അലര്‍ജി മൂലമുള്ള രോഗങ്ങളില്‍ പ്രധാന പ്പെട്ടവയാണ് അലര്‍ജിക് റൈനൈറ്റിസും ആസ്തമയും (തുടര്‍ച്ചയായ തുമ്മല്‍, മൂക്കടപ്പ്, ജലദോഷം, മൂക്കുചൊറിച്ചില്‍ മുതലായവയാണ് അലര്‍ജിക് റൈനൈറ്റിസിന്റെ ലക്ഷണങ്ങള്‍).

ആസ്തമ ചികിത്സയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്:

1. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളെ/ സാഹചര്യങ്ങളെ അകറ്റിനിര്‍ത്തുക (ജീവിതരീതിയില്‍ വരുത്തേണ്ട വ്യതിയാനങ്ങള്‍)

2. മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ ഇന്‍ഹേലര്‍ ചികിത്സയാണ് ഇതില്‍ പ്രധാനം.

3. ഇമ്മ്യൂണോ തെറാപ്പി അഥവാ പ്രതിരോധ ചികിത്സ


ജീവിതരീതി ചികിത്സ


ശരീരത്തിനുള്ളില്‍ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലര്‍ജി എന്ന് പറയുന്നത്. ഇത്തരം പ്രതികരണമുണ്ടാക്കുന്ന പ്രോട്ടീനുകളെ അലര്‍ജനുകള്‍ എന്നു പറയു ന്നു. വീട്ടിനുള്ളില്‍ കാണപ്പെടുന്ന പൊടിയാണ് മിക്കവരിലും അലര്‍ജിയുണ്ടാക്കുന്നത്. കൂടാതെ, പുക, പൂമ്പൊടികള്‍, പാറ്റ, ഈച്ച, കൊതുക് മുതലായ പ്രാണികള്‍, നനവുള്ള ഭിത്തിയിലും മറ്റും വളരുന്ന പൂപ്പല്‍ അഥവാ ഫംഗസ്സുകള്‍ തുടങ്ങിയവയാണ് മറ്റു പ്രധാന അലര്‍ജനുകള്‍.


രോഗകാരികളായ അലര്‍ജനുകളെ അകറ്റിനിര്‍ത്തുവാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.1. കഴിവതും പൊടിനിറഞ്ഞ അന്തരീക്ഷത്തില്‍നിന്നും ഒഴിഞ്ഞുനില്ക്കുക. താമസസ്ഥലം, പ്രത്യേകിച്ചും കിടപ്പുമുറി പൊടിവിമുക്തമാക്കി സൂക്ഷിക്കുക. കഴിവതും കിടപ്പുമുറിയുടെ ജനലുകളും വാതിലും പൊടികയറാതെ അടച്ചിടുക. മുറി ദിവസവും തൂക്കുകയും നനഞ്ഞ തുണി മുക്കി തുടയ്ക്കുകയും ചെയ്യണം. (കഴിവതും ഇത് സ്വയം ചെയ്യരുത്. നിവൃത്തിയില്ലെങ്കില്‍ മാത്രം മാസ്‌ക് ഉപയോഗിച്ചോ തുണികൊണ്ട് വായും മൂക്കും മൂടിയോചെയ്യുക.) വാക്വം ക്ലീനര്‍ ഉപയോഗിക്കുകയാണ് ഉത്തമം. കിടപ്പറയില്‍ പുസ്തകങ്ങളും തുണികളും മറ്റ് ആവശ്യമില്ലാത്ത സാധനങ്ങളും കുന്നുകൂടുന്നത് തടയണം. പുസ്തകങ്ങളും തുണികളും അലമാരകളില്‍ അടച്ച് സൂക്ഷിക്കണം. കാ ര്‍പ്പെറ്റുകളില്‍ പൊടിയടിഞ്ഞുകൂടുന്നതിനാല്‍ അവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

