഷിക്കുന്നവരും ഉപകാരപ്രദമല്ലാത്ത സാമൂഹികബന്ധങ്ങളില്‍ താത്പര്യമില്ലാത്തവരുമാണ് ഇവര്‍. സംഖ്യകള്‍ അനായാസം ഓര്‍ത്തുവെക്കാനും, ഗണിതക്രിയകള്‍ അനായാസം ചെയ്യാനും, വലിയ ഗ്രന്ഥങ്ങള്‍ മനഃപാഠമാക്കാനും, വര്‍ഷങ്ങളുടെ കലണ്ടര്‍, തീയതി എന്നിവ മനസ്സില്‍ സൂക്ഷിക്കാനും ഇവര്‍ക്ക് കഴിയും. ഇതിനുപുറമെ സംഗീതം മനസ്സില്‍ ക്രമീകരിക്കാനും, കാഴ്ചകള്‍ മനസ്സില്‍ വരയ്ക്കാനും മെഷീന്‍ സ്‌കില്‍ തുടങ്ങിയ കഴിവുള്ളവരാണ് ഇവര്‍. ചില പ്രത്യേക മേഖലകളില്‍ ഇവര്‍ക്ക് പുലര്‍ത്താനാവുന്ന ഇത്തരം അസാമാന്യ വൈദഗ്ധ്യത്തെ സാവന്റ് സ്‌കില്‍ എന്നാണ് പറയുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചാള്‍സ് ഡാര്‍വിന്‍, ഐസക് ന്യൂട്ടണ്‍, ശ്രീനിവാസ രാമാനുജന്‍, മൈക്കല്‍ ആഞ്ചലോ, ലിയാനാഡോ ഡാവിഞ്ചി തുടങ്ങിയവര്‍ ഓട്ടിസം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മിക്ക സ്‌കൂളുകളും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സീറ്റ് നിഷേധിച്ച് സ്‌പെഷല്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ നിര്‍ദേശിച്ചുവിടാറാണ് പതിവ്. ഇത് ആ കുട്ടികളോട് ചെയ്യുന്ന വലിയ ക്രൂരതയാണ്. കുട്ടിയുടെ വിദ്യാഭ്യാസം സാധാരണസ്‌കൂളില്‍ മറ്റു കുട്ടികളോടൊപ്പം നിലനിര്‍ത്തുകയും അവര്‍ക്ക് പ്രത്യേക സഹായ പരിശീലനങ്ങള്‍ നല്‍കുകയുമാണ് വേണ്ടത്.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്താല്‍ സംസാരശേഷി വര്‍ധിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യം കുട്ടിക്ക് ലഭിക്കും. ഇവര്‍ക്കായി പ്രത്യേക സ്വഭാവവികസന പരിശീലനം വികസിപ്പിച്ചിട്ടുണ്ട്. ഇത് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പരിശീലനംനല്‍കി അവര്‍ വഴിയാണ് നടപ്പാക്കുന്നത്. ഈ കുട്ടികള്‍ ദേഷ്യപ്പെടുമ്പോള്‍ അതിന്റെ കാരണം കണ്ടെത്തി അവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് പരിശീലനം നല്‍കും. സാമൂഹിക വൈദഗ്ധ്യം വികസിപ്പിക്കേണ്ട മാര്‍ഗങ്ങള്‍ പഠിപ്പിക്കാനും മാതാപിതാക്കളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഫാമിലി തെറാപ്പി സൗകര്യവുമുണ്ട്.

