ഗര്‍ഭം ഒരു രോഗാവസ്ഥയല്ല. ഇത് ശാരീരികമായ ഒരു സാധാരണ പ്രതിഭാസമാണെങ്കിലും ചില രോഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഘട്ടമാണ്. രോഗനിര്‍ണയവും നിയന്ത്രണവും രോഗത്തിന്റെ രൂപവുമൊക്കെ ഗര്‍ഭിണികളില്‍ പ്രത്യേകതയുളവാക്കുന്നു. ആസ്ത്മ, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ക്ഷയം എന്നിവ ഗര്‍ഭിണികളെ സാധാരണ ബാധിക്കുന്ന ശ്വാസകോശരോഗങ്ങളാണ്. ആസ്ത്മ തന്നെ ഇവയില്‍ പ്രധാനം. ഗര്‍ഭിണികളില്‍ ഏതാണ്ട് നൂറിലൊരാള്‍ക്ക് ആസ്ത്മരോഗം കാണാറുണ്ട്. മിക്കവരിലും രോഗം നിയന്ത്രണവിധേയമായിരിക്കാറുണ്ടെങ്കിലും ചുരുക്കം ചിലരില്‍ രോഗം നിയന്ത്രണാതീതമാവുകയും ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാറുണ്ട്. ഗുരുതരമായ ആസ്തമ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഹാനികരമാകും.
ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. അമ്മയ്ക്കും ഗര്‍ഭസ്ഥശിശുവിനും കൂടുതല്‍ പോഷകങ്ങളും ഓക്‌സിജനും ആവശ്യമായിവരുന്നു. ഓക്‌സിജന്റെ ആവശ്യം കൂടുന്നതനുസരിച്ച് ശ്വാസകോ ശത്തിന്റെ പ്രവര്‍ത്തനവും കൂടുതലാവുന്നു.

നേരത്തേ ആസ്തമരോഗികളായവര്‍ ഗര്‍ ഭിണിയാകുമ്പോള്‍ ഗര്‍ഭാവസ്ഥ രോഗത്തിന്റെ സ്വഭാവത്തെ ബാധിക്കുന്നു. ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ആസ്തമ മെച്ചപ്പെടുന്നതായി കാണാം. ആദ്യത്തെ മൂന്നുമാസക്കാലത്താണ് ആസ്തമ ഭേദപ്പെടുന്നതായി കാണുന്നത്. മറ്റുചിലരില്‍ ഗര്‍ഭകാലത്ത് ആസ്തമ കൂടുതല്‍ വഷളാവുകയും ചെയ്യുന്നു. ആദ്യത്തെ മൂന്നുമാസത്തിനുശേഷമുള്ള കാലത്താണ് ആസ്തമ കൂടുന്നതായി കാണുന്നത്. ചില ഗര്‍ഭിണികളില്‍ ആസ്തമ ഒരു മാറ്റവുമില്ലാതെ തുടരുകയും ചെയ്യും.

ഗര്‍ഭകാലത്ത് ശരീരത്തില്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൊണ്ടാണ് ആസ്തമ ചിലരില്‍ ഭേദമാകുന്നത്. ഗര്‍ഭകാലത്തെ മാനസിക പിരിമുറുക്കം, മരുന്നുകള്‍ കഴിക്കാനുള്ള അകാരണമായ ഭയം, ശ്വാസകോശ അണുബാധ ഇവയൊക്കെയും ആസ്തമ വഷളാകുന്നതിന് കാരണമാകും.

ചില സ്ത്രീകളില്‍ ഗര്‍ഭകാലത്താണ് ആസ്തമ ആദ്യമായി ഉണ്ടാകുന്നത്. ചിലരില്‍ തു ടര്‍ന്നുള്ള ഗര്‍ഭകാലങ്ങളിലും തുടര്‍ച്ചയായി ആസ്തമ ഉണ്ടാകാറുണ്ട്.
സാധാരണയായി കൃത്യമായി ചികിത്സയെടുക്കുന്ന രോഗികളില്‍ ആസ്തമ ഗര്‍ഭിണിയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ആരോഗ്യത്തെ കാര്യമായി ബാധിക്കാറില്ല. പക്ഷേ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ രോഗം ഗര്‍ഭിണികളില്‍ പല ഗുരുതരാവസ്ഥകള്‍ക്കും കാരണമാകും. ഗര്‍ഭമലസല്‍, അമിതമായ ഛര്‍ദ്ദി, രക്തസ്രാവം, മാസംതികയാതെയുള്ള പ്രസവം, അമിത രക്തസമ്മര്‍ദം ഇവയൊക്കെ ആസ്തമ രോഗികളായ ഗര്‍ഭിണികളില്‍ കാണുന്ന ഗുരുതരാവസ്ഥകളാണ്.

