തൊഴിലുമായി ബന്ധപെട്ടുണ്ടാകുന്ന പ്രധാന ശ്വാസകോശരോഗമാണ് ആസ്തമ. തൊഴില്‍സ്ഥലത്ത് പൊടി, നീരാവി, വാതകങ്ങള്‍, പുക തുടങ്ങിയവയുമായി ഇടപഴകേണ്ടിവരുന്നവര്‍ക്ക് ആസ്തമ ബാധിക്കാന്‍ സാധ്യത കൂടുതലുണ്ട്. തൊഴില്‍ജന്യ ആസ്തമ പലപ്പോഴും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. എന്നാല്‍ ശ്വാസകോശങ്ങള്‍ക്ക് ഗുരുതരമായ തകരാറുണ്ടായാല്‍ ഭേദപ്പെടുക വിഷമം.
ശ്വാസനാളിയില്‍ നീര്‍ക്കെട്ടോടെയാണ് തുടക്കം. തുടര്‍ന്ന് ഇവിടത്തെ മാംസപേശികള്‍ക്കു മുറുക്കം കൂടുന്നു. വഴുവഴുപ്പുള്ള മ്യൂക്കസ് ദ്രവം ശ്വാസനാളിയില്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഇതെല്ലാംകൊണ്ട് ശ്വാസോച്ഛ്വാസം വിഷമകരമാവും. കുറുകല്‍, നെഞ്ചിനുള്ളില്‍ വിങ്ങല്‍, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ജോലിക്കിടെ ചില പ്രത്യേക സാഹചര്യങ്ങളിലുണ്ടാകുന്ന ചുമ, ശ്വാസതടസ്സം തുടങ്ങിയവ ആസ്തമയിലേക്കു നയിക്കാനിടയുണ്ട്.

തൊഴില്‍സ്ഥലത്തു നിന്ന് വിട്ടതിനുശേഷമാവാം ചിലര്‍ക്ക് ഈ ലക്ഷണങ്ങ ള്‍ അനുഭവപ്പെടുക. ആദ്യമൊക്കെ ഏതാനും ദി വസം തൊഴില്‍സാഹചര്യങ്ങളില്‍ നിന്നു വിട്ടുനിന്നാല്‍ത്തന്നെ പലരിലും അസ്വസ്ഥതകള്‍ കുറഞ്ഞുകാണാറുണ്ട്. ക്രമേണ അസുഖം പഴകിക്കഴിഞ്ഞാല്‍പ്പിന്നെ ഇത്തരം ആശ്വാസമുണ്ടാവില്ല. ഈ അസ്വസ്ഥതകള്‍ ഗുരുതരമായിക്കഴിഞ്ഞാല്‍ പിന്നീട് സിഗററ്റു പുക, വീട്ടിലെ പൊടി, തണുപ്പ് തുടങ്ങിയവയൊക്കെ കടുത്ത അസ്വസ്ഥതയുണ്ടാക്കും.


അടുത്ത ബന്ധുക്കള്‍ക്ക് ആസ്തമയുള്ളവരിലും അലര്‍ജി ഉള്ളവരിലും തൊഴില്‍ജന്യ ആസ്തമയ്ക്ക് സാധ്യത കൂടുതലുണ്ട്. കൂടുതല്‍ പൊടിയും പുകയും നിറഞ്ഞ തൊഴില്‍ സാഹചര്യങ്ങള്‍ ആസ്തമയിലേക്കു നയിച്ചേക്കാം. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാലും വര്‍ഷങ്ങള്‍കൊണ്ടു മാത്രമേ രോഗം ആസ്തമയായി പരിണമിക്കാറുള്ളൂ. അതിനിടെ യഥാവിധി ചികിത്സിച്ചു സുഖപ്പെടുത്താവുന്നതാണ്.

പോളിയൂറത്തേന്‍ പെയിന്‍റുകള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, രാസവസ്തുക്കളുടെ പൊടി, നീ രാവി തുടങ്ങി നിരവധി വസ്തുക്കള്‍ ശ്വസനപ്രശ്‌നങ്ങളും ആസ്തമയുമുണ്ടാക്കാറുണ്ട്. സിമ ന്‍റ്, കുമ്മായം, തടി തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴിലുകളും അസ്വാസ്ഥ്യമുണ്ടാക്കാം. വാഹനങ്ങളുടെ പുകയും പ്രശ്‌നമാവാറുണ്ട്. ചായ, കാപ്പി, ധാന്യപ്പൊടികള്‍, പരുത്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായശാലകളിലെ തൊഴിലുകളും അപകടസാധ്യതയുള്ള വതന്നെ. അധ്യാപകര്‍ക്ക് ചോക്കുപൊടിയും പ്രശ്‌നമാവാറുണ്ട്.
ശ്വാസതടസ്സവും മറ്റു പ്രശ്‌നങ്ങളുമുള്ളപ്പോള്‍ നെഞ്ചില്‍ യഥാസമയം പരിശോധനകള്‍ നട ത്തുക. ശ്വാസകോശപരിശോധനകള്‍, രക്തം, കഫം ഇവയുടെ പരിശോധന എന്നിവയിലൂടെ യും തൊഴില്‍ജന്യ ആസ്തമ തിരിച്ചറിയാനാവും.

തൊഴില്‍ജന്യ ആസ്തമ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം രോഗകാരണമായ സാഹചര്യങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകതന്നെ. ഇത് സാധ്യമാവുന്നില്ലെങ്കില്‍ ക്രമമായ പരിശോധനയും ഔഷധപ്രയോഗവും വേണം. മൂക്കിനുമേല്‍ മാസ്‌ക് ധരിക്കാവുന്ന സാഹചര്യങ്ങളില്‍ അവ ഗുണകരമാവാറുണ്ട്. തൊഴില്‍സ്ഥലത്തെ മോശം സാഹചര്യങ്ങള്‍ക്കു പകരം നില്‍ക്കാന്‍ കഴിയുന്ന മികച്ച സാഹചര്യങ്ങള്‍ വീട്ടില്‍ ഒരുക്കാന്‍ ശ്രമിക്കുക. രോഗസാധ്യതയെക്കുറിച്ച് കൃത്യമായ ധാരണ പുലര്‍ത്തുക.