ഈ കുട്ടികളിലെ പെരുമാറ്റത്തിലെ ന്യൂനത പരിഹരിക്കാനും ആശയവിനിമയത്തിനുള്ള കഴിവും സാമൂഹ്യവത്കരണത്തിനുള്ള കഴിവും വര്‍ധിപ്പിക്കാന്‍ ബിഹേവിയര്‍ തെറാപ്പി നല്‍കിയാല്‍ മതി. പെരുമാറ്റങ്ങളും പ്രവൃത്തിയും സാമൂഹ്യ സ്വീകാര്യത ഉള്ളതാക്കാന്‍ സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പിയുമുണ്ട്. സൈക്കോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്ക്യുപേഷണല്‍ തെറാപ്പി എന്നിവയിലൂടെയും ഇവരുടെ പ്രശ്‌നങ്ങള്‍ ഒരളവുവരെ പരിഹരിക്കാം. എന്നാല്‍ പൂര്‍ണമായി പരിഹരിക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ അവരില്‍ ഒളിഞ്ഞിരിക്കുന്ന കഴിവ് കണ്ടെത്തി ആ മേഖലയില്‍ അവര്‍ക്ക് വളരാനാവശ്യമായ സാഹചര്യമൊരുക്കുകയാണ് വേണ്ടത്. രക്ഷിതാക്കളുടെ നിസ്സഹായവസ്ഥ മുതലെടുക്കുന്ന തട്ടിപ്പ് ചികിത്സകരുമുണ്ട്. എന്നാല്‍ പരിമിതികള്‍ കണ്ടറിഞ്ഞ് പ്രായോഗികതയിലൂന്നിയ സമീപനവുമായി മുന്നോട്ട് പോവുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.


ഇന്നും അറിയാത്ത കാരണങ്ങള്‍


ഓട്ടിസത്തിനുള്ള അന്വേഷണവും പഠനങ്ങളും തുടരുകയാണ്. കുട്ടിയുടെ തലച്ചോറിലുണ്ടാകുന്ന നാഡീസംബന്ധമായ ചില പ്രത്യേകതകളാണ് ഓട്ടിസത്തിന് കാരണമായി ഏറെക്കുറെ കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിന്റെ ഘടനാപരവും ധര്‍മപരവുമായ സവിശേഷതകള്‍ കേന്ദ്രീകരിച്ചാണ് പഠനം നടക്കുന്നത്. പ്രശ്‌നങ്ങളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന തലച്ചോറിലെ ലിംബിക് സിസ്റ്റത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അപര്യാപ്തതകള്‍ കണ്ടെത്തിയിട്ടുണ്ട്. ലിംബറ്റിക് സിസ്റ്റവും തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള ഫ്രോണ്ടന്‍ ലോബും തമ്മിലുള്ള ന്യൂറോണ്‍ ബന്ധത്തിലെ തകരാറും തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതുവരെ ഓട്ടിസത്തിന്റെ പ്രധാന കാരണമെന്താണെന്ന് തെളിയിക്കാനായിട്ടില്ല. ചില ഔഷധങ്ങളുടെ ഉപയോഗം, കീടനാശിനികളുടെ വ്യാപനം, ജനിതകഘടന, കുടുംബപരമായ പ്രത്യേകതകള്‍, മെര്‍ക്കുറി പോലുള്ള ലോഹങ്ങളുടെ സാന്നിധ്യം എന്നിവയുമെല്ലാം വിലയിരുത്തിയെങ്കിലും കാരണങ്ങളായി വിലയിരുത്താനായിട്ടില്ല.


ഓട്ടിസം ബാധിച്ചവരുമായി ഇടപഴകുമ്പോള്‍1. ലളിതമായ ഭാഷയും നിര്‍ദേശങ്ങളും ഉപയോഗിക്കുക
2. സംസാരിക്കുമ്പോള്‍ ആവശ്യത്തിന് ഇട സമയം നല്‍കുക
3. ആശയവിനിമയം ഏതു രീതിയിലുള്ളതായാലും പ്രോത്സാഹിപ്പിക്കുക
4. പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കാന്‍ താത്പര്യമുള്ള പൊതുവായ മേഖലകള്‍ കണ്ടെത്തി ഉപയോഗിക്കുക.
5. അതി ഉത്തേജനം ഉണ്ടാക്കുന്ന വെളിച്ചം , ശബ്ദം എന്നിവയെപ്പറ്റി ബോധ്യമുണ്ടാക്കുക. അവയോടുള്ള താത്പര്യം ക്രമീകരിക്കുക.
6. അവരുടെ സ്ഥാനത്ത്‌നിന്ന് മനസ്സിലാക്കി സാമൂഹിക സാഹചര്യങ്ങളില്‍ പരിശീലനം നല്‍കുക
7. ഓട്ടിസം ക്ലബ്ബുകള്‍പോലുള്ള കൂട്ടായ്മകളില്‍ അംഗങ്ങളാവുക
8. അവര്‍ക്ക് താത്പര്യമുള്ള കാര്യത്തില്‍ പ്രോത്സാഹനവും പരിശീലനവും നല്‍കുക.