ഫാന്‍, ലാമ്പ് ഷെയ്ഡുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും തുടച്ചു വൃത്തിയാക്കി വയ്ക്കണം. പഞ്ഞികൊണ്ടുള്ള കിടക്കകളും തലയിണകളും ഒഴിവാക്കി ഫോം അല്ലെങ്കില്‍ റബ്ബര്‍ കൊണ്ടുള്ളവ ഉപയോഗിക്കണം. കുഷന്‍ കവറുകള്‍, കര്‍ട്ടനുകള്‍, ബെഡ്ഷീറ്റുകള്‍, സോഫാകവറുകള്‍ തുടങ്ങിയവ ഇടയ്ക്കിടെ തിളച്ച വെള്ളത്തിലിട്ട് അലക്കുകയോ നല്ല വെയിലത്തി ട്ട് ഉണക്കുകയോ ചെയ്യണം. മുറി തൂക്കുകയോ തുടയ്ക്കുകയോ ചെയ്താല്‍ കുറഞ്ഞത് അരമ ണിക്കൂര്‍ നേരത്തേക്ക് മുറിയില്‍ പ്രവേശിക്കരു ത്. ടൂവീലറുകളില്‍ സഞ്ചരിക്കുന്നവര്‍ മാസ് കോ, ഹെല്‍മറ്റോ ധരിക്കുകയും കാറുള്ളവര്‍ വാ ക്വം ക്ലീനര്‍ ഉപയോഗിച്ച് കാറിനകം വൃത്തിയാ ക്കി സൂക്ഷിക്കുകയും ചെയ്യണം. ഈ രോഗമുള്ള കുട്ടികള്‍ക്ക് മൃദുവായതും രോമം കൊണ്ടുള്ളതുമായ കളിപ്പാട്ടങ്ങള്‍ കളിക്കാന്‍ കൊടുക്കരുത്.

2. പാചകത്തിന് കഴിവതും ഗ്യാസ് സ്റ്റൗ ഉപയോഗിക്കുക. സ്വയം പുകവലിക്കരുതെന്നു മാത്രമല്ല, വീട്ടിനുള്ളില്‍ ആരും പുക വലിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ചന്ദനത്തിരി, കൊതുകുതിരി, സുഗന്ധദ്രവ്യം, പൗഡര്‍, റൂം ഫ്രഷ്‌നര്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

3. കഴിവതും മൃഗങ്ങളെയും പക്ഷികളെയും വീട്ടിനുള്ളില്‍ വളര്‍ത്താതിരിക്കുക. അഥവാ വ ളര്‍ത്തുന്നുണ്ടെങ്കില്‍ അവയുമായി അടുത്ത സ ഹവാസം ഒഴിവാക്കുകയും അവയെ കിടപ്പുമുറിയില്‍ കയറ്റാതിരിക്കുകയും വേണം. അവയെ ദിവസവും കുളിപ്പിക്കാന്‍ മറ്റാരെയെങ്കിലും ഏര്‍പ്പെടുത്തുകയും ചെയ്യണം.

4. വീട്ടിനുള്ളില്‍ ചെടികള്‍ വളര്‍ത്താതിരിക്കുക; പ്രത്യേകിച്ചും പുഷ്പിക്കുന്നവ. പൂംപൊടി അലര്‍ജിയുള്ളവര്‍ പൂന്തോട്ടത്തിലും പുല്‍പ്പരപ്പിലും മറ്റും അധികസമയം ചെലവഴിക്കരുത്.

5. അലര്‍ജിയുണ്ടാക്കുന്നതായി എന്തെങ്കിലും ആഹാരസാധനങ്ങളുണ്ടെങ്കില്‍ അവ ഒഴിവാക്കണം. തണുത്തതും ടിന്നിലടച്ചതുമായ ഭക്ഷണങ്ങള്‍ (ചോക്കലേറ്റ്, ഐസ്‌ക്രീം മുതലായവ) കഴിവതും കുറച്ച് ഉപയോഗിക്കുക.

6. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാറ്റയുടെയും മറ്റ് ക്ഷുദ്രജീവികളുടെയും ശല്യം ഒഴിവാക്കാം. കൂ ടാതെ കീടനാശിനികള്‍ ഉപയോഗിക്കുകയുമാ വാം. എന്നാല്‍, ഇത് സ്വയം ചെയ്യരുത്.


ഇന്‍ഹേലര്‍ ചികിത്സ


ആസ്ത്മാചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവാണ് ഇന്‍ഹേലറുകളുടെ ആ വിര്‍ഭാവത്തോടെയുണ്ടായത്. രോഗത്തിന്റെ കാ ഠിന്യത്താലും ചികിത്സയ്ക്കുപയോഗിച്ചിരുന്ന ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങളാലും യാതനയനുഭവിച്ചിരുന്ന ആസ്ത്മാരോഗികള്‍ക്ക് ഇന്‍ഹേലര്‍ ചികിത്സ ഒരനുഗ്രഹം തന്നെയാണ്. എന്നാല്‍ ഈ ചികിത്സാരീതി അവശ്യം വേണ്ടവര്‍ ക്കെല്ലാം ലഭിക്കുന്ന സ്ഥിതി ഇന്നും സംജാതമായിട്ടില്ല. ഇതിന്റെ പ്രധാന കാരണം മേല്‍പ്പറഞ്ഞ ഇന്‍ഹേലറുകളെപ്പറ്റിയുള്ള പല തെറ്റിദ്ധാരണകളല്ലാതെ മറ്റൊന്നല്ല. ഈ തെറ്റിദ്ധാരണകള്‍ സാധാരണക്കാരില്‍ മാത്രമല്ല, വിദ്യാസമ്പന്നരില്‍ക്കൂടി കാണപ്പെടുന്നു. ഇന്‍ഹേലറുകള്‍ കടുത്ത ആസ്തമക്കാര്‍ക്കു മാത്രം വേണ്ടിവരുന്ന ചെലവേറിയതും പാര്‍ശ്വഫലങ്ങള്‍ ധാരാളമുള്ളതുമായ ചികിത്സയാണെന്ന് പലരും വിശ്വസിക്കുന്നു.


എന്താണ് ഇന്‍ഹേലര്‍ ചികിത്സ?


വാതകരൂപത്തിലോ നേരിയ തന്മാത്രകളായി പൊടിച്ചോ ഔഷധങ്ങളെ നേരിട്ട് ശ്വാസകോശത്തിലേക്ക് ശ്വാസവായുവിലൂടെ കടത്തിവിടുന്ന രീതിയെയാണ് ഇന്‍ഹേലര്‍ ചികിത്സ എന്നു പറയുന്നത്.


ഇന്‍ഹേലര്‍ ചികിത്സയുടെ മേന്മകള്‍


നേരിട്ട് ശ്വാസകോശത്തില്‍ (എവിടെയാ ണോ ഔഷധം പ്രവര്‍ത്തിക്കേണ്ടത് അവിടേക്ക്) കടന്നു ചെല്ലുന്നതിനാല്‍ വളരെ ചെറിയ അ ളവിലുള്ള മരുന്ന്‌പോലും വളരെ വേഗം രോഗശമനമുണ്ടാക്കുന്നു. ഗുളികകളോ കുത്തിവയ്‌പ്പോ സ്വീകരിച്ചാല്‍ 10 മുതല്‍ 30 മിനിട്ടിനുള്ളില്‍ മാത്രം ആശ്വാസം ലഭിക്കുമ്പോള്‍ ഇന്‍ഹേലര്‍ ചികിത്സ അതിവേഗം ആശ്വാസം തരുന്നു. (സെ ക്കന്‍റുകള്‍ക്കുള്ളില്‍).

ഇതേ ഔഷധം ഗുളികയായോ കുത്തിവയ്പ്പായോ സ്വീകരിച്ചാല്‍ കൂടിയ ഡോസില്‍ ഉപയോഗിക്കേണ്ടിവരുന്നു. ഗുളികരൂപത്തില്‍ വായിലൂടെ അകത്താക്കുന്ന മരുന്നുകള്‍ ദഹനേന്ദ്രിയങ്ങള്‍ വഴി ആഗിരണം ചെയ്യപ്പെടുകയും രക്തത്തില്‍ കലര്‍ന്ന് ശ്വാസകോശത്തിലെത്തുമ്പോള്‍ ഒപ്പം വൃക്ക, കരള്‍, മസ്തിഷ്‌കം, ഹൃദയം മു തലായ അവയവങ്ങളിലും കടന്നുചെന്ന് പാര്‍ ശ്വഫലങ്ങളുണ്ടാക്കുന്നു. സ്റ്റീറോയ്ഡ് കലര്‍ന്ന മരുന്നുകള്‍ ഇങ്ങനെ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, അസ്ഥികള്‍ക്ക് ബലക്കുറവ് മുതലായ കുഴപ്പങ്ങള്‍ക്കു കാരണമാവുന്നു. എന്നാല്‍ സ്റ്റീറോയ്ഡ് കലര്‍ന്ന ഇന്‍ഹേലറുകള്‍പോലും കൃത്യമായ തോതില്‍ ദീര്‍ഘകാലം ഉപയോഗിച്ചാലും യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാകുന്നില്ല. കാരണം, ഗുളികകളോ കുത്തിവയ്‌പ്പോ എടുക്കുമ്പോള്‍ ശരീരത്തിന്റെ ഉള്ളില്‍ കടക്കു ന്ന മരുന്നിന്റെ 1/20 മുതല്‍ 1/40 ഭാഗം മാത്രമേ ഇന്‍ഹേലറുകള്‍ വഴി ഉള്ളില്‍ കടക്കുന്നുള്ളൂ; അതുതന്നെ, ശ്വാസകോശത്തില്‍ മാത്രം.