ഗര്‍ഭിണികളില്‍ ശരിയായ ചികിത്സയിലൂടെ ആസ്തമരോഗം പൂര്‍ണമായി നിയന്ത്രിച്ചുനിര്‍ത്തുകയാണ് ഗുരുതരാവസ്ഥകള്‍ ഉണ്ടാകാതിരിക്കുവാനുള്ള മാര്‍ഗം. ഗര്‍ഭിണികളിലെ ആസ്തമചികിത്സ മറ്റുള്ളവരുടേതില്‍നിന്നും വ്യത്യസ്തമല്ല. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ആസ്തമ അനിയന്ത്രിതമാവുകയും അത് അമ്മയ്ക്കും ഗര്‍ഭസ്ഥശിശുവിനും ദോഷകരമാവുകയും ചെയ്യും.

ചുരുക്കം ചില മരുന്നുകളൊഴിച്ചാല്‍, ആസ്തമ ചികിത്സയിലെ മിക്ക മരുന്നുകളും ഗര്‍ ഭാവസ്ഥയിലും സുരക്ഷിതമാണ്. എന്നിരുന്നാ ലും ഗര്‍ഭിണികളും ഗര്‍ഭിണികളാവാന്‍ സാധ്യതയുള്ളവരും മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടര്‍ മരുന്നുകള്‍ നിര്‍ ദേശിക്കുമ്പോള്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം പറയാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ശ്രദ്ധിക്കുവാനുള്ള മറ്റൊരു കാര്യം അനിയന്ത്രിതമായ ആസ്തമ ഗര്‍ഭസ്ഥശിശുവിന് വരുത്തുന്ന ദോഷങ്ങളാണ്. ഗര്‍ഭിണികളില്‍ ആസ്തമയ്ക്ക് ശരിയായ ചികിത്സ കിട്ടാതെവരുമ്പോള്‍ അമ്മയ്ക്കും അതുവഴി ഗര്‍ഭസ്ഥശിശുവിനും ഓക്‌സിജന്‍ കിട്ടാതെവരികയും അത് ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ശിശുവിലുണ്ടാക്കുകയും ചെയ്യും.

ചില ഗര്‍ഭിണികള്‍ മരുന്നുകളെക്കുറിച്ചു ള്ള അകാരണമായ ഭയംകൊണ്ട് ആസ്തമ ചി കിത്സ നിര്‍ത്തും. അത് ആസ്തമ ഗുരുതരാവസ്ഥയില്‍ എത്തുന്നതിന് കാരണമാകുകയും ചെയ്യും. ഗര്‍ഭസ്ഥശിശുവിന്റെ സുരക്ഷിതത്വത്തെ കരുതിയാണ് പലരും മരുന്നുകള്‍ കഴിക്കാതിരിക്കുന്നതെങ്കിലും അത് ഗര്‍ഭസ്ഥശിശുവിന് കൂടുതല്‍ ദൂഷ്യഫലങ്ങളാണുണ്ടാക്കുന്നതെന്ന് അവരറിയുന്നില്ല. ഗര്‍ഭിണികള്‍ ഒരിക്കലും ആസ്തമ ചികിത്സ നിര്‍ത്തരുത്. ചികിത്സിക്കാത്ത ആസ്തമ ഗര്‍ഭസ്ഥശിശുവില്‍ മരുന്നുകളേക്കാള്‍ ദൂഷ്യഫലങ്ങളുണ്ടാക്കും.
മരുന്നുകളെക്കുറിച്ചുള്ള ഭയം കാരണം ചി കിത്സ നിര്‍ത്തുന്ന ആസ്തമരോഗികളായ ഗര്‍ ഭിണികള്‍ പലപ്പോഴും ഗുരുതരാവസ്ഥയിലെത്തുന്നു. ഈ അവസ്ഥയില്‍ രോഗം നിയന്ത്രിക്കുവാന്‍ രോഗിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരുന്നുകളൊക്കെ ഇഞ്ചക്ഷനായും മറ്റും കൂടുതല്‍ അളവിലും കൂടുതല്‍ സമയത്തേക്കും വേണ്ടിവരികയും ചെയ്യും.
ആസ്തമചികിത്സ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ നിര്‍ത്തരുത്. ഗര്‍ഭിണിയാണെന്നറിഞ്ഞാലുടന്‍ ഡോക്ടറെക്കണ്ട് ആസ്തമ ചികിത്സയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക. ആദ്യത്തെ മൂന്നുമാസം ഇന്‍ഹേലര്‍ ചികിത്സയാണ് അഭികാമ്യം. അതുകൊണ്ടുമാത്രം ആസ്തമ നിയന്ത്രണവിധേയമാകുന്നില്ലെങ്കില്‍ മറ്റു ചികിത്സാവിധികളും വേണ്ടിവരും.