ഓട്ടിസം ക്ലബ്ബുകള്‍


സമൂഹവുമായി അടുക്കാന്‍ വിസമ്മതം കാണിക്കുന്ന ഇവര്‍ക്ക് സമൂഹം തണലേകണമെന്ന സന്ദേശമാണ് ഓട്ടിസം ക്ലബ്ബുകള്‍ നല്‍കുന്നത്. ഉറങ്ങുന്ന കഴിവുകള്‍ തിരിച്ചറിയാതെ ഓട്ടിസവുമായി വരുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും സമൂഹത്തില്‍ നിന്ന് പ്രത്യേക പരിഗണനയും സാന്ത്വനവും അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഇനിയും സമൂഹം അതിന് വേണ്ടത്ര മുന്നോട്ട് വന്നിട്ടില്ല എന്നതാണ് ദുഃഖകരം. ഈ ലക്ഷ്യവുമായി നിലവില്‍ എല്ലാ ജില്ലകളിലും ഓട്ടിസം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടിസം ഉള്ളവര്‍, രക്ഷിതാക്കള്‍, പ്രൊഫഷനലുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയാണ് ഓട്ടിസം ക്ലബ്.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഓട്ടിസക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും സമൂഹത്തിന്റെ മുഖ്യധാരയില്‍ അവരെ നിലനിര്‍ത്തുകയുമാണ് ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യം. സൗഹൃദം എന്ന പേരില്‍ ഓട്ടിസം ക്ലബ് രക്ഷിതാക്കള്‍ക്ക് സൗജന്യമായി 10 ദിവസത്തെ പരിശീലനം നല്‍കുന്നുണ്ട്. ഇത്തരം കുട്ടികളില്‍ ശാഠ്യവും വാശിയും കൂടുതലായിരിക്കും. അവരെ എങ്ങനെ മാനേജ്‌ചെയ്യാം എന്നതിലാണ് പരിശീലനം. ഇതിനു പുറമെ സമൂഹത്തില്‍ ഒറ്റപ്പെടുന്ന ഈ രക്ഷിതാക്കള്‍ക്കായി മനഃശാസ്ത്ര ക്ലാസുകളും കൗണ്‍സലിങ്ങും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടികള്‍ക്ക് പല്ലുതേക്കല്‍, ടോയ്‌ലറ്റ് ട്രെയിനിങ് എന്നിങ്ങനെ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ചെയ്യാനായി ഒക്ക്യുപേഷണല്‍ തെറാപ്പിയും നല്‍കാറുണ്ട്. 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ക്ലബ്ബുവഴി പരിശീലനം നല്‍കുന്നത്. ഓട്ടിസമുള്ളവരുടെ യഥാര്‍ഥ അധിവാസം സാധ്യമാകുന്നത് വിവാഹാനന്തരമുള്ള കുടുംബജീവിതത്തോടെയാണ്. മുതിര്‍ന്ന ഓട്ടിസക്കാരുടെ ഇണകളെ കണ്ടെത്തുന്നതിലും ഓട്ടിസം ക്ലബ് സജീവമായി ഇടപെടുന്നുണ്ട്.