അതിനാല്‍ ഇന്‍ഹേലര്‍ ചികിത്സ ഗര്‍ഭിണികള്‍ക്കും കൊച്ചുകുട്ടികള്‍ക്കുപോലും തികച്ചും സുരക്ഷിതമാണ്. ലോകമാസകലം നടന്നിട്ടുള്ള അനേകം പഠനങ്ങള്‍ ഇക്കാര്യം അസന്നിഗ്ദമായി തെളിയിച്ചിട്ടുണ്ട്. ഗുളികകളും കുത്തിവയ്പ്പും കൊണ്ടുമാത്രം ചികിത്സിച്ചാല്‍ ശ്വാസതടസ്സത്തിന് കുറച്ചൊക്കെ ആശ്വാസമുണ്ടാകുമെങ്കിലും ശ്വാസകോശത്തിനുണ്ടാവുന്ന നീര്‍ക്കെട്ടിന് മാറ്റമുണ്ടാവാത്തതിനാല്‍ കാലക്രമേണ രോഗം മൂര്‍ച്ഛിക്കുകയും ശ്വാസകോശത്തിന് സ്ഥായിയാ യ കേടുണ്ടാകുന്നതുവഴി ആസ്തമ ചികിത്സിച്ചാലും ഭേദമാവാത്ത ഘട്ടത്തിലെത്തുകയും ചെയ്യുന്നു. എന്നാല്‍ സ്റ്റീറോയ്ഡുകളടങ്ങിയ ഇന്‍ഹേലറുകള്‍ ഈ അവസ്ഥ ഫലപ്രദമായി തടയുന്നു. അതിനാല്‍ ഇന്‍ഹേലറുകള്‍ കടുത്ത ആസ്തമാരോഗികള്‍ക്കു മാത്രമാണ് വേണ്ടിവരിക എന്ന തെറ്റിദ്ധാരണ അകറ്റി ആരംഭദശയില്‍ തന്നെ ഈ ചികിത്സ സ്വീകരിക്കുകയാണ് അഭികാമ്യം.

അതുപോലെ തന്നെ സ്റ്റീറോയ്ഡുകളോട് അകാരണമായ ഒരു ഭയം രോഗികള്‍ക്കിടയില്‍ മാത്രമല്ല, പല ഡോക്ടര്‍മാര്‍ക്കിടയില്‍പോലും കണ്ടുവരുന്നു. എന്നാല്‍ ഇത് അസ്ഥാനത്താണെന്ന് ഇതിനകം മനസ്സിലായിക്കാണുമല്ലോ. സ്റ്റീറോയ്ഡുകള്‍ ആസ്തമാചികിത്സയ്ക്ക് അ ത്യന്താപേക്ഷിതമാണ്. സ്റ്റീറോയ്ഡ് ഇന്‍ഹേലറുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്ന ചിലരില്‍ തൊണ്ടയില്‍ അസ്വസ്ഥതയും ശബ്ദത്തിനു പതര്‍ച്ചയും അനുഭവപ്പെടാറുണ്ട്. ഇതു മാത്രമേ ഇത്തരം ഇന്‍ഹേലറുകളുടെ പാര്‍ശ്വഫലമായി ഉണ്ടാവാനിടയുള്ളൂ. അതുതന്നെ, ഇന്‍ഹേലര്‍ ഉപയോഗിച്ചാലുടന്‍ വായും തൊണ്ടയും നന്നായി വെള്ളമുപയോഗിച്ച് കഴുകിയാല്‍ തടയുകയും ചെയ്യാം.

ഇന്‍ഹേലറുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍പിന്നെ അവയില്ലാതെ ജീവിക്കാനാവില്ല, അഥവാ അവ അഡിക്ഷനുണ്ടാക്കും എന്ന ധാരണയും തെറ്റാണ്. അത്തരത്തിലുള്ള മരുന്നുകള്‍ ഒന്നും തന്നെ അവയിലില്ല. എന്നാല്‍ രോഗകാഠിന്യം കൂടിയവരില്‍ ഇവ ദീര്‍ഘകാലം (ചിലര്‍ക്ക് ജീവിതകാലം മുഴുവനും) വേണ്ടിവന്നേക്കാം. പക്ഷേ അതുകൊണ്ട് ഗുണമല്ലാതെ ദോ ഷമൊന്നുമില്ലതാനും.

ഇന്‍ഹേലര്‍ ചികിത്സ ചെലവേറിയതാണെ ന്നതും തെറ്റിദ്ധാരണ മാത്രമാണ്. ഒരു സാധാരണ ആസ്ത്മാരോഗിക്ക് ഈ ചികിത്സ പ്രതിമാസം 100 മുതല്‍ 150 രൂപയും കടുത്ത രോഗമുള്ളവര്‍ക്ക് 300 രൂപ വരെയും വേണ്ടിവന്നേക്കാം. എന്നാല്‍ ഇന്‍ഹേലര്‍ ചികിത്സ സ്വീകരിക്കാതിരുന്നാല്‍ ഇക്കൂട്ടര്‍ക്കുണ്ടാകാവുന്ന കടുത്ത രോഗാക്രമണവും അതിന്റെ ചികിത്സക്കു വേണ്ടിവരുന്ന മരുന്നുകള്‍, കുത്തിവയ്പ്പുകള്‍, ആശുപത്രിയില്‍ ഇടയ്ക്കിടെ കഴിയേണ്ടിവരുന്ന ദിനങ്ങള്‍ എന്നിവ കണക്കിലെടുത്താല്‍ അ തിലുമെത്രയോ ചെലവേറും. മാത്രമോ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും അനുഭവിക്കണം.


ഇന്‍ഹേലറുകള്‍ 3 വിധത്തിലുണ്ട്:


1. മീറ്റേര്‍ഡ് ഡോസ് ഇന്‍ഹേലര്‍
സ്‌പ്രേ ഇന്‍ഹേലര്‍ എന്ന, ഈ ഉപകരണമാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ഇതിന് 2 ഭാഗങ്ങളുണ്ട്- മുകളിലത്തെ മരുന്നടങ്ങിയ കാനിസ്റ്ററും വായില്‍ വയ്‌ക്കേണ്ട മൗത് പീസും. കാനിസ്റ്റര്‍ അമര്‍ത്തുമ്പോള്‍ മരുന്ന് പുറത്തേക്ക് സ്‌പ്രേ ചെയ്യപ്പെടുന്നു.


ഉപയോഗക്രമം


മൗത്പീസിലെ അടപ്പ്ഇളക്കിമാറ്റി നന്നാ യി കുലുക്കുക. മൗത്പീസ് വായ്ക്കുള്ളില്‍ വ ച്ച് തല അല്പം പുറകോട്ട് ചരിച്ചുപിടിക്കുക. ത ള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് കാനിസ്റ്റര്‍ അമര്‍ത്തുകയും ഒപ്പം ശ്വാസം നന്നായി ഉള്ളിലേക്ക് വലിച്ചെടുക്കുകയും ചെയ്യുക. തുടര്‍ന്ന് ശ്വാസം 10 സെക്കന്‍റുകള്‍ പിടിച്ചുവയ്ക്കുക. പിന്നീട് ശ്വാസം പുറത്തേക്ക് വിടുന്നതിനു മുന്‍പ് ഇന്‍ഹേലര്‍ വായില്‍നിന്നും പുറത്തെടുക്കുകയും വായടച്ചുകൊണ്ട് മൂക്കില്‍ക്കൂടി ശ്വാസം പുറത്തേക്ക് വിടുകയും വേണം.
ഇത് ഉപയോഗിക്കുമ്പോള്‍ ഇന്‍ഹേലര്‍ പ്ര വര്‍ത്തിപ്പിച്ചാലുടന്‍ തന്നെ രോഗി ശ്വാസം ന ന്നായി ഉള്ളിലേക്ക് വലിച്ചെടുക്കേണ്ടതുണ്ട്. അ ല്ലെങ്കില്‍ മരുന്ന് ഉപയോഗശൂന്യമായി നഷ്ടപ്പെ ടും. ഇങ്ങനെ ശ്വാസം വലിക്കാന്‍ പ്രയാസമുള്ളവര്‍ക്കായി (ഉദാ. പ്രായമായവര്‍, കുട്ടികള്‍) സ്‌പേസര്‍ എന്ന അനുബന്ധ ഉപകരണം ലഭ്യമാണ്. ഇതോടൊപ്പം മുഖത്തുറപ്പിക്കാവുന്ന ഒരു മാസ്‌ക് കൂടിയുണ്ടെങ്കില്‍ തീരെ ചെറിയ കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്കുപോലും ഇന്‍ഹേലര്‍ ഫപ്രദമായി ഉപയോഗിക്കാം.


2. പൗഡര്‍ ഇന്‍ഹേലര്‍


(റോട്ടാഹേലര്‍ അഥവാ ഈസ്‌ഹേലര്‍)
കുറച്ചുകൂടി ലളിതമായ രീതിയില്‍ ഉപയോഗിക്കാവുന്ന ഇതില്‍ ഔഷധം പൊടിരൂപത്തില്‍ ക്യാപ്‌സൂളുകളില്‍ (റോട്ടോ ക്യാപ്പ്) അടക്കം ചെയ്തിരിക്കുന്നു.


ഉപയോഗക്രമം


റോട്ടോഹേലറിന്റെ നിര്‍ദ്ദിഷ്ട ദ്വാരത്തിലേക്ക് റോട്ടാക്യാപിന്റെ സുതാര്യമായ വശം കടത്തുക. റോട്ടാഹേലറിന്റെ മുകള്‍ഭാഗം ഒരു കൈ കൊണ്ട് മുറുകെ പിടിക്കുകയും അടിഭാഗം കറക്കുകയും ചെയ്ത് റോട്ടോകാപ് പൊട്ടിക്കുക. റോട്ടാഹേലറിന്റെ മൗത്പീസ് വായില്‍വെച്ച് ശ്വാസം നന്നായി ഉള്ളിലേക്ക് വലിച്ചെടുക്കുക. ശ്രദ്ധിക്കുക: റോട്ടാഹേലറിന്റെ ഉള്ളിലേക്ക് ശ്വാ സം തിരിച്ചുവിടരുത്. റോട്ടാഹേലറില്‍ ഉപയോഗിക്കുന്ന ക്യാപ്‌സൂള്‍ പൊട്ടിയെന്നുറപ്പുവരുത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക.


3. നെബുലൈസര്‍


രോഗത്തിന്റെ കടുത്ത ആക്രമണമുണ്ടാവുമ്പോള്‍ കൂടുതല്‍ ഡോസില്‍ മരുന്ന് കൂടുതല്‍ ഫലപ്രദമായി ശ്വാസകോശത്തിലെത്തിക്കാനുതകുന്ന ഈ ഉപകരണം സാധാരണ ആശുപത്രികളിലെ അത്യാഹിതവിഭാഗങ്ങളില്‍ പോലും ഇന്ന് ലഭ്യമാണ്. വൈദ്യുതി വഴി പ്രവര്‍ത്തിക്കുന്ന നെബുലൈസറിന് 2500 മുതല്‍ 5000 രൂപവരെ വിലവരും.


ഔഷധങ്ങള്‍


ഇന്‍ഹേലറുകള്‍ വഴി സാധാരണ നല്‍കുന്ന ഔഷധങ്ങള്‍ രണ്ടുതരത്തിലുണ്ട്. പെട്ടെന്ന് ആശ്വാസമേകുന്നവയും രോഗം കടുക്കാതിരിക്കാനുള്ളവയും .

പെട്ടെന്ന് ആശ്വാസമേകുന്നവ: ഇവ വായു നാളികള്‍ വികസിപ്പിക്കുന്നു. പക്ഷേ, രോഗം വീണ്ടും ഉണ്ടാവുന്നത് തടയുന്നില്ല. അതിനാല്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കുകയാണ് വേണ്ടത്. ഉദാ: സാല്‍ബ്യൂട്ടമോള്‍, ടെര്‍ബൂട്ടലിന്‍, ഉപ്രാട്രോപിയം മുതലായവ.
രോഗം കടുക്കാതിരിക്കാനുള്ളവ : അവ ശ്വാ സനാളങ്ങളിലെ നീര്‍ക്കെട്ട് കുറച്ച് രോഗം വീ ണ്ടും വീണ്ടും ഉണ്ടാവുന്നത് തടയുന്നു. അതിനാല്‍ ഇവ കൃത്യമായി ദീര്‍ഘകാലം ഉപയോഗിക്കുകയാണ് വേണ്ടത്. ഉദാ: സാല്‍മെറ്റ്രോള്‍, ബെക്ലോമെതാസോണ്‍, ഫ്ലൂടികാസോണ്‍ മു തലായവ.


ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍


ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇന്‍ഹേലര്‍ ഉപയോഗിക്കാവൂ. മറ്റ് ആസ്തമാരോഗികള്‍ ഉപയോഗിക്കുന്ന ഇന്‍ഹേലര്‍ നിങ്ങള്‍ക്ക് യോജിച്ചതാവണമെന്നില്ല.

ഇന്‍ഹേലര്‍ ഉപയോഗിച്ചുതുടങ്ങിയാല്‍ ഡോ ക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗം നിര്‍ത്താവൂ. രോഗം നിയന്ത്രണവിധേയമായാല്‍ ക്രമേണ ഇന്‍ഹേലറിന്റെ അളവും എണ്ണവും കുറച്ച് നാമമാത്രമാക്കാം. പലര്‍ ക്കും ഇന്‍ഹേലറിന്റെ ഉപയോഗം ഒഴിവാക്കാനുമാവും.

ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ മൗത്പീസ് വായ തുറന്ന് ചുണ്ടിന്റെയും പ ല്ലിന്റെയും ഉള്ളിലായി നാക്കിന്റെ മുകളിലാ യിവേണം വയ്ക്കുവാന്‍.

ഇന്‍ഹേലര്‍ ഉപയോഗിച്ചുകഴിയുമ്പോള്‍ വാ യും തൊണ്ടയും നന്നായി കഴുകുക.

റോട്ടാഹേലറും സ്‌പേസറും 34 ദിവസത്തിലൊരിക്കല്‍ കഴുകിയാല്‍ മതിയാവും. കഴുകിയാല്‍ ഉണങ്ങിയതിനുശേഷം മാത്രം ഉപയോഗിക്കുക. വെയിലത്തുവച്ചോ ഫാനിന്റെ കാറ്റേല്‍പ്പിടിച്ചോ ഉണക്കുക. തുണികൊണ്ടും മറ്റും തുടച്ച് പോറല്‍ വീഴ്ത്തിയാല്‍ അവയ് ക്കുള്ളില്‍ മരുന്ന് പറ്റിപ്പിടിക്കാനിടയാകും.

ഒരിക്കല്‍ ഇന്‍ഹേലര്‍ ഉപയോഗിച്ചിട്ട് ഫലം കിട്ടിയിട്ടില്ല എന്ന കാരണത്താല്‍ ഈ ചികിത്സയില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ ധാരാളമു ണ്ട്. എന്നാല്‍ ഇത് ശരിയല്ല. കാരണം, ഒരിക്കല്‍ ഉപയോഗിച്ച ഔഷധം കൂടാതെ മറ്റനേകം ഔഷധങ്ങള്‍ ഇന്‍ഹേലര്‍ രൂപത്തില്‍ ലഭ്യമാണല്ലോ. അവയില്‍ മറ്റൊന്ന് ഫലിച്ചേക്കാം. മാത്രമല്ല, ആദ്യം ശരിയായ രീതിയിലും ഡോസിലുമായിരിക്കില്ല ഉപയോഗിച്ചതെന്നും വരാം.

എല്ലാ ആസ്തമാരോഗികളെയും ഇന്‍ഹേലര്‍ ഉപയോഗിച്ച് മാത്രം ചികിത്സിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അങ്ങനെയുള്ളവര്‍ക്ക് ഗുളികകള്‍, സിറപ്പുകള്‍, കുത്തിവെപ്പുകള്‍ മുതലായവ വേണ്ടിവരാം. തിയോഫിലിന്‍, ബാംബൂടറോള്‍, മോന്‍റീലൂകാസ്റ്റ്, കീറ്റോറ്റിഫന്‍, സ്റ്റിറോയ്ഡ് ഗുളികകള്‍ മുതലായവ കൂടുതല്‍ കടുത്ത രോഗമുള്ളവര്‍ക്ക് വേണ്ടിവരുന്നു.

ആസ്തമയോടൊപ്പം പലപ്പോഴും അലര്‍ജിക് റൈനൈറ്റിസും കണ്ടുവരുന്നു. ഇക്കൂട്ടരില്‍ അലര്‍ജിക് റൈനൈറ്റിസ് നിയന്ത്രിച്ചാല്‍ മാത്രമേ ആസ്തമയും നിയന്ത്രണവിധേയമാകൂ. ആന്‍റിഹിസ്റ്റമിന്‍, സ്റ്റിറോയ്ഡ് എന്നിവയടങ്ങിയ ഗുളികകളും മൂക്കിലടിക്കുന്ന സ്‌പ്രേകളുമാണ് ഈ രോഗത്തിന്റെ ചികിത്സക്കുപയോഗിക്കുന്നത്.


അലര്‍ജി ടെസ്റ്റിംഗും ഇമ്മ്യൂണോതെറാപ്പിയും


അലര്‍ജനുകളില്‍ ഏതിനോടൊക്കെയാണ് ഒരു വ്യക്തിക്ക് അലര്‍ജി എന്നു കണ്ടുപിടിക്കാന്‍ നടത്തുന്ന പരിശോധനയാണ് അലര്‍ജി ടെസ്റ്റിംഗ്. വിവിധതരം അലര്‍ജനുകള്‍ തൊലിപ്പുറമെ ചെറിയ അളവില്‍ കുത്തിവെച്ച് ചുറ്റും ഉണ്ടാവുന്ന റിയാക്ഷന്‍ വിലയിരുത്തിയാണ് ഇത് സാധിക്കുന്നത്. അലര്‍ജി ടെസ്റ്റിംഗ് കൊണ്ടുള്ള പ്രയോജനങ്ങള്‍ രണ്ടാണ്:

1) ടെസ്റ്റ് ചെയ്ത് അലര്‍ജിയുണ്ടെന്ന് കണ്ടെത്തിയ അലര്‍ജനുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാം. (പ്ര ത്യേകിച്ചും ആഹാരസാധനങ്ങള്‍)

2) രോഗി യെ ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കാം.


ഇമ്യൂണോതെറാപ്പി


അലര്‍ജി ടെസ്റ്റിംഗിലൂടെ രോഗത്തിനു കാ രണമെന്ന് കണ്ടെത്തിയ അലര്‍ജനുകള്‍ക്കെതിരെയുള്ള ശരീരത്തിന്റെ അമിതപ്രതികരണം ഇല്ലാതാക്കുന്ന ചികിത്സാരീതിയാണ് ഇമ്യൂണോതെറാപ്പി. അതിനായി മേല്‍പ്പറഞ്ഞ അലര്‍ജനുകള്‍ വളരെ ചെറിയ അളവില്‍ നിശ്ചിത ഇടവേളയില്‍ ശരീരത്തില്‍ കുത്തിവെക്കുന്നു. അലര്‍ ജനുകളുമായുള്ള തുടരെത്തുടരെയുള്ള സമ്പ ര്‍ക്കം മൂലം ഒടുവില്‍ ശരീരം മേല്‍പ്പറഞ്ഞ അ ലര്‍ജനുകളോട് പ്രതികരിക്കാതാവുന്നു.

രോഗാരംഭത്തിലേ ചികിത്സിച്ചാല്‍ അലര്‍ജി എന്നരോഗം പാടേ ഇല്ലാതാക്കാന്‍ ഇമ്യൂണോതെറാപ്പിയോളം ഫലപ്രദമായ മറ്റൊരു ചികിത്സാരീതിയില്ല. ചെലവ് അല്‍പം ഏറുമെന്നതും കാലദൈര്‍ഘ്യവുമാണ് ഈ ചികിത്സാരീതിയുടെ ന്യൂനത. എന്നാല്‍ തികച്ചും പാര്‍ശ്വഫലങ്ങളില്ലാത്തതും ഫലപ്രദവുമായതിനാല്‍ ഇന്ന് ഈ ചികിത്സാരീതിക്ക് പ്രസക്തിയേറുന്നു. ഗര്‍ഭകാലത്തുപോലും സുരക്ഷിതമാണ് ഈ ചികിത്സ. മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ നീ ളുന്ന ഈ ചികിത്സയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ ഫലം കണ്ടുതുടങ്ങും. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ ചികിത്സ ഏറ്റവും ഫലപ്രദം.

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തുമ്മലും ജലദോഷവും കാലക്രമേണ ആസ്തമയായി മാറാന്‍ സാധ്യത കൂടുതലാണ്. ഇമ്യൂണോതെറാപ്പികൊണ്ട് ഇത് ഫലപ്രദമായി തടയാന്‍ കഴിയും. ഇന്‍ഹേലര്‍ ചികിത്സ കൊണ്ട് നിയന്ത്രണവിധേയമാവാത്ത കടുത്ത ആസ്തമാരോഗികള്‍ക്ക്‌പോലും ഈ രീതി പലപ്പോഴും പ്രയോജനപ്പെടാറുണ്ട്.


ഡോ.പി.വേണുഗോപാല്‍


നെഞ്ചുരോഗവിദഗ്ധന്‍
മെഡിക്കല്‍ കോളജ്, ആലപ്പുഴ