ഗര്‍ഭിണികളിലെ ആസ്തമ ചികിത്സയുടെ പ്രധാന ലക്ഷ്യം ഗര്‍ഭസ്ഥശിശുവിന് ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥയുണ്ടാകാതിരിക്കുകയാണ്.
ഗര്‍ഭിണികളില്‍ ആവശ്യമില്ലാത്ത മരുന്നുകള്‍ ഒഴിവാക്കണം. കാരണം മിക്ക മരുന്നുകളും അമ്മയില്‍നിന്നും മറുപിള്ളയിലൂടെ ഗര്‍ഭസ്ഥശിശുവില്‍ എത്തിച്ചേരുന്നു. അതുകൊണ്ടാണ് ഇന്‍ഹേലര്‍ മരുന്നുകള്‍ ഗര്‍ഭിണികളില്‍ ഏറ്റവും സുരക്ഷിതമെന്നു പറയുന്നത്. എന്നാല്‍ ആവശ്യമെന്നുകണ്ടാല്‍ മറ്റു മരുന്നുകളും ഉപയോഗിക്കേണ്ടിവരും. കാരണം, മേല്‍പ്പറഞ്ഞതുപോലെ, ആസ്തമ നിയന്ത്രിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ഉപയോഗിക്കാതിരുന്നാല്‍ അസുഖം ഗുരുതരാവസ്ഥയിലെത്തുകയും ഗര്‍ഭസ്ഥശിശുവിന് ഓക്‌സിജന്‍ കിട്ടാതിരിക്കുകയും ചെയ്യും. ഇങ്ങനെയുള്ള അവസ്ഥ വന്നാല്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയേയും മസ്തിഷ്‌ക വികസനത്തേയും ബാധിക്കും.

ആസ്തമരോഗികളായ ഗര്‍ഭിണികളിലുണ്ടാ കുന്ന പനി, ജലദോഷം, ശ്വാസകോശ അണുബാധ എന്നിവ കൃത്യമായി ചികിത്സിക്കണം. അല്ലെങ്കില്‍ ഇവ ആസ്തമരോഗം ഗുരുതരമാകുന്നതിന് കാരണമാകും. ഗുരുതരാവസ്ഥയിലുള്ള ആസ്തമ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകാരിയായതിനാല്‍ ഇങ്ങനെയുള്ള ആസ്തമരോഗികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുന്നതാണ് ഉത്തമം.
പ്രസവസമയത്ത് സാധാരണയായി ആസ്തമഅധികരിക്കാറില്ല. ഈ സമയത്തും ഇ ന്‍ഹേലറുകള്‍ തുടര്‍ന്നുപയോഗിക്കേണ്ടതാണ്. പ്രസവാനന്തരം മുലയൂട്ടുന്നതിന് ആസ്തമരോഗം ഒരു തടസമല്ല. ആസ്തമചികിത്സയ്ക്ക് അമ്മ സാധാരണ ഉപയോഗിക്കുന്ന മരുന്നുകളൊന്നും മുലകുടിക്കുന്ന കുട്ടികള്‍ക്ക് ഹാനികരമല്ല. ആസ്തമരോഗികള്‍ കുട്ടികളെ മുലയൂട്ടുമ്പോള്‍ കുട്ടികള്‍ക്ക് ആസ്തമ വരാനുള്ള സാധ്യത കുറയുന്നതായും ചില പഠനങ്ങള്‍ തെളിയിക്കുന്നു.
സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നാളുകളായ ഗര്‍ഭകാലം ആസ്തമ പോലുള്ള രോഗത്താല്‍ വികൃതമാകുന്നത് തടയാന്‍ ഒരേയൊരു മാര്‍ഗമേയുള്ളൂ - ശരിയായ, ശാ സ്ത്രീയമായ രോഗനിയന്ത്രണരീതി.


ഡോ. പി.ടി. ജെയിംസ്


അസോസിയേറ്റ് പ്രൊഫസര്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്
മെഡി. കോളേജ്, കോഴിക്കോട്‌