സംസ്ഥാനത്ത് ഓട്ടിസം ക്ലബ്ബുകള്‍ക്ക് തുടക്കംകുറിച്ചത് ഇതേപ്പറ്റി നിരവധി പഠനങ്ങള്‍ നടത്തിയ ഡോ. സി.പി.അബൂബക്കറാണ്. ജനങ്ങളുടെ ഇടയില്‍ ഓട്ടിസത്തെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് ഇത്തരം കുട്ടികളുടെ വളര്‍ച്ചയ്ക്ക് തടയിടുന്നതെന്നാണ് ഡോ. അബൂബക്കര്‍ പറയുന്നത്. കുട്ടികള്‍ക്ക് ആശയവിനിമയത്തിനോ മറ്റോ തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പലയിടത്തും സഞ്ചരിച്ച് ഇതിനുള്ള ചികിത്സ നല്‍കുകയാണ് പതിവ്. ഇതിനിടയില്‍ ഇത്തരം കുട്ടികളില്‍ മറ്റ് കാര്യങ്ങളില്‍ കാണുന്ന അസാമാന്യ കഴിവ് കണ്ടെത്താനാവാതെ നശിക്കും. ഓട്ടിസമാണെന്ന നിര്‍ണയത്തില്‍ പല ഡോക്ടര്‍മാര്‍ക്കും പിഴവ് പറ്റുന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളിലെ ഓട്ടിസത്തിന് ഏറ്റവുമധികം പരിശീലനം നല്‍കേണ്ടത് രക്ഷിതാക്കള്‍ക്കാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കുട്ടികളില്‍ ജനനത്തില്‍തന്നെയുണ്ടാകുന്ന അവസ്ഥയാണിത്. ഇത് തുടക്കത്തില്‍തന്നെ കണ്ടെത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയാറില്ല. ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞാല്‍ അതിനനുസരിച്ച തെറാപ്പികള്‍ നല്‍കുന്നതിനോടൊപ്പം കുട്ടിയിലെ കഴിവിനെ വളര്‍ത്തിയെടുക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹമെഴുതിയ 'ഓട്ടിസം ഈസ് ഡിഫറന്റ്' എന്ന പുസ്തകം രക്ഷിതാക്കള്‍ക്കൊരു സമ്പൂര്‍ണ സഹായിയാണെന്ന് പറയാം.

ഓട്ടിസം ഒരു രോഗമല്ലാത്തതിനാല്‍തന്നെ ഇത്തരം കുട്ടികളുടെ ആയുസ്സിന് യാതൊരു കുഴപ്പവുമുണ്ടാവില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വരുമ്പോള്‍ ആ കുടുംബത്തിന്റെ സ്ഥിതി പരുങ്ങലിലാവും. അല്ലെങ്കില്‍ ചികിത്സയുടെ ഭാഗമായി നിരവധി ചൂഷണങ്ങള്‍ക്ക് വിധേയമായി സാമ്പത്തികസ്ഥിതി പിന്നോട്ട് പോകും. അതുമല്ലെങ്കില്‍ ഒരു സേവനവും കിട്ടാതെ മന്ദബുദ്ധിയെന്നോ മാനസിക രോഗിയെന്നോ മുദ്രകുത്തപ്പെട്ട് വീടിന്റെ മൂലയില്‍ ജീവിതകാലം മുഴുവന്‍ കഴിയേണ്ടി വരും. ഇതൊഴിവാക്കാന്‍ ആദ്യം വേണ്ടത് ഓട്ടിസം എന്താണ് എന്നതിനെ കുറിച്ചുള്ള അവബോധമാണ്. ഒപ്പം ആരോഗ്യ വിദ്യാഭ്യാസ മനഃശാസ്ത്ര സാമൂഹികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അധികാരികളും ഇവര്‍ക്കായി സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സമയം ചെലവഴിക്കണം. ഓട്ടിസത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഫോണ്‍ :ഡോ. സി.പി.അബൂബക്കര്‍- 9847